റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ മൂന്ന് പാദങ്ങളിൽ ഇന്ത്യൻ റെയിൽവേ മൂലധന ചെലവിൻ്റെ (CAPEX) 80 ശതമാനത്തിലധികം വിനിയോഗിച്ചു

प्रविष्टि तिथि: 05 JAN 2026 5:11PM by PIB Thiruvananthpuram

ആധുനികവും പാരസ്പര ബന്ധിതവുമായ ഒരു രാഷ്ട്രം എന്ന ദർശനത്തിന് അനുപൂരകമായി, ഭാവിസജ്ജമായ ഒരു സ്ഥാപനമായി സ്വയം പരിവർത്തനം ചെയ്ത് ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളം വേഗതയേറിയതും സുരക്ഷിതവും ലോകോത്തരവുമായ റെയിൽ യാത്രകൾ കുറഞ്ഞ ചെലവിൽ ഉറപ്പുവരുത്തുകയാണ്. ഈ വ്യക്തമായ ദിശാബോധവും പ്രതിബദ്ധതയും പ്രകടമാക്കും വിധം, 2025–26 സാമ്പത്തിക വർഷത്തിൽ അനുവദിച്ച ഗ്രോസ് ബജറ്ററി സപ്പോർട്ട് (GBS) വിഹിതത്തിൻ്റെ  വിനിയോഗത്തിൽ ഇന്ത്യൻ റെയിൽവേ ശക്തവും സ്ഥിരവുമായ പുരോഗതി നിലനിർത്തിയിട്ടുണ്ട്.


2025 ഡിസംബർ അവസാനത്തോടെ, ഇന്ത്യൻ റെയിൽവേയ്ക്ക് അനുവദിച്ച മൊത്തം ഗ്രോസ് ബജറ്ററി സപ്പോർട്ട് (GBS) ആയ ₹2,52,200 കോടിയിൽ 80.54 ശതമാനം, അതായത് ₹2,03,138 കോടി ഇതിനോടകം  ചെലവഴിച്ചിട്ടുണ്ട്. ഇത്, കഴിഞ്ഞ വർഷം (ഡിസംബർ 2024) ഇതേ കാലയളവിനെ അപേക്ഷിച്ച് GBS വിനിയോഗത്തിൽ 6.54 ശതമാനം വർധന രേഖപ്പെടുത്തിയതായി സൂചിപ്പിക്കുന്നു. ഈ ചെലവുകൾ പ്രധാനമായും സുരക്ഷാ നടപടികളുടെ ശക്തിപ്പെടുത്തൽ, ശേഷി വർധിപ്പിക്കൽ, അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

സുരക്ഷയുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി അനുവദിച്ച ഫണ്ടിൻ്റെ  84 ശതമാനവും വിനിയോഗിച്ചുകഴിഞ്ഞു. ശേഷി വർദ്ധിപ്പിക്കുന്നതിനായി അനുവദിച്ച ₹1,09,238 കോടിയിൽ  ₹76,048 കോടി, അതായത് 69 ശതമാനം, ചെലവഴിച്ചു. അതേസമയം, യാത്രക്കാരുടെയും ഉപഭോക്താക്കളുടെയും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അനുവദിച്ച ഫണ്ടിൻ്റെ  80 ശതമാനവും വിനിയോഗിച്ചു. 2025 ഡിസംബർ വരെയുള്ള കാലയളവിൽ ഇതിനായി ₹9,575 കോടി ചെലവഴിക്കപ്പെട്ടു.


കഴിഞ്ഞ ദശകത്തിലുടനീളം സ്ഥിരതയോടെ നിർവ്വഹിച്ച മൂലധന ചെലവുകളുടെ (CAPEX) ഗുണഫലങ്ങൾ, ഇന്ത്യൻ റെയിൽവേ കൈവരിച്ച സുപ്രധാന നേട്ടങ്ങളിൽ വ്യക്തമായി പ്രതിഫലിക്കുന്നു. 164 വന്ദേ ഭാരത് ട്രെയിൻ സർവീസുകളും 30 അമൃത് ഭാരത് ട്രെയിൻ സർവീസുകളും ആരംഭിച്ചതും, കവച് ഓട്ടോമാറ്റിക് ട്രെയിൻ സംരക്ഷണ സംവിധാനം നടപ്പിലാക്കിയതും, ബ്രോഡ്‌ഗേജ് ശൃംഖലയുടെ 99 ശതമാനത്തിലധികം വൈദ്യുതീകരണം പൂർത്തിയാക്കിയതും ഇതിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം, പുതിയ റെയിൽ ലൈനുകളുടെ നിർമ്മാണം, ഗേജ് പരിവർത്തനം, പാത ഇരട്ടിപ്പിക്കൽ, ഗതാഗത സൗകര്യങ്ങളുടെ വികസനം, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ, മെട്രോപൊളിറ്റൻ ഗതാഗത സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ തുടങ്ങിയ വിപുലമായ പ്രവർത്തനങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഈ സംരംഭങ്ങൾ വേഗം, സുരക്ഷ, യാത്രക്കാരുടെ സൗകര്യങ്ങൾ എന്നിവ ഗണ്യമായി  മെച്ചപ്പെടുത്തിയതിനൊപ്പം, റെയിൽ യാത്രയെ താങ്ങാനാവുന്ന ചെലവിൽ നിലനിർത്തുകയും ചെയ്തു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ ഉദ്ഘാടനം ചെയ്യാനിരിക്കെ, ദീർഘദൂര യാത്രകളെ പുതിയ തലത്തിലേക്ക് ഉയർത്താൻ സജ്ജമാകുകയാണ് ഇന്ത്യൻ റെയിൽവേ.

 ഈ പ്രവണതകൾ റെയിൽവേ മന്ത്രാലയത്തിൻ്റെ  ഗ്രോസ് ബജറ്ററി സപ്പോർട്ട് (GBS) ചെലവിടൽ  ശരിയായ ദിശയിൽ മുന്നേറുകയാണെന്നും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കുന്നു. ഇതോടൊപ്പം, 2025–26 സാമ്പത്തിക വർഷത്തിനായി നിശ്ചയിച്ച ലക്ഷ്യങ്ങൾ പൂർണ്ണമായി കൈവരിക്കാനുള്ള ശക്തമായ സാധ്യതയും സൂചിപ്പിക്കുന്നു.

****


(रिलीज़ आईडी: 2211631) आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Odia , Tamil , Kannada