രാസവള വകുപ്പ്
കർഷകരുടെ ജീവിതം എളുപ്പമാക്കുക എന്നതാണ് കേന്ദ്ര സർക്കാരിൻ്റെ പ്രഥമ പരിഗണനയെന്ന് കേന്ദ്രമന്ത്രി ശ്രീ ജെ.പി. നഡ്ഡ.
प्रविष्टि तिथि:
03 JAN 2026 6:19PM by PIB Thiruvananthpuram
കർഷകരെ കേന്ദ്രീകരിച്ചുള്ള കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾ നടപ്പിലാക്കുക, വളങ്ങളുടെ സമയബന്ധിതമായ ലഭ്യത ഉറപ്പാക്കുക, മണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ രാസവളം വകുപ്പ് ഇന്ന് ന്യൂഡൽഹിയിൽ ഏകദിന ചിന്തൻ ശിവിർ സംഘടിപ്പിച്ചു.
രാസവളം വകുപ്പിലേയും സംസ്ഥാന സർക്കാരുകളിലേയും മുതിർന്ന ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, വ്യവസായ പ്രതിനിധികൾ എന്നിവർ സെഷനിൽ പങ്കെടുത്തു. കേന്ദ്ര രാസവസ്തു- വളം മന്ത്രി ശ്രീ ജഗത് പ്രകാശ് നഡ്ഡ, സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ എന്നിവരുമായി ഇവർ ആശയവിനിമയം നടത്തി.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷകരെ എപ്പോഴും ഭരണത്തിൻ്റെ കേന്ദ്രബിന്ദുവായാണ് പരിഗണിക്കുന്നതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി ശ്രീ ജെ.പി. നഡ്ഡ ഊന്നിപ്പറഞ്ഞു. അതിനാൽ, നമ്മുടെ നയങ്ങളും തീരുമാനങ്ങളും കർഷകരുടെ ജീവിതം കൂടുതൽ എളുപ്പമുള്ളതും മെച്ചപ്പെട്ടതുമാക്കാൻ ലക്ഷ്യമിട്ടുള്ളതായിരിക്കണം. നിരവധി വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും, വളങ്ങളുമായി ബന്ധപ്പെട്ട കർഷകരുടെ ആവശ്യങ്ങൾ വിജയകരമായി നിറവേറ്റാൻ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് ശ്രീ നഡ്ഡ ചൂണ്ടിക്കാട്ടി. രാസവളം വകുപ്പ് സ്വീകരിച്ച കർഷക സൗഹൃദ നടപടികളിലൂടെ, ആവശ്യമായ ഇറക്കുമതിക്കൊപ്പം ഈ വർഷം രാജ്യം റെക്കോർഡ് ഉത്പാദനം കൈവരിച്ചതായും അദ്ദേഹം എടുത്തുപറഞ്ഞു.
വളങ്ങളുടെ സന്തുലിതമായ ഉപയോഗം ഉറപ്പാക്കുക, കാർഷികേതര ആവശ്യങ്ങൾക്കായി വളങ്ങൾ ദുരുപയോഗം ചെയ്യുന്നതു തടയുക എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാരിൻ്റെ വിവിധ വകുപ്പുകൾ ഏകോപിതമായി പ്രവർത്തിക്കുമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ആഗോള ഭക്ഷ്യകലവറയുടെ കേന്ദ്രമായി ഇന്ത്യ മാറണമെന്നാണ് പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നതെന്ന് കേന്ദ്ര സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ അഭിപ്രായപ്പെട്ടു. ഈ ചിന്തൻ ശിവിറിൽ ഉരുത്തിരിയുന്ന ആശയങ്ങൾ 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിന് സഹായകരമാകുമെന്നും അവർ പറഞ്ഞു.
സർക്കാരും, പൊതുമേഖലാ സ്ഥാപനങ്ങളും, സ്വകാര്യ മേഖലയും ഈ സെഷനിലെ ചർച്ചകളിൽ കർഷകരേയാണ് അവരുടെ ചിന്തയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് രാസവളം സെക്രട്ടറി ശ്രീ രജത് കുമാർ മിശ്ര പറഞ്ഞു. ഓരോ ആശയവും ചർച്ചയ്ക്കായി പരിഗണിക്കത്തക്ക രീതിയിൽ അങ്ങേയറ്റം സംവേദനാത്മകമായാണ് ഈ ശിവിർ സംഘടിപ്പിച്ചിരിക്കുന്നത്. കൂട്ടായ ചിന്തയിലൂടെ മികച്ച ഫലങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹിയിലെ നാഷണൽ അഗ്രികൾച്ചറൽ സയൻസ് കോംപ്ലക്സിൽ നടന്ന ഏകദിന ക്യാമ്പിൽ, 15 വ്യത്യസ്ത ഗ്രൂപ്പുകൾ വിപുലമായ ചർച്ചകളിൽ ഏർപ്പെടുകയും സർക്കാരിന് ഫലപ്രദമായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു. കേന്ദ്രമന്ത്രി, സഹമന്ത്രി, വളം സെക്രട്ടറി എന്നിവർ ഓരോ ഗ്രൂപ്പുമായി വ്യക്തിപരമായി സംസാരിക്കുകയും അവരുടെ നിർദ്ദേശങ്ങൾ ശ്രവിക്കുകയും ചെയ്തു.
പുതിയ കാലത്തെ വളങ്ങൾ, വളം ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, ഔട്ട്‌റീച്ച് പ്രവർത്തനങ്ങളും കർഷക ബോധവൽക്കരണവും, ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വളം വിതരണ ശൃംഖല മെച്ചപ്പെടുത്തുക, പോഷക അധിഷ്ഠിത സബ്‌സിഡി തുടങ്ങിയ 15 പ്രധാന വിഷയങ്ങൾ ഈ ഗ്രൂപ്പുകൾ ചർച്ച ചെയ്തു.
രാസവളം വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, സഹകരണ സംഘങ്ങളുടേയും സ്വകാര്യ കമ്പനികളുടേയും പ്രതിനിധികൾ എന്നിവർ ഈ ചിന്തൻ ശിവിറിൽ പങ്കെടുത്തു.
(रिलीज़ आईडी: 2211162)
आगंतुक पटल : 9