പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചക വാതക വിലയിൽ മാറ്റമില്ല

പോസ്റ്റഡ് ഓണ്‍: 01 JAN 2026 6:35PM by PIB Thiruvananthpuram
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപ വർദ്ധിപ്പിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ വിഷയത്തിൽ, വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വിപണി സാഹചര്യങ്ങൾക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും അനുസരിച്ചാണ് നിശ്ചയിക്കുന്നത് എന്ന് ശ്രദ്ധിക്കേണ്ടതാണ്. അതനുസരിച്ച്, ആഗോള എൽപിജി വിലയിലുണ്ടാകുന്ന മാറ്റങ്ങളും അനുബന്ധ ചെലവുകളുമാണ് വാണിജ്യ എൽപിജി വിലയിലെ പരിഷ്കരണങ്ങളിൽ പ്രതിഫലിക്കുന്നത്. എന്നാൽ ഗാർഹിക എൽപിജി വിലയിൽ മാറ്റമില്ല.
 
ഇന്ത്യയുടെ എൽപിജി (LPG) ആവശ്യകതയുടെ ഏകദേശം 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. അതിനാൽ, ആഭ്യന്തര എൽപിജി വിലകൾ അന്താരാഷ്ട്ര വിലകളുമായി ബന്ധപ്പെട്ടിരിക്കുന്നു; സൗദി സിപി (കരാർ തുക) ആണ് ഇതിനായുള്ള അന്താരാഷ്ട്ര മാനദണ്ഡമായി കണക്കാക്കുന്നത്. 2023 ജൂലൈയിലെ മെട്രിക് ടണ്ണിന് 385 അമേരിക്കൻ ഡോളറിൽ നിന്ന് 2025 നവംബറിൽ 466 അമേരിക്കൻ ഡോളറായി ശരാശരി സൗദി സിപി ഏകദേശം 21% വർദ്ധിച്ചപ്പോൾ, ഇതേ കാലയളവിൽ ഗാർഹിക എൽപിജി വില ഏകദേശം 22% കുറയുകയാണുണ്ടായത്. അതായത്, 2023 ഓഗസ്റ്റിലെ 1103 രൂപയിൽ നിന്ന് 2025 നവംബറിൽ വില 853 രൂപയായി കുറഞ്ഞു.
 
ഗാർഹിക ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഏകദേശം 950 രൂപ വിലവരുന്ന 14.2 കിലോയുടെ ഗാർഹിക എൽപിജി സിലിണ്ടർ ഡൽഹിയിലെ സാധാരണ ഉപഭോക്താക്കൾക്ക് (PMUY ഇതര വിഭാഗം) 853 രൂപയ്ക്കും, പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കൾക്ക് 553 രൂപയ്ക്കും ലഭ്യമാണ്. ഇത് PMUY ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന വിലയിൽ ഏകദേശം 39% കുറവ് രേഖപ്പെടുത്തുന്നു; അതായത് 2023 ഓഗസ്റ്റിലെ 903 രൂപയിൽ നിന്ന് 2025 നവംബറിൽ വില 553 രൂപയായി കുറഞ്ഞു. ശുദ്ധമായ പാചകവാതകത്തിൻ്റെ തുടർച്ചയായ ഉപയോഗം ഉറപ്പാക്കുന്നതിന് ഗവണ്മെൻ്റ് നൽകുന്ന സവിശേഷമായ പിന്തുണയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. നിലവിൽ ഈ വിലയിൽ മാറ്റങ്ങളൊന്നുമില്ല.
 
2025–26 സാമ്പത്തിക വർഷത്തേക്ക്, പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടറിന് 300 രൂപ വീതം വർഷത്തിൽ ഒമ്പത് റീഫില്ലുകൾ വരെ കേന്ദ്രീകൃത സബ്‌സിഡി തുടരുന്നതിന് ഗവണ്മെൻ്റ് അനുമതി നൽകി. ഇതിനായി 12,000 കോടി രൂപയാണ് ഗവണ്മെൻ്റ് അനുവദിച്ചിരിക്കുന്നത്. വീടുകളിൽ ശുദ്ധമായ പാചകവാതകം മിതമായ നിരക്കിൽ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ ഗവൺമെൻ്റിൻ്റെ നിരന്തര ശ്രദ്ധയാണ് ഈ നടപടികൾ തെളിയിക്കുന്നത്.
 
2024–25 കാലയളവിൽ അന്താരാഷ്ട്ര എൽപിജി വില വർധിച്ച്, അത് ഉയർന്ന നിലയിൽ തുടർന്നപ്പോൾ, ആഗോള വിലക്കയറ്റത്തിൽ നിന്ന് ഗാർഹിക ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഈ അധിക ബാധ്യത ഗാർഹിക എൽപിജി വിലയിൽ ചുമത്തിയിരുന്നില്ല. ഇതിൻ്റെ ഫലമായി പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് (OMCs) 40,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഈ സാഹചര്യം പരിഹരിക്കുന്നതിനും തടസ്സമില്ലാത്ത പാചകവാതക വിതരണം മിതമായ നിരക്കിൽ ഉറപ്പാക്കുന്നതിനുമായി, എണ്ണക്കമ്പനികൾക്ക് 30,000 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ ഗവണ്മെൻ്റ് അടുത്തിടെ അനുമതി നൽകി.
 
2025 നവംബർ ഒന്നിന് ലഭ്യമായ കണക്കുകൾ പ്രകാരം, അയൽരാജ്യങ്ങളിലെ പാചകവാതക വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് എൽപിജി എത്രത്തോളം കുറഞ്ഞ നിരക്കിലാണ് ലഭിക്കുന്നതെന്ന് വ്യക്തമാകും. വില പട്ടിക ചുവടെ:
 
രാജ്യം

ഗാർഹിക എൽപിജി

(രൂപ/14.2 കിലോ സിലിണ്ടർ)

ഇന്ത്യ (ഡൽഹി) 553.00*

പാകിസ്ഥാൻ (ലാഹോർ)

902.20

ശ്രീലങ്ക (കൊളംബോ)

1227.58

നേപ്പാൾ (കാഠ്മണ്ഡു)

1205.72

 സ്രോതസ്സ് : പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (PPAC)
 
*ഡൽഹിയിലെ PMUY (ഉജ്ജ്വല) ഗുണഭോക്താക്കൾക്ക് ലഭ്യമാകുന്ന നിരക്ക്; ഡൽഹിയിലെ ഉജ്ജ്വല ഇതര ഉപഭോക്താക്കൾക്ക് നിരക്ക് 853 രൂപയാണ്.
 
ഇതോടൊപ്പം, പുതുവർഷാരംഭത്തിൽ സംശുദ്ധ ഇന്ധന മേഖലയിലെ ഉപഭോക്താക്കൾക്കും ആശാവഹമായ വാർത്തയുണ്ട്. ജനുവരി 1 മുതൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG), പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) എന്നിവയുടെ വിലയും കുറച്ചിരിക്കുകയാണ്. ഡൽഹി-എൻ‌സി‌ആർ മേഖലയുടെ ചില ഭാഗങ്ങളിൽ പി‌എൻ‌ജി വിലയിൽ വരുത്തിയ കുറവും, ഗ്യാസ് വിതരണ കമ്പനികൾ പ്രഖ്യാപിച്ച സിഎൻ‌ജി, ഗാർഹിക പി‌എൻ‌ജി എന്നിവയുടെ വിലയിലെ ഒരു രൂപയുടെ കുറവും ഇതിൽ ഉൾപ്പെടുന്നു. പൈപ്പ് ലൈൻ താരിഫുകളിൽ അടുത്തിടെയുണ്ടായ മാറ്റങ്ങളെ തുടർന്നാണ് ഈ വിലക്കുറവ് പ്രാബല്യത്തിൽ വന്നത്. ഇത് കുടുംബങ്ങൾക്കും വാഹന ഉപയോക്താക്കൾക്കും ആശ്വാസം നൽകുന്നതിനൊപ്പം സംശുദ്ധ ഇന്ധനങ്ങളുടെ ഉപയോഗം കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
 
വാണിജ്യ എൽപിജി വിലയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഇന്ത്യയിൽ ഏകദേശം 33 കോടിയിലധികം ഗാർഹിക ഉപഭോക്താക്കൾ ഉള്ളപ്പോൾ, വാണിജ്യ എൽപിജി ഉപയോഗിക്കുന്നവർ ഏകദേശം 30 ലക്ഷം മാത്രമാണ് (പൊതുമേഖലാ കമ്പനികളുടെ കണക്ക് മാത്രം). വാണിജ്യ എൽപിജി പ്രധാനമായും ഉപയോഗിക്കുന്നത് ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, മറ്റ് വൻകിട വാണിജ്യ സ്ഥാപനങ്ങൾ എന്നിവയാണ്. എന്നാൽ ഗാർഹിക എൽപിജി രാജ്യത്തുടനീളമുള്ള സാധാരണക്കാരുടെ പാചക ആവശ്യങ്ങൾ നിറവേറ്റുന്നു. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്താത്തത് സാധാരണക്കാരായ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായുള്ള ഗവൺമെൻ്റിൻ്റെ പ്രതിജ്ഞാബദ്ധത എടുത്തുകാട്ടുന്നു.
 
മൊത്തത്തിൽ, വാണിജ്യ എൽപിജി വിലകൾ അന്താരാഷ്ട്ര വിപണി സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും, ഗാർഹിക എൽപിജി ഉപഭോക്താക്കളെ ആഗോള വിലക്കയറ്റത്തിൽ നിന്ന് മാറ്റിനിർത്തുന്നതിനും, വില താങ്ങാനാവുന്ന പരിധിയിൽ നിലനിർത്തുന്നതിനും ഗവണ്മെൻ്റ് നിരന്തരവും ലക്ഷ്യാധിഷ്ഠിതവുമായ നടപടികളാണ് സ്വീകരിക്കുന്നത്. കൂടാതെ, രാജ്യത്തുടനീളം സംശുദ്ധ പാചകവാതകത്തിൻ്റെയും ഇന്ധനങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഗവണ്മെൻ്റ് മുൻഗണന നൽകുന്നു.
 
****

( റിലീസ് ഐ.ഡി: 2210652) സന്ദര്‍ശക കൗണ്ടര്‍ : 52