പ്രധാനമന്ത്രിയുടെ ഓഫീസ്
ഭഗവാൻ ബുദ്ധനുമായി ബന്ധപ്പെട്ട പവിത്രമായ പിപ്രാഹ്വ തിരുശേഷിപ്പുകളുടെ ബൃഹത്തായ അന്താരാഷ്ട്ര പ്രദർശനം ജനുവരി 3-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഭഗവാൻ ബുദ്ധനുമായി നേരിട്ട് ബന്ധമുള്ള ഏറ്റവും പുരാതനവും ചരിത്രപരമായി അതിപ്രധാനവുമായ തിരുശേഷിപ്പുകളിൽ ഒന്നാണ് പിപ്രാഹ്വ തിരുശേഷിപ്പുകൾ
"ദി ലൈറ്റ് ആൻഡ് ദ ലോട്ടസ്: റെലിക്സ് ഓഫ് ദി എവേക്കൻഡ് വൺ” എന്ന പേരിലുള്ള ഈ പ്രദർശനം ഭഗവാൻ ബുദ്ധന്റെ ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നു
ഭാരതത്തിന്റെ അനശ്വരമായ ബുദ്ധമത പൈതൃകത്തെ ഈ പ്രദർശനം വിളിച്ചോതുന്നു
ഒരു നൂറ്റാണ്ടിലേറെക്കാലത്തിനു ശേഷം തിരികെ എത്തിച്ച തിരുശേഷിപ്പുകളെയും പിപ്രാഹ്വയിലെ പുരാവസ്തു നിധികളെയും ഈ പ്രദർശനം സമന്വയിപ്പിക്കുന്നു
प्रविष्टि तिथि:
01 JAN 2026 5:39PM by PIB Thiruvananthpuram
"ദി ലൈറ്റ് ആൻഡ് ദ ലോട്ടസ്: റെലിക്സ് ഓഫ് ദി എവേക്കൻഡ് വൺ" എന്ന പേരിലുള്ള, ഭഗവാൻ ബുദ്ധനുമായി ബന്ധപ്പെട്ട പവിത്രമായ പിപ്രാഹ്വ തിരുശേഷിപ്പുകളുടെ ബൃഹത്തായ അന്താരാഷ്ട്ര പ്രദർശനം 2026 ജനുവരി 3-ന് രാവിലെ 11 മണിയോടെ ന്യൂഡൽഹിയിലെ റായ് പിത്തോറ സാംസ്കാരിക സമുച്ചയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
ഒരു നൂറ്റാണ്ടിലധികം കാലത്തിന് ശേഷം തിരികെ എത്തിച്ച പിപ്രാഹ്വ തിരുശേഷിപ്പുകളെയും, ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയം, കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം എന്നിവിടങ്ങളിൽ സൂക്ഷിച്ചിട്ടുള്ള പുരാവസ്തുക്കളെയും ഇതാദ്യമായാണ് പ്രദർശനത്തിലൂടെ ഒരേ വേദിയിൽ സമന്വയിപ്പിക്കുന്നത്.
1898-ൽ കണ്ടെത്തിയ പിപ്രാഹ്വ തിരുശേഷിപ്പുകൾക്ക് ബുദ്ധമത ചരിത്ര പഠനത്തിൽ അതീവ പ്രാധാന്യമുണ്ട്. ഭഗവാൻ ബുദ്ധനുമായി നേരിട്ട് ബന്ധമുള്ള ഏറ്റവും പുരാതനവും ചരിത്രപരമായി അമൂല്യവുമായ തിരുശേഷിപ്പുകളിൽ ഒന്നാണിത്. ഭഗവാൻ ബുദ്ധൻ തന്റെ സന്ന്യാസ ജീവിതത്തിന് മുൻപുള്ള കാലഘട്ടം ചിലവഴിച്ച പുരാതന കപിലവസ്തുവാണ് പിപ്രാഹ്വ എന്ന് പുരാവസ്തു തെളിവുകൾ സാക്ഷ്യപ്പെടുത്തുന്നു.
ഭഗവാൻ ബുദ്ധന്റെ പ്രബോധനകളുമായി ഭാരതത്തിനുള്ള അഗാധവും സുസ്ഥിരവുമായ നാഗരിക ബന്ധത്തെ ഈ പ്രദർശനം അടിവരയിടുന്നു. ഭാരതത്തിന്റെ സമ്പന്നമായ ആത്മീയ-സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ഗവൺമെന്റിന്റെ നിരന്തരമായ പരിശ്രമം, സ്ഥാപനങ്ങളുടെ സഹകരണം, നൂതനമായ പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവയിലൂടെയാണ് ഈ തിരുശേഷിപ്പുകൾ തിരികെ എത്തിക്കാൻ സാധിച്ചത്.
പ്രത്യേക പ്രമേയങ്ങളെ ആസ്പദമാക്കിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. സാഞ്ചി സ്തൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുനർനിർമ്മിച്ച മാതൃകയാണ് ഇതിന്റെ കേന്ദ്രബിന്ദു. ഇതിൽ വിവിധ ദേശീയ ശേഖരങ്ങളിൽ നിന്നുള്ള തിരുശേഷിപ്പുകളും വിദേശത്ത് നിന്ന് തിരികെ എത്തിച്ച രത്നങ്ങളും പ്രദർശിപ്പിക്കും. കൂടാതെ 'പിപ്രാഹ്വ റീവിസിറ്റഡ്', "ദൃശ്യരൂപങ്ങളിലെ അദൃശ്യഭാവങ്ങൾ: ബുദ്ധദർശനങ്ങളുടെ സൗന്ദര്യശാസ്ത്ര ഭാഷ", "ബുദ്ധമത കലകളുടെയും ആശയങ്ങളുടെയും ആഗോള വ്യാപനം", "സാംസ്‌കാരിക അവശേഷിപ്പുകളുടെ പുനരാഗമനം: തുടരുന്ന പ്രയത്നം" തുടങ്ങിയ വിഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.
പൊതുജനങ്ങൾക്ക് കൂടുതൽ അറിവ് നൽകുന്നതിനായി ഇമ്മേഴ്‌സീവ് ഫിലിമുകൾ, ഡിജിറ്റൽ പുനർനിർമ്മാണങ്ങൾ, മൾട്ടിമീഡിയ പ്രസന്റേഷനുകൾ തുടങ്ങിയ അത്യാധുനിക ദൃശ്യ-ശ്രാവ്യ സംവിധാനങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഭഗവാൻ ബുദ്ധന്റെ ജീവിതം, പിപ്രാഹ്വ തിരുശേഷിപ്പുകളുടെ കണ്ടെത്തൽ, അവയുടെ വിവിധ മേഖലകളിലേക്കുള്ള പ്രയാണങ്ങൾ, ബുദ്ധമതവുമായി ബന്ധപ്പെട്ട കലാരൂപങ്ങൾ എന്നിവയെക്കുറിച്ച് ലളിതമായ ഉൾക്കാഴ്ചകൾ നൽകാൻ ഇവ സഹായകമാണ്.
***
SK
(रिलीज़ आईडी: 2210643)
आगंतुक पटल : 5