റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
പൊതുജനങ്ങൾക്ക് വലിയ ആശ്വാസമായി ദേശീയ പാത അതോറിട്ടിയുടെ പ്രഖ്യാപനം: 2026 ഫെബ്രുവരി 1ന് ശേഷം ഇറക്കുന്ന പുതിയ ഫാസ്ടാഗ് ഉപയോഗിക്കുന്ന കാറുകൾക്ക് കെവൈവി നിർത്തലാക്കി
प्रविष्टि तिथि:
01 JAN 2026 4:54PM by PIB Thiruvananthpuram
പൊതുജനങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിനും ദേശീയ പാതാ ഉപയോക്താക്കൾ നേരിടുന്ന അനാവശ്യ ബുദ്ധിമുട്ടുകൾ പൂർണ്ണമായി ഒഴിവാക്കുന്നതിനുള്ള സുപ്രധാന നടപടിയെന്ന നിലയിൽ, 2026 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന എല്ലാ പുതിയ ഫാസ്ടാഗിലും കാറുകൾക്കുള്ള (കാർ/ജീപ്പ്/വാൻ വിഭാഗം ഫാസ്ടാഗ്) 'നിങ്ങളുടെ വാഹനം അറിയുക' (കെവൈവി) പ്രക്രിയ നിർത്തലാക്കാൻ ദേശീയ പാത അതോറിറ്റി തീരുമാനിച്ചു.
സാധുവായ വാഹന രേഖകൾ കൈവശമുണ്ടായിട്ടും, ഫാസ്ടാഗ് സജീവമാക്കിയതിന് ശേഷമുള്ള കെവൈവി ആവശ്യകതകൾ മൂലം അസൗകര്യങ്ങളും കാലതാമസവും നേരിടുന്ന ലക്ഷക്കണക്കിന് സാധാരണ ദേശീയ പാതാ ഉപയോക്താക്കൾക്ക് ഈ പരിഷ്കാരം വലിയ ആശ്വാസം പകരും.
കാറുകൾക്കായി ഇതിനോടകം വിതരണം ചെയ്തിട്ടുള്ള ഫാസ്ടാഗുകളുടെ കാര്യത്തിൽ, പതിവ് നടപടിക്രമമെന്ന നിലയിലുള്ള കെവൈവി ഇനി നിർബന്ധമായിരിക്കില്ല. ലൂസ് ഫാസ്ടാഗ്, തെറ്റായ ഇഷ്യൂ, ദുരുപയോഗം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ ലഭിക്കുന്ന സവിശേഷ സാഹചര്യങ്ങളിൽ മാത്രമേ കെവൈവി ആവശ്യമായി വരൂ. യാതൊരു പരാതിയും ഇല്ലാത്ത പക്ഷം, നിലവിലുള്ള കാർ ഫാസ്ടാഗുകൾക്ക് കെവൈവി ആവശ്യമില്ല.
ശക്തമായ പ്രീ-ആക്ടിവേഷൻ സുരക്ഷാ സംവിധാനങ്ങൾ അവതരിപ്പിച്ചു
ഉപയോക്താക്കൾക്കായി നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനോടൊപ്പം കൃത്യത, അനുവർത്തനം, സംവിധാനത്തിൻ്റെ സമഗ്രത എന്നിവ ഉറപ്പാക്കുന്നതിനായി, ഫാസ്ടാഗ് ഇഷ്യൂ ചെയ്യുന്ന ബാങ്കുകൾക്ക് ബാധകമായ പ്രീ-ആക്ടിവേഷൻ സാധൂകരണ മാനദണ്ഡങ്ങൾ ദേശീയ പാത അതോറിറ്റി ശക്തിപ്പെടുത്തിയിട്ടുണ്ട്.
നിർബന്ധിത വാഹൻ അധിഷ്ഠിത സാധൂകരണം: വാഹൻ ഡാറ്റാബേസിൽ നിന്ന് വാഹനത്തിൻ്റെ വിശദാംശങ്ങൾ പൂർണമായി പരിശോധിച്ച് ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഫാസ്ടാഗ് സജീവമാക്കൽ അനുവദിക്കുകയുള്ളൂ.
പോസ്റ്റ്-ആക്ടിവേഷൻ സാധൂകരണം വേണ്ട: ഫാസ്ടാഗ് സജീവമാക്കിയതിന് ശേഷം സാധൂകരണം നടത്തണമെന്ന മുൻ വ്യവസ്ഥ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
അസാധാരണ സാഹചര്യങ്ങളിൽ മാത്രം ആർസി അധിഷ്ഠിത സാധൂകരണം: വാഹൻ ഡാറ്റാബേസിൽ വാഹന വിശദാംശങ്ങൾ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ മാത്രമേ വിതരണം ചെയ്യുന്ന ബാങ്ക് ആക്ടിവേഷന് മുമ്പ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിവരങ്ങൾ സാധൂകരിക്കേണ്ടതുള്ളൂ. ഇതിൻ്റെ പൂർണ ഉത്തരവാദിത്തം ബാങ്കുകൾക്കായിരിക്കും.
ഓൺലൈൻ ഫാസ്ടാഗുകൾക്കും ബാധകം: ഓൺലൈൻ വഴി വിൽക്കുന്ന ഫാസ്ടാഗുകളും ബാങ്കുകളുടെ പൂർണമായ മുൻകൂർ സാധൂകരണത്തിന് ശേഷം മാത്രമേ സജീവമാക്കുകയുള്ളൂ.
പ്രസ്തുത നടപടികൾ മുഖേന എല്ലാ വാഹന പരിശോധനകളും ഫാസ്ടാഗ് ആക്ടിവേഷന് മുമ്പ് തന്നെ പൂർത്തിയാകുമെന്ന് ഉറപ്പാക്കുന്നു. ഇതോടെ, ആക്ടിവേഷൻ കഴിഞ്ഞ് ഉപഭോക്താക്കളുമായി ആവർത്തിച്ച് ബദ്ധപ്പെടേണ്ടതിൻ്റെ ആവശ്യകത പൂര്‍ണമായും ഒഴിവാകും. ഫാസ്ടാഗ് ആവാസവ്യവസ്ഥയെ പൗരസൗഹൃദവും സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കി മാറ്റുന്നതിനും അനുവർത്തനം മെച്ചപ്പെടുത്തുന്നതിനും പരാതികൾ കുറക്കുന്നതിനുള്ള ദേശീയ പാത അതോറിറ്റിയുടെ നിതാന്ത പ്രതിബദ്ധത ഈ പരിഷ്കാരങ്ങൾ പ്രതിഫലിപ്പിക്കുന്നു. ആക്ടിവേഷനിന് മുൻപ് സാധൂകരണത്തിനുള്ള പൂർണ ഉത്തരവാദിത്വം ഇഷ്യൂവർ ബാങ്കുകളിലേക്ക് മാറ്റിയതിലൂടെ, ദേശീയ പാത ഉപയോക്താക്കൾക്ക് തടസ്സരഹിതയായ യാത്രാനുഭവം ഉറപ്പാക്കുകയാണ് ദേശീയ പാത അതോറിട്ടി.
****
(रिलीज़ आईडी: 2210611)
आगंतुक पटल : 18