ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
സംരംഭങ്ങളും നേട്ടങ്ങളും - 2025
प्रविष्टि तिथि:
01 JAN 2026 2:16PM by PIB Thiruvananthpuram
1. ആയുഷ്മാൻ ഭാരത്:
ആയുഷ്മാൻ ഭാരത് സംരംഭത്തിന് നാല് ഘടകങ്ങളുണ്ട്:
(a) ആയുഷ്മാൻ ആരോഗ്യ മന്ദിർ
പ്രാദേശിക ജനസമൂഹങ്ങളിലേക്ക് ആരോഗ്യ പരിരക്ഷ എത്തിക്കാന്‍ ഗ്രാമീണ-നഗര മേഖലകളിലെ ആരോഗ്യ ഉപകേന്ദ്രങ്ങളും ഗ്രാമീണ-നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും നവീകരിച്ച് 1,50,000 ആരോഗ്യ ക്ഷേമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഈ സംരംഭത്തിലെ ആദ്യ ഘടകം. ഇവ ഇപ്പോൾ ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്ന് പുനർനാമകരണം ചെയ്തു. നിലവിലെ പ്രത്യുൽപ്പാദന-ശൈശവാരോഗ്യ സേവനങ്ങളും പകർച്ചവ്യാധി സേവനങ്ങളും വിപുലീകരിച്ചും ശക്തിപ്പെടുത്തിയും പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾ (രക്താതിമർദം, പ്രമേഹം, വായിലെയും സ്തനത്തിലെയും ഗർഭാശയമുഖത്തെയും കാൻസറുകൾ) സംബന്ധിച്ച സേവനങ്ങൾ ഉൾപ്പെടുത്തിയും സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ നൽകാൻ ഈ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നു. കൂടാതെ മാനസികാരോഗ്യം, ഇ.എൻ.ടി, നേത്രാരോഗ്യം, ദന്താരോഗ്യം, വയോജന-പാലിയേറ്റീവ് പരിചരണം, ട്രോമ കെയർ എന്നിവയുമായി ബന്ധപ്പെട്ട പ്രാഥമിക ആരോഗ്യ സേവനങ്ങളും യോഗ ഉള്‍പ്പെടെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങളും ഘട്ടംഘട്ടമായി ഈ സേവനങ്ങളില്‍ കൂട്ടിച്ചേർക്കുന്നു.
ആയുഷ്മാൻ ആരോഗ്യ മന്ദിറിലൂടെ സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കി പരിചരണത്തിൻ്റെ തുടർച്ചയെന്ന സമീപനം കൈക്കൊണ്ട് പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളിൽ ആരോഗ്യ പരിചരണത്തെ സമഗ്രമായി (പ്രതിരോധം, പ്രോത്സാഹനം, ചികിത്സ, പുനരധിവാസം, പാലിയേറ്റീവ് കെയർ എന്നിവ ഉൾപ്പെടെ) അഭിമുഖീകരിക്കാൻ ആയുഷ്മാൻ ഭാരത് ദൗത്യം ലക്ഷ്യമിടുന്നു. ഒരു വ്യക്തിയുടെ ജീവിതകാലത്ത് മികച്ച ആരോഗ്യ ഫലങ്ങൾ ഉറപ്പാക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും 80 മുതല്‍ 90% വരെ ആരോഗ്യ ആവശ്യങ്ങളും പ്രാഥമിക ആരോഗ്യ സേവനങ്ങളിലൂടെ നിറവേറ്റുന്നു.
സേവനപരിധിയിലെ വ്യക്തികൾക്കായി പ്രാദേശിക സാമൂഹ്യതല പ്രചാരണവും ജനസംഖ്യാ കണക്കെടുപ്പും നടത്തുന്നുവെന്നും പകർച്ചവ്യാധികൾക്കും പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾക്കും പരിശോധനകള്‍ നടത്തി രോഗങ്ങൾ നേരത്തെ കണ്ടെത്തുകയും കൃത്യമായ രോഗനിർണയത്തിന് സമയബന്ധിത അനുബന്ധ പരിശോധന നിര്‍ദേശിക്കുകയും ചെയ്യുന്നുവെന്നും പ്രാഥമിക ആരോഗ്യ സംരക്ഷണ സംഘം ഉറപ്പാക്കുന്നു. പ്രാദേശിക സമൂഹത്തില്‍ രോഗികൾക്ക് ചികിത്സാ തുടർച്ചയും തുടര്‍പരിചരണവും നൽകുന്നുവെന്നും സംഘം ഉറപ്പാക്കുന്നു. ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്ന ശക്തവും പ്രതിരോധാത്മകവുമായ പ്രാഥമിക ആരോഗ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിലെ പ്രധാന ചുവടുവെയ്‌പ്പെന്ന നിലയില്‍ അവശ്യ മരുന്നുകളും രോഗനിർണയ സംവിധാനങ്ങളും ഉൾപ്പെടെ അവശ്യ ആരോഗ്യ സേവനങ്ങൾ ഈ കേന്ദ്രങ്ങളിലൂടെ പ്രാദേശിക സമൂഹങ്ങള്‍ക്ക് തൊട്ടരികില്‍ ലഭ്യമാക്കുന്നു.
ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ - നേട്ടങ്ങളും സേവന വിതരണവും
-
2025 നവംബര്‍ 30 വരെ ലഭ്യമായ കണക്കനുസരിച്ച് വിപുലീകരിച്ച 12 സേവന പാക്കേജുകളും ടെലികൺസൾട്ടേഷൻ സൗകര്യങ്ങളുമായി 1,81,873 ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ പ്രവർത്തനസജ്ജമാണ്. 494.71 കോടി പേര്‍ ഈ കേന്ദ്രങ്ങള്‍ സന്ദർശിക്കുകയും 41.93 കോടി ടെലികൺസൾട്ടേഷനുകൾ നടത്തുകയും ചെയ്തു.
-
ഇതുവരെ 39.50 കോടി രക്താതിമർദ പരിശോധനകളും 36.70 കോടി പ്രമേഹ പരിശോധനകളും നടത്തിയിട്ടുണ്ട്. വായിലെ കാൻസര്‍ പരിശോധനകളുടെ എണ്ണം 32.40 കോടിയും സ്ത്രീകളിലെ ഗർഭാശയമുഖ കാൻസര്‍ പരിശോധനകളുടെ എണ്ണം 15.23 കോടിയും സ്തനാർബുദ പരിശോധനകള്‍ 8.37 കോടിയിലേറെയുമാണ്.
-
കൂടാതെ, 2025 നവംബർ 30 വരെ പ്രവർത്തനസജ്ജമായ ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിൽ 6.54 കോടിയിലധികം യോഗ/ആരോഗ്യക്ഷേമ സെഷനുകളും സംഘടിപ്പിച്ചു.
(b) ആയുഷ്മാൻ ഭാരത് PM-JAY:
-
ആയുഷ്മാൻ ഭാരത് സംരംഭത്തിൻ്റെ രണ്ടാം സ്തംഭം പ്രധാൻ മന്ത്രി - ജൻ ആരോഗ്യ യോജനയാണ് (AB PM-JAY). ദ്വിതീയ, തൃതീയ തലങ്ങളിലെ ആശുപത്രി ചികിത്സയ്ക്ക് ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന ലോകത്തെ ഏറ്റവും വലിയ പൊതു ധനസഹായ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണിത്.
-
നിലവിൽ 12 കോടി കുടുംബങ്ങൾ പദ്ധതിയ്ക്ക് കീഴിലുണ്ട്. പദ്ധതി നടപ്പാക്കുന്ന പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വന്തം ചെലവിൽ ഗുണഭോക്താക്കളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.
-
ആശാ പ്രവര്‍ത്തകരും അങ്കണവാടി ജീവനക്കാരും അങ്കണവാടി സഹായികളുമടക്കം ഏകദേശം 37 ലക്ഷം പേരെ 2024 ഫെബ്രുവരി മുതൽ പദ്ധതിയിൽ ഉൾപ്പെടുത്തി.
-
പദ്ധതിയുടെ തുടക്കം മുതൽ 2025 ഡിസംബർ 1 വരെ ഏകദേശം 42.48 കോടി ആയുഷ്മാൻ കാർഡുകൾ സൃഷ്ടിച്ചു.
-
2025 ഡിസംബർ 1 വരെ ആകെ 10.98 കോടി ആശുപത്രി പ്രവേശനങ്ങള്‍ക്കായി 1.60 ലക്ഷം കോടി രൂപ പദ്ധതിയില്‍ അനുവദിച്ചു.
-
ഗുണഭോക്താക്കൾക്ക് ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് 2025 ഡിസംബർ 1 വരെ 15,532 സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ആകെ 32,574 ആശുപത്രികൾ പദ്ധതിയുടെ ഭാഗമായി.
-
ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ലിംഗസമത്വം ഉറപ്പാക്കിയ പദ്ധതിയില്‍ ആകെ സൃഷ്ടിച്ച ആയുഷ്മാൻ കാർഡുകളിൽ ഏകദേശം 49 ശതമാനവും അനുവദിക്കപ്പെട്ട ആശുപത്രി പ്രവേശനങ്ങളില്‍ ഏകദേശം 48 ശതമാനവും സ്ത്രീകള്‍ക്കാണ്.
-
2024 ഒക്ടോബർ 29-ന് “ആയുഷ്മാൻ വയോവന്ദന കാർഡ്” പ്രധാനമന്ത്രി പുറത്തിറക്കി. 70 വയസ്സോ അതിൽ കൂടുതലോ പ്രായക്കാരായ മുതിർന്ന പൗരന്മാർക്കെല്ലാം ഇതിലൂടെ സാമൂഹ്യ-സാമ്പത്തിക നില പരിഗണിക്കാതെ പദ്ധതിയുടെ എല്ലാ ആനുകൂല്യങ്ങളും നൽകുന്നു. ഈ വിപുലീകരണത്തിലൂടെ ഏകദേശം 6 കോടി പേരടങ്ങുന്ന ഏകദേശം 4.5 കോടി കുടുംബങ്ങൾക്ക് പരിരക്ഷ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതുവരെ 94,19,515 പേരെയാണ് ആയുഷ്മാൻ വയോവന്ദന കാർഡിനായി പരിഗണിച്ചിരിക്കുന്നത്.
-
ദേശീയ ആരോഗ്യ അതോറിറ്റി പുറത്തിറക്കിയ ആൻഡ്രോയിഡ് അധിഷ്ഠിത ആയുഷ്മാൻ ആപ്പില്‍ ഗുണഭോക്താക്കൾക്കായി സ്വയം പരിശോധനാ സൗകര്യം പ്രവർത്തനക്ഷമമാക്കി. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ആപ്പിൽ ആയുഷ്മാൻ കാർഡ് സൃഷ്ടിക്കുന്നതിന് മുഖനിര്‍ണയം, ഒ.ടി.പി, ഐറിസ്, വിരലടയാളം എന്നിങ്ങനെ ആധികാരികത ഉറപ്പാക്കാന്‍ വിവിധ രീതികൾ നൽകിയിട്ടുണ്ട്. ആയുഷ്മാൻ കാർഡ് സൃഷ്ടിക്കാന്‍ ഏത് മൊബൈൽ ഉപകരണവും ഉപയോഗിക്കാമെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.
-
സംസ്ഥാനങ്ങളുമായി ഒപ്പുവെച്ച ധാരണാപത്രത്തിന് ശേഷം 2025-ൽ ഡൽഹിയിലേക്കും ഒഡീഷയിലേക്കും ആയുഷ്മാൻ ഭാരത് PM-JAY വ്യാപിപ്പിച്ചു.
(c) പ്രധാൻ മന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യം (PM-ABHIM)
ഏകദേശം 64,180 കോടി രൂപ വകയിരുത്തിയ പ്രധാൻ മന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യമാണ് (PM-ABHIM) ഈ സംരംഭത്തിൻ്റെ മൂന്നാം സ്തംഭം. 2021-22 സാമ്പത്തിക വർഷം മുതൽ 2025-26 സാമ്പത്തിക വർഷം വരെ പദ്ധതി കാലയളവിൽ നടപ്പാക്കുന്നതിന് 2021 ഒക്ടോബർ 25-നാണ് പ്രധാനമന്ത്രി ഈ ദൗത്യം ഉദ്ഘാടനം ചെയ്തത്. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്ന ഏറ്റവും വലിയ രാജ്യവ്യാപക പദ്ധതിയാണിത്. പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളിലെ പരിചരണ തുടർച്ചയിലുടനീളം ആരോഗ്യ സംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും ശേഷി വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ദൗത്യം നിലവിലുള്ളതും ഭാവിയിലുണ്ടാകാൻ സാധ്യതയുള്ളതുമായ മഹാമാരികളെയും ദുരന്തങ്ങളെയും ഫലപ്രദമായി നേരിടാൻ ആരോഗ്യ സംവിധാനങ്ങളെ സജ്ജമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പൊതുജനാരോഗ്യ അടിയന്തരാവസ്ഥകളും രോഗബാധകളും ഫലപ്രദമായി കണ്ടെത്താനും അന്വേഷിക്കാനും തടയാനും ചെറുക്കാനുമായി ബ്ലോക്ക്, ജില്ലാ, പ്രാദേശിക, ദേശീയ തലങ്ങളിൽ നിരീക്ഷണ ലബോറട്ടറികളുടെ ശൃംഖല വികസിപ്പിച്ചും മെട്രോപൊളിറ്റൻ നഗരങ്ങളില്‍ പ്രവേശന മേഖലകളിലെ ആരോഗ്യകേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തിയും ഐ.ടി അധിഷ്ഠിത രോഗ നിരീക്ഷണ സംവിധാനം കെട്ടിപ്പടുക്കാൻ പ്രധാൻ മന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യം ലക്ഷ്യമിടുന്നു.
കോവിഡ്-19 പോലുള്ള മഹാമാരികളെ നേരിടാന്‍ ഹ്രസ്വകാല-ഇടക്കാല പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് തെളിവുകൾ ശേഖരിക്കുന്ന ബയോമെഡിക്കൽ ഗവേഷണം ഉൾപ്പെടെ കോവിഡ്-19-നെക്കുറിച്ചും മറ്റ് പകർച്ചവ്യാധികളെക്കുറിച്ചും നടത്തുന്ന ഗവേഷണങ്ങളെ പിന്തുണയ്ക്കാന്‍ ഉയര്‍ന്ന നിക്ഷേപം പദ്ധതി ലക്ഷ്യമിടുന്നു. മൃഗങ്ങളിലും മനുഷ്യരിലും പകർച്ചവ്യാധി പടരുന്നത് തടയാനും കണ്ടെത്താനും പ്രതിരോധിക്കാനും 'ഏകാരോഗ്യ' സമീപനം നടപ്പാക്കുന്നതിന് ശേഷി വികസിപ്പിക്കാനും ദൗത്യം ലക്ഷ്യമിടുന്നു.
ഈ ദൗത്യത്തിന് കീഴിലെ ബജറ്റ് വിഹിതം ദേശീയ ആരോഗ്യ ദൗത്യത്തിന് (NHM) പുറമെയാണ്.
കേന്ദ്രാവിഷ്കൃത പദ്ധതി ഘടകങ്ങൾക്ക് കീഴിൽ വ്യവസ്ഥ ചെയ്ത കാര്യങ്ങള്‍:
2021-22 മുതൽ 2025-26 വരെ കാലയളവിൽ ചേരികൾക്കും ചേരി സമാനമായ പ്രദേശങ്ങൾക്കും മുൻഗണന നൽകി 17,788 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ആയുഷ്മാൻ ആരോഗ്യ മന്ദിറുകളായി സജ്ജീകരിക്കാനും നഗരപ്രദേശങ്ങളിൽ 11,024 ആരോഗ്യ ക്ഷേമ കേന്ദ്രങ്ങള്‍ നിർമിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. കൂടാതെ ബ്ലോക്ക് തലത്തിൽ 3382 ബ്ലോക്ക് പൊതു ആരോഗ്യ കേന്ദ്രങ്ങളും (BPHUs) രാജ്യത്ത് 730 ജില്ലാ സംയോജിത പൊതു ആരോഗ്യ ലാബുകളും സ്ഥാപിക്കും. ഇതിലൂടെ ഓരോ ജില്ലയിലും ഇത്തരം ഒരു ലാബ് ഉറപ്പാക്കും. 5 ലക്ഷത്തിലേറെ ജനസംഖ്യയുള്ള എല്ലാ ജില്ലകളിലും 50 മുതൽ 100 കിടക്കകളോടെ തീവ്രപരിചരണ വിഭാഗം ഉള്‍പ്പെടുന്ന ആശുപത്രി ബ്ലോക്കുകളുണ്ടാകും. ബാക്കി ജില്ലകളിൽ രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് വലിയ ആശുപത്രികളിലേക്ക് അയക്കാന്‍ സംവിധാനമുണ്ടാകും.
കേന്ദ്രാവിഷ്കൃത പദ്ധതി ഘടകത്തിൻ്റെ നിലവിലെ സാഹചര്യം:
പദ്ധതി കാലയളവിൽ (2021-2026) സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും (XV-FC വിഹിതം ഒഴികെ) അനുവദിച്ച ആകെ സാമ്പത്തിക വിഹിതം 34,932.27 കോടി രൂപയാണ്. പ്രധാൻ മന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യത്തിൻ്റെ (PM-ABHIM) കേന്ദ്രാവിഷ്കൃത പദ്ധതി ഘടകത്തിന് കീഴിൽ ഇതുവരെ 9519 ആരോഗ്യ ഉപകേന്ദ്ര ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍, 5456 നഗര ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍, 2151 ബ്ലോക്ക് പൊതു ആരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ തലത്തില്‍ 744 സംയോജിത പൊതു ആരോഗ്യ ലാബുകൾ, 621 തീവ്രപരിചരണ ബ്ലോക്കുകൾ എന്നിവയുടെ നിർമാണത്തിനും ശക്തിപ്പെടുത്തലിനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 32,928.82 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്.
PM-ABHIM-ന് കീഴിൽ 12 കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിൽ 150 കിടക്കകളോടെ തീവ്രപരിചരണ വിഭാഗങ്ങള്‍ സ്ഥാപിക്കാന്‍ അംഗീകാരം നൽകി. ഭോപ്പാൽ (മധ്യപ്രദേശ്), ഭുവനേശ്വർ (ഒഡീഷ), ജോധ്പൂർ (രാജസ്ഥാൻ), പട്ന (ബീഹാർ), ഋഷികേശ് (ഉത്തരാഖണ്ഡ്), റായ്പൂർ (ഛത്തീസ്ഗഡ്) എന്നിവിടങ്ങളിലെ എയിംസ് ആശുപത്രികള്‍, ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ന്യൂഡൽഹിയിലെ എയിംസ്, ചണ്ഡീഗഡിലെ പി.ജി.ഐ, പുതുച്ചേരിയിലെ ജിപ്‌മർ, ഇംഫാലിലെ റിംസ്, ഷില്ലോങിലെ NEIGRIHMS എന്നിവയിലാണ് തീവ്രപരിചരണ വിഭാഗങ്ങള്‍ക്ക് അനുമതി നല്‍കിയത്.
അടിയന്തര ചികിത്സാ സമുച്ചയം, ഇടക്കാല പരിചരണ ഹൈ-ഡിപെൻഡൻസി യൂണിറ്റ്, ഐസൊലേഷൻ-പ്രത്യേക വിഭാഗ വാർഡ്, തീവ്രപരിചരണ കേന്ദ്രം, ഐസൊലേഷൻ റൂമുകൾ- പൊള്ളല്‍ ചികിത്സാ ഐ.സി.യു & എച്ച്.ഡി.യു, ഓപ്പറേഷൻ തിയേറ്റർ സമുച്ചയം തുടങ്ങിയവ 150 കിടക്കകളടങ്ങുന്ന നിർദിഷ്ട തീവ്രപരിചരണ വിഭാഗങ്ങളില്‍ ഉൾപ്പെടുന്നു. ഈ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. PM-ABHIM-ന് കീഴിലെ 150 കിടക്കകളടങ്ങുന്ന തീവ്രപരിചരണ വിഭാഗത്തിൻ്റെ ഏകീകൃത ഉപകരണ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.
(d) ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യം - ABDM:
2021 സെപ്റ്റംബറിൽ ആരംഭിച്ച ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യം (ABDM) പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുന്ന പൗരകേന്ദ്രീകൃത ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാര്‍ സംരംഭമാണ്. ABDM ഉപയോഗിച്ച് പൗരന്മാർക്ക് ആരോഗ്യ റെക്കോഡുകൾ (കുറിപ്പടികൾ, രോഗനിർണയ റിപ്പോർട്ടുകൾ, ഡിസ്ചാർജ് സംഗ്രഹങ്ങൾ തുടങ്ങിയവ) സുരക്ഷിതമായി സൂക്ഷിക്കാനും ലഭ്യമാക്കാനും അവരുടെ സമ്മതത്തോടെ ആരോഗ്യ സേവന ദാതാക്കളുമായി പങ്കിടാനും സാധിക്കും. പരിചരണത്തിൻ്റെ തുടർച്ച ഉറപ്പാക്കുന്ന ആരോഗ്യ രേഖകള്‍ തയ്യാറാക്കാന്‍ ഇത് സഹായിക്കുന്നു. ആരോഗ്യ സൗകര്യങ്ങളെയും സേവന ദാതാക്കളെയും സംബന്ധിച്ച കൃത്യവും പരിശോധിച്ചുറപ്പിച്ചതുമായ വിവരങ്ങൾ പൗരന്മാർക്ക് ഇതിലൂടെ ലഭ്യമാകും. ഈ സംരംഭങ്ങളിലൂടെ ആരോഗ്യ സംരക്ഷണം കൂടുതൽ പ്രാപ്യമാക്കാൻ ദൗത്യം ലക്ഷ്യമിടുന്നു.
ആരോഗ്യമേഖലയിലെ ആരോഗ്യ സംരക്ഷണ പങ്കാളികൾക്കിടയിൽ വിശ്വസനീയ സ്വത്വം ഉറപ്പാക്കുന്ന നാല് രജിസ്ട്രികൾ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യത്തിൻ്റെ സാങ്കേതിക ഘടനയിലുൾപ്പെടുന്നു: പൗരന്മാരുടെ ആയുഷ്മാൻ ഭാരത് ആരോഗ്യ അക്കൗണ്ട് (ABHA), ആരോഗ്യ പരിരക്ഷാ വിദഗ്ധരുടെ രജിസ്ട്രി (HPR), ആരോഗ്യ സൗകര്യങ്ങളുടെ രജിസ്ട്രി (HFR), മരുന്ന് രജിസ്ട്രി എന്നിവയാണവ. കൂടാതെ പരസ്പര സഹകരണം ഉറപ്പാക്കി തടസരഹിതമായ ആരോഗ്യ വിവര കൈമാറ്റത്തിന് മൂന്ന് സംവിധാനങ്ങളിലൂടെ സൗകര്യമൊരുക്കുന്നു: ആരോഗ്യ വിവര അനുമതി നിര്‍വഹണ സംവിധാനം (HIE-CM), ദേശീയ ആരോഗ്യ ക്ലെയിം എക്സ്ചേഞ്ച് (NHCX), ഏകീകൃത ആരോഗ്യ ഇൻ്റർഫേസ് (UHI) എന്നിവയാണവ.
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
****
(रिलीज़ आईडी: 2210573)
आगंतुक पटल : 17