സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

പരിശുദ്ധമായ പിപ്രഹ്വ ശേഷിപ്പുകളുടെ പ്രദർശനം 2026 ജനുവരി 3-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

“ലോട്ടസ് ലൈറ്റ്: റെലിക്സ് ഓഫ് ദി എവേക്കൻഡ് വൺ” എന്ന പ്രദർശനത്തിൽ വിദേശത്തുനിന്ന് തിരിച്ചുകൊണ്ടുവന്ന ശേഷിപ്പുകളും പുരാവസ്തുക്കളും പ്രദർശിപ്പിക്കും

प्रविष्टि तिथि: 31 DEC 2025 12:22PM by PIB Thiruvananthpuram
കേന്ദ്ര സാംസ്കാരിക മന്ത്രാലയം “ലോട്ടസ് ലൈറ്റ്: റെലിക്സ് ഓഫ് ദി എവേക്കൻഡ് വൺ” എന്ന പേരിൽ  ചരിത്രപരമായ ഒരു സാംസ്കാരിക പ്രദർശനം സംഘടിപ്പിക്കുന്നു. പൂജ്യമായ പിപ്രഹ്വ തിരുശേഷിപ്പുകളും അവയുമായി ബന്ധപ്പെട്ട പ്രധാന പുരാവസ്തുക്കളുമാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ബുദ്ധൻ്റെ പ്രബോധനങ്ങളുമായി ഇന്ത്യയ്ക്കുള്ള അചഞ്ചലമായ സാംസ്‌ക്കാരിക ബന്ധവും, സമ്പന്നമായ ആത്മീയ പൈതൃകം സംരക്ഷിക്കുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള രാജ്യത്തിൻ്റെ  പ്രതിജ്ഞാബദ്ധതയും ഈ പ്രദർശനം അടിവരയിടുന്നു.

2026 ജനുവരി 3 ശനിയാഴ്ച ന്യൂഡൽഹിയിലെ റായ് പിത്തോറ കൾച്ചറൽ കോംപ്ലക്‌സിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈ അഭിമാനകരമായ പ്രദർശനം ഉദ്ഘാടനം ചെയ്യും. ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികൾ ആദരിക്കുന്നതും ചരിത്രപരവും പുരാവസ്തുപരവും ആത്മീയവുമായി വലിയ പ്രാധാന്യമുള്ളതുമായ, വിദേശത്തുനിന്ന് തിരിച്ചെത്തിച്ച പരിശുദ്ധമായ ശേഷിപ്പുകൾ പ്രദർശിപ്പിക്കുന്നതിനാൽ ഈ പരിപാടി ഇന്ത്യയുടെ സാംസ്കാരികവും നയതന്ത്രപരവുമായ ചരിത്രത്തിലെ  സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്നു.

പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ കണ്ടെത്തിയ പിപ്രഹ്വ ശേഷിപ്പുകൾ, ശാക്യ വംശജർ പ്രതിഷ്ഠിച്ച ഗൗതമ ബുദ്ധൻ്റെ ഭൗതികാവശിഷ്ടങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഇവ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവന്നതും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ബുദ്ധൻ്റെ പ്രബോധനങ്ങളിൽ അടങ്ങിയിരിക്കുന്ന സമാധാനം, കരുണ, ജ്ഞാനം എന്നിവയുടെ സാർവത്രിക മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ നിരന്തരമായ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു.

പരിശുദ്ധമായ പിപ്രഹ്വ ശേഷിപ്പുകളും അവയോടനുബന്ധിച്ചുള്ള പുരാവസ്തുക്കളുമാണ് ഈ പ്രദർശനത്തിൻ്റെ പ്രധാന ആകർഷണം. ഇവയുടെ ചരിത്രപരവും ആത്മീയവും പുരാവസ്തുപരവുമായ പശ്ചാത്തലങ്ങൾ വ്യക്തമാക്കുന്ന ക്യൂറേറ്റഡ് പ്രദർശനങ്ങളും ഇതിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബുദ്ധമതത്തിൻ്റെ ഈറ്റില്ലം എന്ന നിലയിൽ ഇന്ത്യ വഹിച്ച സുപ്രധാന പങ്കിനെ എടുത്തുകാട്ടുന്ന വ്യാഖ്യാനപരമായ വിവരണങ്ങളും ഇതിലുണ്ടാകും.പണ്ഡിതന്മാർക്കും ഭക്തർക്കും പൊതുജനങ്ങൾക്കും ഒരുപോലെ വിജ്ഞാനപ്രദമാകുന്ന രീതിയിലാണ് ഈ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

****


(रिलीज़ आईडी: 2210156) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Bengali , Bengali-TR , Punjabi , Gujarati , Kannada