പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ വീർ ബാൽ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു
ഇന്ന്, നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ ധീരരായ സാഹിബ്‌സാദാമാരെ നാം സ്മരിക്കുന്നു; ഇന്ത്യയുടെ അജയ്യമായ ധീരതയുടെയും വീര്യത്തിന്റെയും ഉന്നതമായ ആദർശങ്ങളുടെയും ജീവസ്സുറ്റ പ്രതീകങ്ങളാണ് അവർ: പ്രധാനമന്ത്രി
മാതാ ഗുജ്‌രി ജി, ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജി, നാല് സാഹിബ്‌സാദാമാർ എന്നിവരുടെ ധൈര്യവും ആദർശങ്ങളും ഓരോ ഇന്ത്യക്കാരനും തുടർന്നും കരുത്തുപകരും: പ്രധാനമന്ത്രി
കൊളോണിയൽ മനോഭാവത്തിൽനിന്ന് എന്നെന്നേക്കുമായി മുക്തി നേടുമെന്ന ദൃഢനിശ്ചയത്തിലാണ് ഇന്ത്യ: പ്രധാനമന്ത്രി
കൊളോണിയൽ മനോഭാവത്തിൽനിന്ന് ഇന്ത്യ സ്വയം മോചിതരാകുമ്പോൾ, രാജ്യത്തിന്റെ ഭാഷാവൈവിധ്യം ശക്തിയുടെ ഉറവിടമായി ഉയർന്നുവരുന്നു: പ്രധാനമന്ത്രി
ജെൻ സീ - ജെൻ ആൽഫ തലമുറകൾ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കും: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
26 DEC 2025 3:03PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന 'വീർ ബാൽ ദിവസ്' ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു. രാജ്യമെമ്പാടുമുള്ള അതിഥികളെ സ്വാഗതം ചെയ്ത അദ്ദേഹം, പരിപാടിയിൽ പങ്കെടുത്ത കുട്ടികളെ അഭിസംബോധന ചെയ്തു. ചടങ്ങിൽ വന്ദേമാതരം മനോഹരമായി അവതരിപ്പിച്ചുവെന്നു പറഞ്ഞ അദ്ദേഹം, കലാകാരന്മാരുടെ സമർപ്പണവും പരിശ്രമവും വ്യക്തമായി കാണാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.
ഈ ദിനത്തിൽ ഇന്ത്യയുടെ അഭിമാനമായ ധീരരായ സാഹിബ്‌സാദാമാരെ രാജ്യം സ്മരിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, അവർ അജയ്യമായ ധൈര്യത്തിന്റെയും വീരതയുടെയും പരമോന്നത പ്രതീകങ്ങളാണെന്ന് പറഞ്ഞു. പ്രായത്തിന്റെയും സാഹചര്യങ്ങളുടെയും എല്ലാ അതിരുകളും മറികടന്ന്, ക്രൂരമായ മുഗൾ സാമ്രാജ്യത്തിനെതിരെ പാറപോലെ ഉറച്ചുനിന്ന് മതഭ്രാന്തിന്റെയും ഭീകരതയുടെയും അടിത്തറയെത്തന്നെ ഉലച്ചുകളഞ്ഞവരാണ് ആ സാഹിബ്‌സാദാമാരെന്ന് ശ്രീ മോദി പറഞ്ഞു. ഇത്രയും മഹത്തായ ചരിത്രവും പ്രചോദനമേകുന്ന പൈതൃകവും, യുവതലമുറകൾക്ക് പാരമ്പര്യമായി ലഭിക്കുന്ന രാജ്യത്തിന് ഏതു ലക്ഷ്യവും കൈവരിക്കാൻ കഴിയും എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഡിസംബർ 26 എന്ന ദിവസം വരുമ്പോഴെല്ലാം, സാഹിബ്‌സാദാമാരുടെ വീര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗവണ്മെന്റ് 'വീർ ബാൽ ദിവസ്' ആഘോഷിക്കാൻ തുടങ്ങിയതിൽ, തനിക്ക് വലിയ ആത്മവിശ്വാസം തോന്നുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി, ഈ പുതിയ പാരമ്പര്യം സാഹിബ്‌സാദാമാരുടെ പ്രചോദനം യുവതലമുറയിലേക്ക് എത്തിച്ചിട്ടുണ്ടെന്നും ധീരരും കഴിവുള്ളവരുമായ യുവാക്കളെ കെട്ടിപ്പടുക്കുന്നതിനുള്ള വേദി സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്ന കുട്ടികളെ എല്ലാ വർഷവും പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാർ (PMRBP) നൽകി ആദരിക്കാറുണ്ടെന്നും ഈ വർഷവും രാജ്യത്തുടനീളമുള്ള 20 കുട്ടികൾക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അവരുമായി നടത്തിയ ആശയവിനിമയത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ചിലർ അസാധാരണമായ ധൈര്യം പ്രകടിപ്പിച്ചതായും, ചിലർ സാമൂഹിക സേവനത്തിലും പരിസ്ഥിതിസംരക്ഷണത്തിലും പ്രശംസനീയമായ സംഭാവനകൾ നൽകിയതായും, ചിലർ ശാസ്ത്ര-സാങ്കേതിക രംഗത്ത് നവീകരണങ്ങൾ കൊണ്ടുവന്നതായും, മറ്റു ചിലർ കായികം, കല, സംസ്കാരം തുടങ്ങിയ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയതായും പറഞ്ഞു. ഈ ബഹുമതി അവർക്ക് മാത്രമല്ല, അവരുടെ മാതാപിതാക്കൾക്കും, അധ്യാപകർക്കും, അവരുടെ പരിശ്രമങ്ങൾ അംഗീകരിക്കുന്ന ഉപദേഷ്ടാക്കൾക്കും കൂടിയാണെന്ന് ശ്രീ മോദി പുരസ്കാരജേതാക്കളോട് പറഞ്ഞു. വിജയികൾക്കും കുടുംബങ്ങൾക്കും ശോഭനമായ ഭാവിക്കായി അദ്ദേഹം ആശംസകൾ നേർന്നു.
വീർ ബാൽ ദിവസ് വികാരനിർഭരവും ഭക്തിസാന്ദ്രവുമായ ദിനമാണെന്ന് പറഞ്ഞ ശ്രീ മോദി, അന്നത്തെ ഏറ്റവും വലിയ അധികാരശക്തിയെ ചെറുപ്രായത്തിൽ തന്നെ നേരിട്ട സാഹിബ്സാദാ അജിത് സിംഗ് ജി, സാഹിബ്സാദാ ജുഝാർ സിംഗ് ജി, സാഹിബ്സാദാ സൊരാവർ സിംഗ് ജി, സാഹിബ്സാദാ ഫത്തേ സിംഗ് ജി എന്നിവരെ അനുസ്മരിച്ചു. അവരുടെ പോരാട്ടം ഇന്ത്യയുടെ മൗലികമായ ആശയങ്ങൾക്കും മതഭ്രാന്തിനുമിടയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സത്യവും അസത്യവും തമ്മിലുള്ള ആ പോരാട്ടത്തിൽ ഒരുവശത്ത് പത്താം ഗുരു ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജി നേതൃത്വം നൽകിയപ്പോൾ, മറുവശത്ത് ഔറംഗസീബിന്റെ ക്രൂരമായ ഭരണമായിരുന്നു. സാഹിബ്‌സാദാമാർ വളരെ ചെറുപ്പമായിരുന്നെങ്കിലും, ഇന്ത്യക്കാരുടെ മനോവീര്യം തകർത്ത് നിർബന്ധിത മതപരിവർത്തനം നടത്തുന്നതിനായി ഔറംഗസീബ് അവരെ ലക്ഷ്യമിട്ടുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുരു ഗോവിന്ദ് സിംഗ് ജി സാധാരണ മനുഷ്യനല്ലെന്നും, മറിച്ച് തപസ്സിന്റെയും ത്യാഗത്തിന്റെയും ആൾരൂപമാണെന്നും, ആ പൈതൃകമാണ് സാഹിബ്സാദാമാർക്ക് ലഭിച്ചതെന്നും ഔറംഗസീബും അദ്ദേഹത്തിന്റെ സൈന്യാധിപരും മറന്നുപോയെന്ന് അദ്ദേഹം പറഞ്ഞു. മുഗൾ സാമ്രാജ്യത്തിന്റെ മുഴുവൻ ശക്തിയും പ്രയോഗിച്ചിട്ടും നാല് സാഹിബ്സാദാമാരിൽ ഒരാൾ പോലും പതറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ധീരതയുടെ പ്രതിധ്വനികൾ ഇന്നും അലയടിക്കുന്ന, സാഹിബ്സാദ അജിത് സിംഗ് ജിയുടെ വാക്കുകളും പ്രധാനമന്ത്രി അനുസ്മരിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കുരുക്ഷേത്രയിൽ നടന്ന പ്രത്യേക പരിപാടിയിൽ, ശ്രീ ഗുരു തേഗ് ബഹാദുർജിയുടെ 350-ാം രക്തസാക്ഷിത്വ ദിനത്തിൽ രാഷ്ട്രം അദ്ദേഹത്തെ അനുസ്മരിച്ചു എന്ന് ശ്രീ മോദി പറഞ്ഞു. ശ്രീ ഗുരു തേഗ് ബഹാദുർജിയുടെ ത്യാഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സാഹിബ്‌സാദാമാർ മുഗൾ അതിക്രമങ്ങളെ ഭയപ്പെടുമെന്ന് കരുതുന്നത് തെറ്റാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. മാതാ ഗുജ്രി, ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജി, നാല് സാഹിബ്‌സാദാമാർ എന്നിവരുടെ ധൈര്യവും ആദർശങ്ങളും ഓരോ ഇന്ത്യക്കാരനും ശക്തി നൽകുകയും പ്രചോദനത്തിന്റെ ഉറവിടമായി തുടരുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സാഹിബ്‌സാദാമാരുടെ ത്യാഗത്തിന്റെ കഥ ഓരോ പൗരന്റെയും ചുണ്ടുകളിൽ ഉണ്ടായിരിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ നിർഭാഗ്യവശാൽ, സ്വാതന്ത്ര്യത്തിനുശേഷവും കൊളോണിയൽ മനോഭാവം നിലനിന്നു. 1835-ൽ ബ്രിട്ടീഷ് രാഷ്ട്രീയക്കാരനായ മെക്കാളെയാണ് ഈ മനോഭാവത്തിനു വിത്തുപാകിയതെന്നും സ്വാതന്ത്ര്യത്തിനുശേഷവും അത് ഇല്ലാതാക്കാൻ അനുവദിച്ചില്ലെന്നും, ഇത് പതിറ്റാണ്ടുകളായി അത്തരം സത്യങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾക്ക് കാരണമായെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. കൊളോണിയൽ മനോഭാവത്തിൽനിന്ന് സ്വയം മോചിതരാകാൻ ഇന്ത്യ ഇപ്പോൾ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യൻ രക്തസാക്ഷിത്വങ്ങളുടെയും വീര്യത്തിന്റെയും ഓർമ്മകൾ ഇനി അടിച്ചമർത്തപ്പെടില്ലെന്നും രാജ്യത്തിന്റെ നായകന്മാരെയും നായികമാരെയും ഇനി മാറ്റിനിർത്തില്ലെന്നും പ്രഖ്യാപിച്ചു. അതുകൊണ്ടാണ് വീർ ബാൽ ദിവസ് പൂർണ്ണ സമർപ്പണത്തോടെയും ചൈതന്യത്തോടെയും ആഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് അവിടെ അവസാനിപ്പിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 2035-ൽ മെക്കാളെയുടെ ഗൂഢാലോചനയ്ക്ക് 200 വർഷം തികയുമ്പോൾ, ശേഷിക്കുന്ന ഈ 10 വർഷത്തിനുള്ളിൽ കൊളോണിയൽ മനോഭാവത്തിൽ നിന്നുള്ള സമ്പൂർണ്ണ മോചനം ഇന്ത്യ നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാനസികാവസ്ഥയിൽ നിന്ന് രാഷ്ട്രം മോചിതമായാൽ, തദ്ദേശീയ പാരമ്പര്യങ്ങളിൽ കൂടുതൽ അഭിമാനിക്കുകയും സ്വയംപര്യാപ്തതയുടെ പാതയിൽ കൂടുതൽ മുന്നേറുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൊളോണിയൽ മനോഭാവത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള യജ്ഞത്തിന്റെ നേർക്കാഴ്ച പാർലമെന്റിൽ അടുത്തിടെ ദൃശ്യമായതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു, ശൈത്യകാല സമ്മേളനത്തിൽ പാർലമെന്റ് അംഗങ്ങൾ ഹിന്ദിയും ഇംഗ്ലീഷും കൂടാതെ ഇന്ത്യൻ ഭാഷകളിൽ ഏകദേശം 160 പ്രസംഗങ്ങൾ നടത്തി. ഇതിൽ ഏകദേശം 50 പ്രസംഗങ്ങൾ തമിഴിലും 40-ലധികം മറാഠിയിലും 25-ഓളം പ്രസംഗങ്ങൾ ബംഗാളിയിലാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ലോകത്തിലെ ഒരു പാർലമെന്റിലും കാണാൻ കഴിയാത്ത അപൂർവ്വമായ ഈ കാഴ്ച എല്ലാവർക്കും അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഭാഷാവൈവിധ്യത്തെ അടിച്ചമർത്താനാണ് മെക്കാളെ ശ്രമിച്ചതെന്നും എന്നാൽ ഇപ്പോൾ രാജ്യം കൊളോണിയൽ മനോഭാവത്തിൽ നിന്ന് സ്വതന്ത്രമാകുമ്പോൾ ഈ ഭാഷാവൈവിധ്യം ഇന്ത്യയുടെ കരുത്തായി മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുവഭാരത് സംഘടനയിലെ യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ, അവർ ജനറേഷൻ ഇസഡ് (Gen Z), ജനറേഷൻ ആൽഫ (Gen Alpha) എന്നിവയെ പ്രതിനിധീകരിക്കുന്നുവെന്നും, ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്നത് ഈ തലമുറയാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. അവരുടെ കഴിവും ആത്മവിശ്വാസവും താൻ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുവെന്നും, അതിനാൽ തന്നെ തനിക്ക് അവരിൽ വലിയ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിപൂർവം, ഒരു കുട്ടി സംസാരിച്ചാൽ പോലും അത് സ്വീകരിക്കപ്പെടണമെന്ന പഴമൊഴി ഉദ്ധരിച്ചുകൊണ്ട്, മഹത്വം നിർണ്ണയിക്കപ്പെടുന്നത് പ്രായം കൊണ്ടല്ല, മറിച്ച് പ്രവൃത്തികളും നേട്ടങ്ങളും കൊണ്ടാണെന്ന് അദ്ദേഹം വിശദീകരിച്ചു. മറ്റുള്ളവർക്ക് പ്രചോദനമാകുന്ന കാര്യങ്ങൾ ചെയ്യാൻ യുവാക്കൾക്ക് കഴിയുമെന്നും അനേകം പേർ അത് തെളിയിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. എന്നിരുന്നാലും, ഈ നേട്ടങ്ങളെ ഒരു തുടക്കമായി മാത്രമേ കാണാവൂ എന്നും, സ്വപ്നങ്ങൾ വാനോളം ഉയർത്തി ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്നത്തെ തലമുറ ഭാഗ്യവാന്മാരാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, നിരാശ നിറഞ്ഞ പഴയ കാലഘട്ടത്തിൽ യുവാക്കൾ സ്വപ്നം കാണാൻ പോലും ഭയപ്പെട്ടിരുന്നുവെങ്കിൽ, ഇന്ന് രാജ്യം അവരുടെ കഴിവുകൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കി. ഇന്ന് രാജ്യം പ്രതിഭകളെ തേടിപ്പിടിക്കുകയും അവർക്ക് വേദികൾ ഒരുക്കി നൽകുകയും, 140 കോടി പൗരന്മാരുടെ ശക്തിയെ അവരുടെ അഭിലാഷങ്ങളുമായി കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. ഡിജിറ്റൽ ഇന്ത്യയുടെ വിജയത്തിലൂടെ യുവാക്കൾക്ക് ഇന്റർനെറ്റിന്റെയും പഠനത്തിനുള്ള വിഭവങ്ങളുടെയും ശക്തി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ശാസ്ത്രം, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവ ആഗ്രഹിക്കുന്നവർക്കായി 'സ്റ്റാർട്ടപ്പ് ഇന്ത്യ'യും, കായിക രംഗത്ത് മുന്നേറാൻ ആഗ്രഹിക്കുന്നവർക്കായി 'ഖേലോ ഇന്ത്യ'യും നിലവിലുണ്ട്. രണ്ടു ദിവസം മുമ്പ് താൻ 'സൻസദ് ഖേൽ മഹോത്സവത്തിൽ' പങ്കെടുത്ത കാര്യം സൂചിപ്പിച്ച അദ്ദേഹം, യുവാക്കളുടെ പുരോഗതിക്കായി നിരവധി വേദികൾ ഇന്ന് ലഭ്യമാണെന്ന് വ്യക്തമാക്കി. ലക്ഷ്യബോധത്തോടെയിരിക്കാൻ യുവാക്കളോട് അഭ്യർത്ഥിച്ച പ്രധാനമന്ത്രി, ഹ്രസ്വകാല പ്രശസ്തിയുടെ തിളക്കത്തിൽ വീണുപോകരുതെന്ന് മുന്നറിയിപ്പ് നൽകി. ചിന്തകളിലെ വ്യക്തതയും തത്വദീക്ഷയുമാണ് അത്യന്താപേക്ഷിതമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തെ മഹദ് വ്യക്തികളിൽ നിന്നും ആദർശങ്ങളിൽ നിന്നും പഠിക്കണമെന്നും, നിങ്ങളുടെ വിജയം നിങ്ങളിൽ മാത്രം ഒതുങ്ങാതെ രാജ്യത്തിന്റെ വിജയമായി മാറുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
യുവജന ശാക്തീകരണത്തിന് മുൻഗണന നൽകിക്കൊണ്ട്, യുവാക്കളെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കിയാണ് പുതിയ നയങ്ങൾ രൂപീകരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'മേരാ യുവ ഭാരത്' പോലുള്ള വേദികളിലൂടെ യുവാക്കളെ ഏകോപിപ്പിക്കാനും അവർക്ക് അവസരങ്ങൾ നൽകാനും നേതൃപാടവം വികസിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ സമ്പദ്‌വ്യവസ്ഥ, കായികം, ഫിൻടെക്, മാനുഫാക്ചറിംഗ് മേഖലകളുടെ വിപുലീകരണം, നൈപുണ്യ വികസനം, ഇന്റേൺഷിപ്പ് അവസരങ്ങൾ എന്നിങ്ങനെയുള്ള ഓരോ സംരംഭത്തിന്റെയും കാതൽ യുവാക്കളാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. എല്ലാ മേഖലകളിലും യുവാക്കൾക്കായി പുതിയ അവസരങ്ങൾ തുറന്നു വരികയാണെന്നും അദ്ദേഹം അടിവരയിട്ടു.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നായ ഇന്ത്യ ഇന്ന് അഭൂതപൂർവ്വമായ സാഹചര്യങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന 25 വർഷങ്ങൾ രാജ്യത്തിന്റെ ദിശ നിർണ്ണയിക്കുമെന്നും, സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ഇന്ത്യയുടെ കഴിവുകളും ആഗ്രഹങ്ങളും ലോകത്തിന്റെ പ്രതീക്ഷകളും ഒത്തുചേരുന്ന ഒരു ഘട്ടമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ യുവാക്കൾ മുമ്പെങ്ങുമില്ലാത്തവിധം മികച്ച അവസരങ്ങളുടെ കാലഘട്ടത്തിലാണ് വളർന്നുവരുന്നതെന്നും അവരുടെ കഴിവുകളും ആത്മവിശ്വാസവും നേതൃത്വവും പ്രയോജനപ്പെടുത്തുന്നതിന് മികച്ച അവസരങ്ങൾ നൽകാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ നയത്തിൽ വരുത്തിയ സുപ്രധാന പരിഷ്കാരങ്ങളിലൂടെ വികസിത ഇന്ത്യയ്ക്കായുള്ള ശക്തമായ അടിത്തറ പാകുകയാണെന്ന് യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയം, 21-ാം നൂറ്റാണ്ടിലെ ആധുനിക പഠന രീതികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് പ്രായോഗിക പഠനത്തിന് പ്രാധാന്യം നൽകുന്നു, മനഃപാഠം പഠിക്കുന്നതിന് പകരം കുട്ടികളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു, ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യം പകരുന്നു, ഒപ്പം പ്രശ്നപരിഹാര ശേഷി വളർത്തുകയും ചെയ്യുന്നു. ബഹുമുഖ പഠനങ്ങൾ, നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസം, കായിക പ്രോത്സാഹനം, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവ വിദ്യാർത്ഥികൾക്ക് വലിയ ഗുണം ചെയ്യുന്നുവെന്നും ആദ്യമായാണ് ഈ ദിശയിൽ അർത്ഥവത്തായ ശ്രമങ്ങൾ നടക്കുന്നതെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുട്ടികൾ 'അടൽ ടിങ്കറിംഗ് ലാബുകളിലൂടെ' ഗവേഷണങ്ങളിലും നൂതനാശയങ്ങളിലും ഏർപ്പെടുന്നുണ്ടെന്നും സ്കൂൾ തലത്തിൽ തന്നെ റോബോട്ടിക്സ്, നിർമ്മിതബുദ്ധി, സുസ്ഥിരത, ഡിസൈൻ തിങ്കിംഗ് എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇതിനോടൊപ്പം തന്നെ, മാതൃഭാഷയിൽ പഠിക്കാനുള്ള അവസരം ദേശീയ വിദ്യാഭ്യാസ നയം നൽകുന്നുണ്ടെന്നും ഇത് കുട്ടികൾക്ക് വിഷയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും പഠനം ലളിതമാക്കാനും സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർഗം എത്രത്തോളം ദുഷ്കരമാണെന്നല്ല മറിച്ച് ആ പാത ശരിയാണോ എന്ന് മാത്രമാണ് വീര സാഹിബ്സാദമാർ നോക്കിയതെന്നും ഇതേ മനോഭാവമാണ് നമുക്ക് ഇന്ന് ആവശ്യമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഭാരതത്തിലെ യുവാക്കൾ വലിയ സ്വപ്നങ്ങൾ കാണണമെന്നും കഠിനാധ്വാനം ചെയ്യണമെന്നും തങ്ങളുടെ ആത്മവിശ്വാസം ഒരിക്കലും തളരാൻ അനുവദിക്കരുതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കുട്ടികളുടെയും യുവാക്കളുടെയും ഭാവിയിലൂടെയാകും ഭാരതത്തിന്റെ ഭാവി തിളങ്ങുകയെന്നും, അവരുടെ ധീരതയും കഴിവും അർപ്പണബോധവുമാണ് രാജ്യത്തിന്റെ പുരോഗതിക്ക് വഴികാട്ടുകയെന്നും ശ്രീ മോദി അടിവരയിട്ടു പറഞ്ഞു. ഈ വിശ്വാസത്തോടും ഉത്തരവാദിത്തത്തോടും നിരന്തരമായ വേഗതയോടും കൂടി ഇന്ത്യ അതിന്റെ ഭാവിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. സാഹിബ്സാദമാർക്ക് ഒരിക്കൽ കൂടി ശ്രദ്ധാഞ്ജലികൾ അർപ്പിച്ച അദ്ദേഹം, പുരസ്കാരങ്ങൾ നേടിയ എല്ലാ യുവാക്കളെയും അഭിനന്ദിക്കുകയും എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയും ചെയ്തു.
കേന്ദ്രമന്ത്രിമാരായ ശ്രീമതി അന്നപൂർണാ ദേവി, ശ്രീമതി സാവിത്രി താക്കൂർ, ശ്രീ രവനീത് സിംഗ്, ശ്രീ ഹർഷ് മൽഹോത്ര എന്നിവരും മറ്റു പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പശ്ചാത്തലം
വീര സാഹിബ്സാദമാരുടെ അസാധാരണമായ ധീരതയെയും പരമമായ ത്യാഗത്തെയും കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യാ ഗവണ്മെന്റ് രാജ്യത്തുടനീളം 'വീർ ബാൽ ദിവസ്' പ്രമാണിച്ച് ജനപങ്കാളിത്തത്തോടെയുള്ള പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ ചരിത്രത്തിലെ ഈ യുവ വീരന്മാരുടെ അചഞ്ചലമായ ധൈര്യത്തെയും ത്യാഗത്തെയും വീര്യത്തെയും ആദരിക്കുകയും സ്മരിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കഥപറച്ചിൽ, കവിതാലാപനം, പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. സ്കൂളുകൾ, ശിശുസംരക്ഷണ കേന്ദ്രങ്ങൾ, അംഗൻവാടികൾ, മറ്റ് വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്ക് പുറമെ മൈജിഒവി (MyGov), മൈഭാരത് (MyBharat) പോർട്ടലുകൾ വഴിയും ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചു.
2022 ജനുവരി 9-ന് ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ പ്രകാശ് പുരബ് വേളയിലാണ്, അദ്ദേഹത്തിന്റെ പുത്രന്മാരായ സാഹിബ്സാദ ബാബ സോറാവർ സിംഗ് ജിയുടെയും ബാബ ഫത്തേ സിംഗ് ജിയുടെയും രക്തസാക്ഷിത്വത്തിന്റെ ഓർമ്മയ്ക്കായി ഡിസംബർ 26 'വീർ ബാൽ ദിവസ്' ആയി ആചരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. തലമുറകൾക്ക് ഇന്നും പ്രചോദനമാകുന്ന സമാനതകളില്ലാത്ത ത്യാഗമാണ് അവരുടേത്. പ്രധാൻമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാര (PMRBP) ജേതാക്കളും പരിപാടിയിൽ സന്നിഹിതരായിരുന്നു.
-SK-
( റിലീസ് ഐ.ഡി: 2208947)
സന്ദര്‍ശക കൗണ്ടര്‍ : 33
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada