ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷാ ഫലങ്ങൾ സംബന്ധിച്ചു തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് പരിശീലന സ്‌ഥാപനത്തിന് സിസിപിഎ 11 ലക്ഷം രൂപ പിഴ ചുമത്തി.

प्रविष्टि तिथि: 25 DEC 2025 3:04PM by PIB Thiruvananthpuram

2022, 2023 വർഷങ്ങളിലെ യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷാ (സിഎസ്ഇ) ഫലങ്ങളുമായി ബന്ധപ്പെട്ട് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) വിഷൻ ഐഎഎസിന് (അജയ് വിഷൻ എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്) 11 ലക്ഷം രൂപ പിഴ ചുമത്തി.  2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനത്തിനാണ് നടപടി.

 

ഇൻസ്റ്റിറ്റ്യൂട്ട് തങ്ങളുടെ സ്‌ഥാപനത്തിൽ നിന്നും “CSE 2023-ൽ മികച്ച വിജയം കൈവരിച്ച 10-പേരിൽ 7 പേരും മികച്ച 100-ൽ 79 പേരും",  “CSE 2022-ൽ മികച്ച 50-ൽ 39  പേരും തെരഞ്ഞെടുക്കപ്പെട്ടു” എന്നും  അവകാശവാദങ്ങൾ പരസ്യമായി ഉന്നയിച്ചിരുന്നു. വിജയിച്ച ഉദ്യോഗാർത്ഥികളുടെ പേരുകൾ, ഫോട്ടോകൾ, റാങ്കുകൾ എന്നിവയും ഇവയിൽ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിരുന്നു.

 

പരിശോധനയിൽ, മിസ്റ്റർ ശുഭംകുമാർ (AIR 1, UPSC CSE 2020) തിരഞ്ഞെടുത്ത പ്രത്യേക കോഴ്‌സ്, അതായത് GS ഫൗണ്ടേഷൻ ബാച്ച് (ക്ലാസ് റൂം സ്റ്റുഡന്റ്) ഇൻസ്റ്റിറ്റ്യൂട്ട് വെളിപ്പെടുത്തിയെങ്കിലും, വിജയിച്ച മറ്റ് ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുത്ത കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങളും അതേ വെബ്‌പേജിൽ ഇയാളുടെ പേരിനോടൊപ്പം പ്രദർശിപ്പിച്ചിരുന്നതായി CCPA കണ്ടെത്തി.

 

ഈ മറച്ചുവെക്കൽ, ശേഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും ജിഎസ് ഫൗണ്ടേഷൻ ബാച്ച് ക്ലാസ്‌റൂം കോഴ്‌സിൽ തന്നെ ചേർന്നവരാണെന്ന തെറ്റിദ്ധാരണ സൃഷ്ടിച്ചു; എന്നാൽ യാഥാർത്ഥ്യം അങ്ങനെയായിരുന്നില്ല. കൂടാതെ, അതേ പരസ്യത്തിൽ തന്നെ, ലക്ഷക്കണക്കിന് രൂപ ഫീസ് വരുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ “ഫൗണ്ടേഷൻ കോഴ്‌സി"നെ സംബന്ധിക്കുന്ന വിവരം  ഇതിന്റെ മറവിൽ വളരെ പ്രധാന്യത്തോടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ  തെറ്റായതും അതിശയോക്തിയുള്ളതും അടിസ്ഥാനരഹിതവുമായ അവകാശവാദങ്ങളിൽ ആകൃഷ്ടരായ വിദ്യാർത്ഥികൾ, യാഥാർത്ഥ്യം മനസിലാക്കാതെ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിപാടികളിൽ ചേരാൻ പ്രേരിതരായി.

 

വിശദമായ അന്വേഷണത്തിനൊടുവിൽ, UPSC CSE 2022, 2023 പരീക്ഷകളിൽ 119-ത്തിലധികം ഉദ്യോഗാർത്ഥികളുടെ വിജയം ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെട്ടതായി CCPA കണ്ടെത്തി. എന്നാൽ, ഇവരിൽ വെറും മൂന്ന് പേരുമാത്രമാണ് ഫൗണ്ടേഷൻ കോഴ്‌സുകളിൽ ചേർന്നിരുന്നത്; ശേഷിക്കുന്ന 116 പേർ പ്രിലിമിനറി, മെയിൻസ് പരീക്ഷകൾക്കായുള്ള ടെസ്റ്റ് സീരീസ്, അഭ്യാസ് ടെസ്റ്റുകൾ (ഒറ്റത്തവണ നടത്തുന്ന പരീക്ഷകൾ), മോക് ഇന്റർവ്യൂ പരിപാടികൾ തുടങ്ങിയ സേവനങ്ങളാണ് സ്വീകരിച്ചിരുന്നത്. യഥാർത്ഥ വസ്തുതകൾ  മന:പൂർവ്വം മറച്ചുവെച്ച ഈ പ്രവൃത്തി, UPSC സിവിൽ സർവീസ് പരീക്ഷയുടെ എല്ലാ ഘട്ടങ്ങളിലും ഉദ്യോഗാർത്ഥികളുടെ വിജയത്തിന് പിന്നിൽ Vision IAS തന്നെയാണെന്ന് ഉദ്യോഗാർഥികളെയും മാതാപിതാക്കളെയും ചിന്തിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനും ഇടയാക്കി.  2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം, വകുപ്പ് 2(28) പ്രകാരം ഇതിനെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കണക്കാക്കി.

 

വിജയിച്ച മത്സരാർഥികളുടെ  പേരുകളും ഫോട്ടോഗ്രാഫുകളും ഉയർന്ന ക്ലെയിമുകളും ഉൾപ്പെടുത്തി ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയ പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അതോറിറ്റി നിരീക്ഷിച്ചു. വിദ്യാർത്ഥികളുടെ ശരിയായ വസ്തുതകളോ സമ്മതമോ ഇല്ലാതെ അത്തരം അവകാശവാദങ്ങൾ പ്രചരിപ്പിക്കുകവഴി ഇൻസ്റ്റിറ്റ്യൂട്ട്, ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചു. അച്ചടി മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമായി,  വെബ്‌സൈറ്റിനെ സംബന്ധിച്ച്, അത് ആഗോളതലത്തിൽ ആക്‌സസ് ചെയ്യാവുന്നതാണ്. കൂടാതെ ദീർഘകാലത്തേക്ക് അത് ലഭ്യവുമാണ്. പ്രത്യേകിച്ച് ഈ ഡിജിറ്റൽ യുഗത്തിൽ, ഉദ്യോഗാർത്ഥികൾ, ഇത്തരം ഗവേഷണ പരിശീലന സ്ഥാപനങ്ങളുടെ അവകാശവാദങ്ങളെ വിലയിരുത്തുകയും  തിരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്യുന്ന പ്രാഥമിക പ്ലാറ്റ്‌ഫോം കൂടിയാണിത്.

 

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് മുമ്പും Vision IAS-നെതിരെ CCPA നടപടികൾ സ്വീകരിച്ചിട്ടുണ്ട്.  നിയന്ത്രണാത്മക ഇടപെടലുകളും മുന്നറിയിപ്പുകളും ഉണ്ടായിരുന്നിട്ടും, തുടർന്നും ഇൻസ്റ്റിട്യൂട്ട് പുറത്തിറക്കിയ പരസ്യങ്ങളിൽ, സമാനമായ അവകാശവാദങ്ങൾ  തുടരുകയായിരുന്നു. ഇത്  ജാഗ്രതയുടെയും നിയമപാലനത്തിന്റെയും നഗ്നമായ ലംഘനമാണ്. ഇത് ആവർത്തിച്ചതിനാൽ, നിലവിലെ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ, ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി കൂടുതൽ കർശനമായ പിഴ ചുമത്തുമെന്നും CCPA വ്യക്തമാക്കി.

 

യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷ പോലുള്ള ഉയർന്ന മത്സരാധിഷ്ഠിത പരീക്ഷകളിൽ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ഗണ്യമായ സമയവും പരിശ്രമവും സാമ്പത്തിക സ്രോതസ്സുകളും നിക്ഷേപിക്കുന്നുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളുടെ വസ്തുതാവിരുദ്ധമായ വെളിപ്പെടുത്തലുകൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. പരിശീലന സേവനങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് തെറ്റായ പ്രതീക്ഷകൾ വച്ചുപുലർത്താൻ ഇത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പ്രേരിപ്പിക്കുന്നതായും അതോറിട്ടി കണ്ടെത്തി.

 

 തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അന്യായ കച്ചവട രീതികളും സംബന്ധിച്ച് ഇതുവരെ, വിവിധ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് CCPA 57 നോട്ടീസുകൾ നൽകിയിട്ടുണ്ട്. 28 പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നായി ആകെ ഒരു കോടി ഒൻപത് ലക്ഷത്തി 60,000 രൂപ പിഴ ചുമത്തി. അതോടൊപ്പം, ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ അവസാനിപ്പിക്കാൻ കർശനമായ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് ന്യായവും അറിവോടെയുള്ളതുമായ അക്കാദമിക് തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കുന്ന തരത്തിൽ, എല്ലാ കോച്ചിംഗ് സ്ഥാപനങ്ങളും അവരുടെ പരസ്യങ്ങളിലെ വിവരങ്ങൾ സത്യസന്ധവും സുതാര്യവുമായ രീതിയിൽ വെളിപ്പെടുത്തുന്നത്  ഉറപ്പാക്കണമെന്ന് അതോറിറ്റി ആവർത്തിച്ച് വ്യക്തമാക്കി.

അന്തിമ ഉത്തരവ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്: https://doca.gov.in/ccpa/orders-advisories.php?page_no=1)

***


(रिलीज़ आईडी: 2208629) आगंतुक पटल : 17
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , Marathi , हिन्दी , Tamil , Kannada