വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

2026 ജനുവരി 1 മുതൽ കിംബർലി പ്രോസസിന്റെ അഭിമാനകരമായ അധ്യക്ഷപദവി ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യ

प्रविष्टि तिथि: 25 DEC 2025 11:07AM by PIB Thiruvananthpuram

2026 ജനുവരി 1 മുതൽ കിംബർലി പ്രോസസിന്റെ അധ്യക്ഷപദവി ഏറ്റെടുക്കാൻ കിംബർലി പ്രോസസ്സ് പ്ലീനറി, ഇന്ത്യയെ തിരഞ്ഞെടുത്തു. സര്‍ക്കാരുകളും അന്താരാഷ്ട്ര വജ്രവ്യവസായവും സിവിൽ സമൂഹവും ഉൾപ്പെടുന്ന ത്രികക്ഷി സംരംഭമാണ് കിംബർലി പ്രോസസ്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി പ്രമേയങ്ങളിലെ നിർവചനപ്രകാരം നിയമപരമായ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിനുള്ള പണം കണ്ടെത്താൻ വിമത സംഘങ്ങളോ സഖ്യകക്ഷികളോ ഉപയോഗിക്കുന്ന "സംഘർഷ വജ്രം" അഥവാ പരുക്കൻ വജ്രങ്ങളുടെ വ്യാപാരം തടയാനാണ് കിംബര്‍ലി പ്രോസസ് ലക്ഷ്യമിടുന്നത്.

 

പുതുവർഷത്തിൽ അധ്യക്ഷപദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി 2025 ഡിസംബർ 25 മുതൽ ഇന്ത്യ കിംബർലി പ്രോസസ്സിന്റെ ഉപാധ്യക്ഷസ്ഥാനം ഏറ്റെടുക്കും. മൂന്നാം തവണയാണ് കിംബർലി പ്രോസസിന്റെ അധ്യക്ഷസ്ഥാനം ഇന്ത്യയെ ഏൽപ്പിക്കുന്നത്.

 

അന്താരാഷ്ട്ര വ്യാപാരത്തിൽ സത്യസന്ധതയും സുതാര്യതയും പ്രോത്സാഹിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന പ്രതിബദ്ധതയിലെ ആഗോള വിശ്വാസ്യതയാണ് ഇന്ത്യയെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിലൂടെ പ്രതിഫലിക്കുന്നതെന്ന് തീരുമാനത്തെ സ്വാഗതം ചെയ്ത കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു.

 

ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിനനുസൃതമായി സ്ഥാപിതമായ കിംബർലി പ്രോസസ് സർട്ടിഫിക്കേഷൻ സ്കീം 2003 ജനുവരി 1-നാണ് നിലവിൽ വന്നത്. അന്നുമുതൽ 'കോൺഫ്ലിക്റ്റ് ഡയമണ്ട്' വ്യാപാരം തടയാന്‍ ഫലപ്രദമായ സംവിധാനമായി ഇത് വികസിച്ചു. യൂറോപ്യൻ യൂണിയനെയും അതിലെ അംഗരാജ്യങ്ങളെയും ഒറ്റ പങ്കാളിയായി കണക്കാക്കിയാൽ നിലവിൽ കിംബർലി പ്രോസസില്‍ 60 പങ്കാളികളുണ്ട്. ലോകത്തെ ഇത്തരം വജ്രവ്യാപാരത്തില്‍ 99 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് കിംബര്‍ലി പ്രോസസ് പങ്കാളികളാണെന്നത് ഈ മേഖലയെ നിയന്ത്രിക്കുന്ന സമഗ്ര അന്താരാഷ്ട്ര സംവിധാനമാക്കി ഇതിനെ മാറ്റുന്നു.

 

ഭൗമരാഷ്ട്രീയ മാറ്റങ്ങളുടെയും സുസ്ഥിരവും ഉത്തരവാദിത്തപൂര്‍ണവുമായ ഉറവിടങ്ങൾക്ക് പ്രാധാന്യം നൽകുന്നതുമായ കാലഘട്ടത്തിലാണ് വജ്ര നിർമ്മാണത്തിന്റെയും വ്യാപാരത്തിന്റെയും മുൻനിര ആഗോള കേന്ദ്രമായ ഇന്ത്യ നേതൃത്വ പദവി അലങ്കരിക്കുന്നത്. ഭരണനിർവഹണവും നിബന്ധനകളുടെ പാലനവും ശക്തിപ്പെടുത്തുക, ഡിജിറ്റൽ സാക്ഷ്യപ്പെടുത്തലും പരിശോധന സംവിധാനങ്ങളും വികസിപ്പിക്കുക, വിവരാധിഷ്ഠിത നിരീക്ഷണത്തിലൂടെ സുതാര്യത വർധിപ്പിക്കുക, രക്തരൂക്ഷിതമല്ലാത്ത വജ്രങ്ങളിൽ ഉപഭോക്തൃ വിശ്വാസം വളർത്തുക എന്നിവയിലായിരിക്കും അധ്യക്ഷപദവി കാലയളവില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  

 

2025-ൽ ഉപാധ്യക്ഷ പദവിയിലും 2026-ൽ അധ്യക്ഷ പദവിയിലും പ്രവർത്തിക്കുമ്പോൾ കിംബർലി പ്രോസസിലുള്ള വിശ്വാസം ശക്തിപ്പെടുത്താനും നിയമപാലനം ഉറപ്പാക്കാനും വിശ്വാസ്യത വർധിപ്പിക്കാനും എല്ലാ പങ്കാളികളുമായും നിരീക്ഷകരുമായും ഇന്ത്യ ചേർന്ന് പ്രവർത്തിക്കും. കിംബർലി പ്രോസസിനെ കൂടുതൽ ഉൾച്ചേര്‍ക്കുന്നതും ഫലപ്രദവുമായ ബഹുരാഷ്ട്ര ചട്ടക്കൂടാക്കി മാറ്റാൻ ശ്രമിക്കുന്നതിനൊപ്പം പ്രധാന ലക്ഷ്യങ്ങൾക്കും മാറിക്കൊണ്ടിരിക്കുന്ന ആഗോള പ്രതീക്ഷകൾക്കും അനുസൃതമായും ഇന്ത്യ പ്രവർത്തിക്കും.

****


(रिलीज़ आईडी: 2208485) आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , English , Urdu , हिन्दी , Bengali , Bengali-TR , Punjabi , Gujarati , Tamil