ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

“മോദി യുഗത്തിലെ ഭാരതത്തിൻ്റെ സാമ്പത്തിക ശാക്തീകരണം” എന്ന പുസ്തകത്തിൻ്റെ പ്രകാശന വേളയിൽ പരിവർത്തനാത്മക പരിഷ്‌കരണങ്ങളുടെ ഒരു ദശകത്തെ ഉപരാഷ്ട്രപതി എടുത്തുകാട്ടി

प्रविष्टि तिथि: 24 DEC 2025 4:08PM by PIB Thiruvananthpuram

പാർലമെൻ്റ്  അംഗമായ പ്രൊഫ. (ഡോ.) സിക്കന്ദർ കുമാർ രചിച്ച “മോദി യുഗത്തിലെ ഭാരതത്തിൻ്റെ  സാമ്പത്തിക ശാക്തീകരണം” എന്ന പുസ്തകം ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് വൈസ് പ്രസിഡൻ്റിൻ്റെ എൻക്ലേവിൽ വെച്ച് പ്രകാശനം ചെയ്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തിനും നേതൃത്വത്തിനും പരിവർത്തനാത്മകമായ സാമ്പത്തിക നയങ്ങൾക്കുമുള്ള ശക്തമായ തെളിവാണ് ഈ പ്രസിദ്ധീകരണമെന്ന് ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യ ശ്രദ്ധേയമായ സാമ്പത്തിക പരിവർത്തനത്തിനും പുതുക്കിയ ദേശീയ ആത്മവിശ്വാസത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഭാരതം ഇന്ന്  ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയർന്നുവന്നിട്ടുണ്ടെന്നും അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻസോൾവൻസി നിയമങ്ങൾ , ഡിജിറ്റൽ ഭരണനിർവ്വഹണം , സുതാര്യമായ ബാങ്കിംഗ് സംവിധാനങ്ങൾ തുടങ്ങിയ പ്രധാന ഘടനാപരമായ പരിഷ്കാരങ്ങളെ പുസ്തകം എടുത്തുകാണിക്കുന്നുണ്ടെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഈ പരിഷ്കാരങ്ങൾ വെറും നയപരമായ തീരുമാനങ്ങൾ മാത്രമല്ലെന്നും, പതിറ്റാണ്ടുകൾ പഴക്കമുള്ള  കാര്യക്ഷമതയില്ലായ്മയും അഴിമതിയും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ധീരമായ നടപടികളാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. "മിനിമം ഗവൺമെൻ്റ്, മാക്സിമം ഗവേണൻസ്" എന്ന പ്രധാനമന്ത്രിയുടെ ദർശനം കാര്യക്ഷമതയുടേയും അച്ചടക്കത്തിൻ്റേയും ഒരു പ്രവർത്തന മാതൃകയായി പരിണമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

100 ശതമാനം ആനുകൂല്യങ്ങളും ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ ഊന്നൽ നല്കുന്നുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ജാം ട്രിനിറ്റി (ജൻ ധൻ–ആധാർ–മൊബൈൽ) നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം സാധ്യമാക്കിയിട്ടുണ്ടെന്നും ചോർച്ചകൾ കുറച്ചിട്ടുണ്ടെന്നും ഭരണത്തിൽ സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ 47 ലക്ഷം കോടിയിലധികം രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ചരക്ക് സേവന നികുതിയെ (GST) ഈ കാലഘട്ടത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായാണ് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചത്. നികുതി ഘടനയെ  ലളിതമാക്കുകയും നിയമപാലനം മെച്ചപ്പെടുത്തുകയും സഹകരണ ഫെഡറലിസത്തെ ശക്തിപ്പെടുത്തുകയും ചെയ്തതിലൂടെ ജിഎസ്ടി ഇന്ത്യയെ ഒരു ഏകീകൃത ദേശീയ വിപണിയാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകൾ നീക്കം ചെയ്തത് ചരക്ക് നീക്കം സുഗമമാക്കുകയും ലക്ഷക്കണക്കിന് മനുഷ്യപ്രയത്നവും ഇന്ധനവും ലാഭിക്കാൻ സഹായിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയിൽ നടപ്പിലാക്കിയ ഏറ്റവും വലിയ പരിഷ്കാരങ്ങളിലൊന്നായി ജിഎസ്ടി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉൾച്ചേർക്കലിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഇന്ത്യയുടെ സാമ്പത്തിക ശാക്തീകരണത്തിന് കാരണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ എന്നീ പദ്ധതികളും യു.പി.ഐ- യുടെ ദ്രുതഗതിയിലുള്ള വ്യാപനവും പൗരന്മാരേയും സംരംഭകരേയും ചെറുകിട ബിസിനസ്സുകളേയും ശാക്തീകരിച്ചു.

ആത്മനിർഭർ ഭാരതം എന്ന പ്രധാനമന്ത്രിയുടെ ദർശനം ആശ്രയത്വത്തിൽ നിന്ന് സ്വാശ്രയത്വത്തിലേക്കുള്ള നിർണായക മാറ്റത്തെ അടയാളപ്പെടുത്തുന്നുവെന്നും ആഗോള വിതരണ ശൃംഖലകളിൽ ഇന്ത്യയെ വിശ്വസനീയ പങ്കാളിയായി സ്ഥാപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക നീതി, പാരിസ്ഥിതിക സുസ്ഥിരത, സാങ്കേതിക പുരോഗതി എന്നിവയുമായി സാമ്പത്തിക വളർച്ച സന്തുലിതമാകുന്ന വികസിത ഭാരതമെന്ന വിശാലമായ അഭിലാഷവുമായി ഈ യാത്ര പൊരുത്തപ്പെടുന്നുവെന്ന്  അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ, ഇന്ത്യ നയപരമായ സ്തംഭനാവസ്ഥയിൽ നിന്ന് ലക്ഷ്യബോധമുള്ള ഭരണത്തിലേക്കും, ദാരിദ്ര്യ മനോഭാവത്തിൽ നിന്ന് സമൃദ്ധി എന്ന ദൗത്യത്തിലേക്കും, ആശ്രിതത്വത്തിൽ നിന്ന് സ്വാശ്രയത്വത്തിലേക്കും മാറിയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. 2047- ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ, ആത്മവിശ്വാസവും കഴിവും അനുകമ്പയുമുള്ള ഒരു പുതിയ ഭാരതത്തെ ആഘോഷിക്കാൻ ഉപരാഷ്ട്രപതി പൗരന്മാരോട് ആഹ്വാനം ചെയ്തു.

***

 

 

 


(रिलीज़ आईडी: 2208309) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , हिन्दी , Gujarati , Tamil