ധനകാര്യ മന്ത്രാലയം
ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിൻ്റെ (FTA) ഭാഗമായ സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട അനുബന്ധത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു
प्रविष्टि तिथि:
23 DEC 2025 12:01PM by PIB Thiruvananthpuram
ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിൻ്റെ (FTA) ഭാഗമായ സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട അനുബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ 2025 ഡിസംബർ 22-ന് പൂർത്തിയാക്കി. സാമ്പത്തികവും തന്ത്രപരവുമായ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. 2025 ഡിസംബർ 10-ന് നടന്ന അവസാന റൗണ്ട് ചർച്ചകളിലാണ് ഈ സുപ്രധാന കരാറിന് അന്തിമരൂപം നൽകിയത്.
ധനകാര്യ സേവന മേഖലയിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ദൃഢമായ പ്രതിബദ്ധത ഇന്ത്യയും ന്യൂസിലൻഡും ആവർത്തിച്ചു. ഈ മേഖലയിലെ പങ്കാളിത്തത്തിൻ്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, പരസ്പരപൂരകവും ഭാവി സജ്ജവുമായ ഒരു കരാർ രൂപപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളും പ്രവർത്തിച്ചു. ഇരുരാജ്യങ്ങളുടെയും ധനകാര്യ സേവന മേഖലകൾക്ക് വിപുലമായ അവസരങ്ങൾ ഈ കരാർ സൃഷ്ടിക്കും. ഉഭയകക്ഷി സഹകരണം ത്വരിതപ്പെടുത്തുകയും വിപണി പ്രവേശനം സുഗമമാക്കുകയും, ഇരു സമ്പദ്‌വ്യവസ്ഥകളുടെയും സാമ്പത്തിക സംവിധാനങ്ങളുടെ ആഴത്തിലുള്ള സമന്വയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനപരവും നിയന്ത്രണപരവുമായ ചട്ടക്കൂട് ഈ സ്വതന്ത്ര വ്യാപാര കരാർ ഒരുക്കി നൽകും.
ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിൻ്റെ (FTA) ഭാഗമായ സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട അനുബന്ധം, ശരാശരി GATS പ്രതിബദ്ധതകളെ അപേക്ഷിച്ച് ശ്രദ്ധേയമായ പുരോഗതി പ്രാപിച്ചിട്ടുള്ളതും ആകെ 18 അനുച്ഛേദങ്ങൾ അടങ്ങിയതുമാണ്. സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട അനുബന്ധത്തിലൂടെ കൈവരിച്ച പ്രധാന നേട്ടങ്ങൾ ചുവടെ ചേർക്കുന്നു:
- ഇലക്ട്രോണിക് പേയ്‌മെൻ്റുകളും തത്സമയ ഇടപാടുകൾക്ക് അടിസ്ഥാനസൗകര്യവും: ഇൻ്റഗ്രേറ്റഡ് ഫാസ്റ്റ് പേയ്‌മെൻ്റ് സിസ്റ്റംസ് (FPS) മുഖേനയുള്ള ആഭ്യന്തര പണമിടപാടുകളുടെ പരസ്പര പ്രവർത്തനക്ഷമത വിപുലീകരിക്കുന്നതിനും അതിർത്തി കടന്നുള്ള തത്സമയ പണമിടപാടുകളെയും വ്യാപാര സംബന്ധമായ പണമിടപാടുകളെയും പിന്തുണയ്ക്കുന്നതിനുമായി സഹകരിക്കാൻ ഇന്ത്യയും ന്യൂസിലൻഡും പ്രതിജ്ഞാബദ്ധമാണ്. ഈ വ്യവസ്ഥ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെൻ്റ് ആവാസവ്യവസ്ഥയെയും ഫിൻടെക് മേഖലയെയും ശക്തിപ്പെടുത്തുന്നതോടൊപ്പം, ഇന്ത്യൻ പ്രവാസികളിൽ നിന്നുള്ള പണമൊഴുക്ക് വർധിപ്പിക്കുകയും ഇന്ത്യൻ പണമിടപാട് സേവനദാതാക്കൾക്ക് പുതിയ വിപണികൾ തുറക്കുകയും ചെയ്യുന്നു. കൂടാതെ UPI, NPCI പോലുള്ള ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനങ്ങളിലെ ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനും ഇത് സഹായകരമാകും.
- സാമ്പത്തിക സാങ്കേതിക വിദ്യകളും നിയന്ത്രണ മേഖലയിലെ നൂതനാശയങ്ങളും: സാമ്പത്തിക സേവന മേഖലയിലെ നൂതനാശയങ്ങളിൽ സഹകരണാത്മകമായ ഉദ്യമങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും ന്യൂസിലൻഡും ദൃഢമായ പ്രതിബദ്ധത പങ്കിടുന്നു. ഇരുരാജ്യങ്ങളിലും ഒരുപോലെ പ്രവർത്തനക്ഷമമായ ആപ്ലിക്കേഷനുകൾക്ക് പിന്തുണ നൽകുന്നതിനായി, റെഗുലേറ്ററി സാൻഡ്‌ബോക്‌സുകളും ഡിജിറ്റൽ സാൻഡ്‌ബോക്‌സ് ചട്ടക്കൂടുകളുമായി ബന്ധപ്പെട്ട പ്രായോഗിക അനുഭവങ്ങൾ കൈമാറുന്നതിനുള്ള പ്രത്യേക വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉഭയകക്ഷി പങ്കാളിത്തത്തിലൂടെ ഒരു പ്രമുഖ ഫിൻടെക് ഹബ്ബായി ഇന്ത്യയെ സ്ഥാപിക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ, ഒരു വികസിത സമ്പദ്‌വ്യവസ്ഥയുമായുള്ള വിജ്ഞാന വിനിമയം സുഗമമാക്കുന്നതിനൊപ്പം നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചുള്ള പഠനവും ഇന്ത്യയിലെ റെഗുലേറ്ററി സാൻഡ്‌ബോക്‌സ് പദ്ധതികളെ ശക്തിപ്പെടുത്തുകയും ഇന്ത്യൻ ഫിൻടെക് കമ്പനികൾക്ക് പുതിയ സഹകരണ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിലും ഈ വ്യവസ്ഥകൾ നിർണായക പങ്ക് വഹിക്കും.
- സാമ്പത്തിക വിവരവിനിമയവും സംരക്ഷണവും: സാമ്പത്തിക വിവരങ്ങളുടെ കൈമാറ്റം, വിശകലനം, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട നിയമ നിർമ്മാണപരവും നിയന്ത്രണപരവുമായ ആവശ്യകതകൾ നിലനിർത്താനുള്ള ഇരുരാജ്യങ്ങളുടെയും അവകാശം ഇന്ത്യയും ന്യൂസിലൻഡും അംഗീകരിക്കുന്നു. ഡാറ്റാ പരമാധികാരവും ഉപഭോക്തൃ സ്വകാര്യതയുടെ സംരക്ഷണവും പൂർണ്ണമായി ഉറപ്പാക്കിക്കൊണ്ട്, അതിർത്തി കടന്നുള്ള ഡിജിറ്റൽ പ്രവർത്തനങ്ങൾ നടത്താൻ ധനകാര്യ സേവന ദാതാക്കൾക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുകയാണ് ഈ വ്യവസ്ഥയുടെ ലക്ഷ്യം.
- ക്രെഡിറ്റ് റേറ്റിംഗും വിവേചനരാഹിത്യവും: ന്യൂസിലൻഡ് വിപണിയിൽ ഏകപക്ഷീയമോ വിവേചനപരമോ ആയ ക്രെഡിറ്റ് വിലയിരുത്തൽ രീതികൾ ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങൾക്ക് ബാധകമാകില്ലെന്ന് ഈ വ്യവസ്ഥ ഉറപ്പാക്കുന്നു. ഇതിലൂടെ ന്യൂസിലൻഡിലെ ആഭ്യന്തര സ്ഥാപനങ്ങളുമായി സമത്വപൂർണ്ണമായ പരിഗണന ഉറപ്പാക്കപ്പെടുകയും, ഇന്ത്യൻ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മറ്റ് ധനകാര്യ സേവനദാതാക്കൾ എന്നിവർക്കുള്ള വിപണി പ്രവേശനം സുഗമമാക്കുകയും ചെയ്യുന്നു. കൂടാതെ, ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷിയെ ബാധിക്കുന്ന വിവേചനപരമായ നിയന്ത്രണ നടപടികൾ ഒഴിവാക്കുന്നതിലും ഈ വ്യവസ്ഥ നിർണായക പങ്ക് വഹിക്കുന്നു.
- ബാക്ക്-ഓഫീസ് പിന്തുണാ പ്രവർത്തനങ്ങൾ: ധനകാര്യ സേവനങ്ങളുമായി ബന്ധപ്പെട്ട അനുബന്ധത്തിൽ, ബാക്ക്-ഓഫീസ് പ്രവർത്തനങ്ങളും ധനകാര്യ സേവന പ്രവർത്തനങ്ങളും നൽകുന്നതിന് പരസ്പര പിന്തുണ നൽകാനുള്ള പ്രതിബദ്ധത ഇന്ത്യയും ന്യൂസിലൻഡും വ്യക്തമാക്കുന്നു. ഇതിലൂടെ ആധുനിക വിവര സാങ്കേതികവിദ്യയും ബിസിനസ് പ്രോസസ് സേവന പരിചയവും കൈമുതലായുള്ള ഇന്ത്യയുടെ ശേഷി ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സാധിക്കും. ഇന്ത്യ കേന്ദ്രീകരിച്ചുള്ള ബാക്ക്-ഓഫീസ് പ്രവർത്തനങ്ങളിലൂടെ ചെലവ് കുറഞ്ഞ ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും, തദ്വാരാ ഇന്ത്യയിലെ ധനകാര്യ സേവനങ്ങൾ, ഐടി, ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് മേഖലകളുടെ വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതിനും ഈ വ്യവസ്ഥ സഹായകമാകും. ഉഭയകക്ഷി ധനകാര്യ സേവന പങ്കാളിത്തത്തിനായുള്ള ഇന്ത്യയുടെ നിർണായക അടിസ്ഥാന സൗകര്യ ശേഷിയെ പരസ്പരം അംഗീകരിക്കുന്നതിൻ്റെ പ്രതിഫലനമാണിത്.
- വർദ്ധിച്ച വിദേശ നിക്ഷേപ പരിധിയും പുതിയ ബാങ്ക് ശാഖകളും: സുപ്രധാന ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളിലും ഉപമേഖലകളിലും വിപണി പ്രവേശനത്തിനും ദേശീയ പരിഗണനയ്ക്കുമുള്ള പൂർണ്ണ പ്രതിബദ്ധതയോടെയുള്ള, നിർദ്ദിഷ്ട പ്രതിബദ്ധതകളുടെ പട്ടികകൾ ഇരുപക്ഷവും തമ്മിലുള്ള പുരോഗമനപരമായ സഹകരണത്തെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ നിർദ്ദേശങ്ങൾ ഭാവിയിലെ ഉദാരവൽക്കരണ സമീപനത്തെ പ്രതിനിധീകരിക്കുന്നു. ബാങ്കിംഗിലും ഇൻഷുറൻസിലും നേരിട്ടുള്ള വിദേശ നിക്ഷേപ (FDI) പരിധികൾ ഉയർത്തിയതും, നാല് വർഷത്തിനുള്ളിൽ 15 ബാങ്ക് ശാഖകൾ വരെ സ്ഥാപിക്കാൻ അനുവാദം നൽകുന്ന ഉദാരവത്കൃത ബാങ്ക് ബ്രാഞ്ച് ലൈസൻസിംഗ് ചട്ടക്കൂടും ഇതിൽ ഉൾപ്പെടുന്നു. മുമ്പ് GATS പ്രകാരം വാഗ്ദാനം ചെയ്ത 12 ശാഖകൾ എന്നതിൽ നിന്ന് കാര്യമായ മുന്നേറ്റമാണിത്. ഈ നിർദ്ദേശങ്ങൾ ഇന്ത്യൻ ധനകാര്യ സേവന ദാതാക്കളെ ന്യൂസിലൻഡിലെ പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ സഹായിക്കുകയും, ധനകാര്യ സേവന കയറ്റുമതിയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും, പുരോഗമനപരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ, ചലനാത്മകവും അതിവേഗം വികസിക്കുന്നതുമായ ഇന്ത്യയുടെ ധനകാര്യ സേവന വിപണിയിൽ ന്യൂസിലൻഡിൻ്റെ ധനകാര്യ സ്ഥാപനങ്ങളെ മത്സരാധിഷ്ഠിത പങ്കാളികളാക്കാനുള്ള അവസരം പ്രയോജനപ്പെടുത്താനും ഇന്ത്യയുടെ വിപണി ഉദാരവൽക്കരണ പ്രതിബദ്ധതയും, തന്ത്രപരമായ ദീർഘകാല ലക്ഷ്യങ്ങളും പ്രതിഫലിപ്പിക്കാനും ഉതകുന്നതുമാണ് ഈ ചട്ടങ്ങൾ.
സമഗ്രവീക്ഷണത്തിൽ, ഇന്ത്യ–ന്യൂസിലാൻഡ് സാമ്പത്തിക സേവന അനുബന്ധ ചർച്ചകളുടെ സമാപനം, അതിവേഗം വളരുന്ന സാമ്പത്തിക സേവന മേഖലയിൽ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ബന്ധങ്ങളെ കൂടുതൽ ശാക്തീകരിക്കാനും അവസരങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്താനും ഉള്ള പ്രതിബദ്ധത വ്യക്തമാക്കുന്നു. ഭാവിസജ്ജവും, സന്തുലിതവുമായ കരാറിലൂടെ ഇരുരാജ്യങ്ങളിലെയും ധനകാര്യ സ്ഥാപനങ്ങൾക്കും സേവന ദാതാക്കൾക്കും മെച്ചപ്പെട്ട വിപണി പ്രവേശനവും, നിയന്ത്രണ വ്യക്തതയും, ഉത്പാദക സഹകരണ ചട്ടക്കൂടും ഉറപ്പാക്കുന്നതിന് ഇത് സഹായകമാണ്.
നിലവിൽ, രണ്ട് ഇന്ത്യൻ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡയും ബാങ്ക് ഓഫ് ഇന്ത്യയും ന്യൂസിലൻഡിൽ ശാഖാ പ്രവർത്തനങ്ങൾ നിലനിർത്തുന്നു. ആകെ നാല് ശാഖകളുണ്ട്. എന്നാൽ, ന്യൂസിലൻഡിന് നിലവിൽ ഇന്ത്യയിൽ ബാങ്കിംഗ്, ഇൻഷുറൻസ് സാന്നിധ്യമില്ല. കൂടാതെ ഒരു ഇന്ത്യൻ ഇൻഷുറൻസ് കമ്പനിയും ന്യൂസിലൻഡിൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല. വ്യക്തമായ വിപണി പ്രവേശന പ്രതിബദ്ധതകൾ, നിയന്ത്രണ സുതാര്യത, ഉഭയകക്ഷി സഹകരണ ചട്ടക്കൂടുകൾ എന്നിവ സ്ഥാപിക്കുന്നതിലൂടെ ഈ സ്വതന്ത്ര വ്യാപാര കരാർ, ഉഭയകക്ഷി നിക്ഷേപം, സ്ഥാപന സാന്നിധ്യം, സേവന വിതരണം എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ, ന്യൂസിലൻഡിൽ ഇന്ത്യയുടെ സാമ്പത്തിക സേവന സാന്നിധ്യം വിപുലമാക്കുന്നതിനും, ന്യൂസിലൻഡ് ധനകാര്യ സ്ഥാപനങ്ങളെ ചലനാത്മകവും ദ്രുതഗതിയിൽ വികസിക്കുന്ന ഇന്ത്യയുടെ ധനകാര്യ സേവന വിപണികളിലേക്ക് സ്വാഗതം ചെയ്യുന്നതിനും ഈ കരാർ പ്രേരണയായി വർത്തിക്കും.
****
(रिलीज़ आईडी: 2207934)
आगंतुक पटल : 6