ഗ്രാമീണ വികസന മന്ത്രാലയം
MGNREGA-യ്ക്ക് ശേഷം ഗ്രാമവികസനത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ലക്ഷ്യമിട്ടുള്ള മഹത്തായ സംരംഭമാണ് ‘വികസിത് ഭാരത്: ജി റാം ജി’ പദ്ധതി”: കേന്ദ്ര ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ
प्रविष्टि तिथि:
21 DEC 2025 8:26PM by PIB Thiruvananthpuram
'വികസിത് ഭാരത്: ജി റാം ജി’ ബില്ലിന് രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു അംഗീകാരം നൽകി. ഇതോടെ നിയമം പ്രാബല്യത്തിൽ വന്നു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ, ‘വികസിത് ഭാരത്: ജി റാം ജി’ നിയമത്തെക്കുറിച്ച് വിശദീകരിക്കുകയും, അത് സംബന്ധമായി പ്രചരിക്കുന്ന തെറ്റിദ്ധാരണകളിന്മേൽ വ്യക്തത വരുത്തുകയും ചെയ്യുന്ന ഔദ്യോഗിക പ്രസ്താവന കേന്ദ്ര ഗ്രാമവികസന, കൃഷി, കർഷകക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പുറത്തിറക്കി.
MGNREGA-യുടെ പേരിൽ രാജ്യത്തെ വീണ്ടും തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. "കിംവദന്തികൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണ്. എന്നാൽ യാഥാർത്ഥ്യം ഇതാണ്. “വികസിത് ഭാരത്: ജി റാം ജി’ പദ്ധതി MGNREGAയ്ക്ക് ശേഷം ഗ്രാമവികസനത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്ന, പുരോഗമനപരമായ നിർണ്ണായക ചുവടുവയ്പ്പാണ്" അദ്ദേഹം വ്യക്തമാക്കി.
"പുതിയ പദ്ധതി മുൻപ് നിലവിലുണ്ടായിരുന്ന 100 ദിവസത്തെ തൊഴിലുറപ്പിന് പകരം 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്നു. ജോലി ലഭ്യമല്ലാത്ത സാഹചര്യമുണ്ടായാൽ തൊഴിലില്ലായ്മ വേതനം നൽകുന്നതിനുള്ള വ്യവസ്ഥകൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വേതനവിതരണത്തിൽ കാലതാമസം നേരിടുന്ന പക്ഷം, നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.” ശ്രീ ചൗഹാൻ പറഞ്ഞു.
സർക്കാരിന്റെ ശക്തമായ പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കവേ, ഈ പദ്ധതിക്കായി നടപ്പുവർഷത്തിൽ 1,51,282 കോടി രൂപയുടെ വലിയ വിഹിതം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമഗ്രമായ ഗ്രാമീണ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും മതിയായ ധനസഹായം ഇതിലൂടെ ഉറപ്പാക്കുന്നു. തൊഴിലവസരങ്ങളാൽ സമ്പന്നമായ, വികസിതവും സ്വാശ്രയവും, ദാരിദ്ര്യമുക്തവുമായ ഗ്രാമങ്ങൾ സൃഷ്ടിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
“ ‘വികസിത ഗ്രാമങ്ങൾ മുഖേന വികസിത ഭാരതം’ എന്ന ദർശനത്തിന് അനുപൂരകമായി, ജലസംരക്ഷണം, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, ഉപജീവന പ്രവർത്തനങ്ങൾ, ദുരന്ത ലഘൂകരണ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും. ഗ്രാമീണ സമൂഹങ്ങളുടെ പ്രതിരോധശേഷിയും ഉത്പാദനക്ഷമതയും ശക്തിപ്പെടുത്തുന്നതിനോടൊപ്പം, ഈ പ്രവർത്തനങ്ങൾ സുസ്ഥിര വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാനും സഹായിക്കും.”
125 ദിവസം തൊഴിൽ നൽകുന്നതിനൊപ്പം, പ്രധാന കാർഷിക സീസണുകളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ചെറുകിട, നാമമാത്ര കർഷകർക്കായി പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ശ്രീ ചൗഹാൻ വ്യക്തമാക്കി. ഈ നിയമം ദരിദ്ര ജനവിഭാഗങ്ങൾക്ക് അനുകൂലവും, പുരോഗാമനാത്മകവും, തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പ് നൽകുന്നതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വികസിത ഇന്ത്യയുടെ ആധാരശിലയെന്ന നിലയിൽ വികസിത ഗ്രാമങ്ങൾ സൃഷ്ടിക്കാനുള്ള പ്രതിബദ്ധതയെ ഈ നിയമം കൂടുതൽ ശക്തിപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.”
അധിക നടപടികൾ വിശദീകരിച്ചുകൊണ്ട്, ഈ നിയമത്തിലെ മറ്റൊരു സുപ്രധാന വ്യവസ്ഥയായി നടത്തിപ്പ് ചെലവിന്റെ പരിധി 6 ശതമാനത്തിൽ നിന്ന് 9 ശതമാനമായി ഉയർത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിർദേശിക്കപ്പെട്ട ₹1,51,282 കോടി രൂപയുടെ വിഹിതത്തിൽ ഏകദേശം ₹13,000 കോടി രൂപ ഭരണച്ചെലവിനായി വകയിരുത്തപ്പെടും. പഞ്ചായത്ത് സെക്രട്ടറിമാർ, എംപ്ലോയ്‌മെന്റ് അസിസ്റ്റന്റുമാർ, സാങ്കേതിക ജീവനക്കാർ എന്നിവരടക്കം പദ്ധതി നടപ്പിലാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് സമയബന്ധിതവും ഉചിതവുമായ പ്രതിഫലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് ഈ വർധന. ഉറച്ച സാമ്പത്തിക പിന്തുണയോടെ, പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാനും താഴെത്തട്ടിൽ ഉന്നത നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആവശ്യമായ പിന്തുണ ഇതിലൂടെ മുൻനിര പ്രവർത്തകർക്ക് ലഭിക്കും.
‘വികസിത് ഭാരത്: ജി റാം ജി’ നിയമം സമഗ്ര വളർച്ചയ്ക്കും ഗ്രാമീണ പുനരുജ്ജീവനത്തിനും തൊഴിലാളികളുടെ ശാക്തീകരണത്തിനുമുള്ള സർക്കാരിന്റെ ശക്തമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായി കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. "ഉറപ്പായ തൊഴിൽ, ന്യായമായ വേതനം, സാമൂഹിക പങ്കാളിത്തത്തോടെയുള്ള ആസ്തി വികസനം എന്നിവയിലൂടെ ഓരോ ഗ്രാമത്തെയും ഉത്പാദനക്ഷമതയുടെയും, അന്തസ്സിന്റെയും, സുസ്ഥിരതയുടെയും കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.”
“പാവപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സമഗ്ര അഭിവൃദ്ധി ഉറപ്പാക്കുന്നതിനുമാണ് ഈ നിയമം," എന്ന് ശ്രീ ചൗഹാൻ വ്യക്തമാക്കി. "ഇത് നമ്മുടെ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുകയും, ശാക്തീകൃതവും സമ്പന്നവുമായ ഗ്രാമങ്ങളിലൂടെ വികസിത ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ പാകുകയും ചെയ്യുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പ്രസ്താവന ഉപസംഹരിക്കവേ, നിയമത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ പൗരന്മാരടക്കമുള്ള ബന്ധപ്പെട്ട എല്ലാവരും സഹായിക്കണമെന്നും ശ്രീ ശിവരാജ് സിംഗ് ചൗഹാൻ അഭ്യർത്ഥിച്ചു. എല്ലാ വീടുകളിലും വസ്തുനിഷ്ഠമായ വിവരങ്ങൾ എത്തിക്കണമെന്നും, ഒരാൾ പോലും തെറ്റായ വിവരങ്ങൾക്ക് ഇരയാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും, " 'വികസിത് ഭാരത്: ജി റാം ജി’ MGNREGA-യ്ക്ക് പകരം കൊണ്ടുവന്ന ഒരു നിയമമല്ല; MGNREGA വിഭാവനം ചെയ്യുന്ന ദർശനത്തിന്റെ ശക്തവും ഭാവിസജ്ജവുമായ തുടർച്ചയാണത്. വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി മുന്നോട്ട് വയ്ക്കുന്ന പുതിയ ദർശനമാണത്," എന്നും അദ്ദേഹം പ്രസ്താവിച്ചു.
*****
(रिलीज़ आईडी: 2207303)
आगंतुक पटल : 6