പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ഗുവാഹാട്ടിയിൽ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്തു


ആധുനിക വിമാനത്താവളങ്ങളും നൂതന കണക്റ്റിവിറ്റി അടിസ്ഥാന സൗകര്യങ്ങളും ഏതൊരു സംസ്ഥാനത്തിനും പുതിയ സാധ്യതകളിലേക്കും പുതിയ അവസരങ്ങളിലേക്കുമുള്ള കവാടങ്ങളായി വർത്തിക്കുന്നു: പ്രധാനമന്ത്രി



ഇന്ന് അസമും മുഴുവൻ വടക്കുകിഴക്കൻ മേഖലയും ഇന്ത്യയുടെ വികസനത്തിലേക്കുള്ള പുതിയ കവാടമായി ഉയർന്നുവരുന്നു: പ്രധാനമന്ത്രി



വടക്കുകിഴക്കൻ മേഖല ഇന്ത്യയുടെ ഭാവി വളർച്ചയ്ക്ക് നേതൃത്വമേകും: പ്രധാനമന്ത്രി

प्रविष्टि तिथि: 20 DEC 2025 5:50PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുവാഹാട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്തു. അസമിന്റെ കണക്റ്റിവിറ്റി, സാമ്പത്തിക വികാസം, ആഗോള ഇടപെടൽ എന്നിവയിൽ പരിവർത്തനം അടയാളപ്പെടുത്തുന്നതാണ് പരിപാടി. ഇന്ന് അസമിന്റെയും വടക്കുകിഴക്കൻ മേഖലയുടെയും വികസനത്തിന്റെയും പുരോഗതിയുടെയും ഉത്സവമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പുരോഗതിയുടെ വെളിച്ചം ജനങ്ങളിലേക്ക് എത്തുമ്പോൾ ജീവിതത്തിലെ ഓരോ പാതയും പുതിയ ഉയരങ്ങൾ തൊടാൻ തുടങ്ങുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസമുമായുള്ള പുരോഗതിയുടെ വെളിച്ചം ജനങ്ങളിലേക്ക് എത്തുമ്പോൾ ജീവിതത്തിലെ ഓരോ പാതയും പുതിയ ഉയരങ്ങൾ തൊടാൻ തുടങ്ങുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസമുമായുള്ള തന്റെ ആഴത്തിലുള്ള അടുപ്പത്തെക്കുറിച്ചും അവിടത്തെ ജനങ്ങൾ നൽകുന്ന സ്നേഹത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രത്യേകിച്ച്, അസമിലെയും വടക്കുകിഴക്കൻ മേഖലയിലെയും അമ്മമാരുടെയും സഹോദരിമാരുടെയും സ്നേഹവും കരുതലും തനിക്ക് നിരന്തരമായ പ്രചോദനമാണെന്നും മേഖലയുടെ വികസനത്തിനായുള്ള കൂട്ടായ ദൃഢനിശ്ചയത്തെ അത് ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അസമിന്റെ വികസനത്തിൽ ഇന്ന് വീണ്ടും പുതിയ അധ്യായം കൂട്ടിച്ചേർക്കപ്പെടുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഭാരതരത്ന ഭൂപൻ ഹസാരികയുടെ വരികൾ പരാമർശിച്ച്, മഹത്തായ ബ്രഹ്മപുത്ര നദിയുടെ തീരങ്ങൾ തിളങ്ങുമെന്നും ഇരുട്ടിന്റെ എല്ലാ മതിലുകളും തകർക്കപ്പെടുമെന്നും ശ്രീ മോദി പറഞ്ഞു. ഇത് രാജ്യത്തിന്റെ ദൃഢനിശ്ചയവും ഗൗരവമേറിയ പ്രതിജ്ഞയുമായതിനാൽ തീർച്ചയായും സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂപൻ ഹസാരികയുടെ വരികൾ വെറുമൊരു ഗാനം മാത്രമല്ലെന്നും, മറിച്ച് അസമിനെ സ്നേഹിച്ച ഓരോ മഹദ് വ്യക്തിയുടെയും ഉറച്ച നിശ്ചയമാണെന്നും, ആ നിശ്ചയമാണ് ഇന്ന് യാഥാർത്ഥ്യമാകുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബ്രഹ്മപുത്രയിലെ ശക്തമായ ഒഴുക്ക് ഒരിക്കലും നിലയ്ക്കാത്തതുപോലെ, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾക്കു കീഴിൽ അസമിലെ വികസന പ്രവാഹവും തടസ്സമില്ലാതെ തുടരുകയാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ലോകപ്രിയ ഗോപിനാഥ് ബർദോലോയ് വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ ഉദ്ഘാടനം ഈ പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ടെർമിനൽ കെട്ടിടത്തിന്റെ കാര്യത്തിൽ അസമിലെ ജനങ്ങളെയും രാജ്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.

അൽപം മുമ്പ് അസമിന്റെ ആദ്യ മുഖ്യമന്ത്രിയും സംസ്ഥാനത്തിന്റെ അഭിമാനത്തിന്റെ ഉറവിടവുമായ ഗോപിനാഥ് ബർദോലോയിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ തനിക്ക് ഭാഗ്യം ലഭിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അസമിന്റെ സ്വത്വത്തിലും ഭാവിയിലും താൽപ്പര്യങ്ങളിലും ശ്രീ ബർദോലോയ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ലെന്നും, അദ്ദേഹത്തിന്റെ പ്രതിമ ഭാവിതലമുറകളെ പ്രചോദിപ്പിക്കുകയും അവരിൽ അസമിനെക്കുറിച്ച് ആഴത്തിലുള്ള അഭിമാനബോധം വളർത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

"ആധുനിക വിമാനത്താവള സൗകര്യങ്ങളും വിപുലമായ കണക്റ്റിവിറ്റി അടിസ്ഥാനസൗകര്യങ്ങളും ഏതൊരു സംസ്ഥാനത്തിനും പുതിയ സാധ്യതകളിലേക്കും അവസരങ്ങളിലേക്കും കവാടങ്ങളായി വർത്തിക്കുന്നു. അവ ജനങ്ങൾക്കിടയിൽ വളരുന്ന ആത്മവിശ്വാസത്തിന്റെയും വിശ്വാസത്തിന്റെയും നെടുംതൂണുകളായി നിലകൊള്ളുന്നു" - പ്രധാനമന്ത്രി പറഞ്ഞു. അസമിൽ ഗംഭീരമായ ഹൈവേകളും വിമാനത്താവളങ്ങളും നിർമ്മിക്കപ്പെടുന്നത് കാണുമ്പോൾ, അസമിനോടുള്ള യഥാർത്ഥ നീതി ഒടുവിൽ നടപ്പായിത്തുടങ്ങിയെന്ന് ജനങ്ങൾ തന്നെ സമ്മതിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ ഗവണ്മെന്റുകളെ സംബന്ധിച്ചിടത്തോളം, അസമിന്റെയും വടക്കുകിഴക്കൻ മേഖലയുടെയും വികസനം ഒരിക്കലും അവരുടെ അജണ്ടയിൽ ഉണ്ടായിരുന്നില്ല എന്ന് പ്രസ്താവിച്ച്, അദ്ദേഹം ഇതിനെ മുൻകാലങ്ങളുമായി താരതമ്യം ചെയ്തു. 'അസമിലേക്കും വടക്കുകിഴക്കൻ മേഖലയിലേക്കും ആര് പോകാനാണ്?' എന്ന് ചോദിച്ചിരുന്ന അന്നത്തെ നേതാക്കൾ, ഈ മേഖലയിൽ ആധുനിക വിമാനത്താവളങ്ങളുടെയും ഹൈവേകളുടെയും മെച്ചപ്പെട്ട റെയിൽവേയുടെയും ആവശ്യകതയെപ്പോലും ചോദ്യം ചെയ്തിരുന്നു. ഈ ചിന്താഗതിയാണ് ദശകങ്ങളോളം മുഴുവൻ മേഖലയെയും അവഗണിക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആറ്-ഏഴ് പതിറ്റാണ്ടുകളായി പ്രതിപക്ഷം വരുത്തിയ പിഴവുകൾ തന്റെ നേതൃത്വത്തിൽ ഓരോന്നായി തിരുത്തി വരികയാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാക്കൾ വടക്കുകിഴക്കൻ മേഖല സന്ദർശിച്ചാലും ഇല്ലെങ്കിലും, താൻ അസമിലും ഈ പ്രദേശത്തും എത്തുമ്പോഴെല്ലാം സ്വന്തം ജനങ്ങൾക്കിടയിലാണെന്ന തോന്നലാണ് തനിക്ക് ഉണ്ടാകുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. തനിക്ക് അസമിന്റെ വികസനം കേവലം ആവശ്യം മാത്രമല്ല, മറിച്ച് അതൊരു ഉത്തരവാദിത്വവും കടമയുമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ, അസമിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുമായി ലക്ഷക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അസം കൂടുതൽ പുരോഗമിക്കുകയും പുതിയ നാഴികക്കല്ലുകൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതീയ ന്യായ സംഹിത നടപ്പിലാക്കുന്ന രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമായി അസം മാറിയതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. 50 ലക്ഷത്തിലധികം സ്മാർട്ട് പ്രീപെയ്ഡ് മീറ്ററുകൾ സ്ഥാപിച്ച് അസം റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈക്കൂലിയോ ശുപാർശകളോ ഇല്ലാതെ ഗവണ്മെന്റ് ജോലി ലഭിക്കുന്നത് അസാധ്യമായിരുന്ന മുൻകാല കാലഘട്ടവുമായി അദ്ദേഹം ഇക്കാലത്തെ താരതമ്യം ചെയ്തു. ഇന്ന് അത്തരം രീതികളില്ലാതെ ആയിരക്കണക്കിന് യുവാക്കൾക്ക് ജോലി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു. അവരുടെ ഗവണ്മെന്റിനു കീഴിൽ, എല്ലാ വേദികളിലും അസമിന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. 2023 ഏപ്രിൽ 13-ന് ഗുവാഹത്തി സ്റ്റേഡിയത്തിൽ 11,000-ത്തിലധികം കലാകാരന്മാർ ഒന്നിച്ച് ബിഹു നൃത്തം അവതരിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച ചരിത്ര സംഭവം അദ്ദേഹം അനുസ്മരിച്ചു. ഇത്തരത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ട് അസം അതിവേഗം മുന്നേറുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ പുതിയ ടെർമിനൽ കെട്ടിടത്തോടെ, ഗുവാഹാട്ടിയുടെയും അസമിന്റെയും ശേഷി ഗണ്യമായി വർദ്ധിക്കുമെന്നും, പ്രതിവർഷം 1.25 കോടിയിലധികം യാത്രക്കാർക്ക് യാത്ര ചെയ്യാൻ കഴിയുമെന്നും പറഞ്ഞ ശ്രീ മോദി, ഇത് ധാരാളം വിനോദസഞ്ചാരികൾക്ക് അസം സന്ദർശിക്കാൻ അനുവദിക്കുമെന്നും ഭക്തർക്ക് മാ കാമാഖ്യയെ ദർശിക്കാൻ സൗകര്യമൊരുക്കുമെന്നും എടുത്തുപറഞ്ഞു. ഈ പുതിയ എയർപോർട്ട് ടെർമിനലിലേക്ക് കടന്നുചെല്ലുമ്പോൾ 'പൈതൃകത്തോടൊപ്പം വികസനം' എന്ന മന്ത്രത്തിന്റെ യഥാർത്ഥ അർത്ഥം വ്യക്തമായി പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. അസമിന്റെ പ്രകൃതിയും സംസ്കാരവും മനസ്സിൽവച്ചാണ് വിമാനത്താവളം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും, അതിനുള്ളിലെ ഹരിതാഭയും ക്രമീകരണങ്ങളും ഒരു വനത്തിന് സമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ യാത്രക്കാരനും സമാധാനവും ആശ്വാസവും അനുഭവപ്പെടുന്ന രീതിയിൽ ചുറ്റുമുള്ള പ്രകൃതിയുമായി ബന്ധപ്പെടുത്തിയാണ് ഇതിന്റെ രൂപകൽപ്പനയെന്ന് അദ്ദേഹം നിരീക്ഷിച്ചു. നിർമ്മാണത്തിൽ മുളയുടെ പ്രത്യേക ഉപയോഗത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. അസമിനെ സംബന്ധിച്ചിടത്തോളം മുള ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അത് കരുത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. വനത്തിന് പുറത്ത് വളരുന്ന മുളയെ 'വൃക്ഷം' എന്ന വിഭാഗത്തിൽ നിന്ന് മാറ്റി 'പുല്ല്' ആയി നിയമപരമായി പുനർവർഗ്ഗീകരിക്കുന്നതിനായി 2017-ൽ തന്റെ ഗവണ്മെന്റ് ഇന്ത്യൻ ഫോറസ്റ്റ് ആക്ട് ഭേദഗതി ചെയ്ത ചരിത്രപരമായ നീക്കം ശ്രീ മോദി അനുസ്മരിച്ചു. ആ നീക്കമാണ് ഇന്ന് പുതിയ ടെർമിനലിന്റെ രൂപത്തിൽ ഇത്ര മനോഹരമായ ഒരു നിർമ്മിതി ഉണ്ടാകാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

അടിസ്ഥാനസൗകര്യ വികസനം വളരെ പ്രധാനപ്പെട്ട ഒരു സന്ദേശമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും കണക്റ്റിവിറ്റിയിൽ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുകയും പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണിയിലേക്ക് എത്താനുള്ള പാതകൾ തുറക്കുകയും ചെയ്യുന്നു. യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ ഉറപ്പെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "ഇന്ന് പരിധികളില്ലാത്ത സാധ്യതകളുടെ ചിറകിലേറി അസം മുന്നേറുന്നതാണ് നാം കാണുന്നത്," – പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ഇന്ത്യയോടുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറിയിട്ടുണ്ടെന്നും ഇന്ത്യയുടെ പങ്കും മാറിയിട്ടുണ്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള പാതയിലാണ് ഇന്ത്യ ഇപ്പോൾ എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വെറും 11 വർഷത്തിനുള്ളിൽ ഇത് എങ്ങനെ സാധ്യമായി എന്ന് ചോദിച്ച അദ്ദേഹം, ആധുനിക അടിസ്ഥാന സൗകര്യ വികസനം ഇതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞു. വികസിത രാഷ്ട്രം എന്ന ദൃഢനിശ്ചയം നിറവേറ്റുന്നതിനായി അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 2047-ലേക്ക് ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ഈ ബൃഹത്തായ വികസന യജ്ഞത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം ഓരോ സംസ്ഥാനത്തിന്റെയും ഓരോ പ്രദേശത്തിന്റെയും പങ്കാളിത്തമാണെന്ന് അദ്ദേഹം അടിവരയിട്ടു. എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ച് പുരോഗമിക്കുന്നുവെന്നും വികസിത ഇന്ത്യ എന്ന ദൗത്യത്തിലേക്ക് സംഭാവന നൽകുന്നുവെന്നും ഉറപ്പാക്കി, ഗവണ്മെന്റ് പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് മുൻഗണന നൽകുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. അസമും വടക്കുകിഴക്കൻ മേഖലയും ഈ ദൗത്യത്തിന് നേതൃത്വം നൽകുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ആക്ട് ഈസ്റ്റ് പോളിസിയിലൂടെ വടക്കുകിഴക്കൻ മേഖലയ്ക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നും ഇന്ന് അസം ഇന്ത്യയുടെ കിഴക്കൻ കവാടമായി ഉയർന്നുവരുന്നുവെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. ഇന്ത്യയെ ആസിയാൻ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമായി അസം പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ തുടക്കം ഇനിയും ഏറെ മുന്നോട്ട് പോകുമെന്നും അസം പല മേഖലകളിലും വികസിത ഇന്ത്യയുടെ ചാലകശക്തിയായി മാറുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

"അസമും വടക്കുകിഴക്കൻ മേഖലയും ഇന്ത്യയുടെ വികസനത്തിന്റെ പുതിയ കവാടമായി മാറുകയാണ്," എന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ബഹുതല സമ്പർക്കസൗകര്യമെന്ന കാഴ്ചപ്പാട് ഈ മേഖലയുടെ അവസ്ഥയെയും ദിശയെയും മാറ്റിമറിച്ചതായി ചൂണ്ടിക്കാട്ടി. അസമിൽ പുതിയ പാലങ്ങൾ നിർമ്മിക്കുന്നതിന്റെ വേഗത, പുതിയ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന്റെ വേഗത, ഓരോ വികസന പദ്ധതിയുടെയും വേഗത എന്നിവ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി മാറ്റുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബ്രഹ്മപുത്രയ്ക്ക് മുകളിലൂടെ നിർമ്മിച്ച പാലങ്ങൾ അസമിന് പുതിയ ശക്തിയും കണക്റ്റിവിറ്റിയിൽ ആത്മവിശ്വാസവും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആറ്-ഏഴ് പതിറ്റാണ്ടുകളിൽ മൂന്ന് പ്രധാന പാലങ്ങൾ മാത്രമാണ് ഇവിടെ നിർമ്മിക്കപ്പെട്ടതെന്നും എന്നാൽ കഴിഞ്ഞ ദശകത്തിൽ നാല് പുതിയ മെഗാ പാലങ്ങൾ പൂർത്തിയാക്കിയതായും മറ്റ് പല ചരിത്രപ്രധാനമായ പദ്ധതികളും രൂപം കൊള്ളുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബോഗിബീൽ, ധോള-സാദിയ തുടങ്ങിയ ഏറ്റവും നീളമുള്ള പാലങ്ങൾ അസമിനെ തന്ത്രപരമായി കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബോഗിബീൽ പാലം അപ്പർ അസമിനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്കും ഇടയിലുള്ള ദൂരം കുറച്ചതോടെ റെയിൽവേ കണക്റ്റിവിറ്റിയും വിപ്ലവകരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു. ഗുവാഹാട്ടിയിൽ നിന്ന് ന്യൂ ജൽപായ്ഗുരിയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് യാത്രാസമയം കുറച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ജലപാതകളുടെ വികസനത്തിൽ നിന്ന് അസമും പ്രയോജനം നേടുന്നുണ്ടെന്നും, ചരക്ക് ഗതാഗതം 140 ശതമാനം വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുത്ര നദി വെറുമൊരു നദിയല്ല, സാമ്പത്തിക ശക്തിയുടെ ഒഴുക്കാണെന്നും തെളിയിക്കുന്നുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. പാണ്ഡുവിൽ ആദ്യത്തെ കപ്പൽ നന്നാക്കൽ കേന്ദ്രം വികസിപ്പിക്കുകയാണെന്നും, വാരാണസി മുതൽ ദിബ്രുഗഢ് വരെയുള്ള ഗംഗാ വിലാസ് ക്രൂയിസിനോടുള്ള ആവേശം വടക്കുകിഴക്കൻ മേഖലയെ ആഗോള ക്രൂയിസ് വിനോദസഞ്ചാര ഭൂപടത്തിൽ ഉറപ്പിച്ചു നിർത്തിയെന്നും അദ്ദേഹം പറഞ്ഞു.

അസമിനെയും വടക്കുകിഴക്കൻ മേഖലയെയും വികസനത്തിൽ നിന്ന് അകറ്റി നിർത്തിയതിന് മുൻ ഗവണ്മെന്റുകളെ വിമർശിച്ച ശ്രീ മോദി, സുരക്ഷ, ഐക്യം, സമഗ്രത എന്നിവയുടെ കാര്യത്തിൽ രാഷ്ട്രത്തിന് കനത്ത വില നൽകേണ്ടി വന്നുവെന്ന് പറഞ്ഞു. പ്രതിപക്ഷ ഭരണത്തിൻ കീഴിൽ പതിറ്റാണ്ടുകളായി അക്രമം തഴച്ചുവളർന്നിരുന്നുവെന്നും, കഴിഞ്ഞ 10–11 വർഷമായി അത് അവസാനിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. വടക്കുകിഴക്കൻ മേഖലയിൽ ഒരുകാലത്ത് അക്രമവും രക്തച്ചൊരിച്ചിലും നിലനിന്നിരുന്നിടത്ത്, ഇന്ന് 4G, 5G സാങ്കേതികവിദ്യയിലൂടെയുള്ള ഡിജിറ്റൽ കണക്റ്റിവിറ്റി എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് അക്രമബാധിതമായി കണക്കാക്കപ്പെട്ടിരുന്ന ജില്ലകൾ ഇപ്പോൾ വികസനം കാംക്ഷിക്കുന്ന ജില്ലകളായി വികസിക്കുകയാണെന്നും, വരും കാലങ്ങളിൽ ഈ പ്രദേശങ്ങൾ തന്നെ വ്യാവസായിക ഇടനാഴികളായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ മേഖലയെക്കുറിച്ച് പുതിയൊരു ആത്മവിശ്വാസം ഉയർന്നു വന്നിട്ടുണ്ടെന്നും അത് കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

അസമിന്റെയും വടക്കുകിഴക്കൻ മേഖലയുടെയും വികസനത്തിൽ വിജയം കൈവരിക്കുന്നത്, ഗവണ്മെന്റ് ഈ മേഖലയുടെ സ്വത്വവും സംസ്കാരവും സംരക്ഷിക്കുന്നതിനാലാണ് എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ സ്വത്വത്തെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയ പ്രതിപക്ഷത്തിന്റെ നടപടികൾ അദ്ദേഹം എടുത്തുകാട്ടി. ഈ ഗൂഢാലോചന ഏതാനും വർഷങ്ങൾക്കുള്ളിൽ മാത്രമായി ഒതുങ്ങി നിന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഈ തെറ്റിന്റെ വേരുകൾ സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തിലേതാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അന്ന് മുസ്ലീം ലീഗും ബ്രിട്ടീഷ് ഗവണ്മെന്റും ഇന്ത്യയുടെ വിഭജനത്തിന് കളമൊരുക്കുകയായിരുന്നു. അക്കാലത്ത് അസമിനെ അവിഭക്ത ബംഗാളിന്റെ, അതായത് കിഴക്കൻ പാകിസ്ഥാന്റെ ഭാഗമാക്കാനുള്ള പദ്ധതിയും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഈ ഗൂഢാലോചനയുടെ ഭാഗമാകാനിരുന്നതാണെന്നും എന്നാൽ ഗോപിനാഥ് ബർദോലോയ് സ്വന്തം പാർട്ടിക്കെതിരെ നിലകൊള്ളുകയും അസമിന്റെ സ്വത്വം തകർക്കാനുള്ള ഈ നീക്കത്തെ എതിർക്കുകയും ചെയ്ത് അസമിനെ രാജ്യത്തിൽ നിന്ന് വേർപിരിയുന്നതിൽ നിന്ന് രക്ഷിച്ചതായും ശ്രീ മോദി പറഞ്ഞു. ഓരോ ദേശസ്നേഹിയെയും ബഹുമാനിക്കാൻ തങ്ങളുടെ പാർട്ടി, പാർട്ടിയുടെ പരിമിതികൾക്കപ്പുറം ഉയർന്നുവരുമെന്നും ശ്രീ അടൽ ബിഹാരി വാജ്‌പേയി ജിയുടെ നേതൃത്വത്തിൽ ഗവണ്മെന്റ് അധികാരത്തിൽ വന്നപ്പോൾ ബർദോലോയ് ജിക്ക് ഭാരതരത്നം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിനു മുമ്പ് ശ്രീ ബർദോലോയ് ജി അസമിനെ രക്ഷിച്ചെങ്കിലും, സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ആദ്യ ഭരണകാലം വീണ്ടും അസംവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബംഗാളിലെയും അസമിലെയും നുഴഞ്ഞുകയറ്റക്കാർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി, മതപരമായ പ്രീണനത്തിലൂടെ തങ്ങളുടെ വോട്ട് ബാങ്ക് വികസിപ്പിക്കാൻ അവർ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തിന്റെ ജനസംഖ്യാശാസ്‌ത്രം മാറ്റിമറിക്കപ്പെട്ടുവെന്നും ഈ നുഴഞ്ഞുകയറ്റക്കാർ വനങ്ങളിലും ഭൂമിയിലും അതിക്രമിച്ചു കയറിയെന്നും അദ്ദേഹം പറഞ്ഞു. തൽഫലമായി, അസം സംസ്ഥാനത്തിന്റെ മുഴുവൻ സുരക്ഷയും സ്വത്വവും അപകടത്തിലായതായി പ്രധാനമന്ത്രി പറഞ്ഞു.

ശ്രീ ഹിമന്ത ബിശ്വ ശർമയുടെ കീഴിലുള്ള ഗവണ്മെന്റ് അസമിന്റെ വിഭവങ്ങളെ നിയമവിരുദ്ധവും ദേശവിരുദ്ധവുമായ കയ്യേറ്റങ്ങളിൽനിന്ന് മോചിപ്പിക്കാൻ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അസമിലെ വിഭവങ്ങൾ അസമിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് ഉറപ്പാക്കാൻ എല്ലാ തലങ്ങളിലും ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നുഴഞ്ഞുകയറ്റം തടയാൻ കേന്ദ്രഗവണ്മെന്റ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അനധികൃത നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യുന്നതിനുള്ള തിരിച്ചറിയൽ പ്രക്രിയകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യുന്നതിനെക്കുറിച്ച് സുപ്രീം കോടതി പറഞ്ഞിട്ടും, പ്രതിപക്ഷവും അവരുടെ സഖ്യവും പരസ്യമായി ദേശവിരുദ്ധ അജണ്ടകൾ സ്വീകരിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നതിനായി ഈ പാർട്ടികൾ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നുണ്ടെന്നും അവരുടെ അഭിഭാഷകർ കോടതിയിൽ വാദിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ SIR പ്രക്രിയ നടത്തുമ്പോൾ, ഈ വിഭാഗങ്ങൾ അതിനെ എതിർക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരക്കാർ അസമിലെ സഹോദരീസഹോദരന്മാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കില്ലെന്നും മറ്റുള്ളവരെ അവരുടെ ഭൂമിയും വനങ്ങളും കൈവശപ്പെടുത്താൻ അനുവദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അവരുടെ ദേശവിരുദ്ധ മനോഭാവം മുൻകാലങ്ങളിലെ അക്രമവും അശാന്തിയും പുനർനിർമ്മിച്ചേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിനാൽ, അസമിലെ ജനങ്ങൾ ഐക്യത്തോടെ തുടരുന്നതിനും അസമിന്റെ വികസനം പാളം തെറ്റുന്നത് തടയുന്നതിനുള്ള പ്രതിപക്ഷ ഗൂഢാലോചനകളെ പരാജയപ്പെടുത്തുന്നതിനും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

"ഇന്ന് ലോകം പ്രതീക്ഷയോടെ ഇന്ത്യയെ ഉറ്റുനോക്കുകയാണ്; ഇന്ത്യയുടെ ഭാവിയുടെ പുതിയ ഉദയം വടക്കുകിഴക്കൻ മേഖലയിൽ നിന്നാണ് ആരംഭിക്കേണ്ടത്," - ശ്രീ മോദി പറഞ്ഞു. ഇതിനായി, അസമിന്റെ വികസനത്തിന് മുൻഗണന നൽകി, പൊതുസ്വപ്നങ്ങൾക്കായി കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംയുക്ത സംരംഭങ്ങൾ അസമിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും വികസിത ഇന്ത്യ എന്ന കാഴ്ചപ്പാട് നിറവേറ്റുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പുതിയ ടെർമിനലിന്റെ ഉദ്ഘാടനത്തിന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിച്ചാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്.

അസം ഗവർണർ ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ, അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ, കേന്ദ്രമന്ത്രിമാരായ ശ്രീ സർബാനന്ദ സോനോവാൾ, ശ്രീ കെ റാംമോഹൻ നായിഡു, ശ്രീ മുരളീധർ മോഹോൾ, ശ്രീ പബിത്ര മാർഗരിറ്റ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ഏകദേശം 1.4 ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഗുവാഹാട്ടിയിലെ ലോക്പ്രിയ ഗോപിനാഥ് ബർദോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഈ പുതിയ ടെർമിനൽ കെട്ടിടം പ്രതിവർഷം 1.3 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്. റൺവേ, എയർഫീൽഡ് സംവിധാനങ്ങൾ, ഏപ്രോണുകൾ, ടാക്സിവേകൾ എന്നിവയിലെ പ്രധാന നവീകരണങ്ങളും ഇതിന് പിന്തുണയേകുന്നു.

പ്രകൃതി പ്രമേയമായ ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവള ടെർമിനലാണിത്. അസമിന്റെ ജൈവവൈവിധ്യത്തിൽ നിന്നും സാംസ്കാരിക പൈതൃകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ‘ബാംബൂ ഓർക്കിഡ്സ്’ എന്ന പ്രമേയത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വടക്കുകിഴക്കൻ മേഖലയിൽ നിന്ന് ശേഖരിച്ച ഏകദേശം 140 മെട്രിക് ടൺ മുളയാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കാസിരംഗയിൽ നിന്നുള്ള ഹരിത ഭൂപ്രകൃതി, ജാപ്പി മോട്ടിഫുകൾ, ഐതിഹാസിക കാണ്ടാമൃഗ ചിഹ്നം, കൊപൗ പുഷ്പത്തെ പ്രതിഫലിപ്പിക്കുന്ന 57 ഓർക്കിഡ് തൂണുകൾ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. തദ്ദേശീയമായ ലക്ഷത്തോളം സസ്യങ്ങൾ ഉൾക്കൊള്ളുന്ന സവിശേഷമായ ‘ആകാശവനം’ വിമാനത്താവളത്തിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. ഇത് യാത്രക്കാർക്ക് കാടിനുള്ളിലെന്ന പോലുള്ള അനുഭവം നൽകുന്നു.

യാത്രക്കാരുടെ സൗകര്യത്തിലും ഡിജിറ്റൽ നവീകരണത്തിലും ടെർമിനൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നു. സുരക്ഷാ പരിശോധനയ്ക്കായി ഫുൾ ബോഡി സ്കാനറുകൾ, കോൺടാക്റ്റ്‌ലെസ്സ് യാത്രയ്ക്കായി ഡിജി യാത്ര സംവിധാനം, ഓട്ടോമേറ്റഡ് ബാഗേജ് ഹാൻഡ്‌ലിംഗ്, ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ, നിർമിതബുദ്ധി അധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവ യാത്ര കൂടുതൽ സുഗമവും സുരക്ഷിതവുമാക്കുന്നു.

-NK-

(रिलीज़ आईडी: 2207066) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Manipuri , Bengali , Gujarati , Odia , Tamil , Telugu , Kannada