ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സബ്കാ ബീമ സബ്കി രക്ഷ (ഇൻഷുറൻസ് നിയമ ഭേദഗതി) ബിൽ, 2025 പാർലമെൻ്റ് പാസാക്കി; ഇൻഷുറൻസ് കമ്പനികളിൽ നൂറ് ശതമാനം വരെ വിദേശ നിക്ഷേപത്തിന് അനുമതി

प्रविष्टि तिथि: 18 DEC 2025 5:15PM by PIB Thiruvananthpuram

സബ്കാ ബീമാ സബ്കി രക്ഷ (ഇൻഷുറൻസ് നിയമ ഭേദഗതി) ബിൽ, 2025 ഡിസംബർ 17-ന് പാർലമെൻ്റ്  പാസാക്കി. ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന നിയമങ്ങളായ ഇൻഷുറൻസ് ആക്ട് 1938, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ആക്ട് 1956, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ്  അതോറിറ്റി ആക്ട് 1999 എന്നിവയിലാണ് ഈ ബിൽ ഭേദഗതി വരുത്തുന്നത്.

ഇൻഷുറൻസ് കമ്പനികളിൽ നൂറ് ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നു എന്നതാണ് ഈ ബില്ലിൻ്റെ പ്രധാന സവിശേഷതകളിലൊന്ന്. കൂടുതൽ വിദേശ നിക്ഷേപകർക്ക് ഇന്ത്യയിലേക്ക് വരാൻ ഇത് വഴിയൊരുക്കും. മൂലധനം വർദ്ധിപ്പിക്കുന്നതിനും, നൂതന സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിനും ആഗോള തലത്തിലെ മികച്ച പ്രവർത്തനരീതികൾ കൊണ്ടുവരുന്നതിനും സഹായകമാകുന്നതോടൊപ്പം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഇതിലൂടെ അവസരമൊരുക്കും. വർദ്ധിച്ചുവരുന്ന മത്സരം സേവനങ്ങളുടേയും ഉൽപ്പന്നങ്ങളുടേയും കാര്യക്ഷമത വർദ്ധിപ്പിക്കുകയും അത് പൗരന്മാർക്ക് ഗുണകരമാകുകയും ചെയ്യും.

ഇൻഷുറൻസ് ഇടനിലക്കാർക്ക് ഒറ്റത്തവണ ലൈസൻസിംഗ് ഏർപ്പെടുത്തുന്നതിലൂടെയും ഉടനടി റദ്ദാക്കുന്നതിനുപകരം ലൈസൻസ് താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള വ്യവസ്ഥകളിലൂടെയും ഈ മേഖലയിലെ ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം പ്രോത്സാഹിപ്പിക്കുന്നു. ഇൻഷുറൻസ് കമ്പനികൾക്ക്  ഓഹരി മൂലധന കൈമാറ്റത്തിന് മുൻകൂർ നിയന്ത്രണ അനുമതി തേടുന്നതിനുള്ള പരിധി ഒരു ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ഉയർത്തി. വിദേശ റീ-ഇൻഷുറൻസ് ശാഖകളുടെ നെറ്റ് ഓൺഡ് ഫണ്ട്  ആവശ്യകത 5,000 കോടി രൂപയിൽ നിന്ന് 1,000 കോടി രൂപയായി കുറച്ചു. കൂടാതെ, രാജ്യത്ത് സോണൽ ഓഫീസുകൾ തുറക്കുന്നതിനും വിദേശ ഓഫീസുകളെ അതത് രാജ്യങ്ങളിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ക്രമീകരിക്കുന്നതിനും എൽ.ഐ.സി ക്ക്  സ്വയംഭരണാധികാരം നല്കിയിട്ടുണ്ട്.

പോളിസി ഉടമകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി, ഇൻഷുറൻസിനെക്കുറിച്ചുള്ള അവബോധം  വ്യാപിപ്പിക്കുന്നതിന്  'പോളിസി ഹോൾഡേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട്' എന്ന പേരിൽ ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കും. പോളിസി ഉടമകളുടെ വിവരങ്ങൾ 2023-ലെ ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ (DPDP) നിയമത്തിന്  അനുസൃതമായി ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യും.

നിയമനിർമ്മാണത്തിനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ്  നടപടിക്രമങ്ങൾ അവതരിപ്പിച്ചുകൊണ്ടും  കൂടിയാലോചനകൾ നിർബന്ധമാക്കിക്കൊണ്ടും റെഗുലേറ്ററി ഗവേണൻസ് ശക്തിപ്പെടുത്തുന്നു. ഇൻഷുറൻസ് കമ്പനികളും ഇടനിലക്കാരും നിയമവിരുദ്ധമായി നേടുന്ന ലാഭം തിരിച്ചുപിടിക്കാനുള്ള  അധികാരം ഐ.ആർ.ഡി.എ.ഐ-ക്ക് നല്കുന്നുണ്ട്. പിഴകൾ യുക്തിസഹമാക്കുകയും ശിക്ഷകൾ ചുമത്തുന്നതിനുള്ള മാനദണ്ഡങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നു.

ജനങ്ങൾ, കുടുംബങ്ങൾ, സംരംഭങ്ങൾ എന്നിവയിലേക്ക് ഇൻഷുറൻസ് പരിരക്ഷ വ്യാപിപ്പിക്കുക, ഇൻഷുറൻസ് പരിരക്ഷ വർദ്ധിപ്പിക്കുക, ബിസിനസ്സ് എളുപ്പമാക്കുക, നിയന്ത്രണ മേൽനോട്ടവും ഭരണനിർവ്വഹണവും മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പരിഷ്കാരങ്ങളുടെ ലക്ഷ്യം. ഈ നടപടികൾ ഇന്ത്യൻ ഇൻഷുറൻസ് മേഖലയെ ശക്തിപ്പെടുത്തുകയും രാജ്യത്തിൻ്റെ  സമ്പദ്‌വ്യവസ്ഥയ്ക്ക് സാമ്പത്തിക കരുത്ത് പകരുകയും ചെയ്യും.

****


(रिलीज़ आईडी: 2206187) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: Khasi , English , Urdu , हिन्दी , Assamese , Gujarati , Odia , Telugu