വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യയുടെ സോഫ്റ്റ് പവറിനും ആഗോള സാംസ്കാരിക മുന്നേറ്റത്തിനും കരുത്തേകിക്കൊണ്ട് ഒടിടി (OTT) മേഖല ഉയർന്നുവരുന്നു
प्रविष्टि तिथि:
17 DEC 2025 3:55PM by PIB Thiruvananthpuram
ഇന്ത്യൻ കഥകൾ, സർഗ്ഗാത്മക കഴിവുകൾ, സാംസ്കാരിക പൈതൃകം, സ്വതന്ത്ര ചലച്ചിത്ര നിർമ്മാണം എന്നിവയ്ക്ക് ആഗോളതലത്തിൽ സ്വീകാര്യത നല്കിക്കൊണ്ട് ഓവർ-ദി-ടോപ്പ് (ഒടിടി) മേഖല ഇന്ത്യയുടെ സോഫ്റ്റ് പവർ വർദ്ധിപ്പിക്കുന്നതിൽ ഗണ്യമായ സംഭാവന നല്കിയിട്ടുണ്ട്.
വ്യവസായ കണക്കുകൾ പ്രകാരം (FICCI-EY മീഡിയ & എൻ്റർടൈൻമെൻ്റ് ഇൻഡസ്ട്രി റിപ്പോർട്ട് 2025), വീഡിയോ സബ്‌സ്‌ക്രിപ്‌ഷൻ വരുമാനം 2024 ൽ 11 ശതമാനം വർദ്ധിച്ച് 9,200 കോടി രൂപയിലെത്തി. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പണം നല്കി ഉള്ളടക്കം കാണുന്നവരുടെ എണ്ണം ഏകദേശം 9.5 മുതൽ 11.8 കോടി വരെയാണെന്നാണ് കണക്കാക്കപ്പെടുന്നത്.
ദൂരദർശൻ്റേയും ആകാശവാണിയുടെയും സമ്പന്നമായ ആർക്കൈവുകൾ, പ്രാദേശിക കലകൾ, ഡോക്യുമെൻ്ററികൾ, ശാസ്ത്രീയ സംഗീതം, സാഹിത്യാധിഷ്ഠിത പരിപാടികൾ, ബഹുഭാഷാ ഉള്ളടക്കം എന്നിവ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലൂടെ പൊതു പ്രക്ഷേപണ പ്ലാറ്റ്‌ഫോമായ വേവ്‌സ് ഒടിടി ഈ മുന്നേറ്റത്തെ കൂടുതൽ ശക്തിപ്പെടുത്തി.
വളർന്നുവരുന്ന ചലച്ചിത്ര നിർമ്മാതാക്കളേയും സ്രഷ്ടാക്കളേയും പിന്തുണയ്ക്കുന്നതിനായി വേവ്‌സ് ഒടിടി ഒരു പ്രത്യേക ചട്ടക്കൂട് അവതരിപ്പിച്ചു. വൈവിധ്യമാർന്ന ആഗോള പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്നതിന് സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഒരു വിതരണ പ്ലാറ്റ്‌ഫോം ഇത് അവർക്ക് നല്കുന്നു.
പ്രധാനമായും സബ്‌സ്‌ക്രിപ്‌ഷൻ രഹിത പൊതു സേവന പ്ലാറ്റ്‌ഫോമായ വേവ്‌സ് ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള മാതൃകയിലല്ല പ്രവർത്തിക്കുന്നത്. പരസ്യങ്ങളാണ് ഇതിൻ്റെ പ്രധാന വരുമാന സ്രോതസ്സ്. ഇന്ത്യയിലുടനീളവും ആഗോളതലത്തിലും പൊതു പ്രക്ഷേപണ ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.
നിലവിൽ വളർച്ചയുടെയും വിപുലീകരണത്തിൻ്റേയും ഘട്ടത്തിലുള്ള ഈ പ്ലാറ്റ്‌ഫോമിന് അന്താരാഷ്ട്ര തലത്തിൽ ഉപഭോക്താക്കളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുവരുകയാണ്. തന്ത്രപരമായ പങ്കാളിത്തത്തിലൂടെ അന്താരാഷ്ട്ര വിപണികളിൽ നിന്നുള്ള വരുമാന സ്രോതസ്സുകളും ക്രമേണ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ആരംഭിച്ച ആദ്യ വർഷത്തിൽ തന്നെ 80 ലക്ഷത്തിലധികം ഡൗൺലോഡുകൾ നേടിയത് ഉപഭോക്താക്കളുടെ എണ്ണത്തിലുള്ള വലിയ വർദ്ധനവിനെ സൂചിപ്പിക്കുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ബഹുഭാഷാ ഇന്ത്യൻ ഉള്ളടക്കത്തിനും പൊതു സേവന മാധ്യമങ്ങൾക്കുമുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയെ ഇത് പ്രതിഫലിപ്പിക്കുന്നു.
1952-ലെ സിനിമാറ്റോഗ്രാഫ് നിയമത്തിൽ (2023-ൽ ഭേദഗതി ചെയ്തത്) പുതുതായി ഉൾപ്പെടുത്തിയ സെക്ഷൻ 7(1B)(ii) പ്രകാരം, പകർപ്പവകാശം ലംഘിച്ചുകൊണ്ടുള്ള ഉള്ളടക്കം പ്രദർശിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കാൻ 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിൻ്റെ സെക്ഷൻ 79(3) അനുസരിച്ച് കേന്ദ്ര സർക്കാരിന് അധികാരം നല്കുന്നു.
ശ്രീമതി പൂനംബെൻ ഹേമത്ഭായ് മാദം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് ലോക്സഭയിൽ സമർപ്പിച്ചതാണ് ഈ വിവരങ്ങൾ.
SKY
*****
(रिलीज़ आईडी: 2205378)
आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Tamil
,
Telugu
,
Kannada