പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യ - ജോർദാൻ ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

प्रविष्टि तिथि: 16 DEC 2025 3:04PM by PIB Thiruvananthpuram

ആദരണീയ അബ്ദുള്ള രാജാവ്,

കിരീടാവകാശി,

ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ,

ബിസിനസ് നേതാക്കൾ,

നമസ്‌കാരം,

സുഹൃത്തുക്കളേ,

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും അതിർത്തികൾ പങ്കിടുന്നു, പലരും വിപണികളും പങ്കിടുന്നു. എന്നാൽ, ചരിത്രപരമായ വിശ്വാസവും ഭാവിയിലെ സാമ്പത്തിക അവസരങ്ങളും ഒത്തുചേരുന്ന ഒന്നാണ് ഇന്ത്യയും ജോർദാനും തമ്മിലുള്ള ബന്ധം.

ഇന്നലെ ഞാൻ രാജാവുമായി നടത്തിയ ചർച്ചയുടെ സാരാംശവും ഇതുതന്നെയായിരുന്നു. ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളെ എങ്ങനെ അവസരങ്ങളായും അവസരങ്ങളെ എങ്ങനെ വളർച്ചയായും മാറ്റാം എന്നതിനെക്കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തു.

ആദരണീയ രാജാവേ,

താങ്കളുടെ നേതൃത്വത്തിൽ, വിവിധ പ്രദേശങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും സുഗമമാക്കുന്ന ഒരു പാലമായി ജോർദാൻ മാറിയിരിക്കുന്നു. ഇന്നലത്തെ നമ്മുടെ കൂടിക്കാഴ്ചയിൽ ജോർദാൻ വഴി ഇന്ത്യൻ കമ്പനികൾക്ക് അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലേക്ക് എങ്ങനെ പ്രവേശനം നേടാമെന്ന് താങ്കൾ വിശദീകരിക്കുകയുണ്ടായി. ഈ അവസരങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ ഇവിടെയുള്ള ഇന്ത്യൻ കമ്പനികളോട് ഞാൻ അഭ്യർത്ഥിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന് ജോർദാന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ബിസിനസ് ലോകത്ത് അക്കങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് എനിക്കറിയാം. എന്നാൽ, ഞങ്ങൾ ഇവിടെയുള്ളത് കേവലം കണക്കുകൾ നിരത്താനല്ല, മറിച്ച് ദീർഘകാലമായുള്ള ഒരു ബന്ധം കെട്ടിപ്പടുക്കാനാണ്.

ഗുജറാത്തിൽ നിന്നുള്ള വ്യാപാരം പെട്ര വഴി യൂറോപ്പിലെത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. നമ്മുടെ ഭാവി അഭിവൃദ്ധി ഉറപ്പാക്കാൻ ആ ബന്ധങ്ങൾ നാം പുനരുജ്ജീവിപ്പിക്കണം. ഈ ദർശനം യാഥാർത്ഥ്യമാക്കുന്നതിൽ നിങ്ങൾ ഓരോരുത്തർക്കും നിർണ്ണായക പങ്കുണ്ട്.

സുഹൃത്തുക്കളേ,

നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നത് പോലെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള അതിവേഗ കുതിപ്പിലാണ് ഇന്ത്യ. ഇന്ത്യയുടെ വളർച്ചാ നിരക്ക് എട്ട് ശതമാനത്തിന് മുകളിലാണ്. ഉൽപ്പാദനക്ഷമതയിലൂന്നിയ ഭരണത്തിന്റെയും നവീനമായ നയങ്ങളുടെയും ഫലമാണ് ഈ വളർച്ച.

ഇന്ന് ജോർദാനിലെ ഓരോ വ്യവസായ സംരംഭകർക്കും നിക്ഷേപകർക്കും മുന്നിൽ ഇന്ത്യയിൽ പുതിയ അവസരങ്ങൾ തുറക്കപ്പെടുകയാണ്. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയിൽ പങ്കാളികളാകാനും നിങ്ങളുടെ നിക്ഷേപത്തിന് മികച്ച നേട്ടം ഉറപ്പാക്കാനും നിങ്ങൾക്ക് സാധിക്കും.

സുഹൃത്തുക്കളേ,

ഇന്ന് ലോകത്തിന് പുതിയ വളർച്ചാ എഞ്ചിനുകൾ ആവശ്യമാണ്. അതിന് വിശ്വസനീയവും കരുത്തുറ്റതുമായ വിതരണ ശൃംഖലകൾ ആവശ്യമാണ്. ആഗോള സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഇന്ത്യക്കും ജോർദാനും ഒരുമിച്ച് വലിയ പങ്ക് വഹിക്കാനാകും.

പരസ്പര സഹകരണത്തിനായി ദർശനവും പ്രായോഗികതയും വേഗതയും ഒത്തുചേരുന്ന ചില പ്രധാന മേഖലകൾ ഞാൻ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു:

ഒന്നാമതായി, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളും ഐടിയും. ഈ മേഖലയിലെ ഇന്ത്യയുടെ അനുഭവം ജോർദാനിനും പ്രയോജനപ്പെടും. ഡിജിറ്റൽ സാങ്കേതികവിദ്യയെ ഉൾപ്പെടുത്തലിനും കാര്യക്ഷമതയ്ക്കുമുള്ള ഒരു മാതൃകയാക്കി ഇന്ത്യ മാറ്റി. യുപിഐ, ആധാർ, ഡിജി ലോക്കർ തുടങ്ങിയവ ഇന്ന് ആഗോള മാതൃകകളാണ്. ഈ സംവിധാനങ്ങളെ ജോർദാന്റെ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. ഫിൻടെക്, ഹെൽത്ത്-ടെക്, അഗ്രി-ടെക് തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളെ ഇരുരാജ്യങ്ങൾക്കും നേരിട്ട് ബന്ധിപ്പിക്കാൻ കഴിയും. ആശയങ്ങളെ മൂലധനവുമായും നവീകരണത്തെ വ്യാപ്തിയുമായും ബന്ധിപ്പിക്കുന്ന ഒരു പങ്കിട്ട ആവാസവ്യവസ്ഥ നമുക്ക് നിർമ്മിക്കാൻ കഴിയും.

സുഹൃത്തുക്കളേ,

ഫാർമ, മെഡിക്കൽ ഉപകരണ മേഖലകളിലും ഗണ്യമായ അവസരങ്ങളുണ്ട്. ഇന്ന് ആരോഗ്യ സംരക്ഷണം വെറുമൊരു മേഖലയല്ല, മറിച്ച് ഒരു തന്ത്രപരമായ മുൻഗണനയാണ്.

ഇന്ത്യൻ കമ്പനികൾ ജോർദാനിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നിർമ്മിക്കുകയാണെങ്കിൽ, അത് ജോർദാനിലെ ജനങ്ങൾക്ക് ഗുണകരമാകുന്നതോടൊപ്പം പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കുമുള്ള ഒരു ഹബ്ബായി മാറാനും ജോർദാന് സാധിക്കും. അത് ജനറിക് മരുന്നുകളോ വാക്സിനുകളോ ആയുർവേദമോ ആരോഗ്യ പരിപാലന മേഖലയോ ആകട്ടെ, ഇന്ത്യ വിശ്വാസവും ജോർദാൻ വിപണിയിലേക്കുള്ള പ്രവേശനവും നൽകുന്നു

സുഹൃത്തുക്കളേ,

അടുത്ത മേഖല കൃഷിയാണ്. വരണ്ട കാലാവസ്ഥയിൽ കൃഷി ചെയ്യുന്നതിൽ ഇന്ത്യക്കുള്ള വൈദഗ്ധ്യം ജോർദാനിൽ വലിയ മാറ്റമുണ്ടാക്കും. പ്രിസിഷൻ ഫാമിംഗ്, മൈക്രോ ഇറിഗേഷൻ തുടങ്ങിയവയിൽ നമുക്ക് സഹകരിക്കാൻ കഴിയും. കോൾഡ് ചെയിനുകൾ, ഫുഡ് പാർക്കുകൾ, സംഭരണ ​​സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കും. രാസവള മേഖലയിൽ സംയുക്ത സംരംഭങ്ങൾ ഏറ്റെടുക്കുന്നതുപോലെ, മറ്റ് മേഖലകളിലും നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയും.

സുഹൃത്തുക്കളേ,

അടിസ്ഥാന സൗകര്യങ്ങളും നിർമ്മാണവും ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഈ മേഖലകളിലെ സഹകരണം നമുക്ക് വേഗതയും വ്യാപ്തിയും നൽകും.

ജോർദാനിൽ റെയിൽവേയും അടുത്തതലമുറ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാട് രാജാവ് പങ്കുവെച്ചിട്ടുണ്ട്. ഈ ദർശനം യാഥാർത്ഥ്യമാക്കുന്നതിൽ നമ്മുടെ കമ്പനികൾക്ക് പങ്കാളികളാകാൻ കഴിയുമെന്നും അതിൽ പങ്കാളികളാകാൻ താൽപ്പര്യമുണ്ടെന്നും ഞാൻ അദ്ദേഹത്തിന് ഉറപ്പുനൽകുന്നു.

ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ സിറിയയിലെ അടിസ്ഥാന സൗകര്യ പുനർനിർമ്മാണ ആവശ്യങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യൻ, ജോർദാനിയൻ കമ്പനികൾക്ക് ഈ ആവശ്യകതകൾ ഒരുമിച്ച് പരിഹരിക്കാൻ സഹകരിക്കാൻ കഴിയും.

സുഹൃത്തുക്കളേ,

ഇന്ന് ലോകത്തിന് ഹരിത വളർച്ചയില്ലാതെ പുരോഗമിക്കാൻ കഴിയില്ല. ശുദ്ധമായ ഊർജ്ജം ഇനി ഒരു ഓപ്ഷൻ മാത്രമല്ല; അത് ഒരു ആവശ്യമായി മാറിയിരിക്കുന്നു. സൗരോർജ്ജം, കാറ്റ്, ഗ്രീൻ ഹൈഡ്രജൻ എന്നീ മേഖലകളിൽ ഇന്ത്യ മുൻപന്തിയിലാണ്. ജോർദാന്റെ സാധ്യതകൾ പുറത്തെടുക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

അതുപോലെ, ഓട്ടോമൊബൈൽ, മൊബിലിറ്റി മേഖലയിലും വലിയ സാധ്യതകളുണ്ട്. ഇന്ന് താങ്ങാനാവുന്ന വിലയിൽ ഇവികൾ, ഇരുചക്ര വാഹനങ്ങൾ, സിഎൻജി മൊബിലിറ്റി സൊല്യൂഷനുകൾ എന്നിവയിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നു. ഈ മേഖലയിലും നമ്മൾ വിപുലമായി സഹകരിക്കണം.

സുഹൃത്തുക്കളേ,

ഇന്ത്യയും ജോർദാനും സ്വന്തം സംസ്കാരത്തിലും പൈതൃകത്തിലും വളരെയധികം അഭിമാനിക്കുന്നു. നമ്മുടെ രാജ്യങ്ങൾക്കിടയിൽ പൈതൃക-സാംസ്കാരിക വിനോദസഞ്ചാരത്തിന് വലിയ സാധ്യതയുണ്ട്. ഇരു രാജ്യങ്ങളിലെയും നിക്ഷേപകർ ഈ മേഖലയിലെ അവസരങ്ങൾ സജീവമായി പര്യവേക്ഷണം ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഇന്ത്യയിൽ എല്ലാ വർഷവും ധാരാളം സിനിമകൾ നിർമ്മിക്കപ്പെടുന്നു. ജോർദാനിൽ ഈ സിനിമകൾ ചിത്രീകരിക്കുന്നതിനും സംയുക്ത ചലച്ചിത്രമേളകൾ നടത്തുന്നതിനും അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും, അവയ്ക്ക് ആവശ്യമായ പ്രോത്സാഹനം നൽകണം. ഇന്ത്യയിൽ നടക്കാനിരിക്കുന്ന WAVES ഉച്ചകോടിയിൽ ജോർദാനിൽ നിന്നുള്ള ഒരു വലിയ പ്രതിനിധി സംഘത്തെയും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

സുഹൃത്തുക്കളേ,

ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് ജോർദാന്റെ കരുത്ത്. ഇന്ത്യക്ക് നൈപുണ്യവും വ്യാപ്തിയുമുണ്ട്. ഈ കരുത്തുകൾ ഒന്നിക്കുമ്പോൾ ഇരുരാജ്യങ്ങളിലെയും യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.

നമ്മുടെ ഗവൺമെന്റുകളുടെ കാഴ്ചപ്പാട് വ്യക്തമാണ്. ഇനി നിങ്ങളുടെ ഭാവനയിലൂടെയും നവീനമായ ആശയങ്ങളിലൂടെയും ഇത് യാഥാർത്ഥ്യമാക്കേണ്ടത് ഇപ്പോൾ ബിസിനസ്സ് സമൂഹത്തിലെ നിങ്ങളുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

അവസാനമായി ഞാൻ വീണ്ടും പറയാൻ ആഗ്രഹിക്കുന്നു:

വരൂ...

നമുക്ക് ഒരുമിച്ച് നിക്ഷേപിക്കാം

ഒരുമിച്ച് നവീകരിക്കാം

ഒരുമിച്ച് വളരാം

ആദരണീയ രാജാവേ,

താങ്കളോടും ജോർദാൻ ​ഗവൺമെന്റിനോടും ഇവിടെ സന്നിഹിതരായ വിശിഷ്ട വ്യക്തികളോടും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

ശുക്രാൻ

വളരെ നന്ദി

അറിയിപ്പ്: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷയാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.

****


(रिलीज़ आईडी: 2205045) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Odia , Telugu , Kannada