വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ധീരമായ കാഴ്ചപ്പാടുകളും വിട്ടുവീഴ്ചയില്ലാത്ത നിർവ്വഹണവും ഇന്ത്യയുടെ ഊർജ്ജ മേഖലയെ മാറ്റിമറിച്ചു: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ

प्रविष्टि तिथि: 15 DEC 2025 2:27PM by PIB Thiruvananthpuram
ധീരമായ കാഴ്ചപ്പാടുകളും സദുദ്ദേശത്തോടെയുള്ള തീരുമാനങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിർവ്വഹണവും ഒരു രാജ്യത്തിന്റെ ഭാവിയെത്തന്നെ മാറ്റിമറിക്കുമെന്ന് ഊർജ്ജ മേഖലയിലെ കഴിഞ്ഞ 11 വർഷത്തെ ഇന്ത്യയുടെ പ്രയാണം തെളിയിക്കുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഇന്ന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയുടെ ഉരുക്കുമനുഷ്യനെ മാത്രമല്ല,  രാഷ്ട്രീയമായും സാമ്പത്തികമായും തന്ത്രപരമായും രാഷ്ട്രം സ്വന്തം കാലിൽ നിൽക്കണമെന്ന് ആഗ്രഹിച്ച ഒരു ദാർശനിക വ്യക്തിത്വത്തെക്കൂടിയാണ് സർദാർ വല്ലഭായ് പട്ടേലിന്റെ ചരമവാർഷികത്തിൽ രാഷ്ട്രം അനുസ്മരിക്കുന്നതെന്ന് ശ്രീ ഗോയൽ വ്യക്തമാക്കി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഊർജ്ജ മേഖലയിലും ഇതേ സ്വാശ്രയ മനോഭാവം സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 2024–25 സാമ്പത്തിക വർഷത്തിൽ രാജ്യം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന കൽക്കരി ഉത്പാദനം, അതായത് 1,048 ദശലക്ഷം ടൺ രേഖപ്പെടുത്തിയതായും കൽക്കരി ഇറക്കുമതി 8 ശതമാനം കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ സൗരോർജ്ജ ശേഷി 46 മടങ്ങ് വർദ്ധിച്ചു, ഇത് സൗരോർജ്ജ ശേഷിയിൽ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായിഇന്ത്യയെ മാറ്റി. കൂടാതെ കാറ്റിൽ നിന്നുള്ള ഊർജ്ജ ഉത്പാദന ശേഷി 2014-ലെ 21 ജിഗാവാട്ടിൽ നിന്ന് 2025-ൽ 53 ജിഗാവാട്ടായി ഉയർന്നതായും അദ്ദേഹം പറഞ്ഞു. ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ടെന്നും, ശുദ്ധീകരണ ശേഷി 20 ശതമാനം വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ശ്രീ ഗോയൽ പറഞ്ഞു. 34,238 കിലോമീറ്റർ പ്രകൃതിവാതക പൈപ്പ്‌ലൈനിന് ഇതിനോടകം അനുമതി നൽകിയിട്ടുണ്ടെന്നും അതിൽ 25,923 കിലോമീറ്റർ പ്രവർത്തനക്ഷമമാണെന്നും അദ്ദേഹം അറിയിച്ചു. ആണവോർജ്ജ മേഖലയിൽ സ്വകാര്യ മേഖലയ്ക്ക് പങ്കാളിത്തം അനുവദിക്കുന്നതിനുള്ള ശാന്തി ബില്ലിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

മിച്ച വൈദ്യുതി, ഗ്രിഡ് സംയോജനം, പുനരുപയോഗ ഊർജ്ജത്തിൽ നേതൃത്വം എന്നിവയിലേക്ക് രാജ്യം മുന്നേറുകയാണെന്ന് ശ്രീ ഗോയൽ പറഞ്ഞു. കേവലം ആകസ്മികതയല്ല, മറിച്ച് വ്യക്തമായ കാഴ്ചപ്പാടും സ്ഥായിയായ പരിശ്രമങ്ങളുമാണ് ഈ പരിവർത്തനത്തിലേക്ക്  നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ വൈദ്യുതി ക്ഷാമത്തിൽ നിന്ന് വൈദ്യുതി സുരക്ഷയിലേക്കും ഇപ്പോൾ വൈദ്യുതി സുസ്ഥിരതയിലേക്കും മുന്നേറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
അഞ്ച് പ്രധാന സ്തംഭങ്ങളിലൂന്നിയാണ് ഈ പരിവർത്തനം സാധ്യമായതെന്ന് മന്ത്രി പറഞ്ഞു.ഊർജ്ജ മേഖലയിലെ ഇന്ത്യയുടെ പരിവർത്തനത്തിന്റെ ആദ്യ സ്തംഭം സാർവത്രികമായ ഊർജ്ജ ലഭ്യതയാണെന്ന്    ശ്രീ ഗോയൽ പറഞ്ഞു. സൗഭാഗ്യ പദ്ധതി പ്രകാരം എല്ലാ വീടുകളിലും വൈദ്യുതി എത്തിയിട്ടുണ്ടെന്നും ഉജാല പദ്ധതി പ്രകാരം 36.87 കോടി എൽഇഡി ബൾബുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും ഇത് വൈദ്യുതി ബില്ലുകൾ ലാഭിക്കാനും കാർബൺ ബഹിർഗമനം കുറയ്ക്കാനും സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സൂര്യാസ്തമയത്തിനു ശേഷവും പഠിക്കാൻ ഇപ്പോൾ കുട്ടികൾക്ക് കഴിയുന്നുണ്ടെന്നും, വീടുകൾക്ക് മാത്രമല്ല, ജനങ്ങളുടെ പ്രതീക്ഷകൾക്കും വെളിച്ചം പകരാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. 10 കോടി വീടുകളിൽ ശുദ്ധമായ പാചക വാതകമെത്തിയതോടെ  വനിതകൾ ആരോഗ്യകരമായ ജീവിതം നയിക്കുന്നുണ്ടെന്നും, പിഎം-കുസും പദ്ധതി പ്രകാരം കർഷകർ ഊർജ്ജ ദാതാക്കളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ ചെലവാണ് രണ്ടാമത്തെ സ്തംഭമെന്ന് മന്ത്രി പറഞ്ഞു. സൗരോർജ്ജം, കാറ്റ്, മറ്റ് ശുദ്ധ ഊർജ്ജ ഉപാധികൾ എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2030 ൽ നിശ്ചയിച്ചിരുന്ന 20 ശതമാനം എഥനോൾ മിശ്രിത ലക്ഷ്യം കാലാവധിയ്ക്ക് മുമ്പേ നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗരോർജ്ജത്തിന്റെയും കാറ്റാടി വൈദ്യുതിയുടെയും വിൽപ്പനയ്ക്ക് അന്തർസംസ്ഥാന പ്രസരണ ചാർജുകൾ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാമത്തെ സ്തംഭം ലഭ്യതയാണെന്ന് ശ്രീ ഗോയൽ പറഞ്ഞു. വൈദ്യുതി ക്ഷാമം 2013 ലെ 4.2 ശതമാനത്തിൽ നിന്ന് 2025 ൽ 0.03 ശതമാനമായി കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത ദേശീയ ഗ്രിഡിന്റെ സൃഷ്ടി ഇന്ത്യയെ 250 ജിഗാവാട്ട് എന്ന റെക്കോർഡ് പീക്ക് വൈദ്യുതി ആവശ്യകത നിറവേറ്റാൻ പോലും പ്രാപ്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

നാലാമത്തെ സ്തംഭം സാമ്പത്തിക ഭദ്രതയാണെന്ന് മന്ത്രി പറഞ്ഞു. PM-UDAY പദ്ധതി പ്രകാരമുള്ള പരിഷ്‌ക്കാരങ്ങൾ വൈദ്യുതി വിതരണ മേഖലയെ ശക്തിപ്പെടുത്തിയെന്നും, ഡിസ്‌കോം കുടിശ്ശിക 2022 ലെ ₹1.4 ലക്ഷം കോടിയിൽ നിന്ന് ₹6,500 കോടിയായി കുറച്ചെന്നും അദ്ദേഹം പറഞ്ഞു.
 
അഞ്ചാമത്തെ സ്തംഭം സുസ്ഥിരതയും ആഗോള ഉത്തരവാദിത്തവുമാണെന്ന് ശ്രീ ഗോയൽ പറഞ്ഞു. പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ നേടിയ ആദ്യ G20 രാജ്യമായി ഇന്ത്യ മാറിയെന്നും, ഇപ്പോൾ രാജ്യത്തിന്റെ സ്ഥാപിത വൈദ്യുതി ശേഷിയുടെ 50 ശതമാനവും ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
2047 ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 ആം വർഷത്തിലേക്ക്  കടക്കുമ്പോൾ, ഭാവി വെല്ലുവിളികളെ നേരിടുന്നതിനായി തന്ത്രം പുനഃക്രമീകരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തെക്കുറിച്ച് അദ്ദേഹം  പരാമർശിച്ചു. ഈ ദൗത്യം 2030ഓടെ വർഷത്തിൽ 5 എംഎംടി (മില്ല്യൺ മെട്രിക് ടൺ) ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ₹1 ലക്ഷം കോടി രൂപയുടെ ഫോസിൽ ഇന്ധന ഇറക്കുമതി കുറയ്ക്കാനും ലക്ഷ്യമിടുന്നു. ഏകദേശം 20 ലക്ഷം വീടുകളിൽ പുരപ്പുറ സൗരോർജ്‌ജ പാനലുകൾ സ്ഥാപിക്കുന്ന പിഎം സൂര്യ ഘർ പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇന്ത്യയുടെ ഊർജ്ജ മേഖലയെ ശക്തിപ്പെടുത്തുന്നതിലൂടെ സർക്കാർ പൊതുജനങ്ങളെയും ശാക്തീകരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. കൽക്കരി പര്യവേക്ഷണവും ഖനനവും ത്വരിതപ്പെടുത്തുക, കൽക്കരി വാതകവത്ക്കരണം ത്വരിതപ്പെടുത്തുക എന്നിവയുൾപ്പെടെ കൽക്കരി സംബന്ധിച്ച ഉന്നതാധികാര സമിതിയുടെ ഒട്ടേറെ ശുപാർശകൾ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2047 ൽ വികസിത ഭാരതം സാക്ഷാത്ക്കരിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, വൈപുല്യം, വേഗത, സുസ്ഥിരത എന്നിവ ഒരേസമയം കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തിന്റെ ഊർജ്ജ മേഖല ആഗോള മാതൃകയായി ഉയർന്നുവരുമെന്ന് ശ്രീ ഗോയൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
***

(रिलीज़ आईडी: 2204480) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Punjabi , Tamil , Telugu