രാഷ്ട്രപതിയുടെ കാര്യാലയം
2023, 2024 വർഷങ്ങളിലെ ദേശീയ കരകൗശല പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി സമ്മാനിച്ചു
प्रविष्टि तिथि:
09 DEC 2025 2:19PM by PIB Thiruvananthpuram
രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ഡിസംബർ 9, 2025) ന്യൂഡൽഹിയിൽ 2023, 2024 വർഷങ്ങളിലെ ദേശീയ കരകൗശല പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
കല, നമ്മുടെ ഭൂതകാല സ്മരണകളെയും വർത്തമാനകാല അനുഭവങ്ങളെയും ഭാവിയിലെ അഭിലാഷങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന്
ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. പുരാതന കാലം മുതൽ മനുഷ്യർ ചിത്രങ്ങളിലൂടെയോ ശില്പങ്ങളിലൂടെയോ വികാരങ്ങൾ പ്രകടിപ്പിക്കാറുണ്ട്. കല ജനങ്ങളെ സംസ്കാരവുമായും പരസ്പരവും ബന്ധിപ്പിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ കരകൗശല പാരമ്പര്യംഇന്നും ഊർജ്ജസ്വലമായി സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിൽ, അത് തലമുറകളായുള്ള നമ്മുടെ കരകൗശല വിദഗ്ധരുടെ പ്രതിജ്ഞാബദ്ധത മൂലമാണെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ കരകൗശല വിദഗ്ധർ കലയുടെ യഥാർത്ഥ ചൈതന്യം നിലനിർത്തിക്കൊണ്ട് മാറുന്ന കാലത്തിനനുസരിച്ച് കലയെയും പാരമ്പര്യത്തെയും പൊരുത്തപ്പെടുത്തി. അവരുടെ ഓരോ കലാസൃഷ്ടിയിലും രാജ്യത്തിന്റെ മണ്ണിന്റെ പരിമളം അവർ സംരക്ഷിച്ചിട്ടുണ്ട്.
കരകൗശല വസ്തുക്കൾ നമ്മുടെ സാംസ്കാരിക സ്വത്വത്തിന്റെ ഒരു ഭാഗം മാത്രമല്ല, ഉപജീവനമാർഗ്ഗവും കൂടിയാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് 3.2 ദശലക്ഷത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന മേഖലയാണിത്. കരകൗശല വസ്തുക്കളിൽ നിന്ന് തൊഴിലും വരുമാനവും നേടുന്നവരിൽ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിലോ വിദൂര പ്രദേശങ്ങളിലോ ആണ് താമസിക്കുന്നു എന്നത് ശ്രദ്ധേയമാണ്. തൊഴിലും വരുമാനവും വികേന്ദ്രീകരിച്ചുകൊണ്ട് ഈ മേഖല സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നു.
സാമൂഹിക ശാക്തീകരണത്തിന് കരകൗശല മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് പ്രധാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ മേഖല പരമ്പരാഗതമായി ദുർബല വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് പിന്തുണ നൽകുന്നു. കരകൗശല വസ്തുക്കൾ, അവയുടെ നിർമാതാക്കൾക്ക് ഉപജീവനമാർഗ്ഗം നൽകുക മാത്രമല്ല, അവർക്ക് സമൂഹത്തിൽ അംഗീകാരവും ആദരവും നൽകുന്നു. ഈ മേഖലയിലെ തൊഴിൽ ശക്തിയുടെ 68 ശതമാനവും സ്ത്രീകളാണെന്നതിനാൽ ഈ മേഖലയുടെ വികസനം സ്ത്രീ ശാക്തീകരണത്തിന് കരുത്തേകുമെന്നും അവർ പറഞ്ഞു.
പ്രകൃതിദത്തവും പ്രാദേശികവുമായ വിഭവങ്ങളെ ആശ്രയിക്കുന്നതാണ് കരകൗശല വ്യവസായത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് രാഷ്ട്രപതി പറഞ്ഞു. കുറഞ്ഞ കാർബൺ ഫുട് പ്രിന്റ്റുള്ള ഈ വ്യവസായം പരിസ്ഥിതി സൗഹൃദപരമാണ്. ഇന്ന്, പരിസ്ഥിതിയ്ക്ക് അനുയോജ്യവും സുസ്ഥിരവുമായ ഒരു ജീവിതശൈലിയുടെ ആവശ്യകത ലോകമെമ്പാടും ഊന്നിപ്പറയുന്നു. അത്തരമൊരു സാഹചര്യത്തിൽ, സുസ്ഥിരതയ്ക്കായി ഗണ്യമായ സംഭാവന നൽകാൻ ഈ മേഖലയ്ക്ക് കഴിയും.
ലോകമെമ്പാടും ഇന്ത്യൻ കരകൗശല ഉൽപ്പന്നങ്ങളുടെ സ്വത്വത്തെ ജിഐ ടാഗ്
ശക്തിപ്പെടുത്തുന്നതായി രാഷ്ട്രപതി സന്തോഷപൂർവ്വം പറഞ്ഞു. തനത് ഉൽപ്പന്നങ്ങൾക്ക് ജിഐ ടാഗ് നേടുന്നതിനായി എല്ലാ പങ്കാളികളും പ്രവർത്തിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. ഭൗമസൂചിക പദവി ഉൽപ്പന്നങ്ങൾക്ക് ഒരു സവിശേഷ സ്വത്വo നൽകുകയും ദേശീയ, അന്തർദേശീയ തലങ്ങളിൽ അവയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് രാഷ്‌ട്രപതി പറഞ്ഞു. 'ഒരു ജില്ല ഒരു ഉൽപ്പന്നം' (ഒഡിഒപി) സംരംഭം നമ്മുടെ പ്രാദേശിക കരകൗശല ഉൽപ്പന്നങ്ങളുടെ അന്താരാഷ്ട്ര അംഗീകാരം ശക്തിപ്പെടുത്തുന്നതായി അവർ പറഞ്ഞു.
തലമുറകളായി നമ്മുടെ കരകൗശല വിദഗ്ധരുടെ അറിവ്, സമർപ്പണം, കഠിനാധ്വാനം എന്നിവയുടെ ശക്തിയിൽ, ഇന്ത്യൻ കരകൗശല ഉൽപ്പന്നങ്ങൾ ലോകമെമ്പാടും തനത് സ്വത്വം സ്ഥാപിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യൻ കരകൗശല വസ്തുക്കളുടെ ആവശ്യകത, ഈ മേഖലയുടെ വളർച്ചയ്ക്ക് വളരെയധികം സാധ്യതകൾ നൽകുന്നുവെന്ന് അവർ എടുത്തുപറഞ്ഞു. യുവ സംരംഭകർക്കും സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് ഡിസൈനർമാർക്കും ഈ മേഖല മികച്ച അവസരങ്ങൾ നൽകുന്നതായും രാഷ്ട്രപതി പറഞ്ഞു.
(रिलीज़ आईडी: 2200873)
आगंतुक पटल : 15