പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു


ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കുകയാണ് ഇന്ത്യ: പ്രധാനമന്ത്രി

മാന്ദ്യത്തിന്റെയും അവിശ്വാസത്തിന്റെയും ശിഥിലീകരണത്തിന്റെയും ലോകത്ത്, ഇന്ത്യ വളർച്ചയും വിശ്വാസവും കൊണ്ടുവരികയും ഒരു പാലമായി വർത്തിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി

ഇന്ന്, ആഗോള സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വളർച്ചായന്ത്രമായി ഇന്ത്യ മാറുകയാണ്: പ്രധാനമന്ത്രി

ഇന്ത്യയുടെ നാരീശക്തി അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു; നമ്മുടെ പെൺമക്കൾ ഇന്ന് എല്ലാ മേഖലകളിലും മികവ് പുലർത്തുന്നു: പ്രധാനമന്ത്രി

നമ്മുടെ വേഗത സ്ഥിരമാണ്, നമ്മുടെ ദിശ സ്ഥിരതയുള്ളതാണ്, നമ്മുടെ ഉദ്ദേശ്യം എപ്പോഴും രാഷ്ട്രം ഒന്നാമത് എന്നതാണ്: പ്രധാനമന്ത്രി

ഇന്ന് എല്ലാ മേഖലയും പഴയ അ‌ധിനിവേശ മനോഭാവം ഉപേക്ഷിച്ച് അഭിമാനത്തോടെ പുതിയ നേട്ടങ്ങൾ ലക്ഷ്യമിടുന്നു: പ്രധാനമന്ത്രി

प्रविष्टि तिथि: 06 DEC 2025 8:32PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇന്ന് നടന്ന ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി  2025-നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘാടകർക്കും ചിന്തകൾ പങ്കുവച്ച ഏവർക്കും അ‌ദ്ദേഹം ആശംസകൾ നേർന്നു. ശോഭനാജി താൻ ശ്രദ്ധയോടെ നിരീക്ഷിച്ച രണ്ട് കാര്യങ്ങൾ സൂചിപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. അതിലൊന്ന്, താൻ മുമ്പ് സന്ദർശിച്ചപ്പോൾ ഒരു നിർദ്ദേശം നൽകിയതിനെക്കുറിച്ചാണ്. മാധ്യമ സ്ഥാപനങ്ങളോട് അപൂർവമായി മാത്രമേ അങ്ങനെ ചെയ്യാറുള്ളൂവെങ്കിലും താൻ അത് ചെയ്തിരുന്നു. ശോഭനജിയും അവരുടെ ടീമും അത് ആവേശത്തോടെ നടപ്പിലാക്കിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പ്രദർശനം സന്ദർശിച്ചപ്പോൾ, അ‌നശ്വരമാംവിധം ഫോട്ടോഗ്രാഫർമാർ നിമിഷങ്ങൾ പകർത്തിയതു കണ്ടപ്പോൾ താൻ അ‌ത്ഭുതപ്പെട്ടതായി പറഞ്ഞ പ്രധാനമന്തരി, അ‌ത് എല്ലാവരും കാണണമെന്നും ആവശ്യപ്പെട്ടു. ശോഭനാജിയുടെ രണ്ടാമത്തെ വിഷയത്തെക്കുറിച്ച് പരാമർശിച്ച ശ്രീ മോദി, അത് താൻ രാജ്യത്തെ തുടർന്നും സേവിക്കണമെന്നുള്ള വെറുമൊരു ആഗ്രഹമല്ലെന്നും, ഹിന്ദുസ്ഥാൻ ടൈംസ് തന്നെ താൻ ഇതേ രീതിയിൽ സേവനം തുടരണമെന്ന് പറയുന്നതായാണ് താൻ കരുതുന്നതെന്നും അഭിപ്രായപ്പെടുകയും അതിന് പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു

ഈ വർഷത്തെ ഉച്ചകോടിയുടെ പ്രമേയം 'നാളെയെ പരിവർത്തനം ചെയ്യുക' എന്നതാണ് എന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് 101 വർഷത്തെ ചരിത്രമുണ്ടെന്നും മഹാത്മാഗാന്ധി, മദൻ മോഹൻ മാളവ്യ, ഘനശ്യാംദാസ് ബിർള തുടങ്ങിയ മഹദ് നേതാക്കളുടെ അനുഗ്രഹങ്ങൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'നാളെയെ പരിവർത്തനം ചെയ്യുക' എന്നതിനെക്കുറിച്ച് ഈ പത്രം ചർച്ച ചെയ്യുമ്പോൾ, ഇന്ത്യയിൽ നടക്കുന്ന പരിവർത്തനം സാധ്യതകളെക്കുറിച്ചുള്ള വെറുമൊരു ചർച്ചയല്ലെന്നും, ജീവിതങ്ങളെയും മനോഭാവങ്ങളെയും ദിശകളെയും മാറ്റുന്ന ഒരു യഥാർത്ഥ കഥയാണെന്ന ആത്മവിശ്വാസം അത് രാജ്യത്തിന് നൽകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യശില്പിയായ ഡോ. ബാബാസാഹബ് അംബേദ്കറുടെ മഹാപരിനിർവാൺ ദിവസം കൂടിയാണ് ഇന്നെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, എല്ലാ ഇന്ത്യക്കാരുടെയും പേരിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. 21-ാം നൂറ്റാണ്ടിന്റെ നാലിലൊന്ന് കടന്നുപോയ ഒരു ഘട്ടത്തിലാണ് നാം നിൽക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ 25 വർഷത്തിനിടയിൽ സാമ്പത്തിക പ്രതിസന്ധികൾ, ആഗോള മഹാമാരി, സാങ്കേതിക തടസ്സങ്ങൾ, ശിഥിലമായ ലോകം, തുടർച്ചയായ യുദ്ധങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉയർച്ചതാഴ്ചകൾക്ക് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യങ്ങളെല്ലാം ഏതെങ്കിലും രൂപത്തിൽ അനിശ്ചിതത്വങ്ങൾ നിറഞ്ഞ ലോകത്തെ വെല്ലുവിളിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. "അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തിൽ, ഇന്ത്യ വ്യത്യസ്തമായ ഒരു തലത്തിൽ, ആത്മവിശ്വാസത്താൽ നിറഞ്ഞുനിൽക്കുകയാണ്"- ശ്രീ മോദി പറഞ്ഞു. ലോകം മാന്ദ്യത്തെക്കുറിച്ച് പറയുമ്പോൾ, ഇന്ത്യ വളർച്ചയുടെ ഗാഥ രചിക്കുന്നു; ലോകം വിശ്വാസത്തിന്റെ പ്രതിസന്ധിയെ നേരിടുമ്പോൾ, ഇന്ത്യ വിശ്വാസത്തിന്റെ സ്തംഭമായി മാറുകയാണ്; ലോകം ശിഥിലീകരണത്തിലേക്ക് നീങ്ങുമ്പോൾ, ഇന്ത്യ ഏവരെയും കോർത്തിണക്കുന്ന പാലം പണിയുന്ന നാടായി ഉയർന്നുവരുന്നു - അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ രണ്ടാം പാദ ജിഡിപി കണക്കുകൾ പുറത്തുവന്നു. അത് എട്ട് ശതമാനത്തിലധികം വളർച്ചാ നിരക്ക് കാണിക്കുന്നതായും ഇത് പുരോഗതിയുടെ പുതിയ ഗതിവേഗം പ്രതിഫലിപ്പിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് വെറുമൊരു സംഖ്യയല്ല; മറിച്ച്, കരുത്തുറ്റ സ്ഥൂല-സാമ്പത്തിക സൂചനയാണ്.  ഇന്ത്യ ഇന്ന് ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാചാലകമായി മാറുന്നുവെന്ന സന്ദേശമാണിതെന്നും അ‌ദ്ദേഹം പറഞ്ഞു. ആഗോള വളർച്ച മൂന്ന് ശതമാനവും ജി-7 ന്റെ സമ്പദ്‌വ്യവസ്ഥകൾ ശരാശരി ഒന്നര ശതമാനവുമുള്ള സമയത്താണ് ഈ കണക്കുകൾ വരുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അത്തരം സാഹചര്യങ്ങളിൽ ഇന്ത്യ ഉയർന്ന വളർച്ചയുടെയും കുറഞ്ഞ പണപ്പെരുപ്പത്തിന്റെയും മാതൃകയായി ഉയർന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  ഉയർന്ന പണപ്പെരുപ്പത്തെക്കുറിച്ച് സാമ്പത്തിക വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ച ഒരു കാലമുണ്ടായിരുന്നുവെന്ന് ശ്രീ മോദി ഓർമ്മിപ്പിച്ചു. എന്നാൽ ഇന്ന് അതേ സാമ്പത്തിക വിദഗ്ധർ കുറഞ്ഞ പണപ്പെരുപ്പത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ശ്രീ മോദി ഓർമ്മിപ്പിച്ചു.

ഇന്ത്യയുടെ നേട്ടങ്ങൾ സാധാരണമല്ലെന്നും അവ വെറും സ്ഥിതിവിവരക്കണക്കുകളല്ലെന്നും, കഴിഞ്ഞ ദശകത്തിൽ രാജ്യം കൊണ്ടുവന്ന അടിസ്ഥാനപരമായ മാറ്റത്തെയാണ് അ‌വ പ്രതിനിധാനം ചെയ്യുന്നതെന്നും പറഞ്ഞ പ്രധാനമന്ത്രി, ഈ അടിസ്ഥാനപരമായ മാറ്റം അ‌തിജീവനശേഷിയെക്കുറിച്ചും, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള പ്രവണതയെക്കുറിച്ചും, ആശങ്കയുടെ മേഘങ്ങൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചും, അഭിലാഷങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചുമാണെന്ന് ചൂണ്ടിക്കാട്ടി. ഈ കാരണത്താലാണ് ഇന്നത്തെ ഇന്ത്യ സ്വയം രൂപാന്തരപ്പെടുന്നതെന്നും വരാനിരിക്കുന്ന നാളെയെ പരിവർത്തനം ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാളെയെ പരിവർത്തനം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, പരിവർത്തനത്തിലുള്ള ആത്മവിശ്വാസം ഇന്ന് നടക്കുന്ന പ്രവർത്തനങ്ങളുടെ ശക്തമായ അടിത്തറയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മനസ്സിലാക്കണമെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ഇന്നത്തെ പരിഷ്കാരങ്ങളും ഇന്നത്തെ പ്രകടനവും നാളത്തെ പരിവർത്തനത്തിന് വഴിയൊരുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഗവൺമെന്റ് പ്രവർത്തിക്കുന്ന സമീപനം എടുത്തുകാട്ടി, ഇന്ത്യയുടെ വലിയൊരു സാധ്യത ദീർഘകാലം ഉപയോഗിക്കപ്പെടാതെ കിടന്നിരുന്നു എന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഉപയോഗിക്കപ്പെടാത്ത ഈ സാധ്യതകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമ്പോൾ, രാജ്യത്തിന്റെ വികസനത്തിൽ തടസ്സങ്ങളില്ലാതെ പൂർണ്ണമായി പങ്കാളികളാകുമ്പോൾ, രാജ്യത്തിന്റെ പരിവർത്തനം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ഇന്ത്യ, വടക്കുകിഴക്കൻ മേഖല, ഗ്രാമങ്ങൾ, രണ്ടാം നിര-മൂന്നാം നിര നഗരങ്ങൾ, സ്ത്രീശക്തി, നൂതനചിന്താഗതിക്കാരായ യുവജനങ്ങൾ, സമുദ്രശക്തി, നീല സമ്പദ്‌വ്യവസ്ഥ, ബഹിരാകാശ മേഖല എന്നിവയെക്കുറിച്ച് ചിന്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മുൻ ദശകങ്ങളിൽ ഇവയുടെ പൂർണ്ണ ശേഷി ഉപയോഗപ്പെടുത്തിയിട്ടില്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപയോഗിക്കപ്പെടാത്ത ഈ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന കാഴ്ചപ്പാടോടെയാണ് ഇന്ന് ഇന്ത്യ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അടിവരയിട്ടു. കിഴക്കൻ ഇന്ത്യയിലെ ആധുനിക അടിസ്ഥാനസൗകര്യങ്ങൾ, കണക്റ്റിവിറ്റി, വ്യവസായം എന്നിവയിൽ അഭൂതപൂർവമായ നിക്ഷേപം നടക്കുന്നുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. ഗ്രാമങ്ങളും ചെറുപട്ടണങ്ങളും ആധുനിക സൗകര്യങ്ങളാൽ സജ്ജീകരിക്കപ്പെടുന്നുണ്ടെന്നും, ചെറിയ പട്ടണങ്ങൾ സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇകൾക്കുമുള്ള പുതിയ കേന്ദ്രങ്ങളായി മാറുന്നുണ്ടെന്നും, ആഗോള വിപണികളുമായി നേരിട്ട് ബന്ധപ്പെടാൻ ഗ്രാമങ്ങളിലെ കർഷകർ FPO-കൾക്കു രൂപം നൽകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"ഇന്ത്യയുടെ സ്ത്രീശക്തി ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു, രാജ്യത്തിന്റെ പെൺമക്കൾ എല്ലാ മേഖലകളിലും മികവ് പുലർത്തുന്നു" - പ്രധാനമന്ത്രി പറഞ്ഞു. ഈ പരിവർത്തനം ഇനി സ്ത്രീ ശാക്തീകരണത്തിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് സമൂഹത്തിന്റെ മാനസികാവസ്ഥയെയും ശക്തിയെയും പരിവർത്തനം ചെയ്യുന്നുവെന്നും അ‌ദ്ദേഹം പറഞ്ഞു.

പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും തടസ്സങ്ങൾ നീക്കപ്പെടുകയും ചെയ്യുമ്പോൾ, ആകാശത്ത് പറന്നുയരാൻ പുതിയ ചിറകുകൾ കൂട്ടിച്ചേർക്കപ്പെടുമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മുമ്പ് ഗവണ്മെന്റ് നിയന്ത്രണത്തിലായിരുന്ന ഇന്ത്യയുടെ ബഹിരാകാശ മേഖലയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, ബഹിരാകാശ മേഖല സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കാൻ പരിഷ്കാരങ്ങൾ കൊണ്ടുവന്നതായും അതിന്റെ ഫലങ്ങൾ ഇപ്പോൾ രാജ്യത്തിന് ദൃശ്യമാണെന്നും ശ്രീ മോദി പറഞ്ഞു. 10–11 ദിവസങ്ങൾക്ക് മുമ്പ് ഹൈദരാബാദിൽ സ്കൈറൂട്ടിന്റെ ഇൻഫിനിറ്റി ക്യാമ്പസ് ഉദ്ഘാടനം ചെയ്തതായി അദ്ദേഹം പറഞ്ഞു. സ്വകാര്യ ഇന്ത്യൻ ബഹിരാകാശ കമ്പനിയായ സ്കൈറൂട്ട്, എല്ലാ മാസവും ഒരു റോക്കറ്റ് നിർമ്മിക്കാനുള്ള ശേഷി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നുണ്ടെന്നും പറക്കാൻ തയ്യാറായ വിക്രം-1 വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് അതിനുള്ള വേദി നൽകിയെന്നും ഇന്ത്യയിലെ യുവാക്കൾ അതിൽ പുതിയൊരു ഭാവി കെട്ടിപ്പടുക്കുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇതാണ് യഥാർത്ഥ പരിവർത്തനമെന്ന് അ‌ദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഇന്ത്യയിലെ മറ്റൊരു മാറ്റം ചർച്ച അർഹിക്കുന്നുണ്ടെന്ന് പറഞ്ഞ ശ്രീ മോദി, രാഷ്ട്രീയ താൽപ്പര്യങ്ങളോ പ്രതിസന്ധി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയോ ഉപയോഗിച്ച് പരിഷ്കാരങ്ങൾ പിന്തിരിപ്പൻ ആയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിച്ചു. ഇന്ന് പരിഷ്കാരങ്ങൾ ദേശീയ ലക്ഷ്യങ്ങൾ മനസ്സിൽവച്ചാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വേഗത സ്ഥിരമായി നിലനിൽക്കുന്നു, അതിന്റെ ദിശ സ്ഥിരതയുള്ളതാണ്, അതിന്റെ ലക്ഷ്യം 'രാഷ്ട്രത്തിന് ഒന്നാമത്' എന്നതിൽ അടിയുറച്ചതാണ്. ഇതിനൊപ്പം, എല്ലാ മേഖലകളിലും പുരോഗതി സംഭവിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 2025 എന്ന വർഷം അത്തരം പരിഷ്കാരങ്ങളുടെ വർഷമാണെന്ന് അദ്ദേഹം അടിവരയിട്ടു, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അടുത്തതലമുറ GST ആണ്. ഈ പരിഷ്കാരങ്ങളുടെ സ്വാധീനം രാജ്യമെമ്പാടും കണ്ടതായി പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷം നേരിട്ടുള്ള നികുതി സമ്പ്രദായത്തിലും ഒരു വലിയ പരിഷ്കരണം അവതരിപ്പിച്ചു; അതായത് 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല; ഇത് ഒരു ദശാബ്ദം മുമ്പ് ചിന്തിക്കാൻ പോലും കഴിയാത്ത നടപടിയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിഷ്‌കാരങ്ങളുടെ തുടർച്ചയായി, മൂന്നോ നാലോ ദിവസങ്ങൾക്ക് മുമ്പ് 'ചെറുകിട കമ്പനി'യുടെ നിർവചനം ഭേദഗതി ചെയ്തു എന്ന് ശ്രീ മോദി പറഞ്ഞു. അതിന്റെ ഫലമായി ആയിരക്കണക്കിന് കമ്പനികൾ ഇപ്പോൾ ലളിതമായ നിയമങ്ങൾ, വേഗതയേറിയ പ്രക്രിയകൾ, മികച്ച സൗകര്യങ്ങൾ എന്നിവയുടെ പരിധിയിൽ വന്നിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഏകദേശം 200 ഉൽപ്പന്ന വിഭാഗങ്ങളെ നിർബന്ധിത ഗുണനിലവാര നിയന്ത്രണ ഉത്തരവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

"ഇന്ത്യയുടെ ഇന്നത്തെ യാത്ര വികസനത്തെക്കുറിച്ചു മാത്രമല്ല, മാനസികാവസ്ഥയിലെ മാറ്റത്തെക്കുറിച്ചും, മാനസിക നവോത്ഥാനത്തെക്കുറിച്ചുമാണ്" - പ്രധാനമന്ത്രി പറഞ്ഞു. ആത്മവിശ്വാസമില്ലാതെ ഒരു രാജ്യത്തിനും പുരോഗമിക്കാൻ കഴിയില്ലെന്ന് അദ്ദേഹംപറഞ്ഞു. നിർഭാഗ്യവശാൽ, കോളനിവാഴ്ചയുടെ നീണ്ട വർഷങ്ങൾ കൊളോണിയൽ ചിന്താഗതി കാരണം ഇന്ത്യയുടെ ആത്മവിശ്വാസം തകർത്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഈ കൊളോണിയൽ മനോഭാവം പ്രധാന തടസ്സമായിരുന്നുവെന്നും അതിനാൽ ഇന്നത്തെ ഇന്ത്യ അതിൽ നിന്ന് സ്വയം മോചിതരാകാൻ പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയെ ദീർഘകാലം ഭരിക്കണമെങ്കിൽ, ഇന്ത്യക്കാരുടെ ആത്മവിശ്വാസം തകർക്കുകയും അപകർഷതാബോധം വളർത്തുകയും വേണമെന്ന് ബ്രിട്ടീഷുകാർക്ക് നന്നായി അറിയാമായിരുന്നെന്നും, അവർ ആ കാലഘട്ടത്തിൽ അത് ചെയ്തുവെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യൻ കുടുംബഘടനകളെ കാലഹരണപ്പെട്ടതായി മുദ്രകുത്തുകയും, ഇന്ത്യൻ വസ്ത്രധാരണത്തെ പ്രൊഫഷണലല്ലെന്ന് വിളിക്കുകയും, ഇന്ത്യൻ ഉത്സവങ്ങളെയും സംസ്കാരത്തെയും യുക്തിരഹിതമെന്ന് വിളിക്കുകയും, യോഗയെയും ആയുർവേദത്തെയും അശാസ്ത്രീയമെന്ന് തള്ളിക്കളയുകയും, ഇന്ത്യൻ കണ്ടുപിടുത്തങ്ങളെ പരിഹസിക്കുകയും ചെയ്തു. ഈ ആശയങ്ങൾ പതിറ്റാണ്ടുകളായി ആവർത്തിച്ച് പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുവെന്നും ഇത് ഇന്ത്യൻ ആത്മവിശ്വാസം തകർക്കുന്നതിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കൊളോണിയൽ മനോഭാവത്തിന്റെ വ്യാപകമായ സ്വാധീനത്തെക്കുറിച്ച് പരാമർശിക്കവേ, അത് വ്യക്തമാക്കുന്നതിന് ഉദാഹരണങ്ങൾ നൽകാമെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്നും, ആഗോള വളർച്ചായന്ത്രമായും ആഗോള ശക്തികേന്ദ്രമായും വിശേഷിപ്പിക്കപ്പെടുന്നുവെന്നും, ഒന്നിനുപുറകെ ഒന്നായി നേട്ടങ്ങൾ കൈവരിക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ന് ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ച ഉണ്ടായിരുന്നിട്ടും, ആരും അതിനെ 'ഹിന്ദു വളർച്ചാ നിരക്ക്' എന്ന് പരാമർശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ രണ്ട് മുതൽ മൂന്ന് ശതമാനം വരെ വളർച്ചാ നിരക്കിനായി കഷ്ടപ്പെട്ടിരുന്നപ്പോഴാണ് ഈ പദം ഉപയോഗിച്ചിരുന്നത് എന്നും അദ്ദേഹം അനുസ്മരിച്ചു. ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ മതവുമായോ ജനങ്ങളുടെ സ്വത്വവുമായോ ബന്ധിപ്പിക്കുന്നത് അബദ്ധത്തിൽ സംഭവിച്ചതായിരിക്കുമോ എന്ന് പ്രധാനമന്ത്രി ചോദ്യം ചെയ്തു. അത് കൊളോണിയൽ മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഒഒരു സമൂഹം മുഴുവനായും അതിന്റെ പാരമ്പര്യവും ഉൽപ്പാദനക്ഷമതയില്ലായ്മയോടും ദാരിദ്ര്യത്തോടും തുലനം ചെയ്യപ്പെട്ടു എന്നും, ഇന്ത്യയുടെ മന്ദഗതിയിലുള്ള വളർച്ചയ്ക്ക് കാരണം ഹിന്ദു നാഗരികതയും സംസ്കാരവുമാണെന്ന് തെളിയിക്കാൻ ശ്രമങ്ങൾ നടന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സകല കാര്യങ്ങളിലും വർഗീയത കണ്ടെത്താൻ ശ്രമിക്കുന്ന ആ ബുദ്ധിജീവികൾക്ക്, അവരുടെ കാലഘട്ടത്തിൽ പുസ്തകങ്ങളുടെയും ഗവേഷണ പ്രബന്ധങ്ങളുടെയും ഭാഗമാക്കിയ 'ഹിന്ദു വളർച്ച നിരക്ക്' എന്ന പദത്തിലെ വർഗീയത കാണാൻ കഴിഞ്ഞില്ല എന്നത് വിരോധാഭാസമാണെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി.

കൊളോണിയൽ മനോഭാവം ഇന്ത്യയുടെ ഉൽപ്പാദന ആവാസവ്യവസ്ഥയെ തകർത്തുവെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. രാജ്യം അതിനെ എങ്ങനെ പുനരുജ്ജീവിപ്പിക്കുന്നുവെന്ന് അ‌ദ്ദേഹം വിശദീകരിച്ചു. കോളനിവാഴ്ചക്കാലത്തു പോലും ഇന്ത്യ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും പ്രധാന ഉൽപ്പാദകരായിരുന്നു.  ആയുധങ്ങൾ കയറ്റുമതി ചെയ്യുകയും ലോകമഹായുദ്ധങ്ങളിൽ അവ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്ന ആയുധ ഫാക്ടറികളുടെ ശക്തമായ ശൃംഖലയുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം, പ്രതിരോധ ഉൽപ്പാദന ആവാസവ്യവസ്ഥ നശിപ്പിക്കപ്പെട്ടു. കൊളോണിയൽ മനോഭാവം ഗവണ്മെന്റിലുള്ളവരെ ഇന്ത്യയിൽ നിർമ്മിച്ച ആയുധങ്ങളുടെ വില കുറച്ചുകാണാൻ പ്രേരിപ്പിച്ചു. ഇത് രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതിക്കാരിൽ ഒന്നാക്കി മാറ്റി - പ്രധാനമന്ത്രി പറഞ്ഞു.

നൂറ്റാണ്ടുകളായി ഇന്ത്യയിലെ പ്രധാന കേന്ദ്രമായിരുന്ന കപ്പൽ നിർമ്മാണ വ്യവസായത്തെയും ഇതേ മാനസികാവസ്ഥ ബാധിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, അഞ്ച് മുതൽ ആറ് പതിറ്റാണ്ട് മുമ്പ് പോലും ഇന്ത്യയുടെ വ്യാപാരത്തിന്റെ നാൽപ്പത് ശതമാനം ഇന്ത്യൻ കപ്പലുകളിലൂടെയായിരുന്നു നടന്നിരുന്നതെന്നു വ്യക്തമാക്കി. എന്നാൽ കൊളോണിയൽ മനോഭാവം വിദേശ കപ്പലുകൾക്ക് മുൻഗണന നൽകിയെന്നും അ‌ദ്ദേഹം ഓർമ്മിപ്പിച്ചു. ഒരിക്കൽ സമുദ്രശക്തിക്ക് പേരുകേട്ട ഒരു രാജ്യം അതിന്റെ വ്യാപാരത്തിന്റെ 95 ശതമാനത്തിനും വിദേശ കപ്പലുകളെ ആശ്രയിക്കുന്ന നിലയിലേക്ക് എത്തി. ഇത് ഇന്ന് പ്രതിവർഷം ഏകദേശം 75 ശത​കോടി ഡോളർ (ഏകദേശം ആറ് ലക്ഷം കോടി രൂപ) വിദേശ ഷിപ്പിംഗ് കമ്പനികൾക്ക് നൽകുന്നതിന് കാരണമാകുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"കപ്പൽ നിർമ്മാണമായാലും പ്രതിരോധ നിർമ്മാണമായാലും, ഇന്ന് എല്ലാ മേഖലകളും കൊളോണിയൽ മാനസികാവസ്ഥ ഉപേക്ഷിച്ച് പുതിയ മഹത്വം കൈവരിക്കാൻ ശ്രമിക്കുകയാണ്" - പ്രധാനമന്ത്രി പറഞ്ഞു.

കൊളോണിയൽ മാനസികാവസ്ഥ ഇന്ത്യയുടെ ഭരണ സമീപനത്തിന് വലിയ നാശനഷ്ടം വരുത്തിവച്ചുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു, കാരണം വളരെക്കാലമായി ഗവണ്മെന്റ് സംവിധാനം സ്വന്തം പൗരന്മാരോടുള്ള അവിശ്വാസമായിരുന്നു. മുമ്പ് ജനങ്ങൾക്ക് ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ സ്വന്തം രേഖകൾ സാക്ഷ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. എന്നാൽ ഈ അവിശ്വാസം തകർക്കപ്പെടുകയും സ്വയം സാക്ഷ്യപ്പെടുത്തൽ മതിയാകും എന്ന് അംഗീകരിക്കുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

ചെറിയ തെറ്റുകൾ പോലും ഗുരുതരമായ കുറ്റകൃത്യങ്ങളായി കണക്കാക്കുന്ന വ്യവസ്ഥകൾ രാജ്യത്ത് ഉണ്ടായിരുന്നുവെന്ന് എടുത്തുകാണിച്ച ശ്രീ മോദി, ഇത് മാറ്റാൻ ജൻ-വിശ്വാസ് നിയമം കൊണ്ടുവന്നു. അതിലൂടെ നൂറുകണക്കിന് അത്തരം വ്യവസ്ഥകൾ കുറ്റകരമല്ലാതാക്കി. മുമ്പ് ആയിരം രൂപയുടെ വായ്പയ്ക്ക് പോലും അമിതമായ അവിശ്വാസം കാരണം ബാങ്കുകൾ ഗ്യാരണ്ടി ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുദ്ര യോജനയിലൂടെയാണ് ഈ അവിശ്വാസത്തിന്റെ ദുഷിച്ച ചക്രം തകർന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനു കീഴിൽ ഇതുവരെ 37 ലക്ഷം കോടി രൂപയുടെ ഈടുരഹിത വായ്പകൾ നൽകിയിട്ടുണ്ട്. ഈടായി ഒന്നും നൽകാൻ ഇല്ലാത്ത കുടുംബങ്ങളിലെ യുവാക്കൾക്ക് ഈ പണം ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്നും അത് അവരെ സംരംഭകരാകാൻ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത്, ഒരിക്കൽ ഗവണ്മെന്റിനു നൽകിയാൽ പിന്നെ ഒന്നും തിരികെ ലഭിക്കാത്ത ഒറ്റവരിപ്പാതയായിരിക്കുമെന്നാണ് എപ്പോഴും വിശ്വസിച്ചിരുന്നത് എന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഗവണ്മെന്റും ജനങ്ങളും തമ്മിലുള്ള വിശ്വാസം ശക്തമാകുമ്പോൾ, മറ്റൊരു പ്രചാരണത്തിലൂടെ അതിന്റെ ഫലങ്ങൾ ദൃശ്യമാകുന്നു എന്ന് വ്യക്തമാക്കി. ബാങ്കുകളിൽ 78,000 കോടി രൂപയും ഇൻഷുറൻസ് കമ്പനികളുടെ പക്കൽ 14,000 കോടി രൂപയും മ്യൂച്വൽ ഫണ്ട് കമ്പനികളുടെ പക്കൽ 3,000 കോടി രൂപയും ലാഭവിഹിതമായി 9,000 കോടി രൂപയും ആരും അവകാശപ്പെടാതെ കിടക്കുന്നു എന്നത് ആശ്ചര്യകരമാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ പണം ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങളുടേതാണെന്നും അതിനാൽ ഗവണ്മെന്റ് അത് അതിന്റെ യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകാൻ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അടിവരയിട്ടു. ഇതിനായി പ്രത്യേക ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെ ഏകദേശം 500 ജില്ലകളിൽ ഇത്തരം ക്യാമ്പുകൾ ആയിരക്കണക്കിന് കോടി രൂപ യഥാർത്ഥ ഗുണഭോക്താക്കൾക്ക് തിരികെ നൽകിയിട്ടുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

ഇത് കേവലം ആസ്തികൾ തിരികെ നൽകുന്നതിനെക്കുറിച്ചല്ല, മറിച്ച് വിശ്വാസത്തെക്കുറിച്ചാണെന്നും, ജനങ്ങളുടെ വിശ്വാസം തുടർച്ചയായി നേടാനുള്ള പ്രതിജ്ഞാബദ്ധതയെക്കുറിച്ചാണെന്നും പറഞ്ഞ ശ്രീ മോദി, ജനങ്ങളുടെ വിശ്വാസമാണ് രാജ്യത്തിന്റെ യഥാർത്ഥ മൂലധനമെന്നും കൊളോണിയൽ മനോഭാവത്തിൽ അത്തരം പ്രചാരണങ്ങൾ ഒരിക്കലും സാധ്യമാകുമായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.

"എല്ലാ മേഖലകളിലും കൊളോണിയൽ ചിന്താഗതിയിൽ നിന്ന് രാഷ്ട്രം പൂർണ്ണമായും മോചിതമാകണം" - പ്രധാനമന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് താൻ രാജ്യത്തോട് ഒരു അഭ്യർത്ഥന നടത്തിയിരുന്നു എന്നും, എല്ലാവരും പത്തുവർഷത്തെ സമയപരിധിക്കുള്ളിൽ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ മാനസിക അടിമത്തത്തിന്റെ വിത്തുകൾ പാകിയ മെക്കാളെയുടെ നയം 2035 ൽ 200 വർഷം പൂർത്തിയാകും. അതായത് പത്ത് വർഷം അവശേഷിക്കുന്നു- ശ്രീ മോദി കൂട്ടിച്ചേർത്തു. ഈ പത്ത് വർഷത്തിനുള്ളിൽ, എല്ലാ പൗരന്മാരും രാജ്യം കൊളോണിയൽ മനോഭാവത്തിൽ നിന്ന് മോചിതമാണെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

"ഇന്ത്യ ഒരു നിശ്ചിത പാത പിന്തുടരുന്ന രാഷ്ട്രമല്ല; മെച്ചപ്പെട്ട നാളേക്ക് വേണ്ടി അത് അതിന്റെ ചക്രവാളങ്ങൾ വികസിപ്പിക്കണം" - പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭാവി ആവശ്യങ്ങൾ മനസ്സിലാക്കുകയും വർത്തമാനകാലത്ത് പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. അതുകൊണ്ടാണ് മേക്ക് ഇൻ ഇന്ത്യയെയും ആത്മനിർഭർ ഭാരതിനെയും കുറിച്ച് താൻ പലപ്പോഴും സംസാരിക്കാറുള്ളതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നാലോ അഞ്ചോ പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരം സംരംഭങ്ങൾ ആരംഭിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ഇന്നത്തെ സ്ഥിതി വളരെ വ്യത്യസ്തമാകുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സെമികണ്ടക്ടർ മേഖലയുടെ ഉദാഹരണം ശ്രീ മോദി ഓർമ്മിപ്പിച്ചു. അഞ്ചോ ആറോ പതിറ്റാണ്ട് മുമ്പ് ഒരു കമ്പനി ഇന്ത്യയിൽ ഒരു സെമികണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കാൻ മുന്നോട്ട് വന്നിരുന്നു എന്നും, എന്നാൽ അതിന് അർഹമായ ശ്രദ്ധ നൽകിയില്ല എന്നും, തൽഫലമായി സെമികണ്ടക്ടർ നിർമ്മാണത്തിൽ ഇന്ത്യ പിന്നോട്ട് പോയി എന്നും അദ്ദേഹം പറഞ്ഞു.

 

ഊർജ്ജ മേഖലയും സമാനമായ ഒരു സാഹചര്യമാണ് നേരിടുന്നതെന്ന് പ്രധാനമന്ത്രി തുടർന്നു പറഞ്ഞു. ഇന്ത്യ നിലവിൽ പ്രതിവർഷം ഏകദേശം 125 ലക്ഷം കോടി രൂപയുടെ പെട്രോൾ, ഡീസൽ, വാതകം എന്നിവ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് അ‌ദ്ദേഹം ചൂണ്ടിക്കാട്ടി. സമൃദ്ധമായ സൂര്യപ്രകാശം രാജ്യത്തിന് ലഭിച്ചിട്ടും, 2014 വരെ ഇന്ത്യയുടെ സൗരോർജ്ജ ഉൽപ്പാദനശേഷി 3 ജിഗാവാട്ട് മാത്രമായിരുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഈ ശേഷി ഏകദേശം 130 ജിഗാവാട്ടായി ഉയർന്നിട്ടുണ്ടെന്നും പുരപ്പുറ സോളാർ വഴി മാത്രം 22 ജിഗാവാട്ട് കൂട്ടിച്ചേർത്തിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഊർജ്ജ സുരക്ഷയ്ക്കുള്ള യജ്ഞത്തിൽ 'പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന' പൗരന്മാർക്ക് നേരിട്ടുള്ള പങ്കാളിത്തം നൽകിയിട്ടുണ്ട് എന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. വാരാണസിയിലെ പാർലമെന്റ് അംഗം എന്ന നിലയിൽ തനിക്ക് അവിടത്തെ പ്രാദേശിക കണക്കുകൾ ഉദ്ധരിക്കാൻ കഴിയുമെന്നും, ഈ പദ്ധതി പ്രകാരം വാരാണസിയിലെ 26,000-ത്തിലധികം വീടുകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇവ സ്ഥാപിച്ചതിലൂടെ പ്രതിദിനം മൂന്ന് ലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും, ഇത് വഴി പ്രതിമാസം ഏകദേശം അഞ്ച് കോടി രൂപ ജനങ്ങൾക്ക് ലാഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ സൗരോർജ്ജ ഉൽപ്പാദനം പ്രതിവർഷം ഏകദേശം തൊണ്ണൂറായിരം മെട്രിക് ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നു. നാൽപ്പത് ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചാൽ മാത്രം നികത്താനാകുന്ന കണക്കാണിതെന്നും അ‌ദ്ദേഹം പറഞ്ഞു. വാരാണസിയിലെ കണക്കുകൾ മാത്രമാണ് അവതരിപ്പിച്ചതെന്നും, ഈ പദ്ധതിയുടെ ദേശീയ തലത്തിലുള്ള പ്രയോജനം എത്ര വലുതാണെന്ന് ചിന്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഒരൊറ്റ സംരംഭത്തിന് എങ്ങനെ ഭാവിയെ പരിവർത്തനം ചെയ്യാനുള്ള ശക്തിയുണ്ടെന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2014 ന് മുമ്പ് ഇന്ത്യ മൊബൈൽ ഫോണുകളുടെ 75 ശതമാനവും ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് മൊബൈൽ ഫോൺ ഇറക്കുമതി പൂജ്യമായി കുറഞ്ഞുവെന്നും രാജ്യം പ്രധാന കയറ്റുമതിക്കാരനായി മാറിയെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. 2014 ന് ശേഷം ഒരു പരിഷ്കാരം നിലവിൽ വന്നു, രാഷ്ട്രം മികച്ച പ്രകടനം കാഴ്ചവച്ചു, പരിവർത്തനാത്മക ഫലങ്ങൾ ഇപ്പോൾ ലോകം കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നാളെയെ പരിവർത്തനം ചെയ്യുന്നതിനുള്ള യാത്ര നിരവധി പദ്ധതികളുടെയും നയങ്ങളുടെയും തീരുമാനങ്ങളുടെയും പൊതുജനാഭിലാഷങ്ങളുടെയും പൊതുജനപങ്കാളിത്തത്തിന്റെയും യാത്രയാണെന്ന് അടിവരയിട്ട പ്രധാനമന്ത്രി, ഇത് ഒരു തുടർച്ചയുടെ യാത്രയാണെന്നും അത് ഒരു ഉച്ചകോടിയുടെ ചർച്ചയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും മറിച്ച് ഇന്ത്യയ്ക്കായുള്ള ഒരു ദേശീയ ദൃഢനിശ്ചയമാണെന്നും വ്യക്തമാക്കി. ഈ ദൃഢനിശ്ചയത്തിൽ എല്ലാവരുടെയും സഹകരണവും കൂട്ടായ പരിശ്രമവും അനിവാര്യമാണെന്ന് അടിവരയിട്ടാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത്. എല്ലാവരോടും അദ്ദേഹം അഗാധമായ നന്ദി വീണ്ടും പ്രകടിപ്പിക്കുകയും ചെയ്തു.

 

 

***


(रिलीज़ आईडी: 2200169) आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें: Gujarati , English , Urdu , Marathi , हिन्दी , Manipuri , Bengali , Bengali-TR , Assamese , Punjabi , Odia , Telugu , Kannada