റെയില്‍വേ മന്ത്രാലയം
വിമാന സർവീസ് റദ്ദാക്കലുകൾ മൂലമുള്ള യാത്രാ ക്ലേശം ലഘൂകരിക്കാൻ ഇന്ത്യൻ റെയിൽവേ 37 ട്രെയിനുകളിലായി 116 അധിക കോച്ചുകൾ വിന്യസിച്ചു
प्रविष्टि तिथि:
05 DEC 2025 9:09PM by PIB Thiruvananthpuram
വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്നുണ്ടായ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്, ശൃംഖലകളിലുടനീളം സുഗമമായ യാത്രയും മതിയായ സ്ഥലസൗകര്യവും ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ വിപുലമായ നടപടികൾ സ്വീകരിച്ചു. 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ ഉൾപ്പെടുത്തി രാജ്യത്തുടനീളം 114ലേറെ അധിക യാത്രാ സർവീസുകളാണ് സജ്ജമാക്കിയത്.
18 ട്രെയിനുകളിലെ ശേഷി വർദ്ധിപ്പിച്ച് ദക്ഷിണ റെയിൽവേ (SR) ഏറ്റവും കൂടുതൽ സർവീസ് വർധനവ് നടപ്പിലാക്കി. ആവശ്യക്കാരേറിയ റൂട്ടുകളിൽ ചെയർ കാർ, സ്ലീപ്പർ ക്ലാസ് കോച്ചുകൾ എന്നിവ അധികമായി വിന്യസിച്ചു. 2025 ഡിസംബർ 6 മുതൽ നടപ്പിലാക്കിയ ഈ വർധനവ് ദക്ഷിണ മേഖലയിലെ യാത്രക്കാരെ ഉൾക്കൊള്ളുന്ന ശേഷിയും ഗണ്യമായി വർദ്ധിപ്പിക്കുന്നു.
എട്ട് ട്രെയിനുകളിൽ തേർഡ് എ.സി, ചെയർ കാർ കോച്ചുകൾ കൂട്ടിച്ചേർത്തുള്ള സർവീസ് വർധനവുമായി ഉത്തര റെയിൽവേ (NR) തൊട്ടു പിന്നിലുണ്ട്, ഇന്ന് മുതൽ നടപ്പിലാക്കിയ ഈ നടപടികൾ തിരക്കേറിയ വടക്കൻ ഇടനാഴികളിൽ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നു.
പടിഞ്ഞാറൻ റെയിൽവെ (WR) തേർഡ് എ.സി, സെക്കൻഡ് എ.സി കോച്ചുകൾ കൂട്ടിച്ചേർത്തുകൊണ്ട് ആവശ്യകതയേറിയ നാല് ട്രെയിനുകൾ രംഗത്തിറക്കി. 2025 ഡിസംബർ 6 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ വർദ്ധനവ്, പടിഞ്ഞാറൻ മേഖലയിൽ നിന്ന് രാജ്യതലസ്ഥാനത്തേക്കുള്ള യാത്രക്കാരുടെ ശക്തമായ പ്രയാണം ഉറപ്പാക്കും.
ഈസ്റ്റ് സെൻട്രൽ റെയിൽവേ (ECR) 2025 ഡിസംബർ 6 മുതൽ 10 വരെ അഞ്ച് യാത്രകളിലേക്കായി അധിക സെക്കൻഡ് എ.സി കോച്ചുകൾ അനുവദിച്ച് രാജേന്ദ്ര നഗർ - ന്യൂഡൽഹി (12309) സർവീസ് ശാക്തീകരിച്ചു. ഇത് പ്രധാനപ്പെട്ട ഈ ബീഹാർ-ഡൽഹി മേഖലയുടെ യാത്രാസൗകര്യ ശേഷി വർദ്ധിപ്പിക്കുന്നു.
ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ECOR), ഭുവനേശ്വർ-ന്യൂഡൽഹി ട്രെയിൻ സർവീസുകളിലെ (ട്രെയിൻ നമ്പർ 20817/20811/20823) അഞ്ച് യാത്രകളിലുടനീളം സെക്കൻഡ് എ.സി ബോഗികൾ കൂട്ടിച്ചേർത്ത്, ഒഡിഷയും ദേശീയ തലസ്ഥാനവും തമ്മിലുള്ള കണക്ടിവിറ്റി കൂടുതൽ മെച്ചപ്പെടുത്തി.
കിഴക്കൻ മേഖലയിലെ വർദ്ധിച്ചുവരുന്ന പ്രാദേശിക, അന്തർസംസ്ഥാന യാത്രാ ആവശ്യം നിറവേറ്റുന്നതിനായി, ഈസ്റ്റേൺ റെയിൽവേ (ER) മൂന്ന് പ്രധാന ട്രെയിനുകളിൽ ശേഷി വർദ്ധനവ് നടപ്പിലാക്കി. 2025 ഡിസംബർ 7, 8 തീയതികളിലെ ആറ് യാത്രകളിലേക്കായി ഈ ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസ് കോച്ചുകൾ കൂട്ടിച്ചേർത്തു.
വടക്കുകിഴക്കൻ മേഖലയിലെ യാത്രക്കാർക്ക് തടസ്സരഹിത യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി, 2025 ഡിസംബർ 6 മുതൽ 13 വരെയുള്ള എട്ട് യാത്രകൾക്കായി തേർഡ് എ.സി, സ്ലീപ്പർ കോച്ചുകളുള്ള രണ്ട് പ്രധാന ട്രെയിനുകൾ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (NFR) അധികമായി ഏർപ്പെടുത്തി.
ഈ സർവീസ് വർധനവുകൾക്കൊപ്പം, യാത്രക്കാർക്ക് കൂടുതൽ പിന്തുണയേകുന്നതിനായി ഇന്ത്യൻ റെയിൽവേ നാല് പ്രത്യേക ട്രെയിൻ സർവീസുകളും നടത്തുന്നുണ്ട്. ഗോരഖ്പൂർ-ആനന്ദ് വിഹാർ ടെർമിനൽ-ഗോരഖ്പൂർ പ്രത്യേക ട്രെയിൻ (നമ്പർ: 05591/05592) ഡിസംബർ ഏഴിനും ഒമ്പതിനും ഇടയിൽ നാല് യാത്രകൾ നടത്തും.
ന്യൂഡൽഹി - രക്തസാക്ഷി ക്യാപ്റ്റൻ തുഷാർ മഹാജൻ - ന്യൂഡൽഹി റിസർവ് ചെയ്ത വന്ദേ ഭാരത് പ്രത്യേക ട്രെയിൻ (02439/02440) 2025 ഡിസംബർ ആറിന് സർവീസ് നടത്തും. ഇത് ജമ്മു മേഖലയിലേക്ക് വേഗതയേറിയതും സുഗമവുമായ കണക്റ്റിവിറ്റി പ്രദാനം ചെയ്യുന്നു.
പടിഞ്ഞാറൻ മേഖലയിലേക്കുള്ള ഉയർന്ന യാത്രാ ആവശ്യം നിറവേറ്റുന്നതിനായി, ന്യൂഡൽഹി-മുംബൈ സെൻട്രൽ- ന്യൂഡൽഹി റിസർവ് ചെയ്ത സൂപ്പർഫാസ്റ്റ് പ്രത്യേക ട്രെയിൻ (നമ്പർ: 04002/04001) ഡിസംബർ 6, 7 തീയതികളിൽ സർവീസ് നടത്തും. കൂടാതെ റിസർവ് ചെയ്ത ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് പ്രത്യേക ട്രെയിൻ (നമ്പർ: 04080) 2025 ഡിസംബർ ആറിന് ദക്ഷിണ മേഖലയിലേക്ക് ദീർഘദൂര കണക്റ്റിവിറ്റി വാഗ്ദാനം ചെയ്തു കൊണ്ട് ഒരു ദിശയിലേക്ക് സർവീസ് നടത്തും.
വിവിധ റെയിൽവെ മേഖലകളിലായി യാത്രാസൗകര്യം മെച്ചപ്പെടുത്തൽ, പ്രത്യേക ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്ന ഈ നടപടികൾ, യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിനും, മതിയായ സൗകര്യം ഉറപ്പാക്കുന്നതിനും, യാത്രാവശ്യകതയേറിയ ഇക്കാലയളവിൽ സമയബന്ധിതമായ ഗതാഗത മാർഗം നൽകുന്നതിനുമുള്ള ഇന്ത്യൻ റെയിൽവേയുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
***
(रिलीज़ आईडी: 2199732)
आगंतुक पटल : 6