മന്ത്രിസഭ
azadi ka amrit mahotsav

കയറ്റുമതിക്കാർക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയ്ക്ക് (സിജിഎസ്ഇ) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

20,000 കോടി രൂപ വരെ ഈടില്ലാത്ത വായ്പാ പിന്തുണ വിഭാവനം ചെയ്യുന്നു

എൻ.സി.ജി.ടി.സി വഴി 100% ക്രെഡിറ്റ് ഗ്യാരന്റി

MSME, MSME - ഇതരക യറ്റുമതിക്കാർക്ക് ഒരുപോലെ പ്രയോജനം

ഇന്ത്യൻ കയറ്റുമതിക്കാരുടെ പണലഭ്യത, വിപണി വൈവിധ്യവൽക്കരണം, തൊഴിലവസരങ്ങൾ എന്നിവയെ പിന്തുണയ്ക്കുകയും ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും

प्रविष्टि तिथि: 12 NOV 2025 8:23PM by PIB Thiruvananthpuram

കയറ്റുമതിക്കാർക്കായുള്ള ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി (സി.ജി.എസ്.ഇ) അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതനുസരിച്ച്, എം.എസ്.എം.ഇ ഉൾപ്പെടെയുള്ള അർഹരായ കയറ്റുമതിക്കാർക്ക് 20,000 കോടി രൂപ വരെ അധിക വായ്പാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി, നാഷണൽ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റി കമ്പനി ലിമിറ്റഡ് (എൻ.സി.ജി.ടി.സി) മെമ്പർ ലെൻഡിങ് സ്ഥാപനങ്ങൾക്ക് (എം.എൽ.ഐ) 100% ക്രെഡിറ്റ് ഗ്യാരന്റി പരിരക്ഷ നൽകും.

നിർവ്വഹണ തന്ത്രവും ലക്ഷ്യങ്ങളും

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് (ഡി.എഫ്.എസ്) വഴിയാണ് നാഷണൽ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റി കമ്പനി ലിമിറ്റഡ് (എൻ.സി.ജി.ടി.സി) ഈ പദ്ധതി നടപ്പാക്കുക. എം.എസ്.എം.ഇ ഉൾപ്പെടെയുള്ള അർഹരായ കയറ്റുമതിക്കാർക്ക് എം.എൽ.ഐകൾ വഴി അധിക വായ്പാ പിന്തുണ നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഡി.എഫ്.എസ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ രൂപീകരിച്ച മാനേജ്‌മെന്റ് കമ്മിറ്റി പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുകയും നടത്തിപ്പിന് മേൽനോട്ടം വഹിക്കുകയും ചെയ്യും. 

പ്രധാന പ്രതിഫലനങ്ങൾ 

ഈ പദ്ധതി ഇന്ത്യൻ കയറ്റുമതിക്കാരുടെ ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കുമെന്നും, പുതിയതും വളർന്നു വരുന്നതുമായ വിപണികളിലേക്ക് വൈവിധ്യവൽക്കരണം സാധ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നു. സി.ജി.എസ്.ഇക്ക് കീഴിൽ ഈടില്ലാത്ത വായ്പാ ലഭ്യത ഉറപ്പാക്കുന്നതിലൂടെ, ഇത് പണലഭ്യത ശക്തിപ്പെടുത്തുകയും, സുഗമമായ ബിസിനസ്സ് പ്രവർത്തനങ്ങൾ ഉറപ്പാക്കുകയും, ഒരു ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്കുള്ള  ഇന്ത്യയുടെ മുന്നേറ്റത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. 'ആത്മനിർഭർ ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ ഇത് കൂടുതൽ ശക്തിപ്പെടുത്തും.

പശ്ചാത്തലം 

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണാണ് കയറ്റുമതി. 2024-25 സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) ഏകദേശം 21% വും കയറ്റുമതിയുടെ സംഭാവനയാണ്. ഇത് വിദേശനാണ്യ ശേഖരത്തിന് കാര്യമായ സംഭാവന നൽകുന്നു. കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും 45 ദശലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്നു, കൂടാതെ മൊത്തം കയറ്റുമതിയുടെ ഏകദേശം 45% എം.എസ്.എം.ഇകളാണ് സംഭാവന ചെയ്യുന്നത്. സുസ്ഥിരമായ കയറ്റുമതി വളർച്ച ഇന്ത്യയുടെ കറന്റ് അക്കൗണ്ട് ബാലൻസിനും സ്ഥൂല സാമ്പത്തിക സ്ഥിരതയ്ക്കും പിന്തുണ നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

കയറ്റുമതിക്കാർക്ക് അവരുടെ വിപണികൾ വൈവിധ്യവൽക്കരിക്കുന്നതിനും ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും വേണ്ടി മെച്ചപ്പെട്ട സാമ്പത്തിക സഹായവും മതിയായ സമയവും നൽകേണ്ടത് പ്രധാനമാണ്. അതിനാൽ, അധിക പണലഭ്യതാ പിന്തുണ നൽകുന്നതിന്   മുൻകൈയെടുത്തുള്ള ഗവണ്മെന്റ് ഇടപെടൽ ബിസിനസ് വളർച്ച ഉറപ്പാക്കുകയും വിപണികളുടെ വികസനം സാധ്യമാക്കുകയും ചെയ്യും.

****

NK


(रिलीज़ आईडी: 2197848) आगंतुक पटल : 23
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada