'ബാൻദിഷ് ബാൻഡിറ്റ്സ് സീസൺ 02'ന് 56-ാമത് IFFI യിലെ മികച്ച വെബ് സീരീസ് (ഒടിടി) കിരീടം
കലയും സംഗീതവും എല്ലാവരിലേക്കും എത്തിക്കുന്ന സീരിസിൻ്റെ കഥക്ക് ജൂറിയുടെ പ്രശംസ
ഇന്ത്യയുടെ അതിവേഗം വളരുന്ന ഒടിടി ആവാസവ്യവസ്ഥയിലെ പുതുമകളെ പരിപോഷിപ്പിക്കുന്ന IFFIയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ബഹുമതി
ഇന്ത്യയുടെ വളർന്നുവരുന്ന ഡിജിറ്റൽ കഥപറച്ചിൽ മേഖലയുടെ മഹത്തായ ആഘോഷത്തിൽ, ബാൻദിഷ് ബാൻഡിറ്റ്സ് സീസൺ 02, 2025 ലെ 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച വെബ് സീരീസ് (ഒടിടി) ആയി പ്രഖ്യാപിക്കപ്പെട്ടു. ആനന്ദ് തിവാരി സംവിധാനം ചെയ്ത് ലിയോ മീഡിയ കളക്ടീവ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച ഈ ഹിന്ദി പരമ്പര അമൃത്പാൽ സിംഗ് ബിന്ദ്രയും ആനന്ദ് തിവാരിയും ചേർന്ന് സൃഷ്ടിച്ചതാണ്. ആമസോൺ പ്രൈം വീഡിയോയിലാണ് ഇത് സ്ട്രീം ചെയ്തത്.

കലയും സംഗീതവും എല്ലാവരിലേക്കും എത്തിച്ചേരുന്ന തരത്തിലുള്ള കഥപറച്ചിലിനെ പ്രശംസിച്ചുകൊണ്ട് ശക്തമായ ഒരു ഷോർട്ട്‌ലിസ്റ്റിൽ നിന്ന് ജൂറി ഈ പരമ്പരയെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഇന്ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകനിൽ നിന്ന് ഈ ഷോയുടെ സ്രഷ്ടാക്കളായ അമൃത്പാൽ സിംഗ് ബിന്ദ്രയും ആനന്ദ് തിവാരിയും അവാർഡ് സ്വീകരിച്ചു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു ചടങ്ങിൽ സന്നിഹിതനായിരുന്നു.
രാജസ്ഥാനിലെ ജോധ്പൂരിലെ ഭാവാത്മകമായ ഭൂപ്രദേശങ്ങൾക്കും ശാന്തമായ ഷിംല കുന്നുകൾക്കും ഇടയിൽ കഥ പറയുന്ന ബാൻദിഷ് ബാൻഡിറ്റ്സ് സീസൺ 02 രാധേയുടേയും തമന്നയുടേയും യാത്രകളിലൂടെ പ്രണയം, അഭിലാഷം, പാരമ്പര്യം എന്നിവയെക്കുറിച്ചുള്ള പര്യവേക്ഷണം തുടരുന്നു. രാധെയുടെ കുടുംബം അവരുടെ പൂർവ്വിക ഭവനത്തിലെ വ്യക്തിപരവും സംഗീതപരവുമായ പ്രതിസന്ധികളുമായി മല്ലിടുമ്പോൾ, തമന്ന റോയൽ ഹിമാലയൻ മ്യൂസിക് സ്കൂളിൽ പുതിയൊരു ജീവിതം ആരംഭിക്കുകയും സ്വന്തം വഴി കണ്ടെത്തുകയും ചെയ്യുന്നു. ഇരുവരും ഒരു ദേശീയ ടെലിവിഷൻ മത്സരത്തിലേക്ക് എത്തുകയും അവിടെവെച്ച് പഴയ മുറിവുകൾ വീണ്ടും ഉയർന്നു വരികയും, അഭിലാഷങ്ങൾ കൂട്ടിമുട്ടുകയും, വിധികൾ തിരുത്തപ്പെടുകയും ചെയ്യുന്നതോടെ കഥ അതിൻ്റെ പാരമ്യത്തിലെത്തുന്നു.
റിത്വിക് ഭൗമിക്, ശ്രേയ ചൗധരി, രാജേഷ് തൈലാങ്, ഷീബ ചദ്ദ, ദിവ്യ ദത്ത, കുനാൽ റോയ് കപൂർ, അതുൽ കുൽക്കർണി, സൗരഭ് നയ്യാർ, ആലിയ ഖുറൈഷി, യശസ്വിനി ദയാമ, രോഹൻ ഗുർബക്സാനി എന്നിവരുൾപ്പെടെയുള്ള മികച്ച താരനിരയെ അവതരിപ്പിക്കുന്ന ഈ സീസൺ, വൈകാരിക ആഴവും സംഗീത വൈദഗ്ധ്യവും സമന്വയിപ്പിക്കുന്നു. ഇത് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സമകാലിക വെബ് സീരീസുകളിൽ ഒന്നായി ഇതിൻ്റെ സ്ഥാനം വീണ്ടും ഉറപ്പിക്കുന്നു.
ഫെസ്റ്റിവലിൽ നേരത്തെ, ജൂറി ചെയർപേഴ്‌സൺ ഭരത്ബാല, ജൂറി അംഗങ്ങളായ ശേഖർ ദാസ്, മുൻജാൽ ഷ്രോഫ്, രാജേശ്വരി സച്ച്ദേവ് എന്നിവർ ഒരു പത്രസമ്മേളനത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഡിജിറ്റൽ കഥപറച്ചിൽ മേഖലയുടെ വികസിക്കുന്ന ലോകത്തെക്കുറിച്ചും, ഒടിടി പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയുടെ സർഗ്ഗാത്മക സംസ്കാരത്തെ മാറ്റിമറിക്കുന്ന രീതികളെക്കുറിച്ചും അവർ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. സമകാലിക കഥപറച്ചിലിൻ്റെ മാറുന്ന വ്യാകരണത്തെക്കുറിച്ചും രാജ്യത്തുടനീളം ആധികാരികവും, വൈവിധ്യപൂർണ്ണവും, അതിരുകൾ ഭേദിക്കുന്നതുമായ ഉള്ളടക്കങ്ങളോടുള്ള പ്രേക്ഷകരുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെക്കുറിച്ചും അവരുടെ ഉൾക്കാഴ്ചകൾ ചർച്ച ചെയ്തു.
***
रिलीज़ आईडी:
2196118
| Visitor Counter:
3