ഐഎഫ്എഫ്ഐ ആരാധകർക്ക് ഭാവനാലോകം സമ്മാനിച്ച് 'പൊഖ്കിരാജെർ ദിം'
56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഏഴാം ദിനം ഗോവയില്‍ നടത്തിയ പ്രദര്‍ശനത്തില്‍ സൗകാര്യ ഘോഷാൽ സംവിധാനം ചെയ്ത ബംഗാളി ചിത്രം 'പൊഖ്കിരാജെർ ദിം' പ്രേക്ഷകരെ ഭാവനാലോകത്തേക്ക് നയിച്ചു. തുടർന്ന് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനിർബാൻ ഭട്ടാചാര്യയ്ക്കൊപ്പം സംവിധായകൻ വാര്‍ത്താസമ്മേളന ഹാളില്‍ മാധ്യമങ്ങളുമായി സംവദിക്കുകയും ചിത്രത്തിന് പിന്നിലെ സഹകരണാത്മക യാത്രയെക്കുറിച്ച് ഇരുവരും ഉൾക്കാഴ്ചകൾ പങ്കുവെയ്ക്കുകയും ചെയ്തു.
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ രണ്ടാം തവണ എത്തുന്നതിന്റെ സന്തോഷം പങ്കിട്ട് സംവാദത്തിന് തുടക്കം കുറിച്ച സൗകാര്യ ഘോഷാൽ ചിത്രവുമായുള്ള പ്രത്യേക വൈകാരിക ബന്ധം വിശദീകരിച്ചു. 'ആകാശ്ഗഞ്ച്' എന്ന സാങ്കല്പിക ഗ്രാമത്തെ പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയുടെ സംക്ഷിപ്ത വിവരണം അവതരിപ്പിച്ചതിനൊപ്പം കഥയിലെ വര്‍ണാഭമായ ചിത്രീകരണങ്ങളിലൂടെ പ്രേക്ഷകരെ കഥയുമായി ബന്ധിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. ഈ ഭാവനാത്മക സിനിമയില്‍ കേന്ദ്രകഥാപാത്രമായ ഘോടോൺ എന്ന ഗ്രാമീണ വിദ്യാർത്ഥി മനുഷ്യ വികാരങ്ങൾ വെളിപ്പെടുത്തുന്ന മാന്ത്രികക്കല്ല് കണ്ടെത്തുകയും ഇത് ബ്രിട്ടീഷ് പുരാവസ്തു ഗവേഷകരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നു. വിചിത്ര സ്വഭാവമുള്ള അധ്യാപകനായ ബതാബ്യാലിനും സുഹൃത്ത് പോപ്പിൻസിനുമൊപ്പം ഘോടോൺ ഈ മാന്ത്രികക്കല്ലിൻ്റെ ശക്തിയെ എങ്ങനെ സംരക്ഷിക്കുന്നുവെന്നാണ് സൗകാര്യ സിനിമയുടെ ക്ലൈമാക്സിലൂടെ അവതരിപ്പിക്കുന്നത്.

നടന്‍ അനിർബാൻ ഭട്ടാചാര്യയും ചർച്ചയിൽ പങ്കുചേർന്നു. സിനിമയില്‍ കഥാപാത്രത്തിന്റെ ഭാഗം പൂർത്തീകരിക്കുകയും സ്ക്രീനിലേക്ക് ആവശ്യമായത് ചെയ്തതിനുമുപരി ഈ സിനിമായാത്ര ഏറെ ആസ്വദിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 'കുട്ടികളുടെ സിനിമ' എന്നോ 'വിദ്യാർത്ഥികളുടെ സിനിമ' എന്നോ ഈ ചിത്രത്തെ തരംതിരിക്കുകയാണെങ്കില്‍ അത്തരമൊരു സിനിമയുടെ ഭാഗമാകുന്നത് ആദ്യമായാണെന്നും അത് വലിയ അവസരമാണെന്നും അദ്ദേഹം പറഞ്ഞു. സത്യജിത്ത്റേയുടെയും ലോകത്തെ നിരവധി മഹത് സംവിധായകരുടെയും സിനിമകൾ കണ്ടാണ് വളർന്നതെന്നും ആ സൃഷ്ടികളാണ് സിനിമയെക്കുറിച്ചുള്ള ധാരണ രൂപപ്പെടുത്തിയതെന്നും അനിര്‍ബാന്‍ ഭട്ടാചാര്യ പറഞ്ഞു. എങ്കിലും ഇത്തരമൊരു സിനിമയിയുടെ ഭാഗമാകുന്നത് ആദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ചിത്രത്തില്‍ നിര്‍മിതബുദ്ധിയും വിഷ്വല്‍ എഫക്ട്സും കാര്യമായി ഉപയോഗിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ച സൗകാര്യ, ഫോട്ടോഷോപ്പ്, ആഫ്റ്റർ എഫക്ട്‌സ്, മായ, മാക്സ് തുടങ്ങിയ പോസ്റ്റ്-പ്രൊഡക്ഷൻ സങ്കേതങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും വിഎഫ്എക്സ് ടീമുമായി ചേർന്ന് പ്രവർത്തിക്കാൻ ഇത് സഹായകമായെന്നും പറഞ്ഞു. ഇന്ത്യയിൽ സാങ്കേതിക വൈദഗ്ധ്യം ഏറെ ഉയര്‍ന്ന സാഹചര്യത്തില്‍ വിഎഫ്എക്സ് ഉള്‍പ്പെടുത്തി സിനിമ ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കലാപരമായ കാഴ്ചപ്പാട് വ്യക്തമായി കൈമാറ്റം ചെയ്യുക എന്നതാണ് പ്രധാനം. സാങ്കേതിക യുക്തി മനസ്സിലാക്കാന്‍ സംവിധായകന് സാധിച്ചാല്‍ കലാകാരന്മാർക്ക് അത് എളുപ്പം പ്രാവര്‍ത്തികമാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ഐഎഫ്എഫ്ഐയിലെ അനുഭവം ഊർജസ്വലവും ഉന്മേഷം പകരുന്നതുമായിരുന്നുവെന്ന് ചോദ്യോത്തരവേളയില്‍ പ്രതികരിക്കവെ നടൻ ഭട്ടാചാര്യ പറഞ്ഞു. രാവും പകലും സിനിമ കാണാനും ചർച്ച ചെയ്യാനും ആകാംക്ഷയോടെ മേളയിലെത്തുന്ന നിരവധി പേര്‍ക്കിടയില്‍ സമയം ചെലവിടുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആവേശംനിറഞ്ഞ ഈ ആശയ കൈമാറ്റമാണ് ഏതൊരു ഉത്സവത്തിൻ്റെയും യഥാർത്ഥ സന്തോഷമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളം നിരവധി ചലച്ചിത്രോത്സവങ്ങൾ ഉയർന്നു വരുന്നത് ഹൃദയസ്‌പർശിയായ കാര്യമാണ്. കൂടുതൽ പേര്‍ സിനിമയെക്കുറിച്ച് ചിന്തിക്കുകയും അതിൽ പങ്കാളികളാകുകയും ചെയ്യുന്നു. ഇത്തരമൊരു അന്തരീക്ഷത്തിൻ്റെ ഭാഗമാകാനായതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.
SKY
*****
Release ID:
2195237
| Visitor Counter:
3