iffi banner

ശരീരത്തിൽ അന്തർലീനമായ ഭാഷയുടെ കണ്ടെത്തൽ: ഭാവ യാത്രയിൽ IFFI-യെ ആകർഷിച്ച് വിനയ് കുമാർ


പൗരാണിക ജ്ഞാനം ആധുനിക യാഥാർത്ഥ്യങ്ങളെ കണ്ടുമുട്ടുന്ന ഒരു മാസ്റ്റർ ക്ലാസ്

പ്രേക്ഷകരെ അനുഭവ തലത്തിലേക്ക് ആകർഷിച്ച് വ്യായാമങ്ങളും പ്രകടനങ്ങളും

ആദിശക്തിയിലെ നാടകാചാര്യൻ വിനയ് കുമാർ കെ ജെ നയിച്ച 'ശ്വാസവും ഭാവവും: പ്രകടനങ്ങളെക്കുറിച്ചുള്ള ഒരു മാസ്റ്റർ ക്ലാസ്', ഈ വർഷം IFFI-യിലെ ഏറ്റവും ബൗദ്ധികമായി ഉത്തേജിപ്പിക്കുന്നതും ആഴത്തിലുള്ളതുമായ സെഷനുകളിൽ ഒന്നായിത്തീർന്നു. അന്തരിച്ച നാടക ഗുരു വീണാപാനി ചൗളയുടെ ശിഷ്യനും ആദിശക്തി ലബോറട്ടറി ഫോർ തിയേറ്റർ ആർട്സ് റിസർച്ചിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ വിനയ്, കരുത്ത്, പാരമ്പര്യം, മൂർത്തമായ ജ്ഞാനം എന്നിവയുടെ ഒരു പ്രത്യേകമായ സംയോജനം വേദിയിലേക്ക് എത്തിച്ചു.

സെഷൻ ആരംഭിക്കുന്നതിന് മുമ്പ്, വാർത്താ വിതരണ പ്രക്ഷേപണ
മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത്, പ്രഭാഷകനെ ആദരിച്ചു. തുടർന്നായിരുന്നു വേദിയുടെയും പ്രേക്ഷകരുടെയും അതിരുകൾക്കപ്പുറത്തേക്ക് നീങ്ങിയ മാസ്റ്റർ ക്ലാസ്. വിനയ് ഇടയ്ക്കിടെ വേദിയിൽ നിന്ന് ഇറങ്ങിപ്പോകുകയും പ്രേക്ഷകരുമായി നേരിട്ട് ഇടപഴകുകയും ചോദ്യങ്ങൾ ചോദിക്കുകയും ശ്രദ്ധയോടെ കേൾക്കുകയും ചെയ്തുകൊണ്ട്, പരസ്പരം പങ്കുവെക്കുന്ന സചേതന ഇടമാക്കി അദ്ദേഹം ഹാളിനെ മാറ്റി.

ഭാവം എന്ന ആശയത്തെക്കുറിച്ച് തന്നെ പുനർവിചിന്തനം നടത്താൻ പ്രേക്ഷകരെ പ്രേരിപ്പിച്ചുകൊണ്ട് വിനയ് സെഷൻ ആരംഭിച്ചു. ആളുകൾ പലപ്പോഴും ഒരേ മേൽക്കൂരയ്ക്കു താഴെ ജീവിക്കാറുണ്ടെങ്കിലും പരസ്പരം വൈകാരിക ലോകങ്ങളെക്കുറിച്ച് അജ്ഞരായി തുടരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച്  സമയം, സന്ദർഭം, സാംസ്കാരിക അവസ്ഥ എന്നിവയ്ക്കൊപ്പം മനോവികാരം പരിണമിക്കുന്നതിനാൽ  പതിറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ടായ വികാരം ഇന്ന് പ്രസക്തമല്ലായിരിക്കാം.

പിന്നീട്  വികാരങ്ങൾ അനുഭവിക്കുന്നതിലും പ്രകടിപ്പിക്കുന്നതിലും ശരീരത്തിന്റെ പങ്കിലേക്ക് വിഷയം മാറ്റിയ അദ്ദേഹം, നമ്മുടെ ശാരീരിക ചലനങ്ങളൊന്നും പൂർണ്ണമായും അവബോധത്തോടെയല്ലെന്ന് അഭിപ്രായപ്പെട്ടു. സാമൂഹിക ഇടങ്ങൾ മുതൽ പൊതു ചുറ്റുപാടുകൾ വരെ, നമ്മുടെ ആംഗ്യങ്ങൾ പഠിച്ച പെരുമാറ്റങ്ങളാൽ രൂപപ്പെടുന്നു. അതിനാൽ, വികാരം ആന്തരികമായി മാത്രമല്ല, ബാഹ്യമായും, പലപ്പോഴും ബോധപൂർവമല്ലാതെയും അനുഭവപ്പെടുന്നു.

മാസ്റ്റർ ക്ലാസിലെ ഏറ്റവും ശ്രദ്ധേയമായ വിഭാഗങ്ങളിലൊന്നിൽ, തലച്ചോറല്ല, ശ്വാസമാണ് മനുഷ്യ മെക്കാനിക്സിന്റെ പ്രാഥമിക നിയന്ത്രകൻ എന്ന് വിനയ് വാദിച്ചു. ഓരോ ശ്വാസവും സമ്മർദ്ദം സൃഷ്ടിക്കുന്നു; സമ്മർദ്ദത്തിലെ ഓരോ മാറ്റവും ആരോഗ്യത്തെയും പരിവർത്തനം ചെയ്യുന്നു. ഈ ഭൗതിക തലം, നമ്മൾ വികാരം എന്ന് വിളിക്കുന്നതിന്റെ അടിസ്ഥാനമായി മാറുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. 72 bpm എന്ന ഹൃദയമിടിപ്പ് സന്തുലിതാവസ്ഥയെ സൂചിപ്പിക്കാം, അതേസമയം താഴ്ന്നതോ ഉയർന്നതോ ആയ ശ്രേണികൾ വിഷാദം, ഭയം അല്ലെങ്കിൽ അസ്വസ്ഥത എന്നിവയെ പ്രതിഫലിപ്പിക്കുന്നു. ഈ ഫ്രെയിമിംഗിൽ വികാരം ഒരു മനഃശാസ്ത്രപരമായ വ്യാഖ്യാനമായി മാറുന്നതിന് മുമ്പ് ഒരു ശാരീരിക പ്രതികരണമായി മാറുന്നു.

വിനയ് ഈ ആശയങ്ങളെ പുരാതന ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങളുമായി ബന്ധിപ്പിച്ചു, പ്രത്യേകിച്ച് ആയുർവേദത്തിലെ ആദ്യകാല വൈദ്യന്മാർ വികാരങ്ങളെ പഠിച്ചത് ശരീരത്തിന്റെ രക്തചംക്രമണത്തിലൂടെയും ആന്തരിക താളത്തിലൂടെയുമാണെന്ന് പ്രേക്ഷകരെ ഓർമ്മിപ്പിച്ചു. എന്നിരുന്നാലും, ഇന്ന് വ്യക്തികൾ മനുഷ്യശരീരം സ്വാഭാവികമായി വഹിക്കാൻ രൂപകൽപ്പന ചെയ്തിട്ടില്ലാത്ത ഒരു ഭാരത്തോടെ അഭൂതപൂർവമായ വൈകാരിക സങ്കീർണ്ണതയിലാണ് ജീവിക്കുന്നത്.

ഈ അടിത്തറ കെട്ടിപ്പടുത്തുകൊണ്ട്, വിനയ് പ്രേക്ഷകരെ നവരസത്തിലേക്ക് നയിച്ചു, ഓരോ രസത്തിനുമുള്ള വ്യത്യസ്തമായ ശാരീരിക പ്രതികരണം, ശ്വസനരീതി, പേശീകളുടെ സ്വഭാവം എന്നിവ അദ്ദേഹം വിശകലനം ചെയ്തു.  ശ്രോതാവിന്റെ തലയാട്ടൽ, പ്രസം​ഗകൻ്റെ
കൈ ആംഗ്യങ്ങൾ, വൈകാരിക ആശയവിനിമയത്തെ നയിക്കുന്ന ശ്വസന സൂചനകൾ തുടങ്ങി നമ്മൾ പലപ്പോഴും അവഗണിക്കുന്ന സൂക്ഷ്മമായ താളങ്ങളെക്കുറിച്ചും വിനയ് ചർച്ച ചെയ്തു.

പ്രകടനങ്ങളിലൂടെയും, വ്യായാമങ്ങളിലൂടെയും, തുടർച്ചയായ ഇടപെടലുകളിലൂടെയും, വിനയ് കുമാർ ബൗദ്ധികമായി സമ്പന്നവും അനുഭവം കൊണ്ട് പ്രായോഗികവുമായ ഒരു മാസ്റ്റർക്ലാസ് നടത്തി. ശ്വസനം, ശരീരം, ഭാവം എന്നിവ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ആഴത്തിലുള്ള ധാരണയോടെയാണ് ക്ലാസിൽ പങ്കെടുത്തവർ മടങ്ങിയത്. കലാപ്രകടനം നടത്തുന്നവർക്ക് മാത്രമല്ല, മനുഷ്യാവസ്ഥയെക്കുറിച്ച് കൂടുതൽ പൂർണ്ണമായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അത്യാവശ്യമായ ഒരു അറിവാണ് ക്ലാസിൽ പങ്കുവെച്ചത്.

***

AT


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2195183   |   Visitor Counter: 4