ജീവിതവും VFX-ഉം ഒരേ സിനിമാറ്റിക് നാണയത്തിൻ്റെ രണ്ട് വശങ്ങൾ: IFFI 2025-ൽ പീറ്റ് ഡ്രെപ്പർ മാജിക് വെളിപ്പെടുത്തുന്നു
മികച്ച VFX യാഥാർത്ഥ്യത്തിന് പകരമാവുകയല്ല മറിച്ച് അതിനെ മെച്ചപ്പെടുത്തുകയാണ്: പീറ്റ് ഡ്രെപ്പർ
ജീവിതവും VFX-ഉം വെറും പങ്കാളികളല്ല ,അവ പ്രപഞ്ചത്തിലെ സഹകാരികളാണ്. ഒന്ന് യാഥാർത്ഥ്യത്തെ രൂപപ്പെടുത്തുമ്പോൾ മറ്റൊന്ന് അതിനെ വളച്ചൊടിക്കുന്നു. എന്നാൽ അവ ഒരുമിച്ച് ഭാവനയെ വിശാലമായ സ്ക്രീനിലെ വിസ്മയമാക്കുന്നു. IFFI 2025-ൽ ഇന്ന് , ഈ രണ്ട് ലോകങ്ങൾക്കിടയിൽ അനായാസം നൃത്തമാടുന്ന VFX മാന്ത്രികനായ പീറ്റ് ഡ്രെപ്പർ, "ദി കംപ്ലീറ്റ് VFX പ്രൊഡക്ഷൻ മാഗ്നാനിമിറ്റി" എന്ന വിഷയത്തിൽ നടത്തിയ ആവേശകരമായ മാസ്റ്റർ ക്ലാസ്സിലൂടെ മേളയെ പ്രകാശപൂരിതമാക്കി.

25 വർഷത്തിലേറെ നീണ്ട കരിയറും ബാഹുബലി, RRR, ഈച്ച തുടങ്ങിയ ഹിറ്റുകളും സ്വന്തമായുള്ള ഡ്രെപ്പർ, പ്രീ-പ്രൊഡക്ഷൻ പ്ലാനിംഗ് മുതൽ പോസ്റ്റ്-പ്രൊഡക്ഷൻ മിനുക്കുപണികൾ വരെയുള്ള ബ്ലോക്ക്ബസ്റ്റർ വിഷ്വൽ എഫക്റ്റുകളുടെ കലയേയും കരവിരുതിനേയും കുറിച്ച് ആഴത്തിലുള്ള വിശദീകരണം നല്കി. ഭാവനയെ അമ്പരപ്പിക്കുന്ന യാഥാർത്ഥ്യമാക്കി മാറ്റുന്നതിന് പിന്നിലെ രഹസ്യങ്ങൾ കേൾക്കാൻ ചലച്ചിത്ര പ്രവർത്തകരും, വിഎഫ്എക്സ് ആർട്ടിസ്റ്റുകളും, സിനിമാ പ്രേമികളും തടിച്ചുകൂടി.

"മികച്ച VFX യാഥാർത്ഥ്യത്തിന് പകരമാവുകയല്ല മറിച്ച് അതിനെ മെച്ചപ്പെടുത്തുകയാണ്. ഓരോ വേഷവിധാനവും, ക്യാമറ ആംഗിളും, പ്രോപ്പും, ഫ്രെയിമും പ്രധാനമാണ്. പോസ്റ്റ്-പ്രൊഡക്ഷനുവേണ്ടി തീരുമാനങ്ങൾ മാറ്റിവെക്കുന്നത് ആശയക്കുഴപ്പങ്ങൾക്കും, ചെലവ് വർദ്ധനവിനും, അനന്തമായ ആവർത്തനങ്ങൾക്കും വഴിവെക്കും," ഡ്രെപ്പർ പറഞ്ഞു.
സിനിമാ മാജിക്കിന് ഊർജ്ജം പകരുന്ന സൂക്ഷ്മമായ ആസൂത്രണത്തെ അദ്ദേഹം പ്രദർശിപ്പിച്ചു. സ്ക്രിപ്റ്റുകൾ രംഗം തോറും വേർതിരിക്കുന്നത്, ലെൻസിംഗും ക്യാമറ ചലനങ്ങളും മുൻകൂട്ടി ദൃശ്യവൽക്കരിക്കുന്നത്, പ്രോപ്പുകളും ഡിജിറ്റൽ ഡബിളുകളും മില്ലിമീറ്റർ കൃത്യതയോടെ സ്കാൻ ചെയ്യുന്നത്, പരമാവധി സ്വാധീനത്തിനായി ഷോട്ടുകൾ അടുക്കുകളായി കോറിയോഗ്രാഫ് ചെയ്യുന്നത്, തീ, ജനക്കൂട്ടം എന്നിവയെ തത്സമയം നിയന്ത്രിക്കുന്നത് എന്നിവയെല്ലാം അദ്ദേഹം എടുത്തുപറഞ്ഞു. ഒരു വെള്ളച്ചാട്ട സീക്വൻസിൽ സ്ഥലത്തു വെച്ച് തന്നെ പ്രശ്നപരിഹാരം കണ്ടെത്തിയതിനെക്കുറിച്ച് ഡ്രെപ്പർ ഓർമ്മിച്ചു. അവിടെ പ്രധാന ഭാഗങ്ങൾ തടയുകയും പരീക്ഷിക്കുകയും നിമിഷങ്ങൾക്കകം ലോക്ക് ചെയ്യുകയും ചെയ്തതിലൂടെ മാസങ്ങളോളം വേണ്ടിയിരുന്ന പോസ്റ്റ്-പ്രൊഡക്ഷൻ സമയം ലഘൂകരിക്കാൻ കഴിഞ്ഞു.
സഹകരണമാണ് യഥാർത്ഥ സൂപ്പർ പവർ. സംവിധായകർ, ഛായാഗ്രാഹകർ, VFX ടീം എന്നിവർ തമ്മിലുള്ള കൃത്യമായ ഏകോപനം ഓരോ ഷോട്ടും കലാപരമായ കാഴ്ചപ്പാടുമായി യോജിച്ച് പോകുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ലെൻസ് മെറ്റാഡാറ്റ ലോഗ് ചെയ്യുകയോ വെറുതെ കിടക്കുന്ന കേബിളുകൾ നീക്കം ചെയ്യുകയോ ചെയ്യുന്നതുപോലുള്ള ചെറിയ വിശദാംശങ്ങൾ പോലും പോസ്റ്റ്-പ്രൊഡക്ഷനിലെ ദിവസങ്ങളുടെ തലവേദന ഒഴിവാക്കാൻ സഹായിക്കുമെന്ന് ഡ്രെപ്പർ ഊന്നിപ്പറഞ്ഞു.
സ്റ്റോറിബോർഡുകൾ മുതൽ ആവർത്തിച്ചുള്ള ആശയപരമായ പ്രവർത്തനങ്ങൾ, ക്രൗഡ് സിമുലേഷനുകൾ, തടസ്സമില്ലാത്ത ഡിജിറ്റൽ വിപുലീകരണങ്ങൾ വരെ വിഎഫ്എക്സ് എന്നത് പ്ലാനിംഗ്, തന്ത്രം, ടീം വർക്ക് എന്നിവയെ ആശ്രയിച്ചിരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് പിക്സലുകളും എന്ന് ഡ്രെപ്പർ തെളിയിച്ചു.
തൻ്റെ സെഷൻ ഉപസംഹരിച്ചുകൊണ്ട് ഡ്രെപ്പർ പങ്കെടുത്തവരെ ഓർമ്മിപ്പിച്ചു, "ബുദ്ധിപൂർവ്വം ആസൂത്രണം ചെയ്യുക, എല്ലാം രേഖപ്പെടുത്തുക, നിങ്ങളുടെ സിനിമ അതിനെ ആശ്രയിച്ചിരിക്കുന്നതുപോലെ സഹകരിക്കുക - കാരണം അത് സത്യമാണ്. VFX മാന്ത്രികമാണ്, പക്ഷേ നിങ്ങൾ അത് ശ്രദ്ധയോടെ സംഘടിപ്പിക്കുകയാണെങ്കിൽ മാത്രം."
*****
Release ID:
2195161
| Visitor Counter:
3