രാഷ്ട്രപതിയുടെ കാര്യാലയം
സംവിധാന്‍ സദനില്‍ ഭരണഘടനാ ദിനാഘോഷത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തു
Posted On:
26 NOV 2025 1:44PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ഇന്ന് (നവംബര്‍ 26, 2025) ന്യൂഡല്‍ഹിയിലെ സംവിധാന്‍ സദനിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ഭരണഘടനാ ദിനാഘോഷത്തില്‍ പങ്കെടുത്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി, ബാബാ സാഹേബ് ഡോ. ഭീംറാവു അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികമായ 2015-ല്‍, എല്ലാ വര്‍ഷവും നവംബര്‍ 26 ഭരണഘടനാ ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചതായി പറഞ്ഞു. ആ തീരുമാനം പൂര്‍ണമായും അര്‍ത്ഥവത്താണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ദിവസം, രാഷ്ട്രമാകെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയായ നമ്മുടെ ഭരണഘടനയോടും അതിന്റെ നിര്‍മ്മാതാക്കളോടും ഉള്ള ആദരം അര്‍പ്പിക്കുന്നു. 'നാം, ഇന്ത്യയിലെ ജനങ്ങള്‍,' നമ്മുടെ ഭരണഘടനയോടുള്ള വ്യക്തിപരമായും കൂട്ടായുമുള്ള വിശ്വാസം പ്രകടിപ്പിക്കുന്നു. നിരവധി പരിപാടികളിലൂടെ, പൗരന്മാര്‍, പ്രത്യേകിച്ച് യുവാക്കള്‍, ഭരണഘടനാ ആദര്‍ശങ്ങളെക്കുറിച്ച് ബോധവാന്മാരാകുന്നു. ഭരണഘടനാ ദിനാഘോഷമെന്ന പരിപാടി ആരംഭിക്കാനും തുടരുവാനുമുള്ള ശ്രമങ്ങള്‍ വാക്കുകള്‍ക്കതീതമായി അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.

പാര്‍ലമെന്ററി സംവിധാനം സ്വീകരിക്കുന്നതിന് അനുകൂലമായി ഭരണഘടനാ അസംബ്ലിയിലുണ്ടായ ശക്തമായ വാദങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ പൊതുജനാഭിലാഷങ്ങള്‍ പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റ്, ഇന്ന് ലോകമെമ്പാടുമുള്ള നിരവധി ജനാധിപത്യ രാജ്യങ്ങള്‍ക്ക് മാതൃകയായി വര്‍ത്തിക്കുന്നു.

സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി; സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നമ്മുടെ ഭരണഘടനയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ഈ എല്ലാ തലങ്ങളിലും, ഭരണഘടനാ നിര്‍മ്മാതാക്കളുടെ ദര്‍ശനങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയതില്‍ അവര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. നമ്മുടെ പാര്‍ലമെന്ററി സംവിധാനത്തിന്റെ വിജയത്തിന്റെ മൂര്‍ത്തമായ തെളിവാണ്, ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി അതിവേഗം മുന്നേറുന്നതെന്ന് അവര്‍ പറഞ്ഞു. ഏകദേശം 250 ദശലക്ഷം പേരെ ദാരിദ്ര്യ മുക്തരാക്കിക്കൊണ്ട് സാമ്പത്തിക നീതിയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് ഇന്ത്യ കൈവരിച്ചതായി രാഷ്ട്രപതി പറഞ്ഞു.

നമ്മുടെ ഭരണഘടന നമ്മുടെ ദേശീയ അഭിമാനത്തിന്റെ രേഖയാണെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ ദേശീയ സ്വത്വത്തിന്റെ ലിഖിതമാണിത്. കൊളോണിയല്‍ മനോഭാവം ഉപേക്ഷിച്ച് ദേശീയ മനോഭാവത്തോടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശ ഗ്രന്ഥമാണിത്. ഈ മനോഭാവത്തോടെയും സാമൂഹികവും സാങ്കേതികവുമായ സംഭവവികാസങ്ങള്‍ മനസില്‍ക്കണ്ടും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ശിക്ഷയെക്കാള്‍ നീതിയുടെ മനോഭാവത്തെ അടിസ്ഥാനമാക്കിയുള്ള ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ പ്രാബല്യത്തിലാക്കി .

പൊതു വികാരത്തെ പ്രതിഫലിപ്പിക്കുന്ന നമ്മുടെ പാര്‍ലമെന്ററി സംവിധാനം വിവിധ മാനങ്ങളില്‍ കൂടുതല്‍ ശക്തമായിത്തീര്‍ന്നിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കുന്നതിലൂടെ പൊതു ബോധത്തിലുള്ള നമ്മുടെ ഭരണഘടനയുടെ വിശ്വാസത്തിന്റെ വിജയം മറ്റ് പല രാജ്യങ്ങളിലും പ്രശംസിക്കപ്പെടുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, സ്ത്രീകളുടെ വര്‍ദ്ധിച്ച വോട്ടിംഗ് ശതമാനം നമ്മുടെ ജനാധിപത്യ ബോധത്തിന് പ്രത്യേക സാമൂഹിക ആവിഷ്‌കാരം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ നമ്മുടെ ജനാധിപത്യ സംവിധാനത്തെ സ്ത്രീകള്‍, യുവാക്കള്‍, ദരിദ്രര്‍, കര്‍ഷകര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍, മധ്യവര്‍ഗം, നവ-മധ്യവര്‍ഗം എന്നിവര്‍ ശക്തിപ്പെടുത്തുന്നു.

ഭരണഘടനാ ആദര്‍ശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന- എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിനുള്ള- ദര്‍ശനം നമ്മുടെ ഭരണ സംവിധാനത്തിന് ദിശാബോധം നല്‍കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാര്‍ഗ നിര്‍ദ്ദേശക തത്വങ്ങള്‍ നമ്മുടെ ഭരണ സംവിധാനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു. ഈ ഭരണഘടന നടപ്പിലാക്കുന്നവരെ ആശ്രയിച്ചാണ് നാം നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കുകയും നിലനിര്‍ത്തുകയും അത് സാധാരണക്കാര്‍ക്ക് ഉപയോഗപ്രദമാവുകയും ചെയ്യുന്നതെന്ന് ഭരണഘടനാ അസംബ്ലിയുടെ ചെയര്‍മാന്‍ ഡോ. രാജേന്ദ്ര പ്രസാദ് പ്രസ്താവിച്ചിട്ടുണ്ട്. ഡോ. രാജേന്ദ്ര പ്രസാദ് വിഭാവനം ചെയ്തതുപോലെ, നമ്മുടെ പാര്‍ലമെന്റ് ദേശീയ താല്‍പ്പര്യത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് നിരന്തര ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും രാഷ്ട്രപതി സന്തോഷപൂര്‍വ്വം പറഞ്ഞു.
ഭരണഘടനാ സംവിധാനത്തിനനുസരിച്ച് മുന്നോട്ട് പോകുന്നതിലൂടെ, നമ്മുടെ രാജ്യത്തിന്റെ ഉദ്യോഗസ്ഥ സംവിധാനം, നിയമനിര്‍വഹണ സംവിധാനം, നീതിന്യായ വ്യവസ്ഥ എന്നിവ രാജ്യത്തിന്റെ വികസനം ശക്തിപ്പെടുത്തുകയും പൗരന്മാരുടെ ജീവിതത്തിന് സ്ഥിരതയും പിന്തുണയും നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുക മാത്രമല്ല, ആഴത്തിലുള്ള രാഷ്ട്രീയ ചിന്തയുടെ ആരോഗ്യകരമായ ഒരു പൈതൃകം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ജനാധിപത്യ രാജ്യങ്ങളുടെയും ഭരണഘടനകളുടെയും താരതമ്യ പഠനങ്ങള്‍ നടക്കുന്ന വരും കാലഘട്ടങ്ങളില്‍, ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയും സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തും.
നമ്മുടെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും മഹത്തായ പാരമ്പര്യത്തിന്റെ വാഹകരും, സ്രഷ്ടാക്കളും, സാക്ഷികളുമാണ് പാര്‍ലമെന്റ് അംഗങ്ങള്‍ എന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ പാര്‍ലമെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള ലക്ഷ്യം നിശ്ചയമായും പൂര്‍ത്തീകരിക്കപ്പെടുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗം ഇംഗ്ലീഷിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
(Release ID: 2194710)
Visitor Counter : 12