സിനിമ പരിസ്ഥിതി സൗഹൃദപരമായി ചിന്തിക്കുമ്പോൾ: നിർമ്മാണ വൈദഗ്ധ്യം, സംസ്കാരം, കാലാവസ്ഥ എന്നിവയെക്കുറിച്ച് നാല് രാജ്യങ്ങളുടെ വിചിന്തനം
സുസ്ഥിരത കഥകളെയും പശ്ചാത്തലങ്ങളെയും സൃഷ്ടിപരമായ തിരഞ്ഞെടുപ്പുകളെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് ചലച്ചിത്ര പ്രവർത്തകർ പരിശോധിക്കുന്നു
ഉത്തരവാദിത്തമുള്ള ചലച്ചിത്ര നിർമ്മാണത്തിന്റെ സംസ്കാരം, മനസ്സാക്ഷി, ഭാവി എന്നിവയെക്കുറിച്ച് പാനൽ ചർച്ച വിശദപരിശോധന നടത്തുന്നു
56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) നടന്ന "റീൽ ഗ്രീൻ: സുസ്ഥിരതയും കഥപറച്ചിലും നാല് ചലച്ചിത്ര മേഖലകളിൽ" എന്ന പാനൽ ചർച്ച, സുസ്ഥിരമായ സിനിമയെക്കുറിച്ചുള്ള ആഗോള കാഴ്ചപ്പാടുകളുടെ അപൂർവ സംഗമത്തിനായി ഇന്ത്യ, ജപ്പാൻ, സ്പെയിൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരെയും നിർമ്മാതാക്കളെയും ഒരുപ്പിച്ച് കൊണ്ടുവന്നു. അന്താരാഷ്ട്രതലത്തിൽ പ്രശസ്തനായ പത്രപ്രവർത്തകനും ചലച്ചിത്ര നിരൂപകനുമായ നമൻ രാമചന്ദ്രൻ മോഡറേറ്ററായ ചർച്ചയിൽ പാരിസ്ഥിതിക ഉത്തരവാദിത്തം എങ്ങനെയാണ് നിർമ്മാണ രീതികളെ മാത്രമല്ല, ആഖ്യാനങ്ങളെ രൂപപ്പെടുത്തുന്നതെന്നും നിർമ്മാണ വൈദഗ്ധ്യം, സംസ്കാരം, മനസ്സാക്ഷി എന്നിവയെ ഇത് എങ്ങനെ ബന്ധിപ്പിക്കുന്നുവെന്നും സെഷൻ പരിശോധിച്ചു.
ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ നില മാധബ് പാണ്ഡ സിനിമയുടെ പാരിസ്ഥിതിക ചുവടുവെപ്പുകളെക്കുറിച്ചുള്ള തുറന്ന അഭിപ്രായത്തോടെ ചർച്ചയ്ക്ക് തുടക്കമിട്ടു. ചലച്ചിത്ര നിർമ്മാണത്തിന്റെ കാർബൺ സ്വാധീനം ഗണ്യമാണെന്നും ചെറിയ സിനിമകൾക്ക് പരിസ്ഥിതി സൗഹൃദ രീതികൾ നടപ്പിലാക്കാൻ കൂടുതൽ വഴക്കമുണ്ടെന്നും അദ്ദേഹം പ്രേക്ഷകരെ ഓർമ്മിപ്പിച്ചു. "സിനിമ ഒരു ബഹുജന മാധ്യമമാണ്. നമുക്ക് ഒരൊറ്റ ഗ്രഹം മാത്രമേയുള്ളൂ. നമ്മുടെ ഊർജ്ജ വിഭവങ്ങളുടെ പകുതി ഇതിനകം ഉപയോഗിച്ചു കഴിഞ്ഞു," അദ്ദേഹം പറഞ്ഞു, സാധ്യമായ എല്ലായിടത്തും സുസ്ഥിരമായ നടപടികൾ സ്വീകരിക്കണമെന്ന് സിനിമാ മേഖലയോട് അഭ്യർത്ഥിച്ചു.

നില മാധബ് പാണ്ഡയുടെ അഭിപ്രായത്തിന് വിരുദ്ധമായി, ജാപ്പനീസ് ചലച്ചിത്ര നിർമ്മാതാവായ മിന മൊട്ടേകി, കുറഞ്ഞ ബജറ്റിലുള്ള നിർമ്മാണങ്ങളിൽ പരിസ്ഥിതി സൗഹൃദ രീതികൾ നടപ്പിലാക്കുന്നതിലെ വെല്ലുവിളികൾ എടുത്തുകാണിച്ചു. വലിയ പ്രോജക്റ്റുകൾക്ക് നവീകരണത്തിന് ഇടം നൽകുമ്പോൾ ചെറിയ പ്രോജക്റ്റുകൾ പലപ്പോഴും ഊർജ്ജ ഉപയോഗം, സെറ്റ് മാനേജ്‌മെൻ്റ്, ലോജിസ്റ്റിക്സ് എന്നിവയിൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. "സാധ്യമായ എല്ലായിടത്തും ഞങ്ങൾ ഊർജ്ജം ലാഭിക്കാൻ ശ്രമിക്കുന്നു," ജാപ്പനീസ് ചലച്ചിത്ര നിർമ്മാണ സംസ്കാരത്തിലെ ക്രമാനുഗതമായ മാറ്റം സൂചിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു.
സ്പാനിഷ് ചലച്ചിത്ര നിർമ്മാതാവായ അന്ന സൗറ ഈ ആശങ്കകൾ ആവർത്തിച്ചു, സുസ്ഥിരത ഒരു സർഗ്ഗാത്മക ഉത്തരവാദിത്തമാണെന്ന് കൂട്ടിച്ചേർത്തു. വിതരണം മുതൽ ഓൺ-സെറ്റ് മാനേജ്‌മെൻ്റ് വരെയുള്ള ബോധപൂർവമായ തിരഞ്ഞെടുപ്പുകൾക്ക് കഥപറച്ചിൽ നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ പാരിസ്ഥിതിക ആഘാതം കുറയ്ക്കാൻ കഴിയുമെന്ന് അവർ ഊന്നിപ്പറഞ്ഞു. "നമ്മൾ എടുക്കുന്ന ഓരോ ചുവടും പ്രധാനമാണ്, ചെറിയ, ചിന്തനീയമായ പ്രവർത്തനങ്ങൾ പോലും ഹരിത ഭാവിയിലേക്ക് സംഭാവന നൽകുന്നു" - അവർ പറഞ്ഞു,
ഓസ്‌ട്രേലിയൻ ചലച്ചിത്രകാരനായ ഗാർത്ത് ഡേവിസ് ചർച്ചയ്ക്ക് ഒരു ആഖ്യാനപരമായ മാനം നൽകി. കഥകൾക്ക് എങ്ങനെ പാരിസ്ഥിതിക അവബോധത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. "സിനിമകൾ ആളുകളെ പ്രകൃതിയിലേക്ക് തിരികെ ബന്ധിപ്പിക്കുന്നു," അദ്ദേഹം പറഞ്ഞു. "യുവതലമുറ മാറ്റം ആഗ്രഹിക്കുന്നു, കഥപറച്ചിലിന് പെരുമാറ്റത്തെയും മൂല്യങ്ങളെയും രൂപപ്പെടുത്താനുള്ള ശക്തിയുണ്ട്."

ആഗോള രീതികളും പ്രാദേശിക സാഹചര്യങ്ങളിൽ അവയുടെ സാധ്യമായ പൊരുത്തപ്പെടുത്തലുകളും ചർച്ചയിൽ പരിശോധിച്ചു. ഓസ്‌ട്രേലിയൻ പ്രൊഡക്ഷനുകൾ ആളുകളെയും സംസ്കാരത്തെയും പരിസ്ഥിതിയെയും ബഹുമാനിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഗാർത്ത് വിവരിച്ചു. ചിത്രീകരണം പൂർത്തിയാകുമ്പോൾ, ലൊക്കേഷനുകൾ അതേപടി നിലനിർത്തുകയോ അല്ലെങ്കിൽ മെച്ചപ്പെടുത്തുകയോ ചെയ്യുന്നു. പൊതുഗതാഗതം, പ്രാദേശിക നിയമനം മുതൽ ശ്രദ്ധാപൂർവ്വമായ വിഭവ മാനേജ്‌മെന്റ് വരെയുള്ള ജപ്പാനിലെ പരമ്പരാഗതവും ആധുനികവുമായ രീതികളുടെ മിശ്രിതത്തെക്കുറിച്ച് മിന മൊട്ടേകി സംസാരിച്ചു. സ്‌പെയിനിലെ ഗ്രീൻ ഫിലിം സർട്ടിഫിക്കേഷൻ സംവിധാനം അന്ന സൗറ എടുത്തുപറഞ്ഞു. ഇത് ചലച്ചിത്ര നിർമ്മാണങ്ങളുടെ സുസ്ഥിരത വിലയിരുത്തുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. കാറ്ററിംഗ്, ഉപകരണങ്ങൾ, ലോജിസ്റ്റിക്സ് എന്നിവയിൽ പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കാൻ ടീമുകളെ ഇത് നയിക്കുന്നു.
യുവതലമുറയുടെ സുപ്രധാന പങ്കിന് പാനലിസ്റ്റുകൾ ഊന്നൽ നൽകി. പരിസ്ഥിതി ബോധമുള്ള സെറ്റുകൾ സൃഷ്ടിക്കുന്നത് മുതൽ കഥകളിൽ സുസ്ഥിരതയ്ക്കായി വാദിക്കുന്നത് വരെ, മാറ്റത്തിന്റെ പ്രധാന ചാലകങ്ങളായി യുവാക്കളെ അംഗീകരിച്ചു. അതിർത്തികളെയും തലമുറകളെയും ഉൾക്കൊള്ളുന്ന സുസ്ഥിരതയുടെ ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിന് മാർഗനിർദേശം, വിദ്യാഭ്യാസം, പതിവ് രീതികൾ എന്നിവയുടെ പ്രാധാന്യം പാനലിസ്റ്റുകൾ അടിവരയിട്ടു.
മാലിന്യം കുറയ്ക്കുക, വസ്ത്രങ്ങൾ പുനരുപയോഗിക്കുക, നിർമ്മിച്ച സെറ്റുകളേക്കാൾ യഥാർത്ഥ ലൊക്കേഷനുകൾക്ക് മുൻഗണന നൽകുക എന്നിവയുൾപ്പെടെയുള്ള പ്രായോഗിക തന്ത്രങ്ങൾ ചർച്ച ചെയ്തു. ഗവൺമെന്റിന്റെയും സ്ഥാപനങ്ങളുടെയും പിന്തുണയുടെ ആവശ്യകതയും പാനലിസ്റ്റുകൾ ഊന്നിപ്പറഞ്ഞു. നില മാധബ് പാണ്ഡ സുസ്ഥിരമായ ശ്രമങ്ങൾ അംഗീകരിക്കുന്നതിനായി സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ നിർദ്ദേശിച്ചു, അതേസമയം ഗാർത്ത് ഡേവിസ്, നിർമ്മാണത്തിനുള്ള പ്രോത്സാഹനങ്ങളെ പാരിസ്ഥിതിക ഉത്തരവാദിത്തവുമായി ബന്ധിപ്പിക്കുന്ന നയങ്ങൾ നിർദ്ദേശിച്ചു.

മികച്ച രീതികൾ പങ്കുവെക്കുന്നതിനും പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് ഫലപ്രദമായ തന്ത്രങ്ങൾ സ്വീകരിക്കുന്നതിനുമായി മറ്റ് രാജ്യങ്ങളുമായി കൂടുതൽ സഹകരണ സെഷനുകൾക്ക് പാനലിസ്റ്റുകൾ ആഹ്വാനം ചെയ്തു. സർഗ്ഗാത്മക മികവിനോ കഥപറച്ചിലിനോ കോട്ടം വരുത്താതെ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകർക്ക് സുസ്ഥിരത സ്വീകരിക്കാൻ അന്താരാഷ്ട്ര സംഭാഷണങ്ങളും വിജ്ഞാന വിനിമയവും സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
ചർച്ചയുടെ അവസാനത്തോടെ, സുസ്ഥിരത എന്നത് ഒരു സാങ്കേതിക മാർഗ്ഗരേഖ മാത്രമല്ല, ഒരു മനോഭാവമാണ് എന്ന് വ്യക്തമായി. ഇന്ത്യ, ജപ്പാൻ, സ്പെയിൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ, പാരിസ്ഥിതിക അവബോധം കഥപറച്ചിലുമായും കരകൗശലവുമായും സാംസ്കാരിക ഉത്തരവാദിത്തവുമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സംഭാഷണം ഊട്ടിയുറപ്പിച്ചു. സിനിമയ്ക്ക് പ്രേക്ഷകരെയും സ്രഷ്ടാക്കളെയും ഒരുപോലെ പ്രചോദിപ്പിക്കാനും അടുത്ത തലമുറയിലെ ചലച്ചിത്ര പ്രവർത്തകരെ കൂടുതൽ പരിസ്ഥിതി സൗഹൃദവും മനസ്സാക്ഷിയുള്ളതുമായ ഒരു ലോകം സങ്കൽപ്പിക്കാൻ പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് പാനൽ ഉറപ്പിച്ചു പറഞ്ഞു.
***
AT
रिलीज़ आईडी:
2194682
| Visitor Counter:
19