മാനസികാഘാതത്തില്‍നിന്ന് മഹാവിജയത്തിലേക്ക്: ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി 12 വയസ്സുകാരിയുടെ കരുത്തുറ്റ കഥാവിഷ്‌കാരമായ 'കാര്‍ല'
12 വയസ്സുകാരി കാര്‍ലയുടെ ധീരമായ കോടതി പോരാട്ടം മുതല്‍ 11 വയസ്സുകാരി ഫൂക്കിയുടെ കൗതുകകരമായ ഭാവനാ ലോകം വരെ ഹൃദയസ്പര്‍ശിയായ കഥകള്‍ക്കൊപ്പം ധീരതയും ജിജ്ഞാസയും ഭാവനയും ബാല്യകാല പരീക്ഷണങ്ങളെ വിജയകരമായ ചലച്ചിത്രാവിഷ്‌കാരങ്ങളാക്കി മാറ്റുന്ന യാത്രകളും ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്‌ക്രീനുകളില്‍ തിളങ്ങി.

56-ാമത് ഐഎഫ്എഫ്‌ഐയില്‍ 'കാര്‍ല' എന്ന ചിത്രത്തിന്റെ സംവിധായിക ക്രിസ്റ്റിന തെരേസ ടൂര്‍നാറ്റ്‌സെയും 'റെനോയിര്‍' എന്ന സിനിമയുടെ സഹനിര്‍മാതാവ് ക്രിസ്റ്റോഫ് ബ്രഞ്ചറും ഈ പ്രശസ്ത ചലച്ചിത്രങ്ങള്‍ക്ക് പിന്നിലെ കഥകള്‍ പങ്കുവെച്ച് നടത്തിയ വാര്‍ത്താസമ്മേളനം ശ്രദ്ധേയമായി.
കാര്‍ല: സത്യത്തിനും ആത്മാഭിമാനത്തിനും വേണ്ടി ഒരു കുട്ടിയുടെ പോരാട്ടം
കാര്‍ലയെ വെള്ളിത്തിരയിലെത്തിക്കുന്നതിലെ സൂക്ഷ്മവും വൈകാരികവുമായ യാത്രയെക്കുറിച്ച് സംവിധായിക ക്രിസ്റ്റിന തെരേസ ടൂര്‍നാറ്റ്‌സെ സംസാരിച്ചു. തന്നെ പീഡിപ്പിക്കുന്ന അച്ഛനെതിരെ കോടതിയില്‍ ധീരതയോടെ പോരാടുന്ന 12 വയസ്സുകാരി കാര്‍ലയുടെ ഭീതിദമായ യഥാര്‍ത്ഥ കഥയുടെ ആവിഷ്‌കാരമാണ് ഈ ചിത്രം. കേവലം രണ്ട് സാക്ഷികള്‍ മാത്രമുള്ള ഈ വിചാരണ 'വാദങ്ങളുടെ ഏറ്റുമുട്ടല്‍' എന്ന നിലയില്‍ പിരിമുറുക്കമേറിയ പോരാട്ടമായി മാറുന്നു. കാര്‍ലയെ സംബന്ധിച്ചിടത്തോളം തന്റെ ദുരനുഭവം വിവരിക്കുന്നത് ഹൃദയഭേദകവും ഏറെ വെല്ലുവിളിയേറിയതുമാണ്.

മാനസികാഘാതം മൂലമുണ്ടാകുന്ന നിശബ്ദതകളും നിസംഗതയും മൂകതയുമെല്ലാം എടുത്തു കാണിക്കുന്ന കാര്‍ലയുടെ ആഴമേറിയ കാഴ്ചപ്പാടിലൂന്നിയാണ് സിനിമ മുന്നോട്ട് പോകുന്നത്. കാര്‍ലയെ യഥാര്‍ത്ഥത്തില്‍ കേള്‍ക്കുകയും സ്വന്തം ശബ്ദമുയര്‍ത്താന്‍ അവളെ സഹായിക്കുകയും ചെയ്യുന്ന ജഡ്ജി മാത്രമാണ് ഇവിടെ നിര്‍ണായക വ്യക്തിയായി മാറുന്നത്. ഈ കഥയുടെ ആധികാരികത കുടുംബത്തിന്റെ ചരിത്രത്തില്‍ വേരൂന്നിയതാണ്. കഥയ്‌ക്കൊപ്പം വളര്‍ന്ന കാര്‍ലയുടെ ബന്ധു അതിനെ ജീവിതകാല ദൗത്യമായി ഏറ്റെടുത്ത് സിനിമയാക്കി മാറ്റുകയായിരുന്നു.
ചിത്രത്തിന്റെ സാര്‍വത്രിക പ്രാധാന്യം എടുത്തുപറഞ്ഞ ക്രിസ്റ്റിന കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം വ്യാപക ആഗോള പ്രശ്‌നമാണെന്നും അതിജീവിച്ചവരുടെ കഥയ്ക്ക് പ്രാധാന്യം നല്‍കുന്ന സിനിമ കുട്ടിയുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തുന്നുണ്ടെന്നും വ്യക്തമാക്കി.
മ്യൂണിക്കിലെ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തെക്കുറിച്ച് സംസാരിച്ച അവര്‍ ചിത്രത്തെ വന്‍ വിജയമെന്നാണ് വിശേഷിപ്പിച്ചത്. ഐഎഫ്എഫ്‌ഐയിലൂടെ സിനിമ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിലെ ആവേശവും അവര്‍ പങ്കുവെച്ചു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 12 വയസ്സുകാരിയായ കുട്ടിയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ സഹജവും ആത്മാര്‍ത്ഥവും ആകര്‍ഷകവുമായ അഭിനയം കാഴ്ചവെയ്ക്കാനും സുരക്ഷിതത്വത്തിന്റെയും പരിപോഷണത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനും ശ്രദ്ധ പുലര്‍ത്തിയതും ക്രിസ്റ്റിന വ്യക്തമാക്കി.
റെനോയിര്‍: ലോകം ഒരു കുട്ടിയുടെ മാന്ത്രിക ഭാവനയിലൂടെ
11 വയസ്സുകാരിയായ ഫൂക്കിയുടെ കൗതുകകരമായ ബാല്യകാല ലോകത്തെ ആവിഷ്‌കരിച്ച റെനോയിര്‍ എന്ന സിനിമയുടെ അണിയറ രഹസ്യങ്ങള്‍ സഹനിര്‍മാതാവ് ക്രിസ്റ്റോഫ് ബ്രഞ്ചര്‍ പങ്കുവെച്ചു.

സിനിമയുടെ പേര് പ്രശസ്ത ഫ്രഞ്ച് ചിത്രകാരനെ സൂചിപ്പിക്കുന്നതാണെങ്കിലും ഇതൊരു ജീവിതാവിഷ്‌കാരമല്ലെന്ന് ബ്രഞ്ചര്‍ വിശദീകരിച്ചു. ചരിത്രകലാകാരന്മാരുടെ വരകള്‍ പോലെ ചെറുനിമിഷ ശകലങ്ങള്‍ കോര്‍ത്തിണക്കിയാണ് കഥ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇവ ഒരുമിച്ച് സമ്പന്ന വൈകാരിക ചിത്രം സൃഷ്ടിക്കുന്നുവെന്നും അത് ചിത്രത്തിന് ജീവസ്സുറ്റതും കാവ്യാത്മകവുമായ അനുഭവം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1987-ല്‍ ജപ്പാനിലുണ്ടായ സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന റെനോയിര്‍ എന്ന ചിത്രത്തില്‍ അച്ഛന്റെ മാരക അസുഖവും അമ്മ അനുഭവിക്കുന്ന മാനസിക സമ്മര്‍ദവും കാരണം ബുദ്ധിമുട്ടുന്ന ലോലഹൃദയയും ജിജ്ഞാസുവുമായ ഫൂക്കി എന്ന പെണ്‍കുട്ടിയാണ് കേന്ദ്രകഥാപാത്രം. ഏകാന്തതയും വളര്‍ച്ചാ സമ്മര്‍ദങ്ങളും കൈകാര്യം ചെയ്യാന്‍ മാന്ത്രിക ഭാവനയുടെയും ടെലിപ്പതിയുടെയും കളിയിലൂടെ നടത്തുന്ന പരീക്ഷണങ്ങളുടെയും ലോകത്തേക്ക് അവള്‍ പിന്‍വാങ്ങുന്നു. ഒരു ഡേറ്റിങ് ഹോട്ട്ലൈനിലേക്ക് പോലും അവള്‍ വിളിക്കുന്നുണ്ട്.
ഫൂക്കിയുടെ ഈ യാത്രയുടെ സാര്‍വത്രിക പ്രസക്തി ബ്രഞ്ചര്‍ എടുത്തുപറഞ്ഞു. കുട്ടികള്‍ മുതിര്‍ന്നവരുടെ വലിയ പ്രശ്‌നങ്ങളെ എങ്ങനെ അവരുടെ ആന്തരിക യുക്തിയിലൂടെ മനസ്സിലാക്കുന്നുവെന്ന് പകര്‍ത്താനാണ് ശ്രമിച്ചതെന്നും ഫൂക്കിയുടെ ഭാവനയാണ് ലോകത്തെ മനസ്സിലാക്കാനുള്ള അവളുടെ മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാല്യം, കുടുംബം, സാമൂഹ്യമാറ്റം എന്നിവയുടെ കയ്പ്പും മധുരവും നിറഞ്ഞ യാഥാര്‍ത്ഥ്യങ്ങളെ അതിലോലമായി ആവിഷ്‌കരിക്കുന്നതാണ് ചിത്രമെന്ന് ബ്രഞ്ചര്‍ പറഞ്ഞു. ഫൂക്കിയുടെ പ്രകടനം കാഴ്ചവെച്ച യുവനടി ഒരു വെളിപ്പെടുത്തലാണ്- സാങ്കേതികമായി ശക്തവും സഹജവും വൈകാരികമായി ആകര്‍ഷകവുമാണ് അവരുടെ പ്രകടനം. കാന്‍സില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേരിയ വ്യത്യാസത്തില്‍ നഷ്ടമായെങ്കിലും ഏഷ്യ പസഫിക് സ്‌ക്രീന്‍ പുരസ്‌കാരത്തില്‍ മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരം അവര്‍ക്ക് ലഭിച്ചു. അവരുടെ ശ്രദ്ധേയമായ പ്രതിഭയ്ക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ബാല്യകാല വിസ്മയവും ജിജ്ഞാസയും ധീരതയും ആഘോഷമാക്കുന്ന ചിത്രമാണ് റെനോയിര്‍. കളിയും ജീവിതത്തിലെ കഠിനമായ യാഥാര്‍ത്ഥ്യങ്ങളും തമ്മിലെ സൂക്ഷ്മമായ സന്തുലിതാവസ്ഥയിലൂടെ ലോകത്തെ കാണാന്‍ ചിത്രം പ്രേക്ഷകരെ ക്ഷണിക്കുന്നു.
***
Release ID:
2194594
| Visitor Counter:
5