iffi banner

56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിര്‍മിതബുദ്ധി അധിഷ്ഠിത ചലച്ചിത്ര നിർമാണത്തിലെ മികവിന് പുരസ്കാരങ്ങളുമായി സിനിമാ എഐ ഹാക്കത്തൺ - 2025

വേവ്‌സ് ഫിലിം ബസാറിൻ്റെ കീഴിൽ സംഘടിപ്പിച്ച സിനിമാ എഐ ഹാക്കത്തൺ-2025 ചലച്ചിത്ര നിർമാണത്തിലെ കലയുടെയും സാങ്കേതികവിദ്യയുടെയും ധാർമികതയുടെയും  ചലനാത്മക സംയോജനത്തെ ആഘോഷിക്കുന്നു. തിരക്കഥാരചന,  വീഡിയോ നിർമാണം, എഡിറ്റിങ്, പ്രൊഡക്ഷൻ  എന്നിവയിലെല്ലാം എഐ-അധിഷ്ഠിത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കഥാഖ്യാനത്തിന്റെ അതിരുകൾ ഭേദിക്കാനും അതേസമയം  സർഗാത്മക സൃഷ്ടികളില്‍ ഉത്തരവാദിത്തവും സുതാര്യതയും ആധികാരികതയും  നിലനിർത്താ‌നും ആഗോള ചലച്ചിത്ര പ്രവർത്തകരെ ഈ വേദി പ്രോത്സാഹിപ്പിക്കുന്നു.  

സർഗാത്മക, സാങ്കേതിക വിഭാഗങ്ങളിലെ മികവിനെ അംഗീകരിക്കുന്നതിനായി ഏർപ്പെടുത്തിയ അഞ്ച് പുരസ്‌കാരങ്ങളിലെ വിജയികൾ:

മികച്ച എഐ സിനിമ പുരസ്കാരം ആയുഷ് രാജ് സംവിധാനം ചെയ്ത ടീം കൽപ്‌ൻകിൻ്റെ  ഹിന്ദി ചിത്രം 'മൈ റെഡ് ക്രയോൺ'  സ്വന്തമാക്കി.

അതിനൂതന എഐ ഉപയോഗ പുരസ്‌കാരം കേയൂർ കജവാദാര സംവിധാനം ചെയ്ത ടീം ആറ്റോമിസ്റ്റിൻ്റെ ഇംഗ്ലീഷ് ചിത്രം 'റിമൊറി'യ്ക്ക് സമ്മാനിച്ചു.  

മികച്ച കഥാഖ്യാന പുരസ്‌കാരം സമരേഷ് ശ്രീവാസ്തവ സംവിധാനം ചെയ്ത സമരേഷ് ശ്രീവാസ്തവ - യാഗ്യ പ്രിയ ഗൗതം  ഹിന്ദി ചിത്രം  'ലോസ്റ്റ് ആൻഡ് ഫൗണ്ട്'  നേടി.  

മികച്ച ദൃശ്യ  പുരസ്‌കാരം: സുമേഷ് ലാൽ സംവിധാനം ചെയ്ത  ടീം ഇൻഡിവുഡ് & വണ്ടർവാൾ മീഡിയ നെറ്റ്‌വർക്കിൻ്റെ ഇംഗ്ലീഷ് ചിത്രം 'ബീയിംഗ്' സ്വന്തമാക്കി.  

മികച്ച ശബ്ദ/സംഗീത രൂപകല്പന പുരസ്‌കാരം രാജേഷ് ഭോസ്ലെ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം  'മൺസൂൺ എക്കോ'യ്ക്ക് സമ്മാനിച്ചു.  

 
പൂർണമായി  ഓൺലൈൻ രൂപത്തില്‍ രണ്ട് ഘട്ടങ്ങളായാണ് ഹാക്കത്തൺ സംഘടിപ്പിച്ചത്.  ആദ്യ ഘട്ടത്തിൽ വ്യക്തിഗതമായോ  പരമാവധി അഞ്ച് അംഗങ്ങളുടെ ടീമുകളായോ മുന്‍കൂട്ടി സൃഷ്ടിച്ച എഐ അധിഷ്ഠിത ചലച്ചിത്ര ഉള്ളടക്കം (2 മുതല്‍ 10 മിനിറ്റ് വരെ) സമർപ്പിക്കാന്‍ അവസരം നല്‍കി.

2025 നവംബർ 1 മുതൽ  12 വരെ സൃഷ്ടികള്‍  സ്വീകരിച്ചപ്പോള്‍  180-ലേറെ  അപേക്ഷകളുമായി മികച്ച പങ്കാളിത്തമാണുണ്ടായത്.  തിരഞ്ഞെടുപ്പ് സമിതിയുടെ വിശദമായ വിലയിരുത്തലിന് ശേഷം 48 മണിക്കൂർ  അവസാന ഘട്ട മത്സരത്തിലേക്ക് 14 ടീമുകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി.  

രണ്ടാം ഘട്ടത്തിൽ "ഓർമകളുടെ പുനരാവിഷ്ക്കാരം" എന്ന പ്രമേയമാണ് മത്സരാർത്ഥികൾക്ക് നൽകിയത്. നിര്‍മിതബുദ്ധിയുടെ സഹായത്തോടെ  വ്യക്തിപരമായ ഒരു ഓർമയെ യാഥാർത്ഥ്യവും ഭാവനയും സമന്വയിപ്പിച്ച് വൈകാരികമായി സ്പർശിക്കുന്ന  കഥയായി 60–120 സെക്കൻഡ് ദൈര്‍ഘ്യത്തില്‍ പുനർവ്യാഖ്യാനിക്കുകയായിരുന്നു ലക്ഷ്യം.

48 മണിക്കൂർ നീണ്ട ഈ മത്സരം 2025 നവംബർ 20-ന് വൈകിട്ട് 4ന്  ആരംഭിച്ച് നവംബർ 22-ന് വൈകിട്ട് 4ന്  അവസാനിച്ചു.

ജൂറി പാനല്‍ - സിനിമ എഐ ഹാക്കത്തണ്‍ 2025

ഐഎഫ്എഫ്ഐ ഫെസ്റ്റിവൽ ഡയറക്ടറും സംവിധായകനും നിർമാതാവുമായ ശ്രീ ശേഖർ കപൂർ,  നിർമാതാവും സംവിധായകനുമായ ശ്രീ രാംദാസ് നായിഡു,   സംവിധായകനും ആനിമേറ്ററുമായ ശ്രീ അശ്വിൻ കുമാർ,    ഇന്ത്യൻ സിനിമ ഹെറിറ്റേജ് ഫൗണ്ടേഷനിലെ ചലച്ചിത്ര ചരിത്രകാരി ശ്രീമതി ആശാ ബത്ര,  എൽടിഐ മൈൻഡ്ട്രീ  ഇൻ്ററാക്ടീവ് സർവീസസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് & ഗ്ലോബൽ ഹെഡ്  ഡോ. സുജയ് സെൻ, എൽടിഐ മൈൻഡ്ട്രീ ഇൻ്ററാക്ടീവ് സർവീസസ് ഡിസൈൻ സ്ട്രാറ്റജി & ക്രാഫ്റ്റ് സ്റ്റുഡിയോയിലെ മുതിര്‍ന്ന സംവിധായിക ശ്രീമതി നയ്‌ന റാവുത്ത്,  എൽടിഐ മൈൻഡ്ട്രീ  കമ്മ്യൂണിക്കേഷൻസ്, മീഡിയ & എൻ്റർടൈൻമെൻ്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് & ചീഫ് ബിസിനസ് ഓഫീസർ ശ്രീ ദിബ്യേന്ദു ഹാൽദർ, എൽടിഐ മൈൻഡ്ട്രീ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ശ്രീമതി നേഹ കത്തൂരിയ  എന്നിവരായിരുന്നു ജൂറി പാനല്‍ അംഗങ്ങള്‍.

കുറഞ്ഞ സമയപരിധിയ്ക്കകം തയ്യാറാക്കിയ ചിത്രങ്ങളുടെ മികച്ച ഗുണനിലവാരത്തെയും സർഗാത്മകതയെയും  അഭിനന്ദിച്ച ജൂറി  മത്സരാര്‍ത്ഥികളുടെ  മൗലികതയും സാങ്കേതിക വൈദഗ്ധ്യവും ചിത്രങ്ങളുടെ വൈകാരിക ആഴവും എടുത്തുപറഞ്ഞു.  

ചലച്ചിത്ര നിർമാണത്തിൽ നിര്‍മിതബുദ്ധിയുടെ പരിവർത്തനാത്മക സാധ്യതകൾ പ്രദർശിപ്പിച്ച സിനിമാ എഐ ഹാക്കത്തൺ 2025 വരുംതലമുറ കഥാകാരന്മാർക്ക് പുത്തന്‍ സാധ്യതകൾ തുറന്നുകൊടുക്കുന്ന  സുപ്രധാന സംരംഭമായി നിലകൊള്ളുന്നു.  
 
SKY
 
*****

Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


Release ID: 2194503   |   Visitor Counter: 3