iffi banner

'ഖോയ പായ' ('Khoya Paya'): 56-ാമത് ഐ.എഫ്.എഫ്.ഐ-യിൽ പ്രദർശിപ്പിച്ച ഉപേക്ഷിക്കലിന്റെയും സ്നേഹത്തിൻ്റെയും ഹൃദയഭേദകമായ കഥ.


പ്രായമായവരോടുള്ള ബഹുമാനം നഷ്ട്ടപ്പെടുത്തരുത്: നടി സീമ ബിശ്വാസ്

വെല്ലുവിളിയുടെയും സാഹസികതയുടെയും ഒരു അതുല്യമായ മിശ്രിതം: കുംഭമേളയിൽ ചിത്രീകരണത്തെക്കുറിച്ച് ഖോയ-പായ ടീം


കുംഭമേളയിലെ വലിയ ജനക്കൂട്ടത്തിനിടയിൽ ഉപേക്ഷിക്കപ്പെട്ട ഒരു അമ്മയെ കേന്ദ്രീകരിച്ചുള്ള സംവിധായകൻ അശുതോഷ് സിങ്ങിന്റെ ആദ്യ ചിത്രമായ "ഖോയ പായ" ഇന്ന് 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) പ്രത്യേകം പ്രദർശിപ്പിച്ചു. മകനാൽ ഉപേക്ഷിക്കപ്പെട്ട വൃദ്ധയായ ഒരമ്മ, അപ്രതീക്ഷിതമായി അപരിചിതരായവരോടൊപ്പം ചേരുകയും ഒടുവിൽ, തന്നെ വഞ്ചിച്ച, കുറ്റബോധത്തോടെ നിൽക്കുന്ന മകനെ തിരിച്ചറിയാൻ വിസമ്മതിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നിറഞ്ഞ സദസ്സിൽ പ്രദർശനം നടന്നതിനുശേഷം, ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനും പ്രധാന അഭിനേതാക്കളും ഫെസ്റ്റിവൽ വേദിയിൽ സംഘടിപ്പിച്ച പി.ഐ.ബി. യുടെ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുമായി സംവദിച്ചു.

അമ്മയുടെ വേഷം ചെയ്ത പ്രശസ്ത നടി സീമ ബിശ്വാസ് പ്രായമായ മാതാപിതാക്കളോടുള്ള മോശം പെരുമാറ്റം എന്ന ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചു. ഈ പ്രശ്നം സമൂഹത്തിൽ വ്യാപകമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് അവർ പറഞ്ഞു: "പ്രായമായ മാതാപിതാക്കളോട് മോശമായി പെരുമാറുന്ന നിരവധി കുടുംബങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന ശക്തമായ മാധ്യമമാണ് സിനിമ. പ്രായമായ മാതാപിതാക്കളോടുള്ള വർദ്ധിച്ചുവരുന്ന സംവേദനക്ഷമതയില്ലായ്മയെക്കുറിച്ച് സംസാരിക്കേണ്ടത് പ്രധാനമാണ്." പരമ്പരാഗതമായി മൂന്ന് തലമുറകൾ ഒരുമിച്ച് താമസിക്കുന്ന ഇന്ത്യ പോലുള്ള ഒരു സമൂഹത്തിൽ പ്രായമായ മാതാപിതാക്കളെ മക്കൾ ഉപേക്ഷിക്കുന്നത് ഇനി ഉണ്ടാകരുതെന്നും അവർ അഭിപ്രായപ്പെട്ടു. തിരക്കഥ തൽക്ഷണം തന്നെ സ്പർശിച്ചതായി പറഞ്ഞ അവർ "താൻ ഉപേക്ഷിക്കപ്പെട്ട അമ്മയുടെ സ്ഥാനത്തായിരുന്നെങ്കിൽ തിരികെ പോവില്ലായിരുന്നു; അവർ വെളിപ്പെടുത്തി"ആത്മാഭിമാനം അനിവാര്യമാണ്; ബഹുമാനമില്ലെങ്കിൽ, കുടുംബബന്ധങ്ങൾക്ക് അർത്ഥമില്ല."- അവർ പറഞ്ഞു, ചിത്രീകരണത്തിന് മുമ്പുള്ള വർക്ക്‌ഷോപ്പുകൾ കഥാപാത്രങ്ങളെ നന്നായി മനസ്സിലാക്കാനും ചിത്രീകരണ വേളയിൽ "കഥാപാത്രങ്ങൾക്കൊപ്പം ജീവിക്കാനും" ടീമിനെ സഹായിച്ചതായും ഈ പ്രശസ്ത താരം പറഞ്ഞു.

അഭിനേതാക്കൾക്ക് പലപ്പോഴും സാമൂഹികമായി സ്വീകാര്യമല്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിവരുമെന്ന് ചിത്രത്തിൽ മകന്റെ വേഷം ചെയ്ത നടൻ ചന്ദൻ റോയ് സന്യാൽ പറഞ്ഞു. ഇന്ത്യയിൽ അമ്മമാരെ ആരാധിക്കുമ്പോഴും ചില ആളുകൾ പ്രായമായ മാതാപിതാക്കളെ ഭാരമായി കണക്കാക്കുന്നതിനാൽ ഈ സിനിമ വളരെ പ്രസക്തമാണെന്ന് അദ്ദേഹം കരുതുന്നു. വില്ലൻ എന്ന ഭാവമില്ലാതെയാണ് താൻ ഈ കഥാപാത്രത്തെ സമീപിച്ചതെന്നും, പോരായ്മയുള്ള വ്യക്തികൾക്ക് പോലും അവരുടേതായ ന്യായീകരണങ്ങളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ കുറ്റബോധത്തെക്കുറിച്ചുള്ള വേദനാജനകമായ തിരിച്ചറിവ് സിനിമയുടെ പ്രധാന വൈകാരിക ഘടകമായി മാറുന്നു.

സമകാലിക സിനിമകളിൽ അപൂർവമായി കാണാറുള്ള ലളിതമായ ആഖ്യാനരീതിയും മഹാനടി സീമ ബിശ്വാസിനൊപ്പം പ്രവർത്തിക്കാനും പഠിക്കാനുമുള്ള അവസരവുമാണ് താൻ ഈ സിനിമയിലെ വേഷം സ്വീകരിക്കാൻ കാരണമെന്ന് നടി അഞ്ജലി പാട്ടീൽ അഭിപ്രായപ്പെട്ടു.

https://youtu.be/ZkDn5QYJdU4

ഒരു വർഷം മുമ്പ് ഗോവയിൽ വെച്ച് തിരക്കഥ കേട്ടപ്പോൾ തന്നെ അതിന്റെ ശക്തമായ പ്രമേയത്തിൽ താൻ ആകൃഷ്ടനായെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ഹേമാൻഷു റായ് അനുസ്മരിച്ചു. കഥയുടെ അന്തസ്സത്ത തന്നെ സ്പർശിച്ചു എന്നും, കാരണം ഇതിന് ഒരു ഇരുണ്ട വശം ഉണ്ടെങ്കിലും, ഒരു അമ്മയും മകനും തമ്മിലുള്ള തീവ്രമായ ബന്ധത്തെക്കുറിച്ചാണ് കഥയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഥ വളരെ ശക്തമാണെന്ന് അദ്ദേഹം കരുതുന്നു.

നവാഗത സംവിധായകൻ അശുതോഷ് സിംഗ് മഹാകുംഭമേളയിലെ ജനസാഗരത്തിനിടയിലാണ് ചിത്രീകരണം നടത്തിയത്. അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമം കൂടിയാണ് ഈ പ്രദേശം!.കോടിക്കണക്കിന് തീർഥാടകർ സന്ദർശിച്ച മഹാകുംഭമേളയിലെ തിരക്കിനിടയിൽ 10-12 ദിവസങ്ങൾകൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. "മഹാകുംഭമേളയിൽ നിന്നാണ് സിനിമയുടെ നിറം കണ്ടെത്തിയത്" എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സംയോജനത്തെയും—ഡിജിറ്റൽ ഉപകരണങ്ങളുള്ള തീർഥാടകരെയും, ഊർജ്ജസ്വലമായ നാടൻ അന്തരീക്ഷത്തെയും, സിനിമയുടെ ഭാവം രൂപപ്പെടുത്തിയ ദൃശ്യപരമായ ഇഴയടുപ്പത്തെയും —അദ്ദേഹം എടുത്തു കാണിച്ചു. ഇതെല്ലാം സിനിമയിൽ പ്രതിഫലിച്ചു.

സ്വന്തം ഗ്രാമത്തിലെ ഷൂട്ടിംഗ് രസകരമായിരുന്നെങ്കിലും കുംഭമേളയിലെ ചിത്രീകരണം ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. "ഇത്രയും മികച്ച അഭിനേതാക്കളോടൊപ്പമുള്ള ഷൂട്ടിംഗ് ഒരു ഫിലിം സ്കൂൾ പരിശീലനം പോലെയായിരുന്നു. ഒരു സിനിമയ്ക്ക് നല്ല അഭിനേതാക്കൾ ഉണ്ടാകേണ്ടത് പ്രധാനമാണ്" എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുംഭമേള പോലുള്ള ഒരു യഥാർത്ഥ ലൊക്കേഷനിൽ ചിത്രീകരിക്കുമ്പോൾ ജനക്കൂട്ടത്തെ എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകിക്കൊണ്ട് അശുതോഷ് വെളിപ്പെടുത്തി, തങ്ങളുടെ മുഴുവൻ അണിയറപ്രവർത്തകരും അഭിനേതാക്കളും ആഡംബരപൂർണ്ണമായ "ബോംബയ്യ കപ്ഡ" ധരിക്കാതെ നാട്ടുകാരെപ്പോലെ വസ്ത്രം ധരിച്ചു. അങ്ങനെ അവർ എളുപ്പത്തിൽ ജനക്കൂട്ടത്തിന്റെ ഭാഗമായി! അവർ സംഗമത്തിൽ പുണ്യ സ്നാനം നടത്തുകയും ചെയ്തു. പലരും വീഡിയോ ക്യാമറകൾ കൊണ്ടുനടക്കുന്നതിനാൽ, ഷൂട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് തങ്ങളെ കാര്യമായി വേറിട്ട് നിർത്തിയില്ലെന്നും സംവിധായകൻ പറഞ്ഞു. ജനക്കൂട്ടത്തിനിടയിൽ കഥാപാത്രങ്ങളെ വേറിട്ട് നിർത്തുക എന്നതു മാത്രമായിരുന്നു തങ്ങളുടെ ഏക ആശങ്കയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുംഭമേളയിലെ ചിത്രീകരണം വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതും എന്നാൽ സാഹസികവും ആവേശകരവുമായിരുന്നുവെന്ന് പ്രധാന അഭിനേതാക്കൾ വെളിപ്പെടുത്തി. തൻ്റെ രംഗങ്ങൾക്ക് കുംഭമേളയിൽ ചിത്രീകരണം നടത്താൻ അവസരം ലഭിക്കാത്തതിൽ അഞ്ജലി പാട്ടീൽ ഖേദം പ്രകടിപ്പിച്ചു. "ചുറ്റുമുള്ള ആത്മീയ ഭാവങ്ങൾ കാരണം ആകാം, ജനക്കൂട്ടം ചിത്രീകരണ പ്രക്രിയയിൽ അധികം ഇടപെട്ടില്ല. അവർ വളരെയധികം സഹകരണവും പിന്തുണയും നൽകി."സീമ ബിശ്വാസ് പറഞ്ഞു.

IFFI-യെ കുറിച്ച്:

1952-ൽ ജന്മംകൊണ്ട ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI), ദക്ഷിണേഷ്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ചലച്ചിത്രോത്സവമായി തലയുയർത്തി നിൽക്കുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ, (NFDC) ഗോവ സംസ്ഥാന ഗവണ്മെന്റ്, എന്റർടൈൻമെന്റ് സൊസൈറ്റി ഓഫ് ഗോവ (ESG) എന്നിവ സംയുക്തമായാണ് ഈ ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കുന്നത്. പുനഃസ്ഥാപിക്കപ്പെട്ട ക്ലാസിക്കുകൾ ധീരമായ പരീക്ഷണങ്ങളുമായി സംഗമിക്കുന്ന, പ്രശസ്തരായ ആചാര്യന്മാർ ധൈര്യശാലികളായ പുതുമുഖങ്ങളുമായി ഇടപഴകുന്ന ഒരു ആഗോള സിനിമാ ശക്തികേന്ദ്രമായി ഈ ഫെസ്റ്റിവൽ വളർന്നു. അന്താരാഷ്ട്ര മത്സരങ്ങൾ, സാംസ്കാരിക പ്രദർശനങ്ങൾ, മാസ്റ്റർ ക്ലാസുകൾ, ആദരവുകൾ, ആശയങ്ങളും കരാറുകളും സഹകരണങ്ങളും, പറന്നുയരുന്ന ഊർജ്ജസ്വലമായ 'വേവ്സ് ഫിലിം ബസാർ' എന്നിവയുടെ സമന്വയമാണ് IFFI-യെ ശരിക്കും തിളക്കമുള്ളതാക്കുന്നത്. നവംബർ 20 മുതൽ 28 വരെ ഗോവയുടെ മനോഹരമായ തീരദേശ പശ്ചാത്തലത്തിൽ അരങ്ങേറുന്ന 56-ാമത് എഡിഷൻ, ഭാഷകൾ, വിഭാഗങ്ങൾ, നൂതനാശയങ്ങൾ, ശബ്ദങ്ങൾ എന്നിവയുടെ മിന്നുന്ന വർണ്ണരാജിയാണ് വാഗ്ദാനം ചെയ്യുന്നത്. ലോക വേദിയിൽ ഇന്ത്യയുടെ സർഗ്ഗാത്മക വൈഭവത്തിന്റെ ആഴമേറിയ ആഘോഷമാണിത്.

IFFI Website: https://www.iffigoa.org/

PIB’s IFFI Microsite: https://www.pib.gov.in/iffi/56/

PIB IFFIWood Broadcast Channel: https://whatsapp.com/channel/0029VaEiBaML2AU6gnzWOm3F

X Handles: @IFFIGoa, @PIB_India, @PIB_Panaji

 

-AT-


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2194434   |   Visitor Counter: 7