സംഗീതത്തിൻ്റേയും സംസ്കാരത്തിൻ്റേയും ചലച്ചിത്ര ആഘോഷത്തിൻ്റേയും നാല് സായാഹ്നങ്ങൾ അടയാളപ്പെടുത്തിക്കൊണ്ട് IFFI യുടെ ഭാഗമായി സംഘടിപ്പിച്ച IFFIESTA 2025 സമാപിച്ചു.
56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) ഭാഗമായി ഗോവയിലെ ഡോ. ശ്യാമ പ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന IFFIESTA 2025 സമാപിച്ചു. വേവ്സ് OTT-യുമായി സഹകരിച്ച് ദൂരദർശൻ നാല് സായാഹ്നങ്ങളിലായി സംഘടിപ്പിച്ച IFFIESTA യിൽ സംഗീത പരിപാടികൾ, സാംസ്കാരിക പ്രകടനങ്ങൾ , കലാകാരന്മാരുമായുള്ള സംവാദങ്ങൾ എന്നിവ ഉൾപ്പെടുന്നു.
പരിപാടിയുടെ ഒന്നാം ദിനത്തിൽ സാംസ്കാരിക ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന ഗംഭീരമായ ഉദ്ഘാടന ചടങ്ങ് നടന്നു.




ശ്രീ അനുപം ഖേർ, ഓസ്കാർ ജേതാവായ സംഗീത സംവിധായകൻ ശ്രീ എം.എം. കീരവാണി, ദേശീയ അവാർഡ് ജേതാവായ നടൻ ഐമി ബറുവ, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ് ശ്രീ രവി കൊട്ടാരക്കര, ദക്ഷിണ കൊറിയൻ ഗായകനും കൊറിയൻ റിപ്പബ്ലിക്കിലെ ദേശീയ നിയമനിർമ്മാണ സഭാംഗവുമായ ജെയ്‌വോൺ കിം എന്നിവരുൾപ്പെടെയുള്ള പ്രശസ്തരായ വ്യക്തികൾക്കൊപ്പം ദൂരദർശൻ ഡയറക്ടർ ജനറൽ ശ്രീ കെ. സതീഷ് നമ്പൂതിരിപ്പാടും ചടങ്ങിൽ പങ്കെടുത്തു.
വേവ്സ് OTT വഴിയുള്ള സ്ഥാപനത്തിൻ്റെ ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചും സുരക്ഷിതവും കുടുംബ സൗഹാർദ്ദപരവുമായ വിനോദത്തിനായുള്ള തങ്ങളുടെ പ്രതിബദ്ധതയെക്കുറിച്ചും ദൂരദർശൻ ഡയറക്ടർ ജനറൽ എടുത്തുപറഞ്ഞു. തലമുറകളെ രൂപപ്പെടുത്തുന്നതിൽ ദൂരദർശൻ വഹിച്ച പങ്കിനെ ശ്രീ അനുപം ഖേർ സ്നേഹപൂർവ്വം അനുസ്മരിച്ചു. ഉദ്ഘാടന സായാഹ്നത്തിൽ ജെയ്‌വോൺ കിം ദേശീയഗീതമായ വന്ദേമാതരം ആലപിച്ചു. തുടർന്ന് ഓഷോ ജെയിനിൻ്റെ തത്സമയ പ്രകടനവും നടന്നു.
രണ്ടാം ദിവസം നടന്ന ബാൻഡുകൾ, മെലഡി, ഫോക്ക് ഫ്യൂഷൻ എന്നിവയിൽ പ്രേക്ഷകർ ആകൃഷ്ടരായി.



നീതു ചന്ദ്രയും നിഹാരിക റൈസാദയും ആതിഥേയത്വം വഹിച്ച രണ്ടാം ദിവസം ദി ബാൻഡിറ്റ്‌സ് (ഇന്ത്യ) , ബീറ്റ്‌സ് ഓഫ് ലവ് (ഇൻ്റർനാഷണൽ) എന്നീ ബാൻഡുകൾ തമ്മിലുള്ള ആവേശകരമായ ബാറ്റിൽ ഓഫ് ബാൻഡിന് സാക്ഷ്യം വഹിച്ചു.

പ്രതിഭ സിംഗ് ബാഗേലും അതിഥി കലാകാരന്മാരും അവതരിപ്പിച്ച 'സുരോം കാ ഏകലവ്യ' പ്രേക്ഷകരെ ആകർഷിച്ചു. അതേസമയം വാഹ് ഉസ്താദ് വിഭാഗത്തിൽ വുസത് ഇക്ബാൽ ഖാൻ അവതരിപ്പിച്ച ഫോക്ക് ആൻഡ് ഫ്യൂഷൻ - മിട്ടി കി ആവാസ് ശ്രദ്ധേയമായി.
മൂന്നാം ദിവസം നടന്ന സൂഫി, ഭക്തി, ഹൈ-എനർജി പ്രകടനങ്ങൾ പ്രേക്ഷകശ്രദ്ധ നേടി.



നിഹാരിക റൈസാദ ആതിഥേയത്വം വഹിച്ച മൂന്നാം ദിവസം MH43 (ഇന്ത്യ), ദി സ്വസ്തിക് (ഇൻ്റർനാഷണൽ) എന്നീ ബാൻഡുകൾ തമ്മിലുള്ള സംഗീത മത്സരം അരങ്ങേറി.

സുരോം കാ ഏകലവ്യയിൽ പ്രതിഭ സിംഗ് ബാഗേലിൻ്റെ നേതൃത്വത്തിലുള്ള ഗായകർ ആസ്വാദകരുടെ മനം നിറച്ചു. തുടർന്ന് 'ഇഷ്ക് ഔർ ഭക്തി കി ഏക് സുർ' എന്ന പേരിൽ സൂഫി, ഭക്തി ഗാനങ്ങളുടെ 'വാഹ് ഉസ്താദ്' പ്രകടനങ്ങൾ നടന്നു. ഭക്തിയുടേയും സംഗീത ചാരുതയുടേയും സമന്വയമായിരുന്നു ഈ പരിപാടി.
നാലാം ദിനത്തിൽ അവതരിപ്പിച്ച നാടോടി കല, സിനിമാ ഫ്യൂഷൻ, ഗ്രാൻഡ് ഫിനാലെ എന്നിവ ഇന്ത്യയുടെ സാംസ്കാരിക ശ്രേണിയെ ആഘോഷിച്ചു

നിഹാരിക റൈസാദ ആതിഥേയത്വം വഹിച്ച അവസാന സായാഹ്നത്തിൽ ദി വൈരാഗീസ് (ഇന്ത്യ), നൈറ്റ്‌സ് എന്നീ ബാൻഡുകൾ തമ്മിലുള്ള ബാറ്റിൽ ഓഫ് ബാൻഡ്‌സ് നടന്നു.

റാസ മുറാദ്, അഥേർ ഹബീബ്, കീർത്തി നാഗ്പുരെ, ദിനേശ് വൈദ്യ, മിലാൻ സിംഗ്, അദിതി ശാസ്ത്രി എന്നിവർ പങ്കെടുത്ത തത്സമയ ഹിമാചലി നാടോടി പ്രദർശനമായ ദേവാഞ്ചൽ കി പ്രേം കഥ പ്രേക്ഷകർ ആസ്വദിച്ചു.


വാഹ് ഉസ്താദ് ഫിനാലെ - രാഗ ,സിനിമാ ഫ്യൂഷൻ, സുർ സേ സിനിമാ തക് എന്നിവ ക്ലാസിക്കൽ മികവിനേയും സിനിമാറ്റിക് ഈണങ്ങളേയും ഒരുമിപ്പിച്ചു. ഇതോടെ ആഘോഷങ്ങൾക്ക് ഗംഭീരമായ സമാപനമായി.

ഈ നാല് സായാഹ്നങ്ങളിലായി നടന്ന പരിപാടികൾ ഡിഡി ഭാരതിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുകയും വേവ്സ് OTT-യിൽ സ്ട്രീം ചെയ്യുകയും, പ്രധാന ഭാഗങ്ങൾ ഡിഡി നാഷണലിൽ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. IFFI യെ നിർവ്വചിക്കുന്ന കലാപരമായ വൈവിധ്യത്തേയും സാംസ്കാരിക ഊർജ്ജത്തേയും പ്രതിഫലിപ്പിക്കുന്ന ശക്തമായ പ്രകടനങ്ങളോടും ഹൃദയസ്പർശിയായ നിമിഷങ്ങളോടും കൂടിയാണ് IFFIESTA 2025 സമാപിച്ചത്. ഫെസ്റ്റിവൽ അവസാനിച്ചെങ്കിലും IFFIESTA യുടെ ആനന്ദവും, താളവും, ചലച്ചിത്രപരമായ ആവേശവും പ്രേക്ഷകരിൽ തുടർന്നും അലയടിച്ചു.
****
Release ID:
2194413
| Visitor Counter:
4