പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI)  സൗകര്യം പ്രധാനമന്ത്രി നവംബർ 26-ന് ഉദ്ഘാടനം ചെയ്യും

LEAP എഞ്ചിനുകൾക്കായുള്ള സഫ്രാന്റെ MRO സൗകര്യമാണ് SAESI

ആദ്യമായാണ് ഒരു ആഗോള എഞ്ചിൻ OEM ഇന്ത്യയിൽ ഒരു MRO പ്രവർത്തനം ആരംഭിക്കുന്നത്

വ്യോമയാന മേഖലയിൽ 'ആത്മനിർഭരത' എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പായി MRO സൗകര്യം മാറും

Posted On: 25 NOV 2025 4:16PM by PIB Thiruvananthpuram

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ GMR എയ്‌റോസ്‌പേസ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) സൗകര്യം നവംബർ 26-ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും.

എയർബസ് A320neo, ബോയിംഗ് 737 MAX വിമാനങ്ങൾക്ക് ശക്തി പകരുന്ന LEAP (ലീഡിംഗ് എഡ്ജ് ഏവിയേഷൻ പ്രൊപ്പൽഷൻ) എഞ്ചിനുകൾക്കായുള്ള സഫ്രാന്റെ സമർപ്പിത മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) സൗകര്യമാണ് SAESI. ഇത് ലോകത്തിലെ ഏറ്റവും വലിയ എയർക്രാഫ്റ്റ് എഞ്ചിൻ എംആർഒ സൗകര്യങ്ങളിൽ ഒന്നു മാത്രമല്ല, ഇന്ത്യയിൽ ആദ്യമായി ഒരു ആഗോള എഞ്ചിൻ ഒഇഎം (ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറർ) ഒരു മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) പ്രവർത്തനം ആരംഭിച്ചതും ഈ സൗകര്യത്തിലൂടെയാണ്. അതുകൊണ്ടുതന്നെ ഇതൊരു സുപ്രധാന നാഴികക്കല്ലാണ്.

SEZനുള്ളിൽ 45,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന അത്യാധുനിക സൗകര്യമായ ജിഎംആർ എയ്‌റോസ്‌പേസ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് ഏകദേശം ₹1,300 കോടി പ്രാരംഭ നിക്ഷേപത്തോടെയാണ് വികസിപ്പിച്ചെടുത്തിട്ടുളളത്. പ്രതിവർഷം 300 LEAP എഞ്ചിനുകൾ വരെ സർവീസ് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന SAESI സൗകര്യം, 2035 ആകുമ്പോഴേക്കും പൂർണ്ണ പ്രവർത്തന ശേഷി കൈവരിക്കുമ്പോൾ 1,000-ത്തിലധികം ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യൻ സാങ്കേതിക വിദഗ്ധരെയും എഞ്ചിനീയർമാരെയും നിയമിക്കും. ലോകോത്തര എഞ്ചിൻ പരിപാലന, റിപ്പയർ സേവനങ്ങൾ നൽകുന്നതിനായി ആധുനിക പ്രോസസ്സ് ഉപകരണങ്ങൾ ഈ സൗകര്യത്തിൽ ഉണ്ടായിരിക്കും. 

വ്യോമയാന മേഖലയിലെ ആത്മനിർഭരത (സ്വയംപര്യാപ്തത)  എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പായിരിക്കും MRO സൗകര്യം. MRO-യിൽ തദ്ദേശീയ കഴിവുകൾ വികസിപ്പിക്കുന്നത് പുറത്തേക്കുള്ള വിദേശനാണ്യ പ്രവാഹം കുറയ്ക്കുകയും ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വിതരണ-ശൃംഖല പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ഇന്ത്യയെ ഒരു ആഗോള വ്യോമയാന കേന്ദ്രമായി സ്ഥാപിക്കുകയും ചെയ്യും. എംആർഒ മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ പിന്തുണയ്ക്കുന്നതിനായി ശക്തമായ ഒരു MRO ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ ഇന്ത്യാ ഗവൺമെന്റ് സജീവമായി പ്രവർത്തിക്കുന്നു. 2024 ലെ GST പരിഷ്കാരങ്ങൾ, 2021-ലെ MRO മാർഗ്ഗനിർദ്ദേശങ്ങൾ, 2016-ലെ  ദേശീയ സിവിൽ ഏവിയേഷൻ നയം എന്നിവയുൾപ്പെടെ ​ഗവൺമെന്റിന്റെ പ്രധാന നയ സംരംഭങ്ങൾ നികുതി ഘടനകൾ യുക്തിസഹമാക്കിയും റോയൽറ്റി ഭാരം കുറച്ചും MRO ദാതാക്കളുടെ പ്രവർത്തനങ്ങൾ ലളിതമാക്കിയിട്ടുണ്ട്.

***

AT


(Release ID: 2194194) Visitor Counter : 6