പ്രധാനമന്ത്രിയുടെ ഓഫീസ്
എല്ലാവർക്കും ന്യായവും നീതിയുക്തവുമായ ഭാവി" എന്ന വിഷയത്തിൽ പ്രധാനമന്ത്രി ജി20 സമ്മേളനത്തെ അഭിസംബോധന ചെയ്തു.
Posted On:
23 NOV 2025 4:02PM by PIB Thiruvananthpuram
എല്ലാവർക്കും ന്യായവും നീതിയുക്തവുമായ ഭാവി - നിർണായക ധാതുക്കൾ; മാന്യമായ ജോലി; നിർമ്മിത ബുദ്ധി" എന്ന വിഷയത്തിൽ ഇന്ന് നടന്ന ജി 20 ഉച്ചകോടിയുടെ മൂന്നാം സെഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. നിർണായക സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ അടിസ്ഥാനപരമായ മാറ്റം വരുത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അത്തരം സാങ്കേതികവിദ്യാ പ്രയോഗങ്ങൾ 'ധനകാര്യ കേന്ദ്രീകൃത'മാകുന്നതിനു പകരം 'മനുഷ്യ കേന്ദ്രീകൃത'മാകണമെന്നും, 'ദേശീയ'മാകുന്നതിനു പകരം 'ആഗോള'മാകണമെന്നും, 'എക്സ്ക്ലൂസീവ് മോഡലുകൾ' ആകുന്നതിനു പകരം 'ഓപ്പൺ സോഴ്‌സ്' അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ ആപ്ലിക്കേഷനുകകളിലോ, എ.ഐ.യിലോ, അല്ലെങ്കിൽ ലോകത്തിൽ മുൻപന്തിയിലുള്ള ഡിജിറ്റൽ പേയ്‌മെന്റുകളിലോ ആകട്ടെ, ഈ കാഴ്ചപ്പാട് ഇന്ത്യയുടെ സാങ്കേതികവിദ്യാ സംവിധാനവുമായി സംയോജിപ്പിച്ചിട്ടുണ്ടെന്നും ഇത് കാര്യമായ നേട്ടങ്ങൾ കൈവരിക്കാൻ കാരണമായെന്നും അദ്ദേഹം വിശദീകരിച്ചു.
നിർമ്മിത ബുദ്ധിയെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, തുല്യമായ ലഭ്യത, ജനസംഖ്യാ തലത്തിലുള്ള നൈപുണ്യ വികസനം, ഉത്തരവാദിത്തമുള്ള വിന്യാസം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ സമീപനം വിശദീകരിച്ചു. എ.ഐ.യുടെ പ്രയോജനം രാജ്യത്തെ എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യ-എ.ഐ. ദൗത്യത്തിന് കീഴിൽ, ലഭ്യമായ ഉയർന്ന പ്രകടനശേഷിയുള്ള കമ്പ്യൂട്ടിംഗ് ശേഷി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എ.ഐ., ആഗോള നന്മയ്ക്ക് ഉതകുന്ന രീതിയിലേക്ക് മാറണമെന്ന് അടിവരയിട്ട പ്രധാനമന്ത്രി, സുതാര്യത, മനുഷ്യന്റെ മേൽനോട്ടം, സുരക്ഷാ മുൻകരുതലുകൾ, ദുരുപയോഗം തടയൽ എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഗോള ഉടമ്പടിക്ക് ആഹ്വാനം ചെയ്തു. എ.ഐ. മനുഷ്യന്റെ കഴിവുകളെ വികസിപ്പിക്കുമെങ്കിലും, അന്തിമ തീരുമാനം മനുഷ്യർ തന്നെ എടുക്കണമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. 'സർവജനം ഹിതായ, സർവജനം സുഖായ' എന്ന പ്രമേയത്തിൽ 2026 ഫെബ്രുവരിയിൽ ഇന്ത്യ 'എ.ഐ. ഇംപാക്ട് ഉച്ചകോടിക്ക്' ആതിഥേയത്വം വഹിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു, ഈ ഉദ്യമത്തിൽ ചേരാൻ എല്ലാ ജി20 രാജ്യങ്ങളെയും അദ്ദേഹം ക്ഷണിച്ചു.
AI യുഗത്തിൽ, 'ഇന്നത്തെ ജോലികൾ' എന്നതിൽ നിന്ന് 'നാളത്തെ കഴിവുകൾ' എന്നതിലേക്ക് നമ്മുടെ സമീപനം അതിവേഗം മാറ്റേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ന്യൂഡൽഹി ജി20 ഉച്ചകോടിയിൽ പ്രതിഭാശാലികളുടെ ചലനക്ഷമതയിൽ കൈവരിച്ച പുരോഗതി അനുസ്മരിച്ചുകൊണ്ട്, വരും വർഷങ്ങളിൽ ഈ കൂട്ടായ്മ പ്രതിഭാ മൊബിലിറ്റിക്കായി ഒരു ആഗോള ചട്ടക്കൂട് വികസിപ്പിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
സുസ്ഥിര വികസനം, വിശ്വസനീയമായ വ്യാപാരം, ന്യായമായ ധനകാര്യം, എല്ലാവരും അഭിവൃദ്ധി പ്രാപിക്കുന്ന പുരോഗതി എന്നിവയിൽ അധിഷ്ഠിതമായ ആഗോള ക്ഷേമത്തിനായുള്ള ഇന്ത്യയുടെ സന്ദേശവും പ്രതിബദ്ധതയും വ്യക്തമാക്കിക്കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗം പൂർണമായും ഇവിടെ [https://www.pib.gov.in/PressReleasePage.aspx?PRID=2193156] കാണാവുന്നതാണ്.
***
AT
(Release ID: 2193313)
Visitor Counter : 5
Read this release in:
Marathi
,
Odia
,
English
,
Urdu
,
हिन्दी
,
Bengali
,
Manipuri
,
Gujarati
,
Tamil
,
Telugu
,
Kannada