ജപ്പാൻ സിനിമകളായ “ടൈഗർ”, “സീസൈഡ് സെറൻഡിപിറ്റി” എന്നിവ കൺട്രി ഓഫ് ഫോക്കസ് വിഭാഗത്തിലെ മാധ്യമസംവാദത്തിൽ ശ്രദ്ധ ആകർഷിച്ചു
56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) ഇന്ന് പ്രത്യേകം സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ 'കൺട്രി ഓഫ് ഫോക്കസ്' രാജ്യമായ ജപ്പാനിൽ നിന്നുള്ള “ടൈഗർ”, “സീസൈഡ് സെറൻഡിപിറ്റി” എന്നീ രണ്ട് ചലച്ചിത്രങ്ങളിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും മാധ്യമങ്ങളുമായി സംവദിച്ചു. അവരുടെ സർഗാത്മക യാത്രകൾ, ആശയപരമായ പ്രചോദനങ്ങൾ, ഒരു അന്താരാഷ്ട്ര വേദിയിൽ ജപ്പാനെ പ്രതിനിധീകരിക്കുന്നതിൻ്റെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ചലച്ചിത്ര പ്രവർത്തകർ പങ്കുവെച്ചത് ഈ വർഷത്തെ 'കൺട്രി ഓഫ് ഫോക്കസ്' പ്രദർശനത്തിൻ്റെ പ്രാധാന്യം വർദ്ധിപ്പിച്ചു.
രണ്ട് ചിത്രങ്ങളുടെയും ട്രെയിലറുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ് പത്രസമ്മേളനം ആരംഭിച്ചത്. തുടർന്ന് 'ടൈഗറി'ൻ്റെ സംഘം അവരുടെ സിനിമ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്താൻ വേദിയിലെത്തി.

തിരുമ്മൽ ജോലി ചെയ്യുന്ന 35 വയസ്സുള്ള ഒരാളുടെ കഥയാണ് "ടൈഗർ” എന്ന സിനിമ പറയുന്നത്. സ്വത്ത് ഉടമസ്ഥാവകാശത്തെച്ചൊല്ലി സഹോദരിയുമായുള്ള സംഘർഷം വർധിക്കുമ്പോൾ അയാൾ ധാർമ്മികസീമകൾ ഭേദിച്ച് ഒരു നിർണായക ഘട്ടത്തിലേക്ക് എത്തുന്നു. സ്വത്വം, അവകാശങ്ങൾ, സാമൂഹിക സ്വീകാര്യത എന്നിവയിൽ എൽജിബിടിക്യു+ സമൂഹം നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും സിനിമ വെളിച്ചത്തുകൊണ്ടുവരുന്നു.
സിനിമയുടെ നിർമ്മാണ വേളയിൽ നേരിട്ട സർഗാത്മകവും വൈകാരികവുമായ സങ്കീർണ്ണതകളെക്കുറിച്ച് സിനിമയുടെ സംവിധായകൻ അൻഷുൽ ചൗഹാൻ മാധ്യമങ്ങളോട് സംസാരിച്ചു. അത്തരമൊരു വിഷയത്തിൽ പ്രേക്ഷക സ്വീകരണത്തെക്കുറിച്ചുള്ള തനിക്ക് ആദ്യമുണ്ടായിരുന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു. ഒരു എൽജിബിടിക്യു അല്ലാത്ത ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിൽ എൽജിബിടിക്യു+ വിഭാഗത്തിൻ്റെ വിഷയങ്ങളെ പ്രതിനിധീകരിക്കുമ്പോൾ ആ സമൂഹത്തോടുള്ള ഉയർന്ന ഉത്തരവാദിത്വവും സംവേദനക്ഷമതയും ബഹുമാനവും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“സീസൈഡ് സെറൻഡിപിറ്റി” യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ടോമോമി യോഷിമുറ തൻ്റെ അനുഭവങ്ങളെയും സർഗാത്മക യാത്രയെയും മാധ്യമ സംവാദത്തിൽ വിശദമാക്കി. ഇന്ത്യൻ പ്രേക്ഷകരിൽ നിന്ന് ലഭിച്ച അഭിനന്ദനത്തിന് അദ്ദേഹം അഗാധമായ നന്ദി രേഖപ്പെടുത്തി. അവരുടെ ഊഷ്മളകരമായ ആവേശം ഐഎഫ്എഫ്ഐയിൽ ചിത്രത്തിൻ്റെ പ്രദർശനത്തെ അർത്ഥവത്താക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിനിമയുടെ പിന്നിലെ പ്രധാന പ്രമേയത്തെ സംവാദത്തിൽ ടോമോമി എടുത്തുപറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും ഇടയിലുള്ള തലമുറ വിടവ് നികത്താൻ താൻ ചിത്രത്തിലൂടെ ശ്രമിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രായഭേദമന്യേ എല്ലാവരെയും മനസ്സിലാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കളെയും മുതിർന്നവരെയും ഒരുപോലെ സ്വാധീനിക്കുന്ന കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നതിനും വേണ്ടിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സീസൈഡ് സെറൻഡിപിറ്റി, ശാന്തമായ ഒരു കടൽത്തീര പട്ടണത്തിൽ നടക്കുന്ന കഥയാണ്. അവിടെ എത്തുന്ന ചില കലാകാരന്മാരും തുടർന്നുണ്ടാകുന്ന അസാധാരണമായ നിരവധി സംഭവങ്ങളും അവിടത്തെ താമസക്കാരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. മിഡിൽ സ്കൂൾ വിദ്യാർത്ഥിയായ സോസുകെ, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന പട്ടണം എന്നിവ കേന്ദ്രീകരിച്ച്, കുട്ടികളുടെ ദൃഢനിശ്ചയത്തെയും മുതിർന്നവരുടെ ജീവിതത്തിൻ്റെ അർത്ഥത്തിനായുള്ള അന്വേഷണത്തെയും എടുത്തുകാണിക്കുന്ന ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. കുറ്റമറ്റവരല്ലെങ്കിലും ആർദ്രമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം സ്നേഹത്തെയും ബന്ധത്തെയും ആഘോഷിക്കുന്നു. മേളയിലുടനീളം പ്രേക്ഷകരിൽ ഈ ആവേശം പ്രതിധ്വനിക്കുന്നത് തുടരുമെന്ന് സിനിമാ സംഘം പ്രത്യാശ പ്രകടിപ്പിച്ചു.

****
Release ID:
2193277
| Visitor Counter:
3