രാഷ്ട്രപതിയുടെ കാര്യാലയം
സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയത്തിൽ ഭാരതീയ കലാ മഹോത്സവത്തിന്റെ രണ്ടാം പതിപ്പ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
നവംബർ 22 മുതൽ 30 വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാം
Posted On:
21 NOV 2025 8:15PM by PIB Thiruvananthpuram
സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയത്തിൽ ഇന്ന് (നവംബർ 21, 2025) ഭാരതീയ കലാ മഹോത്സവത്തിന്റെ രണ്ടാം പതിപ്പ് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മന്ത്രാലയം, ടെക്സ്റ്റൈൽസ് മന്ത്രാലയം, ടൂറിസം മന്ത്രാലയം എന്നിവയുമായി സഹകരിച്ച് രാഷ്ട്രപതി നിലയമാണ് ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം സംഘടിപ്പിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗോവ, ദാദ്ര & നാഗർ ഹവേലി, ദാമൻ & ദിയു എന്നിവിടങ്ങളിലെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക പൈതൃകം അവതരിപ്പിക്കുക എന്നതാണ് ഈ ഉത്സവത്തിന്റെ ലക്ഷ്യം.

ഭാരതീയ കലാ മഹോത്സവത്തിന്റെ ആദ്യ പതിപ്പിൽ, ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ജനങ്ങളെ പരിചയപ്പെടുത്തിയതായി ഉദ്ഘാടന സദസിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. ഇത്തവണ, പടിഞ്ഞാറൻ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം കാണാനും മനസ്സിലാക്കാനും നമുക്ക് അവസരം ലഭിക്കും. ഈ കലാമേളയിൽ സന്ദർശകർക്ക് ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗോവ, ദാമൻ, ദിയു, ദാദ്ര, നാഗർ ഹവേലി എന്നിവിടങ്ങളിലെ കരകൗശല വസ്തുക്കൾ, നൃത്തം, സംഗീതം, സാഹിത്യം, പാചകരീതി എന്നിവയിലൂടെ ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങളുടെ നാടോടി സംസ്കാരത്തിന്റെ ഒരു നേർക്കാഴ്ച വീക്ഷിക്കാൻ അവസരം ലഭിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ നമ്മുടെ സാംസ്കാരിക പൈതൃകവുമായി ബന്ധിപ്പിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഭാരതീയ കലാ മഹോത്സവ് പോലുള്ള പരിപാടികൾ വ്യത്യസ്ത പ്രദേശങ്ങളിൽ താമസിക്കുന്ന പൗരന്മാരെ പരസ്പരം മനസ്സിലാക്കാൻ സഹായിക്കുമെന്നും ഇത് നമ്മുടെ കാഴ്ചപ്പാടുകളെ വിശാലമാക്കുമെന്നും അവർ പറഞ്ഞു. കൂടാതെ, അത്തരം പരിപാടികൾ നമ്മുടെ സാംസ്കാരിക പൈതൃകത്തോടുള്ള ആദരം വളർത്തുകയും അത് സംരക്ഷിക്കാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

ഭാരതീയ കലാ മഹോത്സവത്തിൽ നിരവധി പേർ പങ്കെടുക്കുമെന്നും ഈ കലാമേള ആസ്വദിക്കുമെന്നും രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തെലങ്കാന ഗവർണർ ശ്രീ ജിഷ്ണു ദേവ് വർമ്മ, കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത്, കേന്ദ്ര കൽക്കരി, ഖനി മന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡി, രാജസ്ഥാൻ ഗവർണർ ശ്രീ ഹരിഭാവു ബാഗ്ഡെ, ഗോവ ഗവർണർ ശ്രീ പുസപതി അശോക് ഗജപതി രാജു, തെലങ്കാന ഗവൺമെന്റിന്റെ പഞ്ചായത്തീരാജ്, ഗ്രാമവികസനം, വനിതാ ശിശുക്ഷേമം വകുപ്പ് മന്ത്രി ശ്രീമതി ഡി അനസൂയ സീതക്ക, ഗുജറാത്ത് ഗവണ്മെന്റിന്റെ ഗോത്ര വികസനം, ഖാദി, ഗ്രാമീണ വ്യവസായ മന്ത്രി ശ്രീ നരേഷ് മഗൻഭായ് പട്ടേൽ തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു .

2025 നവംബർ 22 മുതൽ 30 വരെ രാവിലെ 10:00 മുതൽ രാത്രി 8:00 വരെ ഭാരതീയ കലാ മഹോത്സവ പരിപാടികൾ വീക്ഷിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. https://visit.rashtrapatibhavan.gov.in/plan-visit/rashtrapati-nilayam-hyderabad/p2/p2 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സന്ദർശകർക്ക് സന്ദർശന സമയം ബുക്ക് ചെയ്യാം. മുൻകൂട്ടി ബുക്ക് ചെയ്യാതെ നേരിട്ടെത്തുന്ന സന്ദർശകർക്ക് ഓൺ-ദി-സ്പോട്ട് ബുക്കിംഗ് സൗകര്യവും ലഭ്യമാണ്.

രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
*****
(Release ID: 2192753)
Visitor Counter : 3