PIB Headquarters
കരുത്താര്‍ജിക്കുന്ന എവിജിസി-എക്സ്ആർ വിപ്ലവം
മാധ്യമ, വിനോദ മേഖലയുടെ ഭാവിയിലേക്ക് ഇന്ത്യയുടെ കുതിച്ചുചാട്ടം
प्रविष्टि तिथि:
18 NOV 2025 10:59AM by PIB Thiruvananthpuram
സംഗ്രഹം
വളര്‍ന്നുവരുന്ന വ്യാവസായിക മേഖലയായ ഇന്ത്യയുടെ മാധ്യമ- വിനോദ രംഗം ഡിജിറ്റൽ നൂതനാശയങ്ങളുടെയും സര്‍ഗാത്മക സാങ്കേതികവിദ്യ വളർച്ചയുടെയും കരുത്തില്‍ 2030-ഓടെ 100 ബില്യൺ യുഎസ് ഡോളർ കടക്കുമെന്നാണ് പ്രവചനം.
നെറ്റ്ഫ്ലിക്സ്, ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, എൻവിഡിയ തുടങ്ങിയവയുമായി ആഗോള പങ്കാളിത്തത്തിലൂടെ സര്‍ഗാത്മക വിദ്യാഭ്യാസത്തെ പുനരാവിഷ്ക്കരിക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് (ഐഐസിടി). ലോകോത്തര പ്രതിഭാശാലികളുടെ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ഇത് വഴിയൊരുക്കുന്നു.
അവതാർ, തോർ: ദി ഡാർക്ക് വേൾഡ്, ഗെയിം ഓഫ് ത്രോൺസ് തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രങ്ങൾക്ക് സംഭാവന നൽകിയ ഇന്ത്യൻ വിഎഫ്എക്സ്, ആനിമേഷൻ സ്റ്റുഡിയോകൾ ആഗോള സിനിമാരംഗത്ത് സുപ്രധാന പങ്കുവഹിക്കുന്നു.
ഇന്ത്യയുടെ സര്‍ഗ സമ്പദ്ഘടന വഴിത്തിരിവിൽ
ഡിജിറ്റൽ നൂതനാശയങ്ങളിലൂടെയും യുവതയുടെ ആവശ്യകതയിലൂടെയും സര്‍ഗാത്മക സംരംഭകത്വത്തിലെ കുതിച്ചുചാട്ടത്തിലൂടെയും കരുത്താര്‍ജിക്കുന്ന ഇന്ത്യയുടെ മാധ്യമ വിനോദ മേഖല രാജ്യത്ത് അതിവേഗം വളരുന്ന വ്യവസായങ്ങളിലൊന്നായി ഉയർന്നുവന്നിരിക്കുന്നു. സേവന സമ്പദ്‌വ്യവസ്ഥയില്‍ സാധ്യതകളേറിയ വിഭാഗമായി സർക്കാർ അംഗീകരിച്ച ഈ രംഗം ഏകദേശം 7 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ വളർച്ച കൈവരിച്ച് 2027-ഓടെ 3,067 ബില്യൺ രൂപയിലെത്തുമെന്നാണ് പ്രവചനം. 2030-ഓടെ ഈ മേഖല 100 ബില്യൺ യുഎസ് ഡോളറിലേക്കുയരുമെന്ന ദേശീയ വിലയിരുത്തല്‍ ഉള്ളടക്കം ഉപയോഗിക്കുന്ന രാജ്യമെന്ന നിലയില്‍നിന്ന് ആഗോള സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കളെന്ന രീതിയില്‍ ബൗദ്ധിക സ്വത്തവകാശങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നിലയിലേക്ക് ഇന്ത്യ കൈവരിച്ച നിർണായക മാറ്റത്തെ സൂചിപ്പിക്കുന്നു.

ഈ മേഖലയുടെ തന്ത്രപരമായ കാഴ്ചപ്പാട് മൂന്ന് പ്രധാന സ്തംഭങ്ങളിലാണ് നിലകൊള്ളുന്നത്.
പരിശീലനങ്ങളിലും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലും നൂതനാശയങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും നിക്ഷേപം നടത്തി ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ്, എക്സ്റ്റെൻ്റഡ് റിയാലിറ്റി എന്നിവയിലെ ആഭ്യന്തര ശേഷി ശക്തിപ്പെടുത്താന്‍ നിലവിലെ സംരംഭങ്ങൾ ലക്ഷ്യമിടുന്നു. അതേസമയം പ്രാദേശികവും ഭാഷാപരവുമായ അതിരുകൾക്കപ്പുറത്തെ സമഗ്ര പങ്കാളിത്തം നയപരമായി സുപ്രധാന മുൻഗണനയായി തുടരുന്നു. സര്‍ഗാത്മക അവസരങ്ങൾ മഹാനഗരങ്ങള്‍ക്കപ്പുറം വളർന്നുവരുന്ന സാംസ്കാരിക സമ്പദ്‌വ്യവസ്ഥകളിലേക്ക് എത്തുന്നുവെന്ന് ഇതുവഴി ഉറപ്പാക്കുന്നു.
സാമ്പത്തികമായി മൂല്യവർധനയിലും തൊഴിലവസര സൃഷ്ടിയിലും കാര്യമായ സംഭാവന നൽകുന്ന മാധ്യമ വിനോദ മേഖലയുടെ കഴിഞ്ഞ ദശകത്തിലെ മൊത്ത മൂല്യവർധിത വിഹിതം ക്രമാനുഗതമായി വർധിച്ചു. വിപുലമായ വിദഗ്ധ തൊഴില്‍ശക്തിയുടെ പിന്തുണയോടെ 40 മുതൽ 60 ശതമാനം വരെ കുറഞ്ഞ ചെലവിലാണ് ഇന്ത്യ ആനിമേഷൻ, വിഎഫ്എക്സ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. താരതമ്യത്തിലെ ഈ നേട്ടം അന്താരാഷ്ട്ര പദ്ധതികളെ സ്ഥിരമായി ആകർഷിക്കുകയും ആഗോള പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളുടെ മുന്‍ഗണനാകേന്ദ്രമായി ഇന്ത്യയെ അടയാളപ്പെടുത്തുകയും ചെയ്തു. ഈ മേഖലയുടെ വളര്‍ന്നുവരുന്ന ആഗോള പ്രസക്തി ഡിജിറ്റൽ മാധ്യമങ്ങളിലും പ്രകടമാണ്. ഇന്ത്യൻ ഒടിടി ഉള്ളടക്കത്തിൻ്റെ ആകെ കാഴ്ചക്കാരുടെ ഏകദേശം 25 ശതമാനവും വിദേശ പ്രേക്ഷകരാണ്. ഇന്ത്യൻ കഥകൾ ഭൂഖണ്ഡങ്ങളിലുടനീളം വൈകാരികവും സാംസ്കാരികവുമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നത് തുടരുമ്പോള്‍ സര്‍ഗാത്മക ഉള്ളടക്കത്തിന്‍റെ വാണിജ്യപരമായ ആകർഷണത്തിലുപരി ഇന്ത്യയുടെ സാംസ്കാരിക നയതന്ത്രത്തിലെ വികസിച്ചുവരുന്ന പങ്കിനെയും ഇത് പ്രതിഫലിപ്പിക്കുന്നു.
എവിജിസി-എക്സ്ആർ വിപ്ലവം
ഈ സര്‍ഗാത്മക മുന്നേറ്റത്തിന് ഏറ്റവും ചലനാത്മക രൂപം ലഭിക്കുന്ന എവിജിസി-എക്സ്ആർ മേഖലയില്‍ സാങ്കേതികവിദ്യയും കഥാഖ്യാനവും നൂതനാശയങ്ങളും സമന്വയിപ്പിച്ച് ഇന്ത്യയുടെ മാധ്യമ വിനോദ വളർച്ചയുടെ അടുത്ത അധ്യായം നിർവചിക്കുകയാണ്. സര്‍ഗാത്മക രംഗത്തെ ഇന്ത്യയുടെ അഭിലാഷങ്ങള്‍ ഡിജിറ്റൽ ശേഷിയുമായി ചേര്‍ന്നതോടെ പ്രേക്ഷകർക്കുവേണ്ടി ഉള്ളടക്കം നിർമിക്കുന്നതിൽ നിന്ന് ലോകത്തിനുവേണ്ടി അനുഭവങ്ങൾ രൂപപ്പെടുത്തുന്നതിലേക്കുള്ള അതിന്‍റെ പരിവര്‍ത്തനം അടയാളപ്പെടുത്തുന്നു.
തുടക്കവും സ്ഥാപനപരമായ ചട്ടക്കൂടും
ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ്, കോമിക്സ്, എക്സ്റ്റെൻ്റഡ് റിയാലിറ്റി (എവിജിസി-എക്സ്ആര്‍) മേഖലയെ വളർച്ചയുടെ സുപ്രധാന ചാലകശക്തിയായി ഔദ്യോഗികമായി അംഗീകരിച്ചതോടെ ഇന്ത്യയുടെ സര്‍ഗാത്മക സമ്പദ്ഘടന പരിവർത്തനത്തിന്‍റെ ഘട്ടത്തിലേക്ക് കടന്നു. സര്‍ഗാത്മക സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ ഉള്ളടക്ക നിർമാണത്തിൻ്റെയും ആഗോള കേന്ദ്രമായി ഇന്ത്യയുടെ എവിജിസി-എക്സ്ആർ മേഖലയെ പരിപോഷിപ്പിക്കുന്നതിന് സമഗ്ര ദേശീയ തന്ത്രം രൂപീകരിക്കാന്‍ 2022-ൽ എവിജിസി പ്രോത്സാഹന ദൗത്യസേന രൂപീകരിച്ചതോടെ നയപരമായ യാത്രയ്ക്ക് വേഗം കൈവന്നു. ഡിജിറ്റൽ ഉള്ളടക്ക സൃഷ്ടിയുടെയും സര്‍ഗാത്മകതയുടെയും ആഗോള കേന്ദ്രമായി രാജ്യത്തെ അടയാളപ്പെടുത്താന്‍ ലക്ഷ്യമിടുന്ന “ക്രിയേറ്റ് ഇൻ ഇന്ത്യ” ആശയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ദേശീയ എവിജിസി-എക്സ്ആർ ദൗത്യം സ്ഥാപിക്കാൻ ദൗത്യസേന ശിപാർശ ചെയ്തു. അടുത്ത പത്ത് വർഷത്തിനകം പ്രത്യക്ഷവും പരോക്ഷവുമായ 20 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് എവിജിസി പ്രോത്സാഹന ദൗത്യസേനയുടെ റിപ്പോർട്ട് പ്രവചിച്ചു. നിർമാണം, കയറ്റുമതി, അനുബന്ധ സേവനങ്ങൾ എന്നിവയിലൂടെ ഈ മേഖലയ്ക്ക് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന് (ജിഡിപി) സംഭാവന നൽകാനാവുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഐസിടി – കാഴ്ചപ്പാടിൽ നിന്ന് പ്രവർത്തനത്തിലേക്ക്
2025 മെയ്: വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയങ്ങള്‍ എന്നിവയിലൂടെ ഇന്ത്യയുടെ എവിജിസി-എക്സ്ആർ മേഖലയെ മുന്നോട്ടുനയിക്കാന്‍ നയപരമായ ലക്ഷ്യങ്ങളെ സ്ഥാപനപരമായ പ്രവർത്തനമാക്കി മാറ്റി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് (ഐഐസിടി) സെക്ഷൻ 8 കമ്പനിയായി ഔപചാരികമായി രൂപീകരിച്ചു.
2025 മെയ്: സഹകരണത്തിലൂടെ പാഠ്യപദ്ധതി വികസിപ്പിക്കാനും ഇൻ്റേൺഷിപ്പുകളും സ്കോളർഷിപ്പുകളും ലഭ്യമാക്കാനും മാര്‍ഗനിര്‍ദേശങ്ങളും പ്രോത്സാഹനവും നല്‍കി സര്‍ഗാത്മക-സാങ്കേതിക സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാനും ലക്ഷ്യമിട്ട് ഗൂഗിള്‍, യൂട്യൂബ്, മെറ്റ, അഡോബ്, മൈക്രോസോഫ്റ്റ്, എൻവിഡിയ, വാക്കൺ, ജിയോസ്റ്റാർ എന്നിവരെ ഐഐസിടി വ്യാവസായിക പങ്കാളികളായി ഉൾപ്പെടുത്തി.
2025 ജൂലൈ 15: വ്യാവസായികരംഗത്തെ വിദഗ്ധരുമായി കൂടിയാലോചിച്ച് രൂപകല്പന ചെയ്ത ഗെയിമിങ്, പോസ്റ്റ്-പ്രൊഡക്ഷൻ, ആനിമേഷൻ, കോമിക്സ്, എക്സ്ആർ എന്നിവയിലെ പ്രത്യേക കോഴ്സുകൾ ഉൾപ്പെടുത്തി ആദ്യ അക്കാദമിക സെഷനിലേക്ക് പ്രവേശനമാരംഭിച്ചു. പരിശീലകരുടെ കൈമാറ്റം, സംയുക്ത ഗവേഷണം, ആഗോള നിലവാരത്തില്‍ പാഠ്യപദ്ധതി വികസനം എന്നിവ സുഗമമാക്കുന്നതിന് യൂണിവേഴ്സിറ്റി ഓഫ് യോർക്കുമായി (യുകെ) ഇൻസ്റ്റിറ്റ്യൂട്ട് ധാരണാപത്രം ഒപ്പുവെച്ചു.
2025 ജൂലൈ 18: ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ സമുച്ചയത്തില്‍ ആദ്യ ഐഐസിടി കാമ്പസ് ഉദ്ഘാടനം ചെയ്തു. പ്രാരംഭഘട്ടത്തില്‍ 400 കോടി രൂപയുടെ ബജറ്റോടെ പ്രൊഫഷണൽ നൈപുണ്യ വികസന മൊഡ്യൂളുകളിലൂന്നി ആദ്യ ബാച്ചിൽ ഏകദേശം 300 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
2025 ഓഗസ്റ്റ് 30: സര്‍ഗാത്മക സംരംഭകത്വം പരിപോഷിപ്പിക്കുന്നതിന് വേവ്-എക്സ് മാധ്യമ-സാങ്കേതിക സ്റ്റാർട്ടപ്പ് ഇൻകുബേറ്റർ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ 15 സ്റ്റാർട്ടപ്പുകൾക്ക് മാര്‍ഗനിര്‍ദേശങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആഗോള പങ്കാളികളുടെ സഹകരണവും ലഭ്യമാക്കി.
2025 ഒക്ടോബർ 7: സഹകരണാത്മക പ്രവര്‍ത്തനങ്ങളിലൂടെ പാഠ്യപദ്ധതി രൂപീകരിക്കാനും പരിശീലന ക്ലാസുകൾ സംഘടിപ്പിക്കാനും നെറ്റ്ഫ്ലിക്സ് ഫണ്ട് ഫോർ ക്രിയേറ്റീവ് ഇക്വിറ്റിക്ക് കീഴിൽ സ്കോളർഷിപ്പുകൾ നൽകാനും എഫ്ഐസിസിഐ-യുമായും നെറ്റ്ഫ്ലിക്സുമായും ഐഐസിടി ധാരണാപത്രം ഒപ്പുവെച്ചു. ഉള്ളടക്കത്തിലെ ആഗോള വൈദഗ്ധ്യം ഇന്ത്യയുടെ സര്‍ഗാത്മക-വിദ്യാഭ്യാസ മേഖലയിലേക്ക് സംയോജിപ്പിക്കാന്‍ ഇത് വഴിയൊരുക്കുന്നു.
പ്രതിഭകളെയും നൂതനാശയങ്ങളെയും പരിപോഷിപ്പിക്കുന്നതിന് സ്ഥാപനപരമായ പ്രത്യേക ചട്ടക്കൂട് വികസിപ്പിച്ചത് ഇന്ത്യയുടെ എവിജിസി-എക്സ്ആർ യാത്രയിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നാണ്. ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ്, അനുഭവവേദ്യ മാധ്യമങ്ങള്‍ എന്നിവയിലെ പരിശീലനത്തിനും ഗവേഷണത്തിനും വ്യാവസായിക സഹകരണത്തിനും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കേന്ദ്രമായാണ് 2024-ൽ സർക്കാർ അംഗീകരിച്ച എവിജിസി-എക്സ്ആർ ദേശീയ മികവുകേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്.
എവിജിസി-എക്സ്ആർ ദേശീയ മികവു കേന്ദ്രമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് (ഐഐസിടി) മഹാരാഷ്ട്രയിലെ മുംബൈയിൽ പ്രവര്‍ത്തനമാരംഭിച്ചു. സ്ഥാപനത്തിന്‍റെ വളർച്ചയ്ക്കായി വിഭവങ്ങൾ പുനർനിക്ഷേപിക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമെന്ന നിലയില്‍ സെക്ഷൻ 8 പ്രകാരം കമ്പനിയായി രൂപീകരിച്ച ഐഐസിടി അക്കാദമിക രംഗത്തെയും വ്യാവസായിക മേഖലയെയും സർക്കാറിനെയും ഒരു വേദിയിൽ ഒരുമിച്ചുചേര്‍ക്കുന്നു. ആധുനിക പാഠ്യപദ്ധതികൾ വികസിപ്പിച്ചും സംയുക്ത ഗവേഷണം പ്രോത്സാഹിപ്പിച്ചും ആഗോള വ്യാവസായിക ബന്ധങ്ങൾ വളർത്തിയും പുതുതലമുറ സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കളെയും നൂതനാശയക്കാരെയും രൂപപ്പെടുത്തുന്ന ഐഐസിടി ആഗോള സര്‍ഗ സമ്പദ്‌വ്യവസ്ഥയുടെ മുൻനിരയിൽ ഇന്ത്യയെ പ്രതിഷ്ഠിക്കുന്നു.
നയപരമായ മുന്നേറ്റം

ദേശീയ സംരംഭങ്ങൾക്ക് പൂരകമായി പ്രത്യേക നയങ്ങളിലൂടെയും സ്ഥാപന ചട്ടക്കൂടുകളിലൂടെയും നിരവധി സംസ്ഥാനങ്ങൾ എവിജിസി-എക്സ്ആർ കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. 2024-2029 കാലയളവിലേക്ക് പ്രത്യേക എവിജിസി-എക്സ്ആർ നയം നടപ്പാക്കിയ ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. നൈപുണ്യ വികസനം, ഇന്‍കുബേഷന്‍, ആഗോള വിപണി മത്സരക്ഷമത എന്നിവയിലാണിത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ 3,268 കോടി രൂപയുടെ സാമ്പത്തിക പദ്ധതിയുടെയും 2050 വരെ നീളുന്ന ദീർഘകാല ആസൂത്രണത്തിന്‍റെയും പിന്തുണയോടെ മഹാരാഷ്ട്രയും 2025-ലെ എവിജിസി-എക്സ്ആർ നയത്തിന് അംഗീകാരം നൽകി. നിക്ഷേപം ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രത്യേക ക്ലസ്റ്ററുകളും പരിശീലന സംരംഭങ്ങളും വഴി സംസ്ഥാനതല ഉല്പാദന അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും നയം ലക്ഷ്യമിടുന്നു.
നയ പരിഷ്കാരങ്ങളും അടിസ്ഥാന സൗകര്യ വികസനവും
നവീകരിച്ച ചലച്ചിത്ര നിയമങ്ങളും ഡിജിറ്റൽ-ഭരണനിര്‍വഹണ ചട്ടക്കൂടുകളും മുതൽ സംയോജിത ഉല്പാദന സൗകര്യങ്ങളുടെ വികസനം വരെ താഴെ നൽകിയ സംരംഭങ്ങൾ ആഗോളതലത്തിൽ മത്സരക്ഷമവും ഭാവിസജ്ജവുമായ മാധ്യമ വിനോദ വ്യവസായം കെട്ടിപ്പടുക്കുന്നതിലെ ഇന്ത്യയുടെ പ്രതിബദ്ധത പ്രകടമാക്കുന്നു:
സിനിമാറ്റോഗ്രാഫ് (ഭേദഗതി) നിയമം, 2023
ഇന്ത്യയുടെ സിനിമാ നിയമ നിർമാണത്തിലെ സുപ്രധാന പരിഷ്കരണമാണ് 2023-ലെ സിനിമാറ്റോഗ്രാഫ് (ഭേദഗതി) നിയമം. 1952-ലെ സിനിമാറ്റോഗ്രാഫ് നിയമത്തിൻ്റെ നിയന്ത്രണപരവും നിര്‍വഹണപരവുമായ ചട്ടക്കൂടിനെ ശക്തിപ്പെടുത്തുന്ന ഈ ഭേദഗതി ചലച്ചിത്രങ്ങൾ അനധികൃതമായി റെക്കോഡ് ചെയ്യുന്നതും വിതരണം ചെയ്യുന്നതും തടയാന്‍ കർശന ഉള്ളടക്ക മോഷണ വിരുദ്ധ വ്യവസ്ഥകൾ ആദ്യമായി അവതരിപ്പിച്ചു. ഡിജിറ്റൽ ഉള്ളടക്ക മോഷണം ശിക്ഷാർഹമായ കുറ്റമാക്കുന്ന 6AA, 6AB സെക്ഷനുകള്‍ പ്രകാരം മൂന്ന് വർഷം വരെ തടവും സിനിമയുടെ ഓഡിറ്റ് ചെയ്ത ആകെ ഉല്പാദനച്ചെലവിൻ്റെ 5 ശതമാനം വരെ പിഴയും ലഭിച്ചേക്കാം. പുതുതായി ഉൾപ്പെടുത്തിയ സെക്ഷന്‍ 7(1B)(ii) പ്രകാരം വിവിധ പ്ലാറ്റ്ഫോമുകളില്‍ പങ്കിട്ട വ്യാജ ചലച്ചിത്ര ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനോ ലഭ്യത നിയന്ത്രിക്കാനോ ഓൺലൈൻ പ്ലാറ്റ്ഫോമുകള്‍ക്ക് നിർദേശം നൽകാൻ സർക്കാരിനെ അധികാരപ്പെടുത്തുന്നു. ഡിജിറ്റൽ നിയമലംഘനങ്ങൾക്കെതിരെ സമയബന്ധിത നടപടി ഇതുവഴി ഉറപ്പാക്കുന്നു.
പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ സിനിമകള്‍ തരംതിരിച്ചും ടെലിവിഷൻ, ഒടിടി റിലീസുകളുടെ പുനര്‍ സാക്ഷ്യപ്പെടുത്തല്‍ നടപടികൾ ലളിതവല്‍ക്കരിച്ചും ചലച്ചിത്ര സാക്ഷ്യപ്പെടുത്തലിന് സ്ഥിര സാധുത നൽകിയും നിയമം ആധുനികവൽക്കരിക്കുന്നു. ഈ വ്യവസ്ഥകൾ സര്‍ഗാത്മക സ്വാതന്ത്ര്യത്തെ പ്രേക്ഷക സംരക്ഷണവുമായും ഉള്ളടക്കത്തിൻ്റെ സമഗ്രതയുമായും സംയോജിപ്പിക്കുന്നു. സർക്കാരിൻ്റെ വിശാല മാധ്യമ-പരിഷ്കരണ അജണ്ടയില്‍ നയപരമായ പ്രധാന നാഴികക്കല്ലുകളിലൊന്നായ ഈ ഭേദഗതി സുതാര്യവും സുരക്ഷിതവും നൂതനാശയ സൗഹൃദവുമായ ചലച്ചിത്രമേഖലയിലെ ഇന്ത്യയുടെ പ്രതിബദ്ധത അടയാളപ്പെടുത്തുന്നു.
ദേശീയ പ്രക്ഷേപണ നയം
ഇന്ത്യയുടെ പ്രക്ഷേപണ മേഖലയ്ക്ക് ആധുനികവും സമഗ്രവും വളർച്ചാധിഷ്ഠിതവുമായ ചട്ടക്കൂട് സൃഷ്ടിക്കാനാണ് ദേശീയ പ്രക്ഷേപണ നയം വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഉള്ളടക്ക വൈവിധ്യം, ന്യായമായ മത്സരം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയം ധാർമിക മാനദണ്ഡങ്ങളും ബൗദ്ധിക സ്വത്തവകാശ സംരക്ഷണവും പ്രേക്ഷക വിശ്വാസ്യതയും ഉറപ്പാക്കും. നൂതനാശയങ്ങള്‍ വളർത്തിയും പ്രാദേശിക ഉള്ളടക്ക നിർമാണം പിന്തുണച്ചും പരമ്പരാഗത പ്രക്ഷേപണത്തെ വളർന്നുവരുന്ന ഡിജിറ്റൽ സംവിധാനങ്ങളുമായി സംയോജിപ്പിച്ചും ഭാവിസജ്ജമായ ആശയവിനിമയ അന്തരീക്ഷം കെട്ടിപ്പടുക്കാനും മാധ്യമ, വിനോദ മേഖലകളിലെ ഇന്ത്യയുടെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്താനും ഈ നയം ലക്ഷ്യമിടുന്നു.
ഇന്ത്യ സിനി ഹബ്ബ്

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ വികസിപ്പിച്ച് ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്‍റെ നിര്‍വഹണത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ സിനി ഹബ്ബ് ഇന്ത്യയിലുടനീളം ചലച്ചിത്ര പ്രവർത്തനങ്ങൾ സുഗമമാക്കുന്ന സർക്കാരിൻ്റെ ഏകജാലക സംവിധാനമായി നിലകൊള്ളുന്നു. നടപടിക്രമങ്ങൾ ലളിതമാക്കുന്ന ഈ സംരംഭം സുതാര്യത പ്രോത്സാഹിപ്പിക്കുകയും ആഗോള സിനിമാ ചിത്രീകരണത്തിന്‍റെ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഇന്ത്യയുടെ ആകർഷണം വർധിപ്പിക്കുകയും ചെയ്യുന്നു.
അനുമതികൾ, പ്രോത്സാഹന ധനസഹായങ്ങള്‍, ചലച്ചിത്ര നിര്‍മാണ വിഭവങ്ങൾ എന്നിവ സംയോജിപ്പിച്ച് ഇന്ത്യയുടെ ചലച്ചിത്ര പ്രവർത്തനങ്ങളെ സുഗമമാക്കുന്ന ഡിജിറ്റൽ അടിത്തറയായി മാറിയ ഇന്ത്യ സിനി ഹബ്ബ് സുപ്രധാന ആഗോള സിനിമാ നിർമാണ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു.
വേവ്‌സ്: സര്‍ഗാത്മക സഹകരണത്തിന് ഇന്ത്യയുടെ ആഗോള വേദി
ആഗോളതലത്തിൽ രാജ്യത്തിൻ്റെ സര്‍ഗാത്മക സമ്പദ്ഘടനയെ പ്രദർശിപ്പിക്കാനും ശക്തിപ്പെടുത്താനും ഇന്ത്യ അവതരിപ്പിച്ച ആദ്യ സംയോജിത വേദിയാണ് ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടി (വേവ്സ്). സിനിമ, ടെലിവിഷൻ, ഒടിടി, ആനിമേഷൻ, വിഎഫ്എക്സ്, ഗെയിമിങ്, എക്സ്ആർ എന്നീ മേഖലകളിലെ നയരൂപകർത്താക്കളും വ്യവസായ പ്രമുഖരും ഉള്ളടക്ക നിര്‍മാതാക്കളും നിക്ഷേപകരും ഒരുമിക്കുന്ന വേദിയായി വേവ്സ് നിലകൊള്ളുന്നു.

ഉറവിടം: പിഐബി
2025 മെയ് 1 മുതൽ 4 വരെ മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച ആദ്യ പതിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. ഉള്ളടക്കം, സാങ്കേതികവിദ്യ, നിക്ഷേപം എന്നിവയിലെ ആഗോള പ്രമുഖരും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പങ്കാളികളും വേവ്സില്‍ ഒത്തുചേര്‍ന്നു. നാല് ദിവസത്തെ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച മന്ത്രിതല വട്ടമേശ ചര്‍ച്ചകള്‍, വിപണി പരിശോധനകള്‍, നിക്ഷേപക ഫോറങ്ങൾ, പരിശീലന ക്ലാസുകൾ, ബി2ബി നെറ്റ്‌വർക്കിംഗ് എന്നിവ ആഗോള മാധ്യമ രംഗത്തെ ഇന്ത്യയുടെ നേതൃത്വത്തിന് കളമൊരുക്കി.
ആഗോള മാധ്യമ സഹകരണം സംബന്ധിച്ച വേവ്‌സ് പ്രഖ്യാപനവും വേവ്‌സ് ബസാർ വഴി സൃഷ്ടിച്ച 1,328 കോടി രൂപയുടെ വാണിജ്യ ആസൂത്രണവും മാധ്യമസാങ്കേതിക സ്റ്റാർട്ടപ്പുകൾക്കായി വേവ്-എക്സിൽ പുറത്തിറക്കിയ 50 കോടി രൂപയുടെ നിക്ഷേപ നിധിയും ഉച്ചകോടിയുടെ പ്രധാന സവിശേഷതകളാണ്. 2047 -ലെ വികസിത ഭാരതമെന്ന കാഴ്ചപ്പാടിലൂന്നി സര്‍ഗാത്മക സാങ്കേതികവിദ്യകളുടെയും ഡിജിറ്റൽ കഥാഖ്യാനത്തിന്റെയും അന്താരാഷ്ട്ര സഹ-നിർമാണ പങ്കാളിത്തത്തിന്റെയും കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ വളര്‍ന്നുവരുന്ന പങ്കിനെ വേവ്‌സ് അടയാളപ്പെടുത്തുന്നു.
നേട്ടങ്ങളും സ്വാധീനവും

ഉറവിടം: ഐഎംഡിബി
ഇന്ത്യയുടെ ഈ രംഗത്തെ സാങ്കേതിക പരിണാമം പരീക്ഷണത്തിൽ നിന്ന് മികവിലേക്കുള്ള ഒരു ദശാബ്ദക്കാലത്തെ മുന്നേറ്റത്തെ പ്രതിഫലിപ്പിക്കുന്നു. രാ.വൺ (2011), ബാഹുബലി: ദി ബിഗിനിംഗ് (2015), ബ്രഹ്മാസ്ത്ര (2022) തുടങ്ങിയ സിനിമകളിലെ മോഷൻ കാപ്ചർ, സിജിഐ എന്നിവയുടെ ഉപയോഗം നിലവാരമേറിയ ചലച്ചിത്ര നിർമാണത്തില്‍ രാജ്യത്തിന്‍റെ ആദ്യകാല ശേഷി പ്രകടമാക്കി. അന്നുമുതല്‍ ഇന്ത്യൻ സ്റ്റുഡിയോകൾ അതിവേഗം മുന്നേറുകയും റിയൽ-ടൈം റെൻഡറിങ്, വോള്യുമെട്രിക് കാപ്ചർ, വെർച്വൽ-പ്രൊഡക്ഷൻ രീതികൾ തുടങ്ങിയ സങ്കേതങ്ങള്‍ അവലംബിച്ച് അനുഭവവേദ്യമായ കഥാവിഷ്കാരങ്ങള്‍ നിർമിക്കുകയും ചെയ്തു. വളര്‍ന്നുവരുന്ന ഈ സാങ്കേതിക പക്വത പോസ്റ്റ്-പ്രൊഡക്ഷന്‍റെയും വിഎഫ്എക്സിന്‍റെയും ആഗോള വിപണികളിൽ ഇന്ത്യയുടെ മത്സരക്ഷമത വർധിപ്പിച്ചതോടെ കൂടുതൽ അന്താരാഷ്ട്ര സ്റ്റുഡിയോകൾ നൂതന സര്‍ഗാത്മക ജോലികൾ ഇന്ത്യൻ സ്ഥാപനങ്ങൾക്ക് കൈമാറാന്‍ തുടങ്ങി.
പ്രൊഫഷണൽ പരിശീലനത്തിലും സര്‍ഗശേഷി മെച്ചപ്പെടുത്തുന്നതിലും എവിജിസി-എക്സ്ആർ മേഖല ശ്രദ്ധേയമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
നൈപുണ്യ വികസനവും തൊഴില്‍ശക്തിയുടെ വളര്‍ച്ചയും
മാധ്യമ വിനോദ നൈപുണ്യ കൗൺസില്‍ (എംഇഎസ്‌സി) നേതൃത്വം നല്‍കുന്ന സംരംഭങ്ങളിലൂടെ ആനിമേഷൻ, വിഎഫ്എക്സ്, ഗെയിമിങ്, പോസ്റ്റ്-പ്രൊഡക്ഷൻ തുടങ്ങി പ്രത്യേക വിഷയങ്ങളിൽ ഈ രംഗത്തെ വിദഗ്ധര്‍ക്ക് പരിശീലനം നൽകുന്നു. വ്യാവസായിക-വിദ്യാഭ്യാസരംഗങ്ങളിലെ പരസ്പര സഹകരണം നൈപുണ്യാധിഷ്ഠിത ശേഷി മാനദണ്ഡങ്ങള്‍ക്കും അന്താരാഷ്ട്ര നിലവാരത്തില്‍ വിവിധ ഘടകങ്ങളായി രൂപംനല്‍കിയ കോഴ്സുകളുടെ വികസനത്തിനും വഴിയൊരുക്കി.
മേഖലയുടെ വളർച്ചയും ആഗോള ദൃശ്യപരതയും

ഉറവിടം: ഇന്ത്യ സിനി ഹബ്ബ്
ആർആർആർ: 2,800-ലേറെ വിഎഫ്എക്സ് ഷോട്ടുകൾ അവതരിപ്പിച്ച സിനിമയില്‍ മൃഗങ്ങളുടെ എല്ലാ രംഗങ്ങളും കൃത്യമായ വേഗത്തില്‍ പ്രവർത്തിക്കുന്ന വിധത്തില്‍ സജ്ജീകരിച്ച റിമോട്ട് കണ്‍ട്രോള്‍ കാറുകൾ ഉപയോഗിച്ചാണ് സമന്വയിപ്പിച്ചത്. ഇന്ത്യയുടെ വിഎഫ്എക്സ് പ്രവർത്തനങ്ങളുടെ ഉയർന്ന നിലവാരത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
തോർ: ദി ഡാർക്ക് വേൾഡ്: മുംബൈ ആസ്ഥാനമായ സ്റ്റുഡിയോയാണ് വിഎഫ്എക്സ് പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നിർവഹിച്ചത്. അന്താരാഷ്ട്ര ചലച്ചിത്ര നിർമാണങ്ങളില്‍ ഇന്ത്യയുടെ വർധിച്ചുവരുന്ന പങ്കാളിത്തം ഇത് വ്യക്തമാക്കുന്നു.
ഗെയിം ഓഫ് ത്രോൺസ്: പ്രശസ്തമായ ഡ്രാഗണുകൾ (ഖലീസിയുടെ ഡ്രാഗണുകൾ) ഇന്ത്യയിലാണ് ആനിമേറ്റ് ചെയ്തത്. ഉന്നത നിലവാരത്തിലുള്ള ആനിമേഷനിലും സര്‍ഗാത്മക രൂപകല്പനയിലും ഇന്ത്യയുടെ വളര്‍ന്നുവരുന്ന സാങ്കേതിക വിശ്വാസ്യതയെ ഇത് ഉയർത്തിക്കാട്ടുന്നു.
അവതാർ: അവതാറിനായി 200-ലേറെ വിഎഫ്എക്സ് ഷോട്ടുകൾ തയ്യാറാക്കിയത് ഒരു ഇന്ത്യൻ കമ്പനിയാണ്. മുൻനിര ആഗോള ചലച്ചിത്ര നിർമാണങ്ങളിലെ ഇന്ത്യയുടെ സഹകരണത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
വിഷ്വൽ എഫക്ട്സ്, ആനിമേഷൻ എന്നിവയില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന വൈദഗ്ധ്യം ലോകത്ത് ഏറ്റവുമധികം അന്വേഷിക്കപ്പെടുന്ന സര്‍ഗാത്മക ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ഇന്ത്യയെ അടയാളപ്പെടുത്തുന്നു. വന്‍കിട ആഭ്യന്തര, അന്താരാഷ്ട്ര ചലച്ചിത്ര നിർമാണങ്ങളില്‍ രാജ്യത്തെ സ്റ്റുഡിയോകൾ ഇന്ന് അവിഭാജ്യ ഘടകമാണ്. ആഗോള വിനോദ മേഖലയില്‍ ദൃശ്യപരമായി സങ്കീർണമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ സംഭാവന നൽകുന്നു. സേവനാധിഷ്ഠിത തൊഴില്‍ കൈമാറ്റത്തില്‍നിന്ന് മൂല്യമേറിയ സര്‍ഗാത്മക സഹകരണത്തിലേക്ക് രാജ്യത്തെ മാധ്യമ-വിനോദ മേഖല കൈവരിക്കുന്ന പരിവര്‍ത്തനമാണ് ഈ പരിണാമത്തിലൂടെ പ്രതിഫലിക്കുന്നത്. രാജ്യത്തെ പ്രതിഭാശാലികള്‍ നൂതനാശയങ്ങളും കൃത്യതയും കഥാവിഷ്ക്കാരവും ആഗോള നിലവാരത്തിനൊത്ത് മുന്നോട്ടുനയിക്കുന്നു.
നവീകരണവും സംരംഭകത്വവും
ബിജിഎംഐ (ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ), എഫ്എയു-ജി (ഫിയര്‍ലെസ് ആന്‍ഡ് യുനൈറ്റഡ് ഗാര്‍ഡ്സ്) തുടങ്ങിയ പേരുകളിലെ ഗെയിമുകളിലൂടെ മുന്നിട്ടുനില്‍ക്കുന്ന രാജ്യത്തെ ഗെയിമിങ് വ്യവസായം തദ്ദേശീയമായി വളരുന്ന ഗെയിമിങ് മേഖലയെയും പ്രാദേശിക ബൗദ്ധിക സ്വത്തവകാശ സൃഷ്ടിയെയും പ്രതിനിധീകരിക്കുന്നു.
ശുപ്പാണ്ടി, ചാച്ചാ ചൗധരി, തെന്നാലി രാമൻ, ശിക്കാരി ശംഭു തുടങ്ങിയ പ്രശസ്ത കഥാപാത്രങ്ങളിലൂടെ രാജ്യത്തെ കോമിക്സ് വ്യവസായം ഇപ്പോഴും അഭിവൃദ്ധിയിലാണ്. ഇവയിൽ പലതും ഇപ്പോൾ ആനിമേറ്റഡ് പതിപ്പുകളായും ചലച്ചിത്രങ്ങളായും രൂപാന്തരപ്പെടുന്നത് പരമ്പരാഗത കഥാവിഷ്ക്കാരത്തിന്‍റെയും പുതിയ മാധ്യമവേദികളുടെയും സമന്വയത്തെ സൂചിപ്പിക്കുന്നു.
ഗെയിമിങ്, എക്സ്ആർ, അനുഭവവേദ്യമായ കഥാവിഷ്ക്കാരം എന്നീ രംഗങ്ങളിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ച തദ്ദേശീയ നൂതനാശയത്തിന്‍റെ ബൃഹത്തായ മാറ്റം അടയാളപ്പെടുത്തുന്നു. പ്രാദേശിക കഥാഖ്യാനങ്ങളിലും പുരാണങ്ങളിലും പൈതൃകത്തിലും വേരൂന്നിയ മൊബൈൽ, കൺസോൾ ഗെയിമുകളാണ് രാജ്യത്തെ സ്റ്റുഡിയോകൾ ഇപ്പോൾ വികസിപ്പിക്കുന്നത്. ഇത് സേവനാധിഷ്ഠിത ജോലികളിൽ നിന്ന് യഥാര്‍ത്ഥ ഉള്ളടക്കം സൃഷ്ടിക്കുന്ന നിലയിലേക്കുള്ള മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. രാജി: ആൻ ഏൻഷ്യൻ്റ് എപ്പിക്, ഇൻഡസ് ബാറ്റിൽ റോയൽ പോലെ സാംസ്കാരിക പ്രസക്തമായ ഗെയിമുകള്‍ രാജ്യത്തെ ഗെയിം ഡെവലപ്പര്‍മാര്‍ അവതരിപ്പിച്ചതിലൂടെ ഇവയുടെ രൂപകല്പനയ്ക്കും കഥാവിഷ്ക്കാരത്തിന്‍റെ ആഴത്തിനും ആഗോള ശ്രദ്ധ ലഭിച്ചു. നിക്ഷേപകരുടെ വർധിച്ചുവരുന്ന താല്പര്യത്തെയും ആകർഷിക്കുന്ന ഈ സംരംഭങ്ങൾ ഇന്ത്യയുടെ സര്‍ഗാത്മക -സാങ്കേതിക സാധ്യതകളിലെ വർധിച്ചുവരുന്ന വിശ്വാസ്യതയും മെറ്റാവേഴ്‌സ് സമ്പദ്‌വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്‍റെ ആത്മവിശ്വാസവും പ്രകടമാക്കുന്നു.
അക്കാദമിക-വ്യാവസായിക സംയോജനം
പ്രത്യേക എവിജിസി കേന്ദ്രങ്ങളുടെ രൂപീകരണവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് (ഐഐസിടി) സ്ഥാപിച്ചതും ദീർഘകാല അക്കാദമിക-വ്യാവസായിക സഹകരണം സാധ്യമാക്കി. ഉള്ളടക്ക നിര്‍മാണ സ്റ്റുഡിയോകളുമായും സാങ്കേതിക കമ്പനികളുമായും വിദ്യാർത്ഥികളെ ബന്ധിപ്പിക്കുന്ന പ്രത്യേക കോഴ്‌സുകളും സഹകരണ വേദികളും നൽകി ഡിജിറ്റൽ ഉള്ളടക്ക നിര്‍മാതാക്കള്‍ക്ക് മാര്‍ഗദര്‍ശക കേന്ദ്രങ്ങളായാണ് ഇവ പ്രവർത്തിക്കുന്നത്. നിരവധി സംസ്ഥാനതല സംരംഭങ്ങളും ആനിമേഷൻ, ഗെയിമിങ് എന്നിവയ്ക്കായി പ്രാദേശിക കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സര്‍ഗാത്മകരംഗത്തെ അവസരങ്ങൾ മഹാനഗരങ്ങള്‍ക്കപ്പുറം വിപുലീകരിക്കുന്നുവെന്ന് ഇതുവഴി ഉറപ്പാക്കുന്നു.
ഇന്ത്യയുടെ സര്‍ഗാത്മക സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് എവിജിസി-എക്സ്ആർ മേഖലയ്ക്കായി പ്രത്യേക നൂതനാശയ കേന്ദ്രങ്ങൾ സ്ഥാപിക്കാന്‍ വേവ്-എക്സ് മാധ്യമ-സാങ്കേതിക സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ ഹൈദരാബാദിലെ ടി-ഹബ്ബുമായി പങ്കാളിത്തത്തിലേർപ്പെട്ടു. മാര്‍ഗദര്‍ശനം, ധനസഹായം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ ലഭ്യത സുഗമമാക്കാനും സര്‍ഗാത്മക വിദഗ്ധരെയും സാങ്കേതിക സംരംഭങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാനും അവസരമൊരുക്കി മാധ്യമ-സാങ്കേതിക സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കുന്നതിൽ ഈ സഹകരണം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇന്ത്യയിലെ എവിജിസി-എക്സ്ആർ മേഖലയുടെ മുന്നോട്ടുള്ള വഴി
ഇന്ത്യയുടെ എവിജിസി-എക്സ്ആർ മേഖല നൂതനാശയങ്ങളിലൂടെയും നൈപുണ്യ വികസനത്തിലൂടെയും നയപരമായ സമന്വയത്തിലൂടെയും അടയാളപ്പെടുത്തിയ തന്ത്രപരമായ വളർച്ചയുടെ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. തദ്ദേശീയ പ്രതിഭകൾ, സാങ്കേതിക മുന്നേറ്റം, സര്‍ഗാത്മക സംരംഭകത്വം എന്നിവയുടെ പിൻബലത്തിൽ സര്‍ഗാത്മക സമ്പദ്‍വ്യവസ്ഥയെ ആഗോള ശക്തികേന്ദ്രമാക്കി മാറ്റുന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ആനിമേഷനും വിഷ്വൽ എഫക്ട്സും

വിഎഫ്എക്സിന്‍റെയും പോസ്റ്റ്-പ്രൊഡക്ഷന്‍റെയും ആഗോള കേന്ദ്രമായി ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് മികവുകേന്ദ്രങ്ങളുടെ വികസനവും സാമ്പത്തിക പ്രോത്സാഹനങ്ങളും.
ഇന്ത്യൻ പ്രതിഭകളെ ആഗോള ഉള്ളടക്ക മേഖലകളുമായി സംയോജിപ്പിക്കുന്നതിന് സംയുക്ത നിർമാണങ്ങളുടെയും അന്താരാഷ്ട്ര പങ്കാളിത്തത്തിന്‍റെയും പ്രോത്സാഹനം.
ഇന്ത്യയുടെ സാംസ്കാരിക ആഴവും സര്‍ഗാത്മക വൈവിധ്യവും പ്രതിഫലിക്കുന്ന ബൗദ്ധിക സ്വത്തവകാശത്തിലൂന്നിയ ആനിമേഷൻ പദ്ധതികളുടെ പ്രോത്സാഹനം.
ഗെയിമിങും ഇ-സ്പോർട്സും

യഥാര്‍ത്ഥ ഇന്ത്യൻ ഗെയിമുകളെയും പ്രൊഫഷണൽ ടൂർണമെന്‍റുകളെയും പിന്തുണയ്ക്കുന്നതിന് ഘടനയോടുകൂടിയ ഗെയിമിങ്, ഇ-സ്പോർട്സ് മേഖലയ്ക്ക് പരിപോഷണം.
വിനോദം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയിലുടനീളം ഗെയിമിങ് സാങ്കേതികവിദ്യകൾക്കായി സ്റ്റാർട്ടപ്പ് ഇൻകുബേഷന്‍റെയും നിക്ഷേപ സാധ്യതകളുടെയും വികസനം.
വിശ്വസനീയവും ഉത്തരവാദിത്തപൂര്‍ണവുമായ ഗെയിമിങ് അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിന് ധാർമികമായ ഗെയിംപ്ലേ, ധനസമ്പാദന ചട്ടക്കൂടുകൾക്ക് സ്ഥാപനപരമായ അടിത്തറ രൂപീകരണം.
എക്സ്റ്റെൻ്റഡ് റിയാലിറ്റിയും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളും

വിനോദത്തിലുപരി വിദ്യാഭ്യാസത്തിലും വിനോദസഞ്ചാരത്തിലും പ്രതിരോധരംഗത്തും ആരോഗ്യ സംരക്ഷണത്തിലുമെല്ലാം എക്സ്ആർ ആപ്ലിക്കേഷനുകളുടെ വികസനം.
ഉത്തരവാദിത്തപൂര്‍ണവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സാങ്കേതികവിദ്യയുടെ ഉപയോഗം ഉറപ്പാക്കി പ്രാപ്യതയ്ക്കും പരസ്പര പ്രവർത്തനക്ഷമയ്ക്കുമുള്ള മാനദണ്ഡങ്ങളുടെ രൂപീകരണം.
കോമിക്സുകളും ഡിജിറ്റൽ ബൗദ്ധിക സ്വത്തവകാശങ്ങളും

ആനിമേഷനും ഗെയിമിങിനും വിവിധ വേദികളിലെ കഥാവിഷ്ക്കാരത്തിനുമായി ഇന്ത്യൻ ഹാസ്യ, നാടോടി കഥകളുടെ ബൗദ്ധിക സ്വത്തവകാശങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണവും പുനരാവിഷ്ക്കാരവും.
സാംസ്കാരിക പ്രാമാണ്യത്തെ ആഗോള വിപണി ആകർഷണീയതയുമായി സംയോജിപ്പിക്കുന്ന പുതിയ ട്രാൻസ്‌മീഡിയ ഫ്രാഞ്ചൈസികൾക്ക് പ്രോത്സാഹനം.
സര്‍ഗാത്മക മേഖലകൾ വികസിപ്പിക്കുന്നതിന് കലാകാരന്മാരും പ്രസാധകരും സ്റ്റുഡിയോകളും തമ്മിലെ മികച്ച സഹകരണം.
തന്ത്രപരമായ ഉത്തേജകങ്ങളും മേഖലാന്തര മുൻഗണനകളും സാക്ഷ്യപ്പെടുത്തല്‍ മാനദണ്ഡങ്ങളും ദേശീയ പ്രതിഭാ ശേഖരവുമുപയോഗിച്ച് പ്രധാന ഉന്നത വിദ്യാഭ്യാസ - തൊഴിലധിഷ്ഠിത പരിശീലനങ്ങളില്‍ എവിജിസി-എക്സ്ആർ കോഴ്സുകളുടെ സംയോജനം.
ബൗദ്ധിക സ്വത്തവകാശ ചട്ടക്കൂടുകളുടെ ശക്തിപ്പെടുത്തലും "ക്രിയേറ്റ് ഇൻ ഇന്ത്യ", "ബ്രാൻഡ് ഇന്ത്യ" സംരംഭങ്ങളിലൂടെ ആഗോള വിപണി പ്രവേശം സുഗമമാക്കലും.
നയപരമായ പരിഷ്കരണം, മാനവ മൂലധനം, സര്‍ഗാത്മക സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ച് എവിജിസി-എക്സ്ആർ മേഖലയിലെ ആഗോള ശക്തികേന്ദ്രമെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന സമഗ്ര സംവിധാനമാണ് ഈ നടപടികൾ കൂട്ടായി വിഭാവനം ചെയ്യുന്നത്.
Click here to see pdf
*****
(रिलीज़ आईडी: 2191827)
आगंतुक पटल : 23