രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്‌ട്രപതി ആറാമത് ദേശീയ ജല പുരസ്കാരങ്ങളും ജൽ സഞ്ചയ്-ജൻ ഭാഗിദാരി പുരസ്കാരങ്ങളും സമ്മാനിച്ചു
Posted On:
18 NOV 2025 2:06PM by PIB Thiruvananthpuram
ഇന്ന് (2025 നവംബർ 18) ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ആറാമത് ദേശീയ ജല പുരസ്കാരങ്ങളും ജൽ സഞ്ചയ്-ജൻ ഭാഗിദാരി പുരസ്കാരങ്ങളും സമ്മാനിച്ചു.
നദീതടങ്ങളിലും കടൽത്തീരങ്ങളിലും മറ്റ് ജലസ്രോതസ്സുകൾക്ക് ചുറ്റും മനുഷ്യർ സമൂഹമായി സ്ഥിരതാമസമാക്കിയതിൻ്റെ കഥയാണ് മനുഷ്യ നാഗരികതയുടെ കഥയെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യത്തിൽ നദികളും തടാകങ്ങളും മറ്റ് ജലസ്രോതസ്സുകളും ബഹുമാനിക്കപ്പെടുന്നു. നമ്മുടെ ദേശീയ ഗീതത്തിൽ ബങ്കിം ചന്ദ്ര ചാറ്റർജി ആദ്യം എഴുതിയ വാക്ക് 'സുജലാം' എന്നാണ്. "സമൃദ്ധമായ ജലസ്രോതസ്സുകളാൽ അനുഗ്രഹിക്കപ്പെട്ടവർ" എന്നാണ് ഇതിനർത്ഥം. ഈ വസ്തുത നമ്മുടെ രാജ്യത്തിൻ്റെ ജലത്തിനുള്ള മുൻഗണനയെ പ്രതിഫലിപ്പിക്കുന്നു.
ജലത്തിൻ്റെ കാര്യക്ഷമമായ ഉപയോഗം ആഗോള അനിവാര്യതയാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ജലസ്രോതസ്സുകൾ പരിമിതമായതിനാൽ ജലത്തിൻ്റെ കാര്യക്ഷമമായ ഉപയോഗം നമ്മുടെ രാജ്യത്തിന് കൂടുതൽ നിർണ്ണായകമാണ്. പ്രതിശീർഷ ജലലഭ്യത വലിയൊരു വെല്ലുവിളിയാണ്. കാലാവസ്ഥാ വ്യതിയാനം ജലചക്രത്തെ ബാധിക്കുന്നുണ്ടെന്ന് രാഷ്‌ട്രപതി അടിവരയിട്ടു പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ജലലഭ്യതയും ജലസുരക്ഷയും ഉറപ്പാക്കാൻ സർക്കാരും പൊതുജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ആരംഭിച്ച ജൽ സഞ്ചയ്-ജൻ ഭാഗിദാരി സംരംഭത്തിന് കീഴിൽ 35 ലക്ഷത്തിലധികം ഭൂഗർഭജല റീചാർജ്ജ് ഘടനകൾ നിർമ്മിക്കാൻ കഴിഞ്ഞതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു.
വർത്തുള ജല സമ്പദ്‌വ്യവസ്ഥാ സംവിധാനങ്ങൾ സ്വീകരിക്കുന്നതിലൂടെ വ്യവസായങ്ങൾക്കും മറ്റ് പങ്കാളികൾക്കും ജലസ്രോതസ്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് രാഷ്ട്രപതി പറഞ്ഞു. ജലശുദ്ധീകരണത്തിനും പുനഃചംക്രമണത്തിനുമൊപ്പം നിരവധി വ്യാവസായിക യൂണിറ്റുകൾ സീറോ ഫ്ലൂയിഡ് ഡിസ്ചാർജ്ജ് എന്ന ലക്ഷ്യം കൈവരിച്ചതായി അവർ ചൂണ്ടിക്കാട്ടി. ഇത്തരം ശ്രമങ്ങൾ ജലപരിപാലനത്തിനും സംരക്ഷണത്തിനും വളരെ ഉപകാരപ്രദമാണെന്നും രാഷ്‌ട്രപതി പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ജില്ലാ ഭരണകൂടങ്ങൾ, ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പൽ സ്ഥാപനങ്ങൾ എന്നീ തലങ്ങളിൽ ജലത്തിൻ്റെ സംരക്ഷണത്തിനും സുസ്ഥിരമായ പരിപാലനത്തിനും മുൻഗണന നല്കണമെന്ന് രാഷ്ട്രപതി ഊന്നിപ്പറഞ്ഞു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പൗര കൂട്ടായ്മകളും സർക്കാരിതര സംഘടനകളും ഈ ദിശയിൽ സംഭാവന നല്കുന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. ജലത്തിൻ്റെ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം ഉത്പാദനം പരമാവധി വർദ്ധിപ്പിക്കുന്നതിനുള്ള നൂതന രീതികൾ സ്വീകരിക്കാൻ കർഷകരോടും സംരംഭകരോടും അവർ ഉപദേശിച്ചു. വ്യക്തിഗതമായി ആവേശത്തോടെ സംഭാവന ചെയ്യുന്ന വിവേകമതികളായ പൗരന്മാർ ജലസമൃദ്ധിയുടെ മൂല്യശൃംഖലയിലെ പ്രധാന പങ്കാളികളാണെന്ന് രാഷ്‌ട്രപതി എടുത്തുപറഞ്ഞു. വ്യക്തികൾ, കുടുംബങ്ങൾ, സമൂഹം, സർക്കാർ എന്നിവയുടെ പങ്കാളിത്തത്തോടെ മാത്രമേ ഫലപ്രദമായ ജലപരിപാലനം സാധ്യമാകൂ.
ജലം ഉപയോഗിക്കുമ്പോഴെല്ലാം വളരെ വിലപ്പെട്ട ഒരു സ്വത്താണ് നാം ഉപയോഗിക്കുന്നതെന്ന് എല്ലാവരും ഓർമ്മിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. ഗോത്ര സമൂഹങ്ങൾ ജലം ഉൾപ്പെടെയുള്ള എല്ലാ പ്രകൃതി വിഭവങ്ങളേയും വളരെ ബഹുമാനത്തോടെയാണ് പരിഗണിക്കുന്നതെന്നും അവർ അടിവരയിട്ടു പറഞ്ഞു. ജലസ്രോതസ്സുകളുടെ ഏറ്റവും കാര്യക്ഷമമായ ഉപയോഗം രാജ്യത്തെ എല്ലാ പൗരന്മാരുടേയും ജീവിതശൈലിയുടെ അവിഭാജ്യ ഘടകമായിരിക്കണമെന്ന് ശ്രീമതി മുർമു ഊന്നിപ്പറഞ്ഞു. വ്യക്തിപരമായും കൂട്ടായും ജലസംരക്ഷണത്തെക്കുറിച്ച് നിരന്തരമായ ജാഗ്രത പുലർത്താൻ അവർ എല്ലാവരോടും ആഹ്വാനം ചെയ്തു. നമ്മുടെ രാജ്യത്തെ പൊതുബോധത്തിൽ ജലത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കേണ്ടത് നിർണ്ണായകമാണെന്നും ജനങ്ങളുടെ ശക്തിയിലൂടെ മാത്രമേ ജലം സംഭരിക്കാനും സംരക്ഷിക്കാനും കഴിയൂ എന്നും രാഷ്‌ട്രപതി പറഞ്ഞു.
ജലത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും മികച്ച ജല ഉപയോഗ രീതികൾ സ്വീകരിക്കാൻ അവരെ പ്രേരിപ്പിക്കാനും ദേശീയ ജല പുരസ്കാരങ്ങൾ ലക്ഷ്യമിടുന്നു. സമൂഹ പങ്കാളിത്തത്തിലൂടെയും വിഭവങ്ങളുടെ സംയോജനത്തിലൂടെയും കൃത്രിമ ഭൂഗർഭജല റീചാർജ്ജിനായി വൈവിധ്യമാർന്നതും അളക്കാവുന്നതും ആവർത്തിക്കാവുന്നതുമായ മാതൃകകളുടെ ആവിർഭാവത്തിന് ജൽ സഞ്ചയ് ജൻ ഭാഗിദാരി (JSJB) സംരംഭം കാരണമാകുന്നു.
*****
(Release ID: 2191300)
Visitor Counter : 6