PIB Headquarters
azadi ka amrit mahotsav

ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് ഫണ്ട്

257.77 കോടി രൂപ നിക്ഷേപത്തോടെയുള്ള ഫണ്ട് രാജ്യമെമ്പാടുമുള്ള 128 സ്റ്റാര്‍ട്ടപ്പുകളെ പിന്തുണച്ചു

Posted On: 15 NOV 2025 10:25AM by PIB Thiruvananthpuram

ആമുഖം
സര്‍ക്കാര്‍ സംരംഭങ്ങളുടെയും വ്യാവസായിക പരിഷ്‌രണങ്ങളുടെയും ഫലമായി സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് മേഖല ശ്രദ്ധേയമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചു. ദ്രുതഗതിയിലുള്ള സാങ്കേതിക പരിവര്‍ത്തനവും നൂതനാശയങ്ങളും കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ഈ മേഖല, ഇലക്ട്രോണിക്‌സ് രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും ആഗോള കേന്ദ്രമാകാനുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുകയാണ്.    



ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് മേഖലയെ ശക്തിപ്പെടുത്താനും, നൂതനാശയ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കാനും, ലക്ഷ്യമിട്ട് 2016 ഫെബ്രുവരി 15ന് ഭാരത സര്‍ക്കാര്‍ ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് ഫണ്ട് (EDF) ആരംഭിച്ചു. പ്രാഥമികമായി ഇലക്ട്രോണിക്‌സ്, നാനോ ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ (ICT) തുടങ്ങിയ മേഖലകളില്‍ ഗവേഷണം, വികസനം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കാന്‍  ഈ ഫണ്ട് ലക്ഷ്യമിടുന്നു.

ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് ഫണ്ട് (EDF) പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സാങ്കേതിക സംരംഭങ്ങള്‍ക്കും പിന്തുണ നല്‍കുന്ന ഏഞ്ചല്‍ ഫണ്ടുകള്‍, വെഞ്ച്വര്‍ ഫണ്ടുകള്‍ പോലുള്ള പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന ഡോട്ടര്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത ഫണ്ട് ഓഫ് ഫണ്ട്‌സ് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഡോട്ടര്‍ ഫണ്ടുകള്‍ പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും കമ്പനികള്‍ക്കും ആവശ്യമായ റിസ്‌ക് മൂലധനം ലഭ്യമാക്കുന്നു.  രാജ്യത്തിനുള്ളില്‍ നൂതനാശയങ്ങള്‍, ഉത്പന്ന രൂപകല്‍പ്പന, ബൗദ്ധിക സ്വത്തവകാശ സൃഷ്ടി എന്നിവ പ്രോത്സാഹിപ്പിക്കുന്ന സ്വയം സുസ്ഥിര ഇലക്ട്രോണിക്‌സ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് ഫണ്ട് (EDF) നിര്‍ണ്ണായക പങ്ക് വഹിക്കുന്നു.


ഉദ്ദേശവും തന്ത്രപരമായ ലക്ഷ്യങ്ങളും

ഇന്ത്യയിലെ ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യാ (ICT) മേഖലകളില്‍ നൂതനാശയങ്ങള്‍ക്കും ഗവേഷണത്തിനും അനുഗുണമായ ഉറച്ച അടിത്തറ സൃഷ്ടിക്കുകയാണ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് ഫണ്ടിന്റെ (EDF) പ്രധാന ലക്ഷ്യം. നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും വളര്‍ച്ച ലക്ഷ്യമിടുന്ന കമ്പനികള്‍ക്കും റിസ്‌ക് മൂലധനം ലഭ്യമാക്കുന്ന ഫണ്ടുകളെ പിന്തുണച്ച് ശക്തവും സുസ്ഥിരവും ആയ നൂതനാശയ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് ഫണ്ടിന്റെ ലക്ഷ്യം.


പ്രധാന ലക്ഷ്യങ്ങളില്‍ ഇനിപ്പറയുന്നവ ഉള്‍പ്പെടുന്നു:


നൂതനാശയങ്ങളും ഗവേഷണവും പ്രോത്സാഹിപ്പിക്കുക

വിപണിയെയും വ്യവസായത്തെയും മുന്നോട്ട് നയിക്കുന്ന നൂതനാശയങ്ങളെ പിന്തുണച്ച് ഇലക്ട്രോണിക്‌സ്, നാനോഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ മേഖലകളില്‍ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക.


 

ഡോട്ടര്‍ ഫണ്ടുകളെ പിന്തുണയ്ക്കുക

സ്റ്റാര്‍ട്ടപ്പുകള്‍ക്കും സാങ്കേതിക സംരംഭങ്ങള്‍ക്കും മൂലധനം ലഭ്യമാക്കുന്ന പ്രാരംഭ ഘട്ട ഏഞ്ചല്‍, വെഞ്ച്വര്‍ ഫണ്ടുകള്‍ പോലെ പ്രൊഫഷണലായി കൈകാര്യം ചെയ്യപ്പെടുന്ന ഡോട്ടര്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുക.

ഉത്പന്ന, സാങ്കേതിക വികസനം പ്രോത്സാഹിപ്പിക്കുക

രാജ്യത്തിനുള്ളില്‍ പുതിയ ഉത്പന്നങ്ങളും പ്രക്രിയകളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്ന സ്ഥാപനങ്ങളെ പിന്തുണച്ച് സംരംഭകത്വവും സാങ്കേതിക പുരോഗതിയും വളര്‍ത്തുക.

ആഭ്യന്തര രൂപകല്‍പ്പനാ ശേഷി മെച്ചപ്പെടുത്തുക

ഇലക്ട്രോണിക്‌സ് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് (ESDM) മേഖലയില്‍ തദ്ദേശീയ രൂപകല്‍പ്പനയും വികസന ശേഷിയും മെച്ചപ്പെടുത്തി ഇന്ത്യയുടെ സാങ്കേതിക സ്വയംപര്യാപ്തത ഉറപ്പാക്കുക.

ദേശീയ ബൗദ്ധിക സ്വത്ത് (IP) റിസോഴ്‌സ് പൂള്‍ സൃഷ്ടിക്കുക

നിര്‍ണ്ണായക സാങ്കേതിക മേഖലകളില്‍ ശക്തമായ ബൗദ്ധിക സ്വത്തവകാശ അടിത്തറ രൂപപ്പെടുത്തുകയും, ആഭ്യന്തരമായി വികസിപ്പിക്കുന്ന നൂതനാശയങ്ങളുടെ ബൗദ്ധിക സ്വത്ത് അവകാശം ഇന്ത്യയ്ക്ക് ഉറപ്പാക്കുകയും ചെയ്യുക.

തന്ത്രപരമായ ഏറ്റെടുക്കലുകള്‍ സുഗമമാക്കുക:

വിദേശ സാങ്കേതികവിദ്യകളുടെ ഏറ്റെടുക്കലും അത്തരം ഉത്പന്നങ്ങള്‍ വലിയ അളവില്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികളുടെ ഏറ്റെടുക്കലും സുഗമമാക്കുക. ഇതിലൂടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും  സ്വാശ്രയത്വം മെച്ചപ്പെടുത്തുകയും ചെയ്യുക.


ഫണ്ടിന്റെ പ്രധാന പ്രവര്‍ത്തന സവിശേഷതകള്‍

ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മേഖലകളില്‍ കാര്യക്ഷമമായ നിക്ഷേപവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ലളിതവും പ്രൊഫഷണലുമായ ഘടന മുന്‍നിര്‍ത്തിയാണ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് ഫണ്ട് (EDF) പ്രവര്‍ത്തിക്കുന്നത്. സുതാര്യത, വിപണി ആവശ്യകതകളോടുള്ള പ്രതികരണശേഷി, ഫണ്ടുകളുടെ തന്ത്രപരമായ വിനിയോഗം എന്നിവ ഈ പ്രവര്‍ത്തന ചട്ടക്കൂട് ഉറപ്പാക്കുന്നു.


ടെക്സ്റ്റ് ബോക്‌സ്: പ്രവര്‍ത്തന ചട്ടക്കൂട് ഒറ്റനോട്ടത്തില്‍

ആങ്കര്‍ ഇന്‍വെസ്റ്റര്‍

ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയം (MeitY), ഭാരത സര്‍ക്കാര്‍  

 ട്രസ്റ്റിയും സെറ്റ്‌ലറും / സ്‌പോണ്‍സറും:

കാനറ ബാങ്ക് — രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളില്‍ ഒന്ന്

ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍:

കാന്‍ബാങ്ക് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്‌സ് ലിമിറ്റഡ് (CVCFL) — കാനറ ബാങ്കിന്റെ 100% ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനം

ഈ പദ്ധതിയുടെ ഭാഗമായി പിന്തുണ ലഭിക്കുന്ന ഓരോ ഡോട്ടര്‍ ഫണ്ടും ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയും SEBI (ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍) റെഗുലേഷന്‍സ്, 2012 പ്രകാരമുള്ള കാറ്റഗറി I അല്ലെങ്കില്‍ കാറ്റഗറി II AIF മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം. ഗവേഷണം, സംരംഭകത്വം, സാങ്കേതിക പുരോഗതി എന്നിവ വളര്‍ത്തിയെടുക്കുകയെന്ന EDF-ന്റെ വിശാല ലക്ഷ്യത്തിനനുപൂരകമായി, എല്ലാ ഫണ്ടുകളും നിര്‍വ്വചിക്കപ്പെട്ട നിയന്ത്രണ ചട്ടക്കൂടിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.


പ്രധാന സവിശേഷതകള്‍:

വ്യവസായമേഖലയിലുടനീളം വിപുലമായ സഹകരണവും പങ്കാളിത്തവും സാധ്യമാക്കുന്ന തരത്തില്‍, നോണ്‍-എക്‌സ്‌ക്ലൂസീവ് അടിസ്ഥാനത്തിലാണ് ഡോട്ടര്‍ ഫണ്ടുകളിലെ EDF ന്റെ പങ്കാളിത്തം.

വിപണി ആവശ്യകതകളും EDF ന്റെ നയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഫണ്ട് കൈകാര്യം ചെയ്യാനുള്ള നിക്ഷേപ മാനേജരുടെ ശേഷിയും അനുസരിച്ചാണ് ഒരു ഡോട്ടര്‍ ഫണ്ടിന്റെ സഞ്ചിത സമാഹരണത്തില്‍ EDF ന്റെ വിഹിതം നിര്‍ണ്ണയിക്കുന്നത് .


ഡോട്ടര്‍ ഫണ്ടില്‍ EDF പൊതുവെ ന്യൂനപക്ഷ പങ്കാളിത്തം നിലനിര്‍ത്തുന്നു. ഇത് സ്വകാര്യ നിക്ഷേപവും പ്രൊഫഷണല്‍ ഫണ്ട് മാനേജ്‌മെന്റും പ്രോത്സാഹിപ്പിക്കുന്നു.

ഡോട്ടര്‍ ഫണ്ടുകളുടെ നിക്ഷേപ മാനേജര്‍മാര്‍ക്ക് തുക സമാഹരിക്കുന്നതിനും നിക്ഷേപങ്ങള്‍ നടത്തുന്നതിനും പോര്‍ട്ട്‌ഫോളിയോ പ്രകടനം നിരീക്ഷിക്കുന്നതിനും അനുഗുണമായ സാഹചര്യവും സ്വയംഭരണവും ഉറപ്പാക്കുന്നു.

ഇലക്ട്രോണിക്‌സ്, വിവര സാങ്കേതിക, അനുബന്ധ ആവാസവ്യവസ്ഥയുടെ മുഴുവന്‍ മൂല്യ ശൃംഖലയിലും EDF പങ്കാളിത്തം ലഭ്യമാണ്, ഇത് സമഗ്രമായ മേഖലാ കവറേജ് ഉറപ്പാക്കുന്നു.

വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍ ഡോട്ടര്‍ ഫണ്ടുകളുടെ അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നത്.


നേട്ടങ്ങളും സ്വാധീനവും

ഇന്ത്യയുടെ നൂതനാശയ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതില്‍ ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് ഫണ്ട് (EDF) ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. EDF അതിന്റെ ദാതാക്കളില്‍ നിന്ന് ആകെ 216.33 കോടി രൂപ സമാഹരിച്ചു, അതില്‍ MeitY യില്‍ നിന്നുള്ള 210.33 കോടി രൂപയും ഉള്‍പ്പെടുന്നു.

ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (IoT), റോബോട്ടിക്‌സ്, ഡ്രോണുകള്‍, ഓട്ടോണമസ് വെഹിക്കിള്‍സ്, ഹെല്‍ത്ത്‌ടെക്, സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ മുന്‍നിര സാങ്കേതിക പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നു. സാങ്കേതിക നൂതനാശയങ്ങളുടെ ഒരു കേന്ദ്രമായി ഇത് ഇന്ത്യയെ സ്ഥാപിക്കുന്നു.



 


2025 സെപ്റ്റംബര്‍ 30 ലെ കണക്ക് പ്രകാരം:

എട്ട് ഡോട്ടര്‍ ഫണ്ടുകളിലായി EDF  257.77 കോടി രൂപ നിക്ഷേപിച്ചു.

ഈ ഡോട്ടര്‍ ഫണ്ടുകള്‍ 128 സ്റ്റാര്‍ട്ടപ്പുകളിലും സംരംഭങ്ങളിലുമായി 1,335.77 കോടി രൂപയുടെ അധിക നിക്ഷേപം നടത്തി.

പിന്തുണ ലഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്ന സാങ്കേതിക മേഖലകളില്‍ 23,600ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.

പിന്തുണ ലഭിച്ച  സ്റ്റാര്‍ട്ടപ്പുകള്‍ ആകെ 368 ബൗദ്ധിക സ്വത്തവകാശങ്ങള്‍ (IPകള്‍) സൃഷ്ടിക്കുകയോ ഏറ്റെടുക്കുകയോ ചെയ്തിട്ടുണ്ട്.

പിന്തുണയ്ക്കപ്പെട്ട 128 സ്റ്റാര്‍ട്ടപ്പുകളില്‍, 37 നിക്ഷേപങ്ങളില്‍ നിന്ന് ഡോട്ടര്‍ ഫണ്ടുകള്‍ പിന്മാറി.

എക്‌സിറ്റുകളില്‍ നിന്നും ഭാഗിക എക്‌സിറ്റുകളില്‍ നിന്നും EDFന് ലഭിച്ച സഞ്ചിത വരുമാനം 173.88 കോടി രൂപയാണ്.


ഉപസംഹാരം

ഇന്ത്യയിലെ ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മേഖലകളിലെ നൂതനാശയങ്ങളും സംരംഭകത്വവും ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് ഫണ്ട് (EDF) നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. റിസ്‌ക് മൂലധനം ലഭ്യമാക്കുന്നതിലൂടെ, നൂതന സാങ്കേതികവിദ്യാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ ഇത് പിന്തുണയ്ക്കുകയും ആഭ്യന്തര രൂപകല്‍പ്പനയും ബൗദ്ധിക സ്വത്തവകാശ സൃഷ്ടിയും വികസിപ്പിക്കുന്നതിന് സംഭാവന നല്‍കുകയും ചെയ്തു. EDF-ന്റെ സുതാര്യവും പ്രൊഫഷണലായി കൈകാര്യം ചെയ്യപ്പെടുന്നതുമായ ചട്ടക്കൂട് നിക്ഷേപകരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും, രാജ്യത്ത് ഊര്‍ജ്ജസ്വലവും സ്വാശ്രയവുമായ ഒരു ഇലക്ട്രോണിക്‌സ്  നൂതനാശയ ആവാസ വ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറ പാകുകയും ചെയ്തു.

സൂചനകള്‍:

Click here to download PDF


(Release ID: 2190500) Visitor Counter : 7