PIB Headquarters
azadi ka amrit mahotsav

ഇന്ത്യയിലെ കാർഷിക വിദ്യാഭ്യാസവും പരിശീലനവും

Posted On: 04 NOV 2025 10:14AM by PIB Thiruvananthpuram

കൃഷിയാണ് ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയോളം പേർക്കും പ്രാഥമിക ഉപജീവനമാർഗ്ഗം പ്രദാനം ചെയ്യുന്നത്, കൂടാതെ ജിഡിപിയുടെ ഏകദേശം 18 ശതമാനവും കൃഷിമേഖല സംഭാവന ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസം, ഗവേഷണം, പ്രായോഗിക പരിശീലനം എന്നിവയിലൂടെ മാനവവിഭവ ശേഷി ശക്തിപ്പടുത്തുന്നത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. കാർഷിക വിദ്യാഭ്യാസം, ഗവേഷണം, വിപുലീകരണം എന്നിവ ഈ മേഖലയുടെ പ്രധാന സ്തംഭങ്ങളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇവ, ലക്ഷ്യമിടുന്ന 5 ശതമാനം കാർഷിക വളർച്ചാ നിരക്ക് നിലനിർത്തുന്നതിനും 'വികസിത ഭാരത'ത്തിന്റെ അടിസ്ഥാന തത്വമായ "വിക്സിത് കൃഷി ഔർ സമൃദ്ധ് കിസാൻ" (വികസിത കൃഷിയും സമൃദ്ധനായ കർഷകനും) എന്ന ദേശീയ ദർശനം കൈവരിക്കുന്നതിനും ആവശ്യമായ സ്ഥാപനപരവും ശാസ്ത്രീയവുമായ അടിത്തറ രൂപപ്പെടുത്തുന്നു. ഈ ദർശനം കൈവരിക്കണമെങ്കിൽ, ഈ മൂന്ന് സ്തംഭങ്ങളും "ഒരു രാജ്യം - ഒരു കൃഷി - ഒരു ടീം" എന്ന മാർഗ്ഗനിർദ്ദേശ തത്വത്തിന് കീഴിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കണം.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR)

  • കാർഷിക ​ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള അപെക്സ് ബോഡി: 1929-ൽ സ്ഥാപിതമായ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) രാജ്യത്തെ കാർഷിക ഗവേഷണങ്ങളുടെയും ഉന്നത വിദ്യാഭ്യാസത്തിൻ്റെയും ഏകോപനത്തിനുള്ള പരമോന്നത സ്ഥാപനമാണ്. കൃഷി, ഹോർട്ടികൾച്ചർ, മത്സ്യബന്ധനം, ആനിമൽ സയൻസ് എന്നിവയിലെ ഗവേഷണ സ്ഥാപനങ്ങളെയും സർവകലാശാലകളെയും നയിക്കുന്നതിനുള്ള ഉത്തരവാദിത്തം ഇതിനുണ്ട്.
  • രാജ്യവ്യാപക ശൃംഖല: ICAR രാജ്യത്തുടനീളമുള്ള 113 ദേശീയ ഗവേഷണ സ്ഥാപനങ്ങളെയും 74 കാർഷിക സർവകലാശാലകളെയും ഏകോപിപ്പിക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ കാർഷിക ഗവേഷണ ശൃംഖലകളിൽ ഒന്നാക്കി മാറ്റുന്നു. ഇത് ഹരിത വിപ്ലവത്തിന് നേതൃത്വം നൽകുകയും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കഴിയുന്നതും ഉയർന്ന വിളവ് നൽകുന്നതുമായ വിത്തിനങ്ങളും കാർഷിക സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിൽ നേതൃത്വം നൽകുകയും ചെയ്യുന്നു.
  • വിപുലീകരണവും ഗുണനിലവാരവും: കാർഷിക സാങ്കേതികവിദ്യകൾ കർഷകരിലേക്ക് എത്തിക്കുന്നതിനായി 731 കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ (KVK) ICAR നിയന്ത്രിക്കുന്നു. കൂടാതെ, ICAR അക്കാദമിക നിലവാരം നിശ്ചയിക്കുകയും 'ICAR  മോഡൽ ആക്റ്റ് (പരിഷ്കരിച്ചത് 2023)', 'കാർഷിക കോളേജുകൾ സ്ഥാപിക്കുന്നതിനുള്ള കുറഞ്ഞ ആവശ്യകതകൾ' എന്നിവ പുറത്തിറക്കുകയും നാഷണൽ അഗ്രികൾച്ചറൽ എഡ്യൂക്കേഷൻ അക്രഡിറ്റേഷൻ ബോർഡ് വഴി സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്യുന്നു.

പൊതു, സ്വകാര്യ സ്ഥാപനങ്ങൾ

ഗവൺമെന്റ് സർവകലാശാലകളും സ്ഥാപനങ്ങളും: ഇന്ത്യയിൽ നിലവിൽ 63 സംസ്ഥാന കാർഷിക സർവകലാശാലകൾ (SAU), 3 കേന്ദ്ര കാർഷിക സർവകലാശാലകൾ (CAU) (പൂസ, ഇംഫാൽ, ഝാൻസി), 4 കൽപ്പിത സർവകലാശാലകൾ (IARI-ഡൽഹി, NDRI-കർണാൽ, IVRI-ഇസത്‌നഗർ, CIFE-മുംബൈ), കാർഷിക ഫാക്കൽറ്റിയുള്ള 4 കേന്ദ്ര സർവകലാശാലകൾ എന്നിവയുണ്ട്. ICAR ശൃംഖലയിൽ 11 ATARI (കാർഷിക സാങ്കേതിക ആപ്ലിക്കേഷൻ ഗവേഷണ സ്ഥാപനങ്ങൾ) കേന്ദ്രങ്ങളും ഉൾപ്പെടുന്നു.

സ്വകാര്യ സ്ഥാപനങ്ങൾ: കാർഷിക വിദ്യാഭ്യാസം സംസ്ഥാന ​ഗവൺമെന്റുകളുടെ പരിധിയിൽ വരുന്നതിനാൽ, സ്വകാര്യ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവയ്ക്ക് അവയുടേതായ നയങ്ങളുണ്ട്. അഭ്യർത്ഥന പ്രകാരം അക്രഡിറ്റേഷൻ നൽകുന്നതിൽ ICARന്റെ പങ്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ICAR അംഗീകൃത സ്വകാര്യ കാർഷിക കോളേജുകളുടെ എണ്ണം 2020-21-ലെ 5-ൽ നിന്ന് 2024–25-ഓടെ 22 ആയി വർദ്ധിച്ചു.

A screen shot of a computerAI-generated content may be incorrect.

കേന്ദ്ര കാർഷിക സർവകലാശാലകൾ

ഇന്ത്യയിൽ നിലവിൽ മൂന്ന് കേന്ദ്ര കാർഷിക സർവകലാശാലകൾ (CAU) പ്രവർത്തിക്കുന്നു. പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പാർലമെൻ്റ് നിയമത്തിലൂടെയാണ് ഓരോന്നും സ്ഥാപിക്കപ്പെട്ടത്:

  • ഡോ. രാജേന്ദ്ര പ്രസാദ് കേന്ദ്ര കാർഷിക സർവകലാശാല, പൂസ (ബിഹാർ): പഴയ രാജേന്ദ്ര കാർഷിക സർവകലാശാലയെ (സ്ഥാപിതം 1970) 2016 ഒക്ടോബറിൽ ഒരു CAU ആയി പരിവർത്തനം ചെയ്തു. ഇതിന് 8 ഘടക കോളേജുകളുണ്ട്:

1. തിർഹട്ട് കോളേജ് ഓഫ് അഗ്രികൾച്ചർ

2. പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജ് ഓഫ് അഗ്രികൾച്ചർ

3. കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി

4. കോളേജ് ഓഫ് കമ്മ്യൂണിറ്റി സയൻസ്

5. കോളേജ് ഓഫ് ബേസിക് സയൻസസ് ആൻഡ് ഹ്യുമാനിറ്റീസ്

6. കോളേജ് ഓഫ് ഫിഷറീസ്

7. പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ കോളേജ് ഓഫ് ഹോർട്ടികൾച്ചർ ആൻഡ് ഫോറസ്ട്രി

8. സ്കൂൾ ഓഫ് അഗ്രിബിസിനസ് & റൂറൽ മാനേജ്‌മെൻ്റ്

RPCAU 8 വിഷയങ്ങളിൽ (കൃഷി, ഹോർട്ടികൾച്ചർ, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, കമ്മ്യൂണിറ്റി സയൻസ്, ഫിഷറീസ്, ബയോടെക്നോളജി, ഫോറസ്ട്രി, ഫുഡ് ടെക്നോളജി) ബിരുദ പ്രോഗ്രാമുകളും കൂടാതെ നിരവധി മാസ്റ്റേഴ്സ് പ്രോഗ്രാമുകളും Ph.D. പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നു. സമസ്തിപൂർ ജില്ലയിലെ പൂസ, മുസാഫർപൂർ ജില്ലയിലെ ധോലി, കിഴക്കൻ ചമ്പാരൻ ജില്ലയിലെ പിപ്രകോത്തി എന്നിവിടങ്ങളിലെ കാമ്പസുകളിലൂടെ സർവകലാശാല പ്രവർത്തിക്കുന്നു. ബിഹാറിലെ കർഷകരുമായി ഗവേഷണം ബന്ധിപ്പിച്ചുകൊണ്ട് 18 കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ (KVK) ഇത് കൈകാര്യം ചെയ്യുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി, അടിസ്ഥാന തലത്തിലും മിഡ്-മാനേജ്‌മെൻ്റ് തലത്തിലും വ്യവസായത്തിന് തയ്യാറായ പ്രതിഭകളെ വളർത്തുന്നതിനായി നിരവധി ഹ്രസ്വകാല സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകൾ സർവകലാശാല ആരംഭിച്ചിട്ടുണ്ട്.

  • കേന്ദ്ര കാർഷിക സർവകലാശാല, ഇംഫാൽ (മണിപ്പൂർ): 1992-ലെ കേന്ദ്ര കാർഷിക സർവകലാശാലാ നിയമപ്രകാരം 1993 ജനുവരിയിൽ സ്ഥാപിതമായ ഈ സർവകലാശാല അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, സിക്കിം, നാഗാലാൻഡ്, ത്രിപുര എന്നീ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് സേവനം നൽകുന്നു. ഇംഫാൽ CAU ഈ ഏഴ് സംസ്ഥാനങ്ങളിലുടനീളമുള്ള 13 ഘടക കോളേജുകളിലായി അദ്ധ്യാപനം, ഗവേഷണം, വിപുലീകരണം എന്നിവ സമന്വയിപ്പിച്ചുള്ള സമഗ്രമായ സമീപനം പിന്തുടരുന്നു. നിലവിൽ 10 ബിരുദ പ്രോഗ്രാമുകളും 48 മാസ്റ്റേഴ്സ് പ്രോഗ്രാമുകളും 34 Ph.D. പ്രോഗ്രാമുകളും ഇത് വാഗ്ദാനം ചെയ്യുന്നു. 2024-25 അധ്യയന വർഷത്തിൽ ആകെ 2982 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.
  • റാണി ലക്ഷ്മി ഭായ് കേന്ദ്ര കാർഷിക സർവകലാശാല, ഝാൻസി (ഉത്തർപ്രദേശ്): പാർലമെൻ്റ് നിയമപ്രകാരം (2014-ലെ ആക്ട് നമ്പർ 10) കാർഷിക ഗവേഷണ, വിദ്യാഭ്യാസ വകുപ്പിന് (DARE) കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി ഇത് സ്ഥാപിക്കപ്പെട്ടു. അ​ഗ്രികൾച്ചറൽ സയൻസിലെ മികവിൻ്റെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സർവകലാശാല, ഇന്ത്യയിലെ വിദ്യാഭ്യാസം, ഗവേഷണം, വിപുലീകരണ സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. അഗ്രോണമി, ഹോർട്ടികൾച്ചർ, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് തുടങ്ങിയ വിവിധ വിഷയങ്ങളിലെ ഏറ്റവും പുതിയ അറിവുകളും കഴിവുകളും വിദ്യാർത്ഥികൾക്ക് നൽകുന്നതിനാണ് RLBCAU-ൻ്റെ പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൻ്റെ ഘടക കോളേജുകളിൽ ഝാൻസിയിലെ (യു.പി.) കോളേജ് ഓഫ് അഗ്രികൾച്ചർ, കോളേജ് ഓഫ് ഹോർട്ടികൾച്ചർ & ഫോറസ്ട്രി എന്നിവയും, ദാതിയയിലെ (മധ്യപ്രദേശ്) കോളേജ് ഓഫ് ഫിഷറീസ്, കോളേജ് ഓഫ് വെറ്ററിനറി & അനിമൽ സയൻസസ് എന്നിവയും ഉൾപ്പെടുന്നു.

കാർഷിക മേഖലയിലെ ഇൻ്റർനെറ്റ് ഓഫ് തിങ്‌സും (IoT) ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും (AI)

  • സാങ്കേതികവിദ്യ സ്വീകരിക്കൽ: കൃഷിയെ ആധുനികവൽക്കരിക്കുന്നതിനായി ​ഗവൺമെന്റ് ഇൻ്റർനെറ്റ് ഓഫ് തിങ്‌സും (IoT) ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും (AI) സജീവമായി പ്രോത്സാഹിപ്പിക്കുന്നു. കൃത്യതയോടെയുള്ള കൃഷി (സെൻസർ അധിഷ്ഠിത ജലസേചനം, ഓട്ടോമേറ്റഡ് യന്ത്രങ്ങൾ), ഇമേജിംഗിനും തളിക്കുന്നതിനുമുള്ള ഡ്രോണുകൾ, കന്നുകാലി നിരീക്ഷണം, കാലാവസ്ഥാ-സ്മാർട്ട് ഹരിതഗൃഹങ്ങൾ, AI അധിഷ്ഠിത കീട/വിള നിരീക്ഷണം, റിമോട്ട് സെൻസിംഗ് എന്നിവ ഇതിൻ്റെ ആപ്ലിക്കേഷനുകളിൽ ഉൾപ്പെടുന്നു.
  • ഇന്നൊവേഷൻ ഹബ്ബുകൾ: ശാസ്ത്ര, സാങ്കേതിക വകുപ്പിൻ്റെ (DST) നാഷണൽ മിഷൻ ഓൺ ഇൻ്റർ ഡിസിപ്ലിനറി സൈബർ-ഫിസിക്കൽ സിസ്റ്റംസിന് (NM-ICPS) കീഴിൽ, 2022 ഡിസംബർ വരെ രാജ്യവ്യാപകമായി 25 ടെക്നോളജി ഇന്നൊവേഷൻ ഹബ്ബുകൾ (TIH) സ്ഥാപിച്ചു; ഇതിൽ മൂന്നെണ്ണം കൃഷിയിൽ IoT, AI എന്നിവ പ്രയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉദാഹരണത്തിന്, IIT റോപ്പറിലെ അഗ്രി/വാട്ടർ TIH, കുങ്കുമപ്പൂവിൻ്റെ ഉൽപ്പാദനത്തിനും വിതരണത്തിനുമുള്ള IoT സെൻസറുകളിൽ പ്രവർത്തിക്കുന്നു. IIT ബോംബെ "ഇൻ്റർനെറ്റ് ഓഫ് എവരിതിംഗ്" എന്ന വിഷയത്തിലും IIT ഖരഗ്പൂർ AI/ML സൊല്യൂഷനുകൾക്കായി (വിള ആരോഗ്യം പ്രവചിക്കൽ, വിളവ് പ്രവചനം) AI4ICPS ഹബ്ബും നടത്തുന്നു.
  • ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ: ഇലക്ട്രോണിക്സ് മന്ത്രാലയം ബെംഗളൂരു, ഗുരുഗ്രാം, ഗാന്ധിനഗർ, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിൽ IoT-യിൽ മികവിൻ്റെ കേന്ദ്രങ്ങൾ (CoE) സ്ഥാപിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, വിശാഖപട്ടണം IoT സെന്റർ ഓഫ് എക്സലൻസ് കാർഷിക സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്റ്റാർട്ടപ്പുകൾ, വ്യവസായം, നിക്ഷേപകർ, അക്കാദമിക് സമൂഹം എന്നിവരെ ബന്ധിപ്പിച്ചുകൊണ്ട് നൂതനാശയങ്ങളെ ജനാധിപത്യവൽക്കരിക്കുകയും ചെയ്യുന്നു. ദേശീയ ഇ-ഗവേണൻസ് പദ്ധതിക്ക് കീഴിൽ, AI/ML, IoT, ബ്ലോക്ക്ചെയിൻ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഡിജിറ്റൽ-കാർഷിക പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകുന്നു.

സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം: 2018–19 മുതൽ, രാഷ്ട്രീയ കൃഷി വികാസ് യോജനയ്ക്ക് (RKVY) കീഴിലുള്ള "ഇന്നൊവേഷൻ ആൻഡ് അഗ്രി-എന്റർപ്രണർഷിപ്പ് ഡെവലപ്‌മെൻ്റ്" പ്രോഗ്രാം സാമ്പത്തിക സഹായം നൽകിയും കാർഷിക ഇൻകുബേഷൻ സംവിധാനത്തെ ശക്തിപ്പെടുത്തിയും നൂതനാശയങ്ങളെയും കാർഷിക സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കുന്നു. പുതിയ അവസരങ്ങളിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, ഗ്രാമീണ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ഇരട്ട ലക്ഷ്യങ്ങളോടെ ഈ സംരംഭം കൃഷിയും അനുബന്ധ മേഖലകളിലെയും സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നു. ഈ പ്രോഗ്രാമിന് കീഴിൽ പിന്തുണയ്ക്കുന്ന സ്റ്റാർട്ടപ്പുകൾ കാർഷിക സംസ്കരണം, ഫുഡ് ടെക്നോളജി, മൂല്യവർദ്ധനവ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), ഇൻ്റർനെറ്റ് ഓഫ് തിങ്‌സ് (IoT), ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ICT), പ്രിസിഷൻ ഫാമിംഗ്, ഡിജിറ്റൽ അഗ്രികൾച്ചർ, ബ്ലോക്ക്ചെയിൻ ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു.

കർഷകരുടെ നൈപുണ്യ വികസനവും പരിശീലനവും

കർഷകരുടെ നൈപുണ്യ വികസനവും പരിശീലനവും ഇന്ത്യയുടെ കാർഷിക പരിവർത്തനത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. ആധുനിക കാർഷിക ആവശ്യകതകൾ തിരിച്ചറിഞ്ഞുകൊണ്ട്, സാങ്കേതിക കണ്ടുപിടിത്തങ്ങൾ, കാലാവസ്ഥാപരവും കമ്പോളപരവുമായ മാറ്റങ്ങൾ എന്നിവയുമായി പൊരുത്തപ്പെടാൻ കർഷകരെ സഹായിക്കുന്നതിന് ​ഗവൺമെന്റ് ശേഷി വർദ്ധിപ്പിക്കുന്നതിന് മുൻഗണന നൽകിയിട്ടുണ്ട്. സ്കിൽ ട്രെയിനിംഗ് ഓഫ് റൂറൽ യൂത്ത് (STRY), സബ്-മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (SMAM), പ്രധാനമന്ത്രി കൗശൽ വികാസ് യോജന (PMKVY) കൂടാതെ കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ (KVK), അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്‌മെൻ്റ് ഏജൻസി (ATMA) എന്നിവയിലൂടെയുള്ള സംരംഭങ്ങൾ എന്നിവ സുസ്ഥിര കാർഷിക രീതികൾക്കായി കർഷകർക്ക് പ്രായോഗിക അറിവും തൊഴിൽ വൈദഗ്ധ്യവും നൽകുന്നു.

  • കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ (KVK): ICAR-ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളാണ് കർഷക പരിശീലനത്തിൻ്റെ മുൻനിരയിൽ നിൽക്കുന്നത്. 2021-22 നും 2023-24 നും ഇടയിൽ, KVK-കൾ 58.02 ലക്ഷം കർഷകർക്ക് പരിശീലനം നൽകി. ഓരോ വർഷവും പരിശീലനം ലഭിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. 2024–25-ൻ്റെ ആദ്യത്തെ പത്ത് മാസങ്ങളിൽ മാത്രം അധികമായി 18.56 ലക്ഷം കർഷകർക്ക് ഇതിനകം പരിശീലനം ലഭിച്ചു. പ്രാദേശിക സാഹചര്യങ്ങൾക്കനുസൃതമായി മെച്ചപ്പെട്ട കൃഷിരീതി, കന്നുകാലി പരിചരണം, മണ്ണിൻ്റെ ആരോഗ്യം, വിളവെടുപ്പിന് ശേഷമുള്ള സാങ്കേതികവിദ്യ മുതലായവ കെവികെ കോഴ്‌സുകളിൽ ഉൾപ്പെടുന്നു.
  • ATMA (വിപുലീകരണ പരിഷ്കരണ പദ്ധതി): വികേന്ദ്രീകൃത കാർഷിക വിപുലീകരണം ശക്തിപ്പെടുത്തുന്നതിൽ അഗ്രികൾച്ചർ ടെക്നോളജി മാനേജ്‌മെൻ്റ് ഏജൻസി (ATMA) പ്രധാന പങ്ക് വഹിക്കുന്നു. ഈ സംരംഭത്തിന് കീഴിൽ, 2021–22-32.38 ലക്ഷം കർഷകർക്കും തുടർന്ന് 2022–23-40.11 ലക്ഷം പേർക്കും 2023–24-36.60 ലക്ഷം പേർക്കും പരിശീലനം നൽകി. 2025 ജനുവരി ആയപ്പോഴേക്കും ഏകദേശം 18.30 ലക്ഷം കർഷകർക്ക് പരിശീലനം നൽകി. മൊത്തത്തിൽ, 2021–25 കാലയളവിൽ ATMA വഴി ഏകദേശം 1.27 കോടി കർഷകർക്ക് പരിശീലനം നൽകി.
  • സ്കിൽ ട്രെയിനിംഗ് ഓഫ് റൂറൽ യൂത്ത് (STRY): കാർഷിക/അനുബന്ധ വ്യാപാരങ്ങളിൽ (ഹോർട്ടികൾച്ചർ, ഡയറി, ഫിഷറീസ് മുതലായവ) STRY ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകൾ (ഏകദേശം ഏഴ് ദിവസം) നൽകുന്നു. 2021–22-10,456 ഗ്രാമീണ യുവാക്കൾക്കും 2022–23-11,634 പേർക്കും 2023–24-20,940 പേർക്കും പരിശീലനം നൽകി. 2024 ഡിസംബർ വരെ, 2021 മുതൽ 51,000-ത്തിലധികം ഗ്രാമീണ യുവാക്കൾക്ക് പരിശീലനം നൽകി. സ്വയംതൊഴിൽ വർദ്ധിപ്പിക്കാനും ഗ്രാമങ്ങളിൽ വിദഗ്ദ്ധ തൊഴിലാളികളെ സൃഷ്ടിക്കാനും ഈ പരിപാടി ലക്ഷ്യമിടുന്നു.
  • ഫാം മെക്കനൈസേഷൻ (SMAM): സബ്-മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (SMAM) കാർഷിക യന്ത്രങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് പരിശീലനം നൽകുന്നു. 2021–25 കാലയളവിൽ, പ്രദർശനങ്ങളിലൂടെയും കസ്റ്റം നിയമന അവബോധത്തിലൂടെയും 57,139 കർഷകർക്ക് SMAM നേരിട്ട് യന്ത്രവൽക്കരണത്തിൽ പരിശീലനം നൽകി.

 

  • സോയിൽ ഹെൽത്ത് കാർഡ് പദ്ധതി: ഈ പരിപാടി സോയിൽ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യുകയും സമീകൃത വളപ്രയോഗത്തെക്കുറിച്ച് കർഷകരെ ബോധവൽക്കരിക്കുകയും ചെയ്യുന്നു. 2025 ജൂലൈ മാസത്തോടെ രാജ്യവ്യാപകമായി 25.17 കോടിയിലധികം കാർഡുകൾ വിതരണം ചെയ്തു. ഇതിന് സമാന്തരമായി, പോഷക പരിപാലന രീതികൾ പഠിപ്പിക്കുന്നതിനായി 93,000-ത്തിലധികം മണ്ണ്-ആരോഗ്യ പരിശീലനങ്ങളും 6.8 ലക്ഷം ഓൺ-ഫീൽഡ് പ്രദർശനങ്ങളും നടത്തി.
  • ർഷക ഉത്പാദക സംഘടനകൾ (FPO): വിപണി അധിഷ്ഠിത ശേഷി വർദ്ധിപ്പിക്കുന്നതിനായി, ​ഗവൺമെന്റ് 10,000-ത്തിലധികം FPO-കൾക്ക് രജിസ്ട്രേഷൻ നൽകിയിട്ടുണ്ട്. ഡിജിറ്റൽ മൊഡ്യൂളുകളിലൂടെയും വെബിനാറുകളിലൂടെയും FPO-കളിലെ കർഷകർക്ക് കാർഷിക ബിസിനസ്സ് മാനേജ്മെൻ്റ്, മൂല്യശൃംഖലകൾ, വിപണനം എന്നിവയിൽ പരിശീലനം നൽകുന്നു. (ചെറുകിട കർഷകരെ കൂട്ടിച്ചേർക്കുന്നതിലൂടെ, ഗ്രാമീണ മേഖലകളിൽ ലക്ഷ്യബോധത്തോടെയുള്ള നൈപുണ്യവും വിപുലീകരണവും നൽകാൻ FPO-കൾ സഹായിക്കുന്നു.)

ഉപസംഹാരം

ഇന്ത്യയുടെ കാർഷിക വിദ്യാഭ്യാസ, പരിശീലന സമ്പ്രദായം ഇന്ന് വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതികവിദ്യ, ഫീൽഡ് തലത്തിലുള്ള നൈപുണ്യ വികസനം എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു സുസജ്ജമായ സമീപനം പ്രതിഫലിക്കുന്നു. "ഒരു രാജ്യം ഒരു കൃഷി ഒരു ടീം" എന്ന കാഴ്ചപ്പാടിൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ, ICAR, കേന്ദ്ര, സംസ്ഥാന കാർഷിക സർവകലാശാലകൾ, കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ കൃഷിയെ കൂടുതൽ ഉൽപ്പാദനക്ഷമവും സുസ്ഥിരവും വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ളതുമാക്കാൻ ശക്തമായ അടിത്തറ സൃഷ്ടിച്ചിരിക്കുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം, അക്രഡിറ്റേഷൻ പരിഷ്കാരങ്ങൾ, കർഷക കേന്ദ്രീകൃത പരിശീലനം എന്നിവയ്ക്കുള്ള നിരന്തരമായ ഊന്നൽ, ശാസ്ത്രീയ ഗവേഷണവും പ്രായോഗിക പ്രയോഗവും തമ്മിലുള്ള വിടവ് നികത്താൻ സഹായിക്കുന്നു.

ഇൻ്റർനെറ്റ് ഓഫ് തിങ്‌സ് (IoT), ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), പ്രിസിഷൻ ഫാമിംഗ് ടൂളുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള സാങ്കേതികവിദ്യയുടെ സംയോജനം ആധുനികവും ഡാറ്റാധിഷ്ഠിതവുമായ കൃഷിയിലേക്കുള്ള ഒരു സുപ്രധാന മാറ്റം അടയാളപ്പെടുത്തുന്നു. ATMA, STRY, SMAM തുടങ്ങിയ സംരംഭങ്ങളിലൂടെ കർഷകർക്കും ഗ്രാമീണ യുവാക്കൾക്കും ആവശ്യമായ സാങ്കേതിക, സംരംഭകത്വ വൈദഗ്ധ്യങ്ങൾ നൽകുന്നു, ഇത് ഗ്രാമങ്ങളിൽ തൊഴിലിനും സ്വയംപര്യാപ്തതയ്ക്കും വഴിയൊരുക്കുന്നു. ഈ കൂട്ടായ ശ്രമങ്ങൾ ഉയർന്ന ഉൽപ്പാദനക്ഷമതയ്ക്കും മെച്ചപ്പെട്ട വരുമാനത്തിനും വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിനും സംഭാവന നൽകുന്നു. ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തതയും ശക്തമായ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയും ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക്, വിദ്യാഭ്യാസവും നൂതനാശയങ്ങളും നൈപുണ്യവും തമ്മിലുള്ള ഈ സമന്വയം ശക്തിപ്പെടുത്തുന്നത് രാജ്യത്തിൻ്റെ കാർഷിക പുരോഗതിയുടെ കേന്ദ്രബിന്ദുവായി തുടരും.

അവലംബം

 

PIB:

ICAR:

CAU

Click here to see pdf

***

SK


(Release ID: 2188333) Visitor Counter : 10