ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിക്കപ്പെട്ടതിൻ്റെ 150-ാം വാർഷികാഘോഷം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം 2025 നവംബർ 7 ന് ഉദ്ഘാടനം ചെയ്യും

Posted On: 06 NOV 2025 6:44PM by PIB Thiruvananthpuram

ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിക്കപ്പെട്ടതിൻ്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ് 2025 നവംബർ 7 ന് നടക്കും. ന്യൂഡൽഹിയിലെ സി.ജി.ഒ കോംപ്ലക്‌സിലുള്ള പണ്ഡിറ്റ് ദീൻദയാൽ അന്ത്യോദയ ഭവനിലെ മന്ഥൻ ഹാളിൽ വെച്ചാണ് ന്യൂനപക്ഷ കാര്യ മന്ത്രാലയം ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്.

കേന്ദ്ര ന്യൂനപക്ഷകാര്യ, പാർലമെൻ്ററി കാര്യ മന്ത്രി ശ്രീ കിരൺ റിജിജു, ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പ്രചോദനം നല്കുകയും ദേശീയ അഭിമാനവും ഐക്യവും ഇപ്പോഴും ഉണർത്തുകയും ചെയ്യുന്ന കാലാതീതമായ രചനയുടെ 150-ാം വാർഷികാഘോഷമാണ് ഈ പരിപാടി അടയാളപ്പെടുത്തുന്നത്.

ചടങ്ങിൽ ദേശീയ ഗീതമായ വന്ദേമാതരത്തിൻ്റെ കൂട്ടായ ആലാപനവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസംഗത്തിൻ്റെ തത്സമയ സംപ്രേഷണവും ഉൾപ്പെടും. കേന്ദ്രമന്ത്രി ശ്രീ കിരൺ റിജിജു, കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ എന്നിവരും ചടങ്ങിൽ സംസാരിക്കും. ഇതോടൊപ്പം "വഖഫ് (ഭേദഗതി) ബിൽ, 2024 സംബന്ധിച്ച സംയുക്ത സമിതി" എന്ന ലഘുലേഖയും പ്രകാശനം ചെയ്യും. ന്യൂനപക്ഷകാര്യ മന്ത്രാലയം സെക്രട്ടറി ഡോ ചന്ദ്രശേഖർ കുമാർ, നിരവധി വിശിഷ്ട വ്യക്തികൾ, മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

2025 ൽ വന്ദേമാതരത്തിൻ്റെ 150 വർഷങ്ങൾ ആഘോഷിക്കുന്നു. ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച ദേശീയ ഗീതമായ വന്ദേമാതരം 1875 നവംബർ 7 ന് ആഘോഷിച്ച അക്ഷയ നവമിയുടെ ശുഭകരമായ അവസരത്തിൽ രചിക്കപ്പെട്ടതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അഭിമാനത്തിലും ആദരവിലും പങ്കിട്ട സ്വത്വത്തിലും നമ്മെ ഒന്നിപ്പിക്കുന്ന നമ്മുടെ ദേശീയ ഗീതത്തെ ആദരിക്കുന്നതിനായി ദേശസ്‌നേഹത്തിൻ്റേയും നന്ദിയുടേയും കൂട്ടായ പ്രകടനമെന്ന നിലയിൽ രാജ്യത്തെ എല്ലാ പൗരന്മാരും ഈ ആഘോഷത്തിൽ സജീവമായി പങ്കെടുക്കാൻ ആത്മാർത്ഥമായി പ്രോത്സാഹിപ്പിക്കുന്നു.

****

 


(Release ID: 2187161) Visitor Counter : 6