സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

ദേശീയ ഗീതമായ 'വന്ദേമാതര'ത്തിന്റെ 150-ാം വാർഷികാഘോഷത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണപരിപാടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 നവംബർ 7 ന് ഉദ്ഘാടനം ചെയ്യും.

Posted On: 05 NOV 2025 8:58PM by PIB Thiruvananthpuram
ദേശീയ ഗീതമായ 'വന്ദേമാതര'ത്തിന്റെ 150-ാം വാർഷികാഘോഷത്തിന്റെ സ്മരണാർത്ഥം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങ് 2025 നവംബർ 7 ന് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പ്രചോദനമേകുകയും ദേശീയ അഭിമാനവും ഐക്യവും ഉണർത്തുകയും ചെയ്ത ഈ കാലാതീത രചനയുടെ 150 വർഷങ്ങൾ ആഘോഷിക്കുന്ന, 2025 നവംബർ 7 മുതൽ 2026 നവംബർ 7 വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന രാജ്യവ്യാപക അനുസ്മരണത്തിന് ഈ ചടങ്ങ് ഔപചാരിക തുടക്കം കുറിക്കും.

2025-ൽ വന്ദേമാതരത്തിന് 150 വർഷം തികയുകയാണ്.  ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച 'വന്ദേമാതരം' എന്ന നമ്മുടെ ദേശീയ ഗീതം 1875 നവംബർ 7-ന് അക്ഷയ നവമിയുടെ ശുഭകരമായ അവസരത്തിൽ എഴുതിയതാണെന്ന് വിശ്വസിക്കപ്പെടുന്നു.

വന്ദേമാതരം ആദ്യമായി ബംഗദർശൻ എന്ന സാഹിത്യ ജേണലിൽ അദ്ദേഹത്തിന്റെ ആനന്ദമഠം എന്ന നോവലിന്റെ ഭാഗമായി പരമ്പരയായും പിന്നീട് 1882-ൽ ഒരു സ്വതന്ത്ര പുസ്തകമായും പ്രത്യക്ഷപ്പെട്ടു. ആ കാലയളവിൽ, ഇന്ത്യ വലിയ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്നു, കൂടാതെ ദേശീയ സ്വത്വത്തെയും കോളനിവത്കരണ (കൊളോണിയൽ) ഭരണത്തിനെതിരായ ചെറുത്തുനിൽപ്പിനെയും കുറിച്ചുള്ള അവബോധം വളർന്നുകൊണ്ടിരുന്നു.
ശക്തിയുടെയും സമൃദ്ധിയുടെയും ദിവ്യത്വത്തിന്റെയും പ്രതീകമായി മാതൃരാജ്യത്തെ വിളിച്ചോതുന്ന ഈ ഗാനം, ഇന്ത്യയുടെ ഐക്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഉണർവ്വിന്റെ ആത്മാവിന് കാവ്യാത്മകമായ ആവിഷ്‌കാരം നൽകി. താമസിയാതെ അത് രാഷ്ട്രത്തോടുള്ള സമർപ്പണത്തിന്റെ ഒരു ശാശ്വത പ്രതീകമായി മാറി. സ്വാതന്ത്ര്യസമരത്തിൽ ചരിത്രപരമായ പങ്ക് വഹിച്ച 'വന്ദേമാതര'ത്തിന് ദേശീയഗാനമായ 'ജന ഗണ മന'യ്ക്ക് തുല്യമായ ബഹുമാനം നൽകുമെന്ന് 1950 ജനുവരി 24-ന്, ഭരണഘടനാ അസംബ്ലി അധ്യക്ഷനായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ് പ്രഖ്യാപിച്ചു.

രാവിലെ പത്ത് മണിക്ക് പൊതുസ്ഥലങ്ങളിൽ 'വന്ദേമാതരം' ദേശീയ ഗീതത്തിന്റെ പൂർണ്ണരൂപത്തിന്റെ സംഘഗാനാലാപനത്തോടെ ആഘോഷങ്ങൾ ആരംഭിക്കും.
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന പ്രധാന പരിപാടിയോട് അനുബന്ധിച്ച്, എല്ലാ തരം പൗരന്മാർ, സ്‌കൂൾ കുട്ടികൾ, കോളേജ് വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, അധ്യാപകർ, ഡ്രൈവർമാർ, കടയുടമകൾ, സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ള മറ്റ് പ്രസക്തരായ തത്പരക്ഷികൾ എന്നിവർ ഇതിൽ പങ്കെടുക്കും. ചരിത്ര പ്രാധാന്യവും ദേശീയ സവിശേഷതയും കണക്കിലെടുത്ത്, ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് 2025 ഒക്ടോബർ 1-ന് രാജ്യവ്യാപകമായി ആഘോഷങ്ങൾ നടത്താൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ മാർഗനിർദേശത്തിലും നേതൃത്വത്തിലുമുള്ള കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. തുടർന്ന്, 2025 നവംബർ 7 മുതൽ 2026 നവംബർ 7 വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടിക്ക് 2025 ഒക്ടോബർ 24-ന് ദേശീയ നിർവ്വഹണ സമിതി അംഗീകാരം നൽകുകയും ചെയ്തു.

ഉദ്ഘാടന ചടങ്ങിന്റെ പ്രധാന സവിശേഷതകളിൽ ഇവ ഉൾപ്പെടും:

മുഖ്യാതിഥി എത്തുന്നതിനു മുമ്പുള്ള സാംസ്കാരിക പരിപാടി.

ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150 വർഷത്തെ ചരിത്രത്തെക്കുറിച്ചുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രദർശന പ്രയാണം

ഭാരതമാതാവിന് പുഷ്പാർച്ചന.

വന്ദേമാതരം: 'നാദ് ഏകം, രൂപം അനേകം': മുഖ്യാതിഥിയ്ക്ക് മുന്നിലെ സംസ്‌കാരികവേദിയിൽ വൈവിധ്യമാർന്ന പരമ്പരാഗത ഇന്ത്യൻ സംഗീത വിഭാഗങ്ങളെ സംഗമിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച വയലിൻ മാന്ത്രികൻ ഡോ. മഞ്ജുനാഥ് മൈസൂർ നയിക്കുന്ന ഏകദേശം 75 സംഗീതജ്ഞർ പങ്കെടുക്കുന്ന സംഗീതപരിപാടി.

വന്ദേമാതരത്തിന്റെ 150 വർഷത്തെക്കുറിച്ചുള്ള ഒരു ഹ്രസ്വ ഡോക്യുമെന്ററി ചിത്രത്തിന്റെ പ്രദർശനം.

ഒരു സ്മരണിക സ്റ്റാമ്പിന്റെയും നാണയത്തിന്റെയും പ്രകാശനം.

വേദിയിൽ വിശിഷ്ട വ്യക്തികളുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും പ്രസംഗങ്ങൾ.

മുഖ്യാതിഥിയുടെ മുഖ്യപ്രഭാഷണം.

വന്ദേമാതരത്തിന്റെ സംഘഗാനാലാപനം.

എല്ലാ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ അവയുടെ അനുബന്ധ/കീഴിലുള്ള ഓഫീസുകൾ എന്നിവ 2025 നവംബർ 7 ന് രാവിലെ പത്ത് മണിക്ക് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അതത് ഓഫീസ് പരിസരത്ത് 'വന്ദേമാതരം' ആലാപനം സംഘടിപ്പിക്കും. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ തത്സമയ സംപ്രേക്ഷണം രാജ്യത്തുടനീളമുള്ള ഓഫീസുകളിലും സ്ഥാപനങ്ങളിലും കൂട്ടായി വീക്ഷിക്കുന്നതിനായി ക്രമീകരിക്കും.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഒരു സമർപ്പിത പ്രചാരണ വെബ്സൈറ്റ് https://vandemataram150.in/ ആരംഭിച്ചു, അതിൽ പൊതുജന-സ്ഥാപന പങ്കാളിത്തത്തിനായി ഇനിപ്പറയുന്ന സവിശേഷതകൾ ലഭ്യമാക്കും:

ബ്രാൻഡ് ചെയ്യുന്നതിനുള്ള അംഗീകൃത ഈടുകൾ (ഹോർഡിംഗുകൾ, ബാനറുകൾ, വെബ് സർഗാത്മകസൃഷ്ടികൾ).
ഹ്രസ്വചിത്രവും തിരഞ്ഞെടുത്ത പ്രദർശനവും.
സംഘഗാനാലാപനത്തിനായി മുഴുവൻ ഗാനത്തിന്റെയും വരികളോട് കൂടിയ ഓഡിയോ.

'വന്ദേമാതരത്തോടുകൂടിയ കരോക്കെ'; ഈ സവിശേഷത പൗരന്മാർക്ക് പ്രചാരണ പോർട്ടലിൽ ഗാനത്തിന്റെ സ്വന്തം ആലാപനങ്ങൾ റെക്കോർഡുചെയ്യാനും അപ്ലോഡ് ചെയ്യാനും പ്രാപ്തമാക്കും. എല്ലാ തുറകളിലുമുള്ള പൗരന്മാരെ ഇതിൽ പങ്കെടുക്കാനും മാതൃരാജ്യത്തോടുള്ള അർപ്പണബോധം പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്നു.

അഭിമാനത്തിലും, ആദരവിലും, പങ്കിട്ട സ്വത്വത്തിലും നമ്മെ ഒന്നിപ്പിക്കുന്നത് തുടരുന്ന നമ്മുടെ ദേശീയഗീതത്തെ ആദരിക്കുന്നതിനുള്ള ദേശസ്നേഹത്തിന്റെയും കൃതജ്ഞതയുടെയും കൂട്ടായ പ്രകടനമായി, രാജ്യത്തെ എല്ലാ പൗരന്മാരെയും വലിയ തോതിൽ പങ്കെടുക്കാൻ ആത്മാർത്ഥമായി പ്രോത്സാഹിപ്പിക്കുന്നു.
 
GG

(Release ID: 2186831) Visitor Counter : 7