ഉപരാഷ്ട്രപതിയുടെ കാര്യാലയം
'ലാഖ്‍പതി ദീദി' സംരംഭം സ്ത്രീകൾ നയിക്കുന്ന വികസനത്തിൻ്റെയും അടിസ്ഥാന ജനാധിപത്യത്തിൻ്റെയും മാതൃകയെന്ന് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ
Posted On:
05 NOV 2025 6:19PM by PIB Thiruvananthpuram
ഛത്തീസ്‌ഗഢിലെ രാജ്നന്ദ്ഗാവിൽ ഇന്നുനടന്ന "ലാഖ്‍പതി ദീദി സമ്മേളനത്തിൽ" ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പങ്കെടുത്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി, ഇന്ത്യയിലെ സ്ത്രീകളുടെ ശക്തിയുടെയും ദൃഢനിശ്ചയത്തിൻ്റെയും പ്രതിഫലനമാണ് ലാഖ്‍പതി ദീദി സംരംഭമെന്ന് വിശേഷിപ്പിച്ചു.
വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്ന സ്ത്രീകളുടെ - ദീദിമാരുടെ - ദൃഢനിശ്ചയത്തെയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. "ലാഖ്‍പതി ദീദി" എന്ന പദം വരുമാനത്തെ മാത്രമല്ല, സ്വാതന്ത്ര്യം, അന്തസ്സ്, ആത്മവിശ്വാസം എന്നിവയെ പ്രതിനിധീകരിക്കുന്നുവെന്ന് ഉപരാഷ്ട്രപതി നിരീക്ഷിച്ചു.
കഠിനാധ്വാനം, അച്ചടക്കം, ഐക്യദാർഢ്യം എന്നിവ ജീവിതത്തെ മാറ്റുന്നത് എങ്ങനെയെന്ന് ഇന്ത്യയിലുടനീളം, സ്ത്രീകൾ നേതൃത്വം നൽകുന്ന ആയിരക്കണക്കിന് സ്വയം സഹായ സംഘങ്ങൾ തെളിയിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വനിതകൾ കൈവരിച്ച നേട്ടങ്ങൾ ഗ്രാമീണ ഇന്ത്യയുടെ നട്ടെല്ലായ സഹോദരിമാരുടെ പരിവർത്തന ശക്തിയെ എടുത്തുകാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഗവൺമെൻ്റിൻ്റെ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ട്, മൂന്ന് കോടി ലാഖ്‍പതി ദീദികളെ സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനം സ്ത്രീകൾ നേതൃത്വം നൽകുന്ന വികസനത്തിലേക്കുള്ള അസാധാരണമായ ഒരു ചുവടുവയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്‌ഗഢിൽ ഈ മുന്നേറ്റം ഉജ്വലമായ പ്രകടനം കാഴ്ചവച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഛത്തീസ്‌ഗഢിലും രാജ്യമെമ്പാടുമായി സ്ത്രീകളുടെ നേതൃശക്തി ഉയർന്നു വരുന്നതായി ഉപരാഷ്ട്രപതി പരാമർശിച്ചു. രാജ്യവ്യാപകമായി രണ്ട് കോടിയിലധികം സ്ത്രീകളെയും, ഛത്തീസ്‌ഗഢിൽ മാത്രമായി അഞ്ച് ലക്ഷം സ്ത്രീകളെയും സ്വയം സഹായ ഗ്രൂപ്പുകളിലൂടെയും വരുമാന സൃഷ്ടിക്കുള്ള പ്രവർത്തനങ്ങളിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ പ്രാപ്തമാക്കിയ പ്രസ്ഥാനമായി ലാഖ്‍പതി ദീദി സംരംഭത്തെ അദ്ദേഹം വിശേഷിപ്പിച്ചു.
9,663 സ്വയം സഹായ ഗ്രൂപ്പുകളിലൂടെ ഒരു ലക്ഷത്തിലധികം സ്ത്രീകളെ പരസ്പരം ബന്ധിപ്പിക്കുകയും 700 കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായം നൽകുകയും ചെയ്ത സംസ്ഥാന ഗവൺമെൻ്റിൻ്റെയും രാജ്നന്ദ്ഗാവ് ജില്ലാ ഭരണകൂടത്തിൻ്റെയും നിരന്തര ശ്രമങ്ങളെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. മഹിളാ സമ്മാൻ യോജനയ്ക്ക് കീഴിൽ സംസ്ഥാനം നേരിട്ട് ₹13,000 കോടിയിലധികം തുക 20 ഗഡുക്കളായി കൈമാറിയത് സ്ത്രീ ഗുണഭോക്താക്കളെ ശാക്തീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീ ശാക്തീകരണത്തിൻ്റെ പ്രതീകമായി രാജ്നന്ദ്ഗാവിൻ്റെ സവിശേഷമായ സ്ഥാനം ശ്രീ സി.പി. രാധാകൃഷ്ണൻ എടുത്തുപറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പഞ്ച്, സർപഞ്ച്, ജൻപദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായി ആയിരത്തിലധികം സ്ത്രീകൾ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യം പാർലമെൻ്റിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ഗ്രാമസഭകളിലും പഞ്ചായത്തുകളിലും സ്വയം സഹായ സംഘങ്ങളിലുമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അവിടെ പൗരന്മാർ പരസ്പരം ചർച്ച ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും വികസനം സാധ്യമാക്കുകയും ചെയ്യുന്നു. പങ്കാളിത്തം, സുതാര്യത, പ്രാദേശിക ശാക്തീകരണം എന്നിവ ഉറപ്പാക്കുന്നതിലൂടെ ലാഖ്‍പതി ദീദി പ്രസ്ഥാനം ജനാധിപത്യത്തിൻ്റെ അടിസ്ഥാന വേരുകൾ ശക്തിപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
സ്ത്രീകൾ വീടുകൾക്കുള്ളിൽ ഒതുങ്ങണമെന്ന ധാരണയ്ക്ക് ഇത്തരം സംരംഭങ്ങൾ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന്, അവർ ഭരണാധികാരികളായി ഉയർന്നുവരികയും സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും ഭാവിയിലെ നേതാക്കളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
ഗവണ്മെൻ്റ് പിന്തുണയോടെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുന്നതിൽ ലാഖ്‍പതി ദീദികൾ പ്രകടിപ്പിച്ച ധൈര്യത്തിനും ദൃഢനിശ്ചയത്തിനും അവരെ അഭിനന്ദിച്ച ഉപരാഷ്ട്രപതി ഉടൻ തന്നെ അവർ കോടിപതി ദീദികളാകുമെന്ന് പ്രത്യാശിച്ചു.
ഛത്തീസ്‌ഗഢ് കൈവരിച്ച പുരോഗതി പരാമർശിച്ച അദ്ദേഹം മുൻകാലങ്ങളിൽ വെള്ളം, വൈദ്യുതി, വികസനം എന്നിവയുടെ അഭാവം സംസ്ഥാനം നേരിട്ടിരുന്നതായും എന്നാൽ ഇന്ന് രാജ്യത്തിനാകെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണിതെന്നും ആരോഗ്യ സംരക്ഷണ സേവനത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, സംസ്ഥാന ഗവണ്മെൻ്റ്, സുരക്ഷാ സേന എന്നിവർ തമ്മിലുള്ള സഹകരണപരമായ കാഴ്ചപ്പാടാണ് മേഖലയിൽ നിന്ന് നക്സൽ പ്രശ്നം നിർമാർജനം ചെയ്യാൻ സഹായിച്ചതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
സമ്പത്ത് വിതരണം ചെയ്യുന്നതുപോലെ പ്രധാനമാണ് സമ്പത്ത് സൃഷ്ടിക്കുന്നതെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകൾ ഈ ലക്ഷ്യ പ്രാപ്തിക്കായി ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും ഇത് നക്സലിസം പോലുള്ള വെല്ലുവിളികൾ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ സമീപകാല വിജയത്തെ പരാമർശിച്ച ശ്രീ സി.പി. രാധാകൃഷ്ണൻ, ഛത്തീസ്‌ഗഢിലെ സ്ത്രീകൾ നയിക്കുന്ന സാമൂഹിക പരിവർത്തനവും ഉത്തരത്തിൽ പ്രചോദനാത്മകമാണെന്ന് പറഞ്ഞു. അവരുടെ ധൈര്യത്തിനും, പ്രതിരോധശേഷിക്കും, രാജ്യത്തിൻ്റെ പുരോഗതിക്ക് നൽകിയ സംഭാവനയ്ക്കും അദ്ദേഹം ആദരം അർപ്പിച്ചു.
2000 നവംബർ 1ന് ഛത്തീസ്‌ഗഢ് സംസ്ഥാനത്തിൻ്റെ രൂപീകരണത്തോടെ മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ദർശനം നിറവേറ്റിയതായി ശ്രീ സി.പി. രാധാകൃഷ്ണൻ അനുസ്മരിച്ചു. പാർലമെൻ്റ് അംഗം എന്ന നിലയിൽ ബില്ലിനെ പിന്തുണച്ചതിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.
ഛത്തീസ്‌ഗഢും രാജ്നന്ദ്ഗാവും ശാക്തീകരണം, ജനാധിപത്യം, സംസ്കാരം എന്നിവയിൽ തുടർന്നും രാജ്യത്തിനു മാതൃകയായിരിക്കുമെന്ന് ഉപരാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാജ്നന്ദ്ഗാവിൽ നടന്ന ലാഖ്‍പതി ദീദി സമ്മേളനത്തിനിടെ, ദിവ്യാംഗർ സ്വയം അവർക്കായി നിർമ്മിച്ച സഹായ ഉപകരണങ്ങൾ ഉൾപ്പെടെ വനിതാ ഗ്രൂപ്പുകൾ നയിക്കുന്ന വിവിധ സാമൂഹിക സംരംഭങ്ങളുടെ ഒരു പ്രദർശനം ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ വീക്ഷിച്ചു. ഈ നൂതന സംരംഭങ്ങളിലൂടെ പൊതുജനക്ഷേമം, പ്രകൃതിവിഭവ പരിപാലനം, സമൂഹ വികസനം എന്നിവയിൽ സ്ത്രീകൾ നേതൃത്വം നയിക്കുന്നതിനെ ശ്രീ സി.പി. രാധാകൃഷ്ണൻ പ്രശംസിച്ചു.
രാജ്നന്ദ്ഗാവിലെ ഉദയാചൽ ഹെൽത്ത് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പുതുതായി നിർമ്മിച്ച അഞ്ച് നില മന്ദിരം ശ്രീ സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഛത്തീസ്‌ഗഢ് തിമിര രോഗ രഹിതമാക്കുന്നതിലും ക്ഷയരോഗത്തിനെതിരെ പോരാടുന്നതിലും വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നിർണായക പങ്കിനെയും പ്രതിജ്ഞാബദ്ധതയെയും അദ്ദേഹം പ്രകീർത്തിച്ചു.
തിമിരരോഗ രഹിത ഭാരതത്തിലേക്കുള്ള ദേശീയ പുരോഗതിയെ ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. ദേശീയ നേത്ര ജ്യോതി അഭിയാൻ നടപ്പിലാക്കിയ ശ്രദ്ധേയമായ നേട്ടങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ആയുഷ്മാൻ ഭാരത്, ആയുഷ്മാൻ ആരോഗ്യ മന്ദിർ, പിഎം–ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാന ദൗത്യം തുടങ്ങിയ സംരംഭങ്ങൾ രാജ്യത്തുടനീളമുള്ള ആരോഗ്യ സംരക്ഷണത്തിൽ പരിവർത്തനം വരുത്തുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു.
ഛത്തീസ്‌ഗഢ് ഗവർണർ ശ്രീ രാമൻ ദേക; മുഖ്യമന്ത്രി ശ്രീ വിഷ്ണു ദിയോ സായ്; ഛത്തീസ്‌ഗഢ് നിയമസഭ സ്പീക്കർ ഡോ. രാമൻ സിംഗ് എന്നിവർ രാജ്നന്ദ്ഗാവിൽ നടന്ന രണ്ട് പരിപാടികളിലും പങ്കെടുത്തു.
ഛത്തീസ്‌ഗഢ് സംസ്ഥാന രൂപീകരണത്തിൻ്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഛത്തീസ്‌ഗഢ് രജത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നവ റായ്പൂരിൽ ഇന്ത്യൻ വ്യോമസേനയുടെ പ്രശസ്തമായ സൂര്യകിരൺ എയറോബാറ്റിക് സംഘം (എസ്‌കെഎടി) നടത്തിയ മനോഹരമായ വ്യോമാഭ്യാസ പ്രദർശനവും ഉപരാഷ്ട്രപതി വീക്ഷിച്ചു. വ്യോമസേന കാഴ്ചവച്ച നൈപുണ്യത്തിൻ്റെയും കൃത്യതയുടെയും അതിശയിപ്പിക്കുന്ന പ്രകടനം പ്രേക്ഷകരെ ആകർഷിക്കുകയും ദേശസ്‌നേഹം നിറഞ്ഞ അന്തരീക്ഷം ഉളവാക്കുകയും ചെയ്തു.
****
(Release ID: 2186739)
Visitor Counter : 6