പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പെൻഷൻകാർക്കായി സൃഷ്ടിച്ചത് 52 ലക്ഷത്തിലധികം ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ; രാജ്യവ്യാപക ഡി.എൽ.സി പ്രചാരണം 4.0 ഡോ. ജിതേന്ദ്ര സിംഗ് ഔദ്യോഗികമായി തുടക്കമിട്ടു
Posted On:
05 NOV 2025 4:33PM by PIB Thiruvananthpuram
കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രിയും (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്‌സണൽ, പൊതുജന പരാതി പരിഹാരം, പെൻഷൻ, ആണവോർജ്ജം, ബഹിരാകാശം എന്നീ വകുപ്പുകളുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗ് ഇന്ന് രാജ്യവ്യാപക ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) പ്രചാരണം 4.0 ഔദ്യോഗികമായി തുടക്കമിട്ടു. രാജ്യത്തെ പെൻഷൻകാർക്കുള്ള ലൈഫ് സർട്ടിഫിക്കേഷൻ കൂടുതൽ ലളിതമാക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ തുടർച്ചയായ ശ്രമങ്ങളിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്.
നവംബർ 1 ന് ആരംഭിച്ച് നവംബർ 30 വരെ തുടരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ഡി.എൽ.സി പ്രചാരണം 4.0യിലൂടെ, രണ്ട് കോടിയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ആദ്യത്തെ നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ 55 ലക്ഷത്തിലധികം ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ സൃഷ്ടിച്ചു കഴിഞ്ഞു.
മുൻവർഷത്തെ ഡി.എൽ.സി പ്രചാരണം 3.0 യുടെ നേട്ടങ്ങളെക്കുറിച്ച് ഡോ. ജിതേന്ദ്ര സിംഗ് പരാമർശിച്ചു. 52.73 ലക്ഷം സർട്ടിഫിക്കറ്റുകൾ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ച് സമർപ്പിച്ചതായും 72.64 ലക്ഷം സർട്ടിഫിക്കറ്റുകൾ EPFO പെൻഷൻകാരുടേതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ പ്രചാരണം 3.0, 2024 നവംബറിൽ 845 ജില്ലകളിലും നഗരങ്ങളിലുമായി 1,984 സ്ഥലങ്ങളിൽ നടത്തിയതായും ഈ കാലയളവിൽ 1.62 കോടി ഡി.എൽ.സികൾ സൃഷ്ടിച്ചതായും മന്ത്രി അറിയിച്ചു. അതിൽ 49.78 ലക്ഷം കേന്ദ്ര സർക്കാർ പെൻഷൻകാരുടേതായിരുന്നു. ഇതിൽ 90 വയസ്സിന് മുകളിലുള്ള 85,200 ലധികം പെൻഷൻകാരും, 100 വയസ്സിന് മുകളിലുള്ള 2,200 ലധികം പെൻഷൻകാരും ഉൾപ്പെടുന്നു.
രാജ്യത്തുടനീളമുള്ള ഏകദേശം 2,000 ജില്ലകളും നഗരങ്ങളും ഉൾക്കൊള്ളുന്ന പ്രചാരണം 4.0, 2500 ക്യാമ്പുകളിലൂടെയും 1,250 നോഡൽ ഓഫീസർമാരുടെ ഏകോപനത്തോടെയുമാണ് നടപ്പിലാക്കുന്നത്. പ്രമുഖ ബാങ്കുകൾ, ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ് ബാങ്ക് (IPPB), പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷനുകൾ (PWAs) എന്നിവയുടെ പങ്കാളിത്തവും ഇതിലുണ്ട്. സ്ഥലം, ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ പരിഗണിക്കാതെ എല്ലാ പെൻഷൻകാർക്കും അവരുടെ ലൈഫ് സർട്ടിഫിക്കറ്റ് തടസ്സമില്ലാതെ സമർപ്പിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു.
19 പെൻഷൻ വിതരണ ബാങ്കുകൾ, ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ് ബാങ്ക് (IPPB), പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷനുകൾ, UIDAI, MeitY, EPFO, റെയിൽവേ, CGDA, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് ഡി.എൽ.സി പ്രചാരണം 4.0 നടത്തുന്നത്. വിദൂര, ഗ്രാമപ്രദേശങ്ങളിലുള്ളവർ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള എല്ലാ പെൻഷൻകാരിലേക്കും എത്തിച്ചേരുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. IPPB മാത്രം അതിൻ്റെ 1.8 ലക്ഷം പോസ്റ്റ്മാൻമാരുടേയും ഗ്രാമീൺ ഡാക് സേവകരുടേയും ശൃംഖലയിലൂടെ 1,600 ലധികം ജില്ലകളിലും ഉപവിഭാഗങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. പെൻഷൻ വിതരണം ചെയ്യുന്ന ബാങ്ക് പരിഗണിക്കാതെ പെൻഷൻകാർക്ക് അവരുടെ വീട്ടുവാതിൽക്കൽ തന്നെ ഡി.എൽ.സി സേവനങ്ങൾ IPPB വാഗ്ദാനം ചെയ്യുന്നു.
1,850 നഗരങ്ങളിലും പട്ടണങ്ങളിലുമായി 2,500 ക്യാമ്പ് ലൊക്കേഷനുകളും 1,200 ലധികം നോഡൽ ഓഫീസർമാരുമുള്ള ഒരു പ്രത്യേക ഡി.എൽ.സി പോർട്ടലും വകുപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചാരണത്തിലുടനീളം സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് ഘട്ടം ഘട്ടമായ പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും പെൻഷൻകാരെ അണിനിരത്തുന്നതിലും നിർണ്ണായക പങ്ക് വഹിക്കുന്ന DoPPW യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 57 പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷനുകളിൽ നിന്നും ഈ പ്രചാരണത്തിന് ഗണ്യമായ പിന്തുണ ലഭിക്കുന്നുണ്ട്. പ്രായമായവർക്ക് പ്രക്രിയ കൂടുതൽ തടസ്സമില്ലാത്തതും സൗകര്യപ്രദവുമാക്കുന്നതിന് MeitY, UIDAI എന്നിവയുടെ പൂർണ്ണ സാങ്കേതിക പിന്തുണയോടെ വികസിപ്പിച്ചെടുത്ത മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വർഷം പ്രത്യേക ഊന്നൽ നല്കുന്നു.
#DLCCampaign4 എന്ന ഹാഷ്ടാഗോടുകൂടി സമൂഹ മാധ്യമങ്ങൾ, എസ്എംഎസ് പ്രചാരണങ്ങൾ, ഹ്രസ്വചിത്രങ്ങൾ എന്നിവയ്ക്കൊപ്പം പി.ഐ.ബി, ഡി.ഡി ന്യൂസ്, ഓൾ ഇന്ത്യ റേഡിയോ എന്നിവയിലൂടെ ഈ പ്രചാരണം വ്യാപകമാക്കുന്നുണ്ട്. ഇത് ഇന്ത്യയിലെ പെൻഷൻകാർക്കായി ഇതുവരെ ഏറ്റെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഡിജിറ്റൽ ശാക്തീകരണ പ്രചാരണ പരിപാടിയായി മാറുന്നു.
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് അവതരിപ്പിക്കുന്നതിനു പിന്നിലെ ആശയം പ്രായമായവരോടുള്ള സഹാനുഭൂതിയിൽ നിന്നാണ് ഉണ്ടായതെന്ന് ഈ പരിഷ്‌കരണത്തിൻ്റെ യാത്രയെ അനുസ്മരിച്ചുകൊണ്ട്, ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. പെൻഷൻ ലഭിക്കുന്നതിനായി തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് ശാരീരികമായി തെളിയിക്കാൻ മുതിർന്ന പൗരന്മാരോട് ആവശ്യപ്പെടുന്നത് മനുഷ്യത്വരഹിതമായി തോന്നിയതായും അദ്ദേഹം പറഞ്ഞു. ഈ വെല്ലുവിളിയെ ഒരു മഹത്തായ ലക്ഷ്യത്തിനായി ബയോമെട്രിക്, മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനുള്ള അവസരമാക്കി കേന്ദ്ര സർക്കാർ മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെൻഷൻ വിതരണത്തിലെ സാങ്കേതിക പരിവർത്തനത്തിന് അടിവരയിട്ടുകൊണ്ട് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു, "ഇത് പെൻഷൻകാർക്ക് ജീവിതം എളുപ്പമാക്കുക മാത്രമല്ല, നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ പെരുമാറ്റത്തിൽ മാറ്റം വരുത്തുകയും സമൂഹത്തെ കൂടുതൽ സാങ്കേതികവിദ്യ സൗഹൃദമാക്കുകയും ചെയ്യുന്നു".
ഈ സംരംഭം ഒരു ആഗോള വിജയഗാഥയായി മാറിയെന്ന് ഡോ. ജിതേന്ദ്ര സിംഗ് ഉയർത്തിക്കാട്ടി. ഭരണത്തിലെ ഈ അതുല്യമായ പരീക്ഷണം ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ പഠന വിഷയമാവുകയാണെന്നും, ഇന്ത്യയുടെ ഈ മാതൃകയിൽ നിന്ന് പഠിക്കാൻ വിദേശ പ്രതിനിധികൾ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



****
(Release ID: 2186697)
Visitor Counter : 23