വാണിജ്യ, വ്യവസായ സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ ഇന്ന് ബുക്കാറസ്റ്റിൽ റൊമാനിയ വിദേശകാര്യ മന്ത്രി H.E ഓന-സിൽവിയ ഷ്യോയുവുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. വിശാലമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സാമ്പത്തിക ചട്ടക്കൂടിനുള്ളിൽ വ്യാപാരം വികസിപ്പിക്കുക, നിക്ഷേപം ആകർഷിക്കുക, പുനരുജീവന ശേഷിയുള്ള വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുക എന്നിവയിലായിരുന്നു ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.
നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെ രാഷ്ട്രീയ ദിശയ്ക്ക് അനുസൃതമായി, ഈ വർഷത്തിനുള്ളിൽ ന്യായവും സന്തുലിതവും പരസ്പര പ്രയോജനകരവുമായ ഒരു ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറി(FTA)നായി പ്രവർത്തിക്കാൻ ഇരുപക്ഷവും തീരുമാനിച്ചു.
ഇരു രാജ്യങ്ങളും തമ്മിലെ സ്ഥിരതയുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ മന്ത്രിമാർ അവലോകനം ചെയ്തു. 2024–25 സാമ്പത്തിക വർഷത്തിൽ റൊമാനിയയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 1.03 ബില്യൺ യുഎസ് ഡോളർ കടന്നു. 2023–24 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം ഏകദേശം 2.98 ബില്യൺ യുഎസ് ഡോളറിലെത്തി. പെട്രോളിയം, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, സെറാമിക്സ് തുടങ്ങിയ മുൻഗണനാ മേഖലകളിലെ വിതരണ ശൃംഖല കൂടുതൽ ആഴത്തിലാക്കാനും, ഇരു രാജ്യങ്ങളിലെയും വിപണി പ്രവേശനം വർദ്ധിപ്പിക്കുന്നതിന് മാനദണ്ഡങ്ങൾ, പരിശോധന, നിക്ഷേപ പങ്കാളിത്തം എന്നിവയിൽ സഹകരണത്തിനും ഇരു പക്ഷവും സമ്മതിച്ചു. ഉൽപ്പാദന വൈവിധ്യവൽക്കരണത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനും, വിശ്വസനീയ പങ്കാളികളായി കൂടുതൽ ശക്തവും പുനരുജീവനശേഷിയുള്ളതുമായ വിതരണ ശൃംഖലകൾ സ്ഥാപിക്കാനും, ഇരു രാഷ്ട്രങ്ങളിലെയും ബിസിനസുകൾക്ക് സ്ഥിരതയും ആത്മവിശ്വാസവും ഉറപ്പാക്കുന്ന നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
ഇന്ത്യയുടെയും റൊമാനിയയുടെയും നേതൃത്വം തമ്മിൽ നടന്ന സമീപകാല ഉന്നതതല ഇടപെടലുകളെ അടിസ്ഥാനമാക്കി അത്തരം ആശയവിനിമയം തുടർന്നും നിലനിർത്താൻ ഇരു പക്ഷവും തീരുമാനിച്ചു. വ്യാപാരം സുഗമമാക്കുന്നതിനും, ഇരു രാജ്യങ്ങളിലേക്കുമുള്ള സഞ്ചാരസാധ്യതകൾ വികസിപ്പിക്കുന്നതിനും, അവസരങ്ങളെ ഗുണഫലങ്ങളാക്കി മാറ്റുന്നതിനായി നിക്ഷേപകരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള തുടർനടപടികൾ ഏകോപിപ്പിക്കാനും അവർ തീരുമാനിച്ചു.
വ്യാപാര വളർച്ച, വിശാലമായ നിക്ഷേപ പ്രവാഹങ്ങൾ , ഇരു സമ്പദ്‌വ്യവസ്ഥകളുടെയും പരസ്പര നേട്ടത്തിനായി നൈപുണ്യ അധിഷ്ഠിത വിഭവശേഷി കൈമാറ്റം തുടങ്ങി ഇന്ത്യ-റൊമാനിയ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഇരു രാഷ്ട്രങ്ങളുടെയും പൊതുവായ പ്രതിജ്ഞാബദ്ധതയെ ഈ സന്ദർശനം അടിവരയിടുന്നു.
SKY