വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വേവ്സ് ആനിമേഷൻ ബസാറിനും ഇന്ത്യാജോയ് എട്ടാം പതിപ്പിനും ഹൈദരാബാദില്‍ തുടക്കം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി (ഐഐസിടി) കേന്ദ്രം ഹൈദരാബാദിൽ ഉടന്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു

ഇന്ത്യൻ ചലച്ചിത്രമേഖലയില്‍ വർധിച്ചുവരുന്ന വ്യാജപതിപ്പുകളുടെ ഭീഷണി നേരിടാൻ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അക്ഷീണം പ്രവർത്തിക്കുന്നുവെന്നും ശ്രീ സഞ്ജയ് ജാജു

Posted On: 01 NOV 2025 6:43PM by PIB Thiruvananthpuram
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിയുടെ (ഐഐസിടി)  മേഖലാ കേന്ദ്രം ഹൈദരാബാദിൽ ഉടൻ സ്ഥാപിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു പ്രഖ്യാപിച്ചു. ഗെയിമിങ്, ആനിമേഷൻ, ഡിജിറ്റൽ വിനോദ വ്യവസായങ്ങളുടെ വളർച്ചയെ ഈ കേന്ദ്രം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.   ഹൈദരാബാദിലെ ഹൈടെക്സ് എച്ച്ഐസിസിയിൽ വേവ്സ് ആനിമേഷൻ ബസാറും ഇന്ത്യാജോയ് 2025 എട്ടാം പതിപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളം ആദ്യമായി സര്‍ഗാത്മക സാങ്കേതിക വിദ്യ അധിഷ്ഠിതമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ഇതിൻ്റെ ഒരു കാമ്പസ് ഹൈദരാബാദില്‍ വൈകാതെ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.  
 

 
തെലുങ്ക് സിനിമാ വ്യവസായത്തിൻ്റെ സംഭാവനകളെയും ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ്, കോമിക്സ് (എവിജിസി) മേഖലയെ  പ്രോത്സാഹിപ്പിക്കുന്നതിൽ തെലങ്കാന സർക്കാർ നടത്തുന്ന ശ്രമങ്ങളെയും പ്രശംസിച്ച ശ്രീ സഞ്ജയ് ജാജു രാജ്യത്തെ എവിജിസി മേഖലയുടെ സുപ്രധാന കേന്ദ്രമെന്ന നിലയില്‍ ഹൈദരാബാദിൻ്റെ സ്ഥാനം കരുത്താര്‍ജിക്കുന്നത് തുടരുകയാണെന്ന് അഭിപ്രായപ്പെട്ടു. ഇത് രാജ്യത്തിൻ്റെ സര്‍ഗ സമ്പദ്‍വ്യവസ്ഥയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നു. ഇന്ത്യയുടെ മാധ്യമ, വിനോദ മേഖല അതിവേഗം വികസിക്കുകയാണ്. ഇത് ഇന്ത്യയുടെ സാംസ്കാരിക സ്വാധീനത്തിൻ്റെ സുപ്രധാന പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർഗാത്മകതയിലും ഡിജിറ്റൽ നൂതനാശയങ്ങളിലും ആഗോള നേതൃത്വമായി ഇന്ത്യയെ ഉയര്‍ത്താന്‍ വേവ്സ് ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവിഷ്‌കരിച്ച വേവ്സ് സംരംഭത്തെക്കുറിച്ച് സംസാരിക്കവെ ശ്രീ സഞ്ജയ് ജാജു പറഞ്ഞു. ഇന്ത്യൻ ചലച്ചിത്ര മേഖലയെയും സര്‍ഗാത്മക സാങ്കേതിക വിദ്യയെയും മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഹൈദരാബാദ് ഉള്‍പ്പെടെ ദക്ഷിണേന്ത്യ സുപ്രധാന പങ്കുവഹിക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള സ്റ്റുഡിയോകളുടെയും നൂതനാശയങ്ങളും കലാപരമായ മികവും പ്രോത്സാഹിപ്പിക്കുന്ന നയപരമായ ചട്ടക്കൂടിൻ്റെയും പിന്തുണയോടെ നിരവധി പാൻ-ഇന്ത്യൻ സിനിമകൾ ഹൈദരാബാദിൽ നിന്ന് നിർമിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിൽ ഐപിഎൽ  മാറ്റം വരുത്തിയതുപോലെ, സർഗാത്മകതയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് സഹകരണത്തിനും നൂതനാശയങ്ങള്‍ക്കും ആഗോള വേദിയൊരുക്കി വേവ്സ് സംരംഭം ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മാധ്യമ, വിനോദ മേഖലകളിലെ സ്റ്റാർട്ടപ്പ് ഇൻകുബേഷനും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിയും (ഐഐസിടി) ടി-ഹബ്ബും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.
 
ഇന്ത്യാജോയ് പ്രദര്‍ശനത്തിൻ്റെ ഭാഗമായി വേവ്-എക്സ് സംരംഭത്തിന് കീഴിൽ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന സ്റ്റാർട്ടപ്പുകളും 'ക്രിയേറ്റ് ഇൻ ഇന്ത്യ' ആദ്യഘട്ട മത്സര വിജയികൾ വികസിപ്പിച്ച സൃഷ്ടികളും പ്രദര്‍ശനത്തിനെത്തി. പ്രമുഖ മാധ്യമ, വിനോദ വ്യവസായ പരിപാടികളിൽ സ്റ്റാർട്ടപ്പുകൾക്കും യുവ ചലച്ചിത്ര പ്രവർത്തകർക്കും വേദിയൊരുക്കാനും വിപണി പ്രവേശവും അനുഭവവും നല്‍കാനും ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നു.

പരിപാടിയുടെ ഭാഗമായി ആനിമേഷൻ ഉള്ളടക്കത്തിനായി സജ്ജീകരിച്ച ഭൗതിക ഉള്ളടക്ക വിപണി - വേവ്സ് ആനിമേഷൻ ബസാറിന്  - ശ്രീ സഞ്ജയ് ജാജു തുടക്കം കുറിച്ചു. സര്‍ഗാത്മക ഉള്ളടക്ക സ്രഷ്ടാക്കളെ  ഉപയോക്താക്കളുമായും ഒടിടി പ്ലാറ്റ്‌ഫോമുകളുമായും ബന്ധിപ്പിക്കാന്‍ ഈ വേദി ലക്ഷ്യമിടുന്നു. സൃഷ്ടികള്‍ക്ക് വിപണിയില്‍ ഇടം നല്‍കി ചലച്ചിത്ര പ്രവർത്തകര്‍ക്ക് പണം നേടാനും ഈ മേഖലയുടെ വളർച്ച ത്വരിതപ്പെടുത്താനും വേവ്സ് ബസാർ വഴിയൊരുക്കുന്നു.  

പിന്നീട് തെലുങ്ക്, മലയാളം ചലച്ചിത്ര നിർമാതാക്കളുടെ ഐഎഫ്എഫ്ഐ വട്ടമേശ ചര്‍ച്ചയില്‍ ശ്രീ സഞ്ജയ് ജാജു അധ്യക്ഷനായി. ഐഎഫ്എഫ്ഐ 2025-ൻ്റെ പങ്കാളിത്ത രാഷ്ട്രമായി ജപ്പാനെ അദ്ദേഹം പ്രഖ്യാപിച്ചു. വരാനിരിക്കുന്ന വേവ്സ് സംരംഭം സർഗാത്മകതയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് ഇന്ത്യൻ സിനിമയെ പരിവര്‍ത്തനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ചലച്ചിത്രരംഗത്ത് വർധിച്ചുവരുന്ന വ്യാജ പതിപ്പുകളുടെ ഭീഷണി നേരിടാൻ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അക്ഷീണം പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബഹുഭാഷാ ചലച്ചിത്ര സാക്ഷ്യപ്പെടുത്തലിന് മന്ത്രാലയം  പുതിയ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുകയാണെന്നും ഇത് നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു.  

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ചാണ് വേവ്സ് ആനിമേഷൻ ബസാറും ഇന്ത്യാജോയ് 2025-ഉം സംഘടിപ്പിച്ചത്. സിനിമ, ഇ-സ്പോർട്സ്, വിഎഫ്എക്സ്, ആനിമേഷൻ, ഒടിടി, കോമിക്സ്, മറ്റ് വളർന്നുവരുന്ന ഡിജിറ്റൽ വിനോദ മേഖലകൾ എന്നിവയിലെ ഇന്ത്യയുടെ സര്‍ഗ സമ്പദ്‍വ്യവസ്ഥയാണ് ദ്വിദിന പരിപാടിയില്‍ പ്രദർശിപ്പിച്ചത്.

തെലങ്കാന ഐടി മന്ത്രി ശ്രീ ഡുഡ്ഡില്ല ശ്രീധർ ബാബു, നിർമാതാവും തെലങ്കാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ശ്രീ ദിൽ രാജു, നടൻ ശ്രീ തേജ സജ്ജ, ടിവിഎജിഎ-യിലെയും തെലുങ്ക് സിനിമാ മേഖലയിലെയും പ്രമുഖ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
***

(Release ID: 2185377) Visitor Counter : 13