ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
നിർമ്മിതബുദ്ധി(AI), ബ്ലോക്ക്‌ചെയിൻ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, അഡ്വാൻസ്ഡ് എൻക്രിപ്ഷൻ എന്നിവയിലൂടെ ഡിജിറ്റൽ ഐഡൻ്റിറ്റിയെ ഭാവിയിലേക്കും സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ UIDAI 'ആധാർ വിഷൻ 2032' ചട്ടക്കൂട് പുറത്തിറക്കി.
Posted On:
31 OCT 2025 4:24PM by PIB Thiruvananthpuram
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവും നിയമപരവുമായ സാഹചര്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, ആധാറിൻ്റെ പരിണാമത്തിൻ്റെ അടുത്ത ദശകത്തെ രൂപപ്പെടുത്തുന്നതിനായി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI) ‘ആധാർ വിഷൻ 2032’ എന്ന പുതിയൊരു ചട്ടക്കൂടിലൂടെ സമഗ്രമായ രീതിയിൽ തന്ത്രപരവും സാങ്കേതികവുമായ അവലോകനത്തിന് തുടക്കമിട്ടു.
ആധാർ വിഷൻ 2032
ഭാവിയിലേക്കുള്ള ഈ രൂപരേഖ സാങ്കേതിക അടിത്തറയെ ശക്തിപ്പെടുത്തുകയും വളർന്നുവരുന്ന ഡിജിറ്റൽ കണ്ടുപിടിത്തങ്ങളെ സംയോജിപ്പിക്കുകയും ഇന്ത്യയുടെ ഡിജിറ്റൽ ഐഡൻ്റിറ്റി പ്ലാറ്റ്‌ഫോം ശക്തവും, എല്ലാവരേയും ഉൾക്കൊള്ളുന്നതും, ഭാവിയിലേക്ക് സജ്ജവുമാണെന്ന് ഉറപ്പാക്കുകയും ചെയ്യും. ആധാർ സേവനങ്ങളുടെ നട്ടെല്ലായി പ്രവർത്തിക്കുകയും നമ്മുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന UIDAI യുടെ സാങ്കേതിക അടിത്തറ ഒരു വലിയ നവീകരണത്തിനായി ഒരുങ്ങുകയാണ്.
ഈ മഹത്തായ പരിവർത്തനത്തിന് മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി UIDAI ചെയർപേഴ്‌സൺ ശ്രീ നീലകണ്ഠ മിശ്രയുടെ അധ്യക്ഷതയിൽ ഒരു ഉന്നതതല വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ആധാറിൻ്റെ നവീകരണ രൂപരേഖ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ നിർദ്ദേശങ്ങൾ നല്കുന്നതിനായി അക്കാദമിക്, വ്യവസായ, ഭരണനിർവ്വഹണ മേഖലകളിൽ നിന്നുള്ള പ്രമുഖ നേതാക്കളേയും വിദഗ്ധരേയും ഈ സമിതി ഒരുമിച്ച് കൊണ്ടുവരുന്നു.
UIDAI സി.ഇ.ഒ ശ്രീ ഭുവനേഷ് കുമാർ, സർവം AI യുടെ സഹസ്ഥാപകൻ ശ്രീ വിവേക് രാഘവൻ, ന്യൂട്ടാനിക്‌സ് സ്ഥാപകൻ ശ്രീ ധീരജ് പാണ്ഡെ, MOSIP യുടെ എഞ്ചിനീയറിംഗ് മേധാവി ശ്രീ ശശികുമാർ ഗണേശൻ, ട്രൈലീഗൽ പങ്കാളി ശ്രീ രാഹുൽ മാത്തൻ, വിയാനൈ സിസ്റ്റംസ് സി.ടി.ഒ യും പ്രൊഡക്ട്സ് മേധാവിയുമായ ശ്രീ നവീൻ ബുദ്ധിരാജ, അമൃത സർവ്വകലാശാലയിലെ പ്രൊഫസർ ഡോ.പ്രഭാഹരൻ പൂർണചന്ദ്രൻ, മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ശ്രീ അനിൽ ജെയിൻ, ഐ.ഐ.ടി ജോധ്പൂരിലെ പ്രൊഫസർ ശ്രീ മായങ്ക് വത്സ, UIDAI ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീ അഭിഷേക് കുമാർ സിംഗ് എന്നിവർ ഈ സമിതിയിൽ ഉൾപ്പെടുന്നു.
ആധാർ വിഷൻ 2032 രൂപരേഖ, സമിതി വികസിപ്പിക്കും. ഇന്ത്യയുടെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ(DPDP) നിയമവും സ്വകാര്യതാ, സൈബർ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ആഗോള മാനദണ്ഡങ്ങളുമായും പൊരുത്തപ്പെടുന്ന, അടുത്ത തലമുറ ആധാർ ഘടനയ്ക്കുള്ള ചട്ടക്കൂട് രൂപം നല്കും.
നിർമ്മിതബുദ്ധി(AI), ബ്ലോക്ക്‌ചെയിൻ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, അഡ്വാൻസ്ഡ് എൻക്രിപ്ഷൻ, അടുത്ത തലമുറ ഡാറ്റ സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിൽ ആധാർ വിഷൻ 2032 ചട്ടക്കൂട് ശ്രദ്ധ കേന്ദ്രീകരിക്കും. മാറികൊണ്ടിരിക്കുന്ന സൈബർ സുരക്ഷാ ഭീഷണികളെ അതിജീവിക്കുമെന്നും ഭാവിയിലെ ആവശ്യങ്ങൾക്കനുസരിച്ച് വികസിപ്പിക്കാവുന്നതാണെന്നും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നും ഇവ ഉറപ്പാക്കും.
ഈ സംരംഭത്തിലൂടെ, ഇന്ത്യയുടെ ഡിജിറ്റൽ ഭരണ യാത്രയിൽ ആധാർ ഒരു പരിവർത്തന ശക്തിയായി തുടരുന്നുവെന്ന് ഉറപ്പാക്കുന്ന സാങ്കേതിക മികവ്, നവീകരണം, പൊതുജന വിശ്വാസം എന്നിവയ്ക്കുള്ള പ്രതിബദ്ധത UIDAI ആവർത്തിക്കുന്നു. വിഷൻ 2032 രൂപരേഖ സാങ്കേതിക നേതൃത്വത്തെ നിലനിർത്തുക മാത്രമല്ല, സുരക്ഷിതവും എല്ലാവരേയും ഉൾക്കൊള്ളുന്നതും ജനകേന്ദ്രീകൃതവുമായ ഒരു ഡിജിറ്റൽ ഐഡൻ്റിറ്റി എന്ന നിലയിൽ ആധാറിൻ്റെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
*****
(Release ID: 2184803)
Visitor Counter : 13