Posted On:
29 OCT 2025 10:18AM by PIB Thiruvananthpuram
പ്രധാന വസ്തുതകൾ
- 2025 ജൂലൈയിൽ, ₹1,920 കോടി കൂടി PMKSY-ക്ക് കേന്ദ്ര മന്ത്രിസഭ അനുവദിച്ചു, ഇതോടെ 15-ാം ധനകാര്യ കമ്മീഷൻ കാലയളവിലെ (2026 മാർച്ച് വരെ) മൊത്ത വിഹിതം ₹6,520 കോടിയായി ഉയർന്നു.
- ഘടക പദ്ധതിയായ ഇൻ്റഗ്രേറ്റഡ് കോൾഡ് ചെയിൻ ആൻഡ് വാല്യൂ അഡിഷൻ ഇൻഫ്രാസ്ട്രക്ചർ (ICCVAI) പ്രകാരം 50 മൾട്ടി പ്രോഡക്റ്റ് ഫുഡ് ഇറേഡിയേഷൻ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് പിന്തുണ നൽകുന്നതിനായി നീക്കിവയ്ക്കപ്പെട്ട 1000 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു.
- 2008 മുതൽ, 395 ശീതീകരണ ശൃംഖലപദ്ധതികൾക്ക് അംഗീകാരം ലഭിച്ചു; 291 എണ്ണം പൂർത്തീകരിക്കുകയും പ്രവർത്തനക്ഷമമാവുകയും ചെയ്തു, പ്രതിവർഷം 25.52 ലക്ഷം മെട്രിക് ടൺ കേടു കൂടാതെ സംരക്ഷിക്കാനുള്ള ശേഷിയും 114.66 ലക്ഷം മെട്രിക് ടൺ സംസ്‌ക്കരണ ശേഷിയും ഉറപ്പാക്കിയതിലൂടെ 1.74 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.
- 2016-17 മുതൽ, 269 പദ്ധതികൾക്കായി വകയിരുത്തിയ ₹2,066.33 കോടിയുടെ അംഗീകൃത ഗ്രാൻ്റിൽ ₹1,535.63 കോടി അനുവദിച്ചു, ഇതിൽ 169 എണ്ണം രാജ്യമെമ്പാടും പ്രവർത്തനക്ഷമമായി.
ആമുഖം
വിളവെടുപ്പനന്തര നഷ്ടം ഇന്ത്യ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയായി ഇപ്പോഴും തുടരുകയാണ്. പഴങ്ങൾ, പച്ചക്കറികൾ, പാൽ, മാംസം, കോഴിയിറച്ചി, മത്സ്യം തുടങ്ങി, പെട്ടെന്ന് കേടുവരുന്ന ഉത്പന്നങ്ങളാണ് വിശിഷ്യാ ഈ വെല്ലുവിളി നേരിടുന്നത്. വിളവെടുപ്പ്, പരിപാലനം, ഗതാഗതം, സംഭരണം, സംസ്‌ക്കരണം എന്നിവയുൾപ്പെടെ വിതരണ ശൃംഖലയിലുടനീളം ഗണ്യമായ നഷ്ടം സംഭവിക്കുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് കർഷകരുടെ വരുമാനം കുറയ്ക്കുന്നു. ഉപഭോക്തൃ വിലകൾ വർദ്ധിപ്പിക്കുന്നു. ഭക്ഷ്യസുരക്ഷയെ ദുർബലപ്പെടുത്തുന്നു. ഈ വെല്ലുവിളികൾ കാര്യക്ഷമതയോടെ നേരിടുന്നതിനായി, ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ മന്ത്രാലയം (MoFPI) ഏകീകൃത ശീതീകരണ ശൃംഖല- മൂല്യവർദ്ധന അടിസ്ഥാന സൗകര്യ പദ്ധതി (ICCVAI) ആരംഭിച്ചു. പ്രധാൻ മന്ത്രി കിസാൻ സമ്പദ യോജനയുടെ (PMKSY) ഭാഗമായ ശീതീകരണ ശൃംഖലപദ്ധതി എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. വിളവെടുപ്പനന്തര നഷ്ടം കുറയ്ക്കുന്നതിനും കർഷകരുടെ ഉത്പന്നങ്ങൾക്ക് മികച്ച വരുമാനം നേടാൻ സഹായിക്കുന്നതിനും കൃഷിയിടം മുതൽ ചില്ലറ വില്പന ശാല വരെ നീളുന്ന തടസ്സരഹിതമായ ഏകീകൃത ശീതീകരണ ശൃംഖല നിർമ്മിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നേരത്തെ ആരംഭിച്ച ഈ പദ്ധതി, 2016-17 ൽ പുനഃക്രമീകരിച്ച് PMKSY യിൽ ഉൾപ്പെടുത്തി. ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സമഗ്ര പദ്ധതിയാണ് PMSKY. കൃഷിയിടം മുതൽ ചില്ലറ വില്പന ശാല വരെ കാര്യക്ഷമമായ ബന്ധങ്ങളും വിതരണ ശൃംഖലാ പരിപാലനവും ഉറപ്പാക്കുന്ന ആധുനിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കർഷകരെയും, സംസ്‌ക്കരണ വിദഗ്ധരെയും, വിപണികളെയും ബന്ധിപ്പിക്കുന്ന സമ്പൂർണ്ണ ശീതീകരണ ശൃംഖല പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനും, പാഴാകുന്നത് കുറയ്ക്കുന്നതിനും, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും, പെട്ടെന്ന് കേടാവുന്ന ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട മേഖലയുടെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിനുമായാണ് PMSKY യുടെ കീഴിൽ ശീതീകരണ ശൃംഖലപദ്ധതി കൊണ്ടുവന്നത്.
മാത്രമല്ല, ശീതീകരണ ശൃംഖലാ അടിസ്ഥാന സൗകര്യങ്ങളുടെ പ്രാധാന്യം കേവലം സംഭരണത്തിനപ്പുറത്തേയ്ക്ക് വ്യാപിക്കുന്നു. ഫാമുകളിലെ പ്രീ-കൂളിംഗ് സൗകര്യങ്ങൾ, ആധുനിക സംസ്‌ക്കരണ കേന്ദ്രങ്ങൾ, കാര്യക്ഷമമായ വിതരണ കേന്ദ്രങ്ങൾ, ഏകതാനതയോടെ പ്രവർത്തിക്കുന്ന താപനില നിയന്ത്രിത ഗതാഗത സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹോർട്ടികൾച്ചർ (2022 മുതൽ പ്രത്യേക പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ഒഴികെ), പാൽ, മാംസം, കോഴിയിറച്ചി, സമുദ്ര, മത്സ്യ വിഭവങ്ങൾ (ചെമ്മീൻ ഒഴികെ) ഉൾപ്പെടെ വിവിധ മേഖലകളെ ഈ പദ്ധതി ഉൾക്കൊള്ളുന്നു. തദ്വാരാ കാർഷിക അനുബന്ധ വ്യവസായ മേഖലകളെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ പെട്ടെന്ന് കേടു വരുന്ന ഉത്പന്നങ്ങളുടെ വിശാലമായ ശ്രേണിയെ അഭിസംബോധന ചെയ്യുന്നു. സഹായം കാര്യക്ഷമമാക്കുന്നതിനും ഇരട്ടിപ്പ് തടയുന്നതിനും ഈ പുനഃസംഘടനയിലൂടെ ലക്ഷ്യമിട്ടു. വിതരണ ശൃംഖലകളുടെ സ്ഥിരതയിൽ ശ്രദ്ധയൂന്നി, PMKSY യുടെ മറ്റൊരു ഘടകമായ ഓപ്പറേഷൻ ഗ്രീൻസ് സ്കീമിന് കീഴിലേക്ക് പഴങ്ങൾ, പച്ചക്കറികൾ, ചെമ്മീൻ എന്നിവ കൈമാറ്റം ചെയ്യപ്പെട്ടു.
2020-ൽ നബാർഡ് കൺസൾട്ടൻസി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (NABCONS) നടത്തിയ ഒരു പഠനത്തിൽ, ICCVAI സ്കീമിന് കീഴിലുള്ള ഇടപെടലുകൾ മൂലം പഴം, പച്ചക്കറി, ക്ഷീര, മത്സ്യബന്ധന മേഖലകളിൽ, ഭക്ഷ്യ ഉത്പന്നങ്ങൾ പാഴാക്കുന്നതിൽ ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തി.
ICCVAI യുടെ ലക്ഷ്യങ്ങൾ
ശീതീകരണ ശൃംഖല അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രമായ വികസനം ഉറപ്പാക്കുന്നതിന് പദ്ധതിയുടെ സ്ഥാപക ലക്ഷ്യങ്ങൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ട്:

ICCVAI യുടെ പ്രധാന ഘടകങ്ങൾ
വിതരണ ശൃംഖലയിലുടനീളം സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനെ ഈ പദ്ധതി പിന്തുണയ്ക്കുന്നു, ഒപ്പം കൃഷിയിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു. പൊതു ശീതീകരണ ശൃംഖലപദ്ധതിയ്ക്ക് കീഴിൽ (22.05.2025 മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്) സാമ്പത്തിക സഹായം ലഭിക്കുന്നതിന്, അപേക്ഷകൻ ഫാം ലെവൽ ഇൻഫ്രാസ്ട്രക്ചർ (FLI) സജ്ജീകരിക്കുകയും അത് ഒരു ഡിസ്ട്രിബ്യൂഷൻ ഹബ്ബ് (DH) അല്ലെങ്കിൽ റഫ്രിജറേറ്റഡ്/ഇൻസുലേറ്റഡ് ട്രാൻസ്പോർട്ടുമായി ബന്ധിപ്പിക്കുകയും വേണം.

പ്രധാന ഘടകങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി നടത്തിപ്പിനുള്ള ഏജൻസി ( PIA )യുടെ യോഗ്യത
ഒരു ആവശ്യകതാധിഷ്ഠിത പദ്ധതിയാണ് ICCVAI. അർഹതയുള്ള വിവിധ സ്ഥാപനങ്ങൾക്ക് (പ്രോജക്ട് ഇംപ്ലിമെൻ്റിംഗ് ഏജൻസികൾ - PIA-കൾ) ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകൾ സ്ഥാപിക്കാൻ കഴിയും.
ഇനിപ്പറയുന്ന ആർക്കും PIA ആകാവുന്നതാണ്:
വ്യക്തികൾ (കർഷകർ ഉൾപ്പെടെ).
കർഷക ഉത്പാദക സംഘടനകൾ (FPO-കൾ), കർഷക ഉത്പാദക കമ്പനികൾ (FPC-കൾ), സർക്കാരിതര സന്നദ്ധ സംഘടനകൾ (NGO-കൾ), പൊതുമേഖലാ സ്ഥാപനങ്ങൾ (PSU-കൾ), സ്ഥാപനങ്ങൾ, കമ്പനികൾ, കോർപ്പറേഷനുകൾ, സഹകരണ സ്ഥാപനങ്ങൾ, സ്വയം സഹായ സംഘങ്ങൾ (SHG-കൾ) അടക്കമുള്ള സ്ഥാപനങ്ങൾ/സംഘടനകൾ.
ഫണ്ടുകളുടെ ലഭ്യത അടിസ്ഥാനമാക്കി, അർഹതയുള്ള സ്ഥാപനങ്ങളിൽ നിന്ന് ഫ്ലോട്ടിംഗ് എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് (താത്പര്യ പത്രം - EOI) മുഖേന മന്ത്രാലയം അപേക്ഷകൾ/നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിന് സംസ്ഥാനങ്ങളുടെ സമ്മതം നിർബന്ധമല്ല; എന്നാൽ , ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാനങ്ങളുടെ സഹായം അനിവാര്യമാണ്.
ICCVAI പദ്ധതിയ്ക്ക് അനുപൂരകമായ പ്രധാന സർക്കാർ സംരംഭങ്ങൾ
മിഷൻ ഫോർ ഇൻ്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോർട്ടികൾച്ചർ (MIDH), നാഷണൽ ഹോർട്ടികൾച്ചർ ബോർഡ് (NHB), അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF) എന്നിവയാണ് ICCVAI പദ്ധതിയ്ക്ക് അനുപൂരകമായ പ്രധാന സർക്കാർ സംരംഭങ്ങൾ
മിഷൻ ഫോർ ഇൻ്റ ഗ്രേറ്റഡ് ഡെവലപ്‌മെ ൻ്റ ് ഓഫ് ഹോർട്ടികൾച്ചർ (ഏകീകൃത ഹോർട്ടികൾച്ചർ വികസന ദൗത്യം- MIDH)
രാജ്യത്തുടനീളമുള്ള 5,000 മെട്രിക് ടൺ വരെ ശേഷിയുള്ള കോൾഡ് സ്റ്റോറേജുകളുടെ നിർമ്മാണം, വിപുലീകരണം, നവീകരണം എന്നിവയുൾപ്പെടെ ഒട്ടേറെ ഹോർട്ടികൾച്ചർ പ്രവർത്തനങ്ങൾക്ക് MIDH ന് കീഴിൽ സാമ്പത്തിക സഹായം നൽകുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമർപ്പിക്കുന്ന വാർഷിക കർമ പദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഇവ നടപ്പിലാക്കുന്നത്. ആവശ്യകതയെയും സംരംഭകത്വത്തെയും അടിസ്ഥാനമാക്കിയാണ് കോൾഡ് സ്റ്റോറേജ് ഘടകം നിർണ്ണയിക്കുന്നത്. പൊതുവായ പ്രദേശങ്ങളിൽ പദ്ധതി ചെലവിൻ്റെ 35% വും വടക്കുകിഴക്കൻ, പർവ്വത മേഖലാ സംസ്ഥാനങ്ങളിലും ഗോത്രവർഗ്ഗ പ്രദേശങ്ങളിലും 50% വും വായ്പാ ബന്ധിത പലിശ ഇളവ് ഇത് വാഗ്ദാനം ചെയ്യുന്നു. സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുകൾ മുഖേനയാണ് പിന്തുണ നൽകുന്നത്.
ഓപ്പറേഷൻ ഗ്രീൻസ് സ്കീം
കർഷകരുടെ കാർഷിക മൂല്യ അവബോധം വർദ്ധിപ്പിക്കുന്നതിനും വിളവെടുപ്പനന്തര നഷ്ടം കുറയ്ക്കുന്നതിനും, 2018-19 മുതൽ പ്രധാനമന്ത്രി കിസാൻ സമ്പദ യോജനയ്ക്ക് കീഴിൽ MoFPI നടപ്പിലാക്കുന്ന മറ്റൊരു കേന്ദ്ര പദ്ധതിയാണിത്. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് (TOP) മൂല്യ ശൃംഖലയുടെ സംയോജിത വികസനത്തിനാണ് ഈ പദ്ധതി ആദ്യം ഉദ്ദേശിച്ചിരുന്നത്, എന്നാൽ പിന്നീട് മറ്റ് പച്ചക്കറികളും പഴങ്ങളും, ചെമ്മീനും ഉൾപ്പെടുത്തി ഇത് വിപുലീകരിച്ചു.
ദേശീയ ഹോർട്ടികൾച്ചർ ബോർഡ് (NHB)
"കോൾഡ് സ്റ്റോറേജുകളുടെയും ഹോർട്ടികൾച്ചർ ഉത്പന്നങ്ങളുടെയും ഉത്പാദനം /വികസനം/ആധുനികവത്ക്കരണം എന്നിവയ്ക്കുള്ള മൂലധന നിക്ഷേപ സബ്‌സിഡി" എന്ന പേരിൽ ഒരു പദ്ധതി NHB നടപ്പിലാക്കുന്നു. സാധാരണ പ്രദേശങ്ങളിൽ പദ്ധതിയുടെ മൂലധന ചെലവിൻ്റെ 35%, വടക്കുകിഴക്കൻ, പർവ്വത, ഗോത്രവർഗ്ഗ പ്രദേശങ്ങളിൽ 50% ക്രെഡിറ്റ്-ലിങ്ക്ഡ് ബാക്ക്-എൻഡ് സബ്‌സിഡി എന്നിവ ഈ പദ്ധതി നൽകുന്നു. 5,000 മെട്രിക് ടൺ മുതൽ 20,000 മെട്രിക് ടൺ വരെ ശേഷിയുള്ള കോൾഡ് സ്റ്റോറേജുകളുടെയും നിയന്ത്രിത താപനില (CA) സംഭരണ സൗകര്യങ്ങളുടെയും നിർമ്മാണം, വിപുലീകരണം, നവീകരണം എന്നിവയെ ഇത് പിന്തുണയ്ക്കുന്നു. തദ്വാരാ ഹോർട്ടികൾച്ചർ മേഖലയിലെ ശാസ്ത്രീയ സംഭരണം പ്രോത്സാഹിപ്പിക്കുകയും വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കുകയും ചെയ്യുന്നു.
കാർഷിക അടിസ്ഥാന സൗകര്യ ഫണ്ടുകൾ (AIF)
രാജ്യത്തുടനീളമുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, സർക്കാർ ₹1 ലക്ഷം കോടി രൂപയുടെ മൂലധനത്തോടെ AIF ആരംഭിച്ചു. കോൾഡ് സ്റ്റോറേജുകൾ, വെയർഹൗസുകൾ, സംസ്‌ക്കരണ യൂണിറ്റുകൾ എന്നിവയുൾപ്പെടെ വിളവെടുപ്പനന്തര പരിപാലനവും കമ്മ്യൂണിറ്റി ഫാമിംഗ് ആസ്തികളും സൃഷ്ടിക്കുന്നതിന് ഫണ്ട് ലക്ഷ്യമിടുന്നു. എല്ലാ അർഹരായ ഗുണഭോക്താക്കൾക്കും ₹2 കോടി വരെ ഈട് രഹിത വായ്പകളും പ്രതിവർഷം 3% പലിശ ഇളവും ലഭിക്കും.
സാമ്പത്തിക സഹായം
PMKSY (2025) പ്രകാരമുള്ള ബജറ്റ് വിഹിതം വർദ്ധിപ്പിച്ചു
2025 ജൂലൈയിൽ കേന്ദ്ര മന്ത്രിസഭ PMKSY-ക്ക് ₹1,920 കോടിയുടെ അധിക വിഹിതം അനുവദിച്ചു. ഇതോടെ 15-ാം ധനകാര്യ കമ്മീഷൻ കാലയളവിലെ (2026 മാർച്ച് 31 വരെ) മൊത്തം വിഹിതം ₹6,520 കോടിയായി ഉയർന്നു. ഇൻ്റഗ്രേറ്റഡ് കോൾഡ് ചെയിൻ ആൻഡ് വാല്യൂ അഡിഷൻ ഇൻഫ്രാസ്ട്രക്ചർ (ICCVAI) എന്ന ഘടക പദ്ധതി പ്രകാരം 50 മൾട്ടി-പ്രൊഡക്റ്റ് ഫുഡ് ഇറേഡിയേഷൻ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി അനുവദിച്ച 1000 കോടി രൂപ ഇതിൽ ഉൾപ്പെടുന്നു. കോൾഡ് ചെയിൻ അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള സർക്കാരിൻ്റെ ശക്തമായ പ്രതിബദ്ധതയാണ് ഈ ഗണ്യമായ വർദ്ധന വ്യക്തമാക്കുന്നത്.
ഏകീകൃത ശീതീകരണ ശൃംഖല പദ്ധതികൾ സ്ഥാപിക്കുന്നതിനായി ഈ പദ്ധതി മുഖേന ധനസഹായവും സബ്‌സിഡികളും നൽകി വരുന്നു. സാധാരണ പ്രദേശങ്ങളിൽ പദ്ധതി ചെലവി ൻ്റെ 35%വും ദുഷ്ക്കരമായ പ്രദേശങ്ങളിൽ 50% വും സഹായം ലഭിക്കും. SC/ST ഗ്രൂപ്പുകൾ, FPO-കൾ, SHG-കൾ എന്നിവയ്ക്ക് ഇത് സഹായകമാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ (സിക്കിം ഉൾപ്പെടെ), ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, ലഡാക്ക്, സമഗ്ര ഗോത്ര വികസന പദ്ധതി (ITDP) പ്രദേശങ്ങൾ, ദ്വീപുകൾ തുടങ്ങിയവ ദുഷ്ക്കരമായ മേഖലകളിൽ ഉൾപ്പെടുന്നു. ഓരോ പദ്ധതിക്കും ₹10 കോടി വരെ സാമ്പത്തിക സഹായം ലഭിക്കും.
നേട്ടങ്ങളും പുരോഗതിയും
2008 ൽ ആരംഭം കുറിച്ച ശേഷം, 2025 ജൂൺ വരെയുള്ള കാലയളവിൽ ശീതീകരണ ശൃംഖല പദ്ധതിക്ക് കീഴിൽ ആകെ 395 ഏകീകൃത ശീതീകരണ ശൃംഖല പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. ഇതിൽ 291 പദ്ധതികൾ പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. പ്രതിവർഷം 25.52 ലക്ഷം മെട്രിക് ടൺ (LMT) സംരക്ഷണ ശേഷിയും പ്രതിവർഷം 114.66 LMT സംസ്‌ക്കരണ ശേഷിയും ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. പൂർത്തീകരിച്ചതും പ്രവർത്തനക്ഷമമാക്കിയതുമായ പദ്ധതികൾ രാജ്യത്തുടനീളം 1,74,600 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമായി.

2016–17 ന് ശേഷം ഗണ്യമായ പുരോഗതി ദൃശ്യമായി. 2016-17 മുതൽ, 269 അംഗീകൃത പദ്ധതികൾ നടപ്പിലാക്കുന്നതിനായി ₹2066.33 കോടിയുടെ അംഗീകൃത ഗ്രാൻ്റുകൾ / സബ്‌സിഡി മുഖേന ₹1535.63 കോടി അനുവദിച്ചു. 169 ശീതീകരണ ശൃംഖല പദ്ധതികൾ രാജ്യമെമ്പാടും പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കി.
പ്രധാന പരിഷ്ക്കരണങ്ങളും നയ നവീകരണവും
ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനും ഉയർന്നുവരുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും ഒട്ടേറെ പരിഷ്‌ക്കാരങ്ങൾക്ക് പദ്ധതി വിധേയമായിട്ടുണ്ട്:
ജൂൺ 2022 പരിഷ്ക്കരണം:
പഴം, പച്ചക്കറി മേഖലയിലെ കോൾഡ് ചെയിൻ പദ്ധതികൾക്കുള്ള പിന്തുണ 2022 ജൂൺ 08-ന് നിർത്തലാക്കിയതോടെ ഒരു പ്രധാന നയം മാറ്റം നടപ്പിലാക്കി. മാത്രമല്ല, ഹോർട്ടികൾച്ചർ മേഖലയിലെ വില സ്ഥിരത സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത PMKSY യുടെ മറ്റൊരു ഘടകമായ ഓപ്പറേഷൻ ഗ്രീൻസ് സ്കീമിലേക്ക് മേഖലയെ മാറ്റി. ഈ തന്ത്രപരമായ പുനർവിന്യാസം പ്രത്യേക ശ്രദ്ധയും പരമാവധി വിഭവ വിനിയോഗവും സാധ്യമാക്കി.
2024 ഓഗസ്റ്റ് മാർഗ്ഗനിർദ്ദേശങ്ങൾ:
ശീതീകരണ ശൃംഖല പദ്ധതിയ്ക്ക് കീഴിൽ മൾട്ടി-പ്രൊഡക്റ്റ് ഫുഡ് ഇറേഡിയേഷൻ യൂണിറ്റുകൾ (ഭക്ഷണം സംരക്ഷിക്കുന്നതിനും, കേടുകൂടാതെയിരിക്കുന്ന കാലയളവ് വർദ്ധിപ്പിക്കുന്നതിനും, വിവിധ ഉത്പന്നങ്ങളുടെ വിളവെടുപ്പനന്തര നഷ്ടം കുറയ്ക്കുന്നതിനും അയോണൈസിംഗ് റേഡിയേഷൻ്റെ ഉപയോഗം) സ്ഥാപിക്കുന്നതിനുള്ള പ്രവർത്തന പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ 2024 ഓഗസ്റ്റ് 06 ന് പുറപ്പെടുവിച്ചു. കേടുകൂടാതെയിരിക്കുന്ന കാലയളവ് വർദ്ധിപ്പിക്കുകയും പോഷക ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന ആധുനിക സംരക്ഷണ സാങ്കേതികവിദ്യകളുടെ സംയോജനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
2025 മെയ് പുനരവലോകനം:
2025 മെയ് 22 ന് പുറത്തിറക്കിയ ഏറ്റവും പുതിയ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ, കൃഷിയിടം മുതൽ ഉപഭോക്താവ് വരെയുള്ള മുഴുവൻ വിതരണ ശൃംഖലയിലും, സംരക്ഷണ, മൂല്യവർദ്ധന അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ നടപടികൾ തോട്ട ഇതര കാർഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പനന്തര നഷ്ടം കുറയ്ക്കുന്നതിനും, കർഷകർക്ക് ന്യായവും പ്രതിഫലദായകവുമായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും, ഭക്ഷ്യ ഉത്പന്നങ്ങളുടെ വർഷം മുഴുവനുമുള്ള ലഭ്യത ഉറപ്പാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് പ്രയോജനം ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുന്നു.
ഉപസംഹാരം
പദ്ധതിയുടെ പരിണാമം പരിവർത്തനാധിഷ്ഠിത ഭരണ നിർവ്വഹണ മാതൃക (adaptive governance) വിളമ്പേരം ചെയ്യുന്നു. പഴങ്ങളെയും പച്ചക്കറികളെയും ഓപ്പറേഷൻ ഗ്രീൻസിലേക്ക് മാറ്റിയ 2022 ലെ മേഖലാ പുനഃക്രമീകരണം തന്ത്രപരമായ സ്പെഷ്യലൈസേഷൻ എന്ന ആശയം പ്രതിഫലിപ്പിക്കുന്നു. 2025 ലെ ബജറ്റ് ₹6,520 കോടിയായി വർദ്ധിപ്പിച്ചത് ശീതീകരണ ശൃംഖല അടിസ്ഥാന സൗകര്യങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും സർക്കാരിനുള്ള ശ്രദ്ധയെ അടിവരയിട്ടു വ്യക്തമാക്കുന്നു. ഇറേഡിയേഷൻ സൗകര്യങ്ങളുടെ അവതരണവും പതിവ് മാർഗ്ഗനിർദ്ദേശ പരിഷ്ക്കരണങ്ങളും സാങ്കേതിക പുരോഗതിയോടും അടിസ്ഥാനതലത്തിലുള്ള ആവശ്യകതകളോടുമുള്ള പ്രതികരണശേഷി വ്യക്തമാക്കുന്നു.
പദ്ധതിയുടെ സാമ്പത്തിക ചട്ടക്കൂട്, വ്യക്തിഗത കർഷകർ മുതൽ വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ വരെയുള്ള വിവിധ പങ്കാളികൾക്ക് ശീതീകരണ ശൃംഖല വികസനം സാമ്പത്തികമായി പ്രായോഗികമാണെന്ന് ഉറപ്പാക്കുന്നു. സ്വാഭാവിക വിപണി ആവശ്യങ്ങൾക്കനുസൃതമായി പദ്ധതികൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാനും ഇത് ലക്ഷ്യമിടുന്നു. ഇത് കൂടാതെയും, പദ്ധതിക്ക് കാര്യമായ സാധ്യതകളുണ്ട്. IoT അധിഷ്ഠിത നിരീക്ഷണം, ഊർജ്ജ-കാര്യക്ഷമ സംവിധാനങ്ങൾ, AI-അധിഷ്ഠിത ലോജിസ്റ്റിക്സ് ഒപ്റ്റിമൈസേഷൻ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുന്നത് പ്രവർത്തന കാര്യക്ഷമത വളരെയധികം വർദ്ധിപ്പിക്കും. കാർഷിക വിപണന പരിഷ്‌ക്കാരങ്ങൾ ശക്തിപ്പെടുത്തുന്നത് കർഷകർക്കുള്ള നേട്ടങ്ങൾ പതിന്മടങ്ങ് വർദ്ധിപ്പിക്കും.
സൂചനകൾ:
Ministry of Food Processing Industries (MoFPI)
Press Information Bureau
Sansad
Click here to see PDF
*****