പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
രാഷ്ട്രപതി ദ്രൗപദി മുർമു അന്താരാഷ്ട്ര സൗരോർജ സഖ്യത്തിൻ്റെ എട്ടാമത് സമ്മേളനത്തെ അഭിസംബോധന ചെയ്തു
137 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സൗരോർജ വികസനത്തിന് നേതൃത്വം വഹിക്കാന്‍ ദക്ഷിണാര്‍ധഗോള രാഷ്ട്രങ്ങളോട് രാഷ്ട്രപതിയുടെ ആഹ്വാനം
Posted On:
28 OCT 2025 6:11PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ ഐതിഹാസികമായ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സൗരോർജ സഖ്യത്തിൻ്റെ എട്ടാമത് സമ്മേളനത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു മുഖ്യപ്രഭാഷണം നടത്തി. അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തോട് ഇന്ത്യന്‍ രാഷ്ട്രപതി നടത്തുന്ന പ്രഥമ അഭിസംബോധനയില്‍ ആഗോള സൗരോർജ സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഐഎസ്എ നേതൃത്വത്തോട് ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കിയതിനൊപ്പം "ഒരു ലോകം, ഒരു സൂര്യൻ, ഒരു ഊര്‍ജശൃംഖല” എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സ്ഥാപക ലക്ഷ്യത്തിനും ഊന്നൽ നൽകി.
ആഗോള സൗരോർജ സഹകരണത്തിനും നിക്ഷേപത്തിനും വേഗം പകരുകയെന്ന പൊതുലക്ഷ്യത്തോടെ അംഗരാജ്യങ്ങളും സഖ്യത്തിൻ്റെ ഭാഗമായി ഉടമ്പടി ഒപ്പുവെച്ച രാജ്യങ്ങളുമടക്കം 125 രാജ്യങ്ങളിലെ മന്ത്രിമാരും നയരൂപകർത്താക്കളും അന്താരാഷ്ട്ര പങ്കാളികളും പങ്കെടുക്കുന്ന ഉന്നതതല ചർച്ചകൾക്ക് രാഷ്ട്രപതിയുടെ പ്രസംഗം വേദിയൊരുക്കി. 550-ലേറെ പ്രതിനിധികളും 30 മന്ത്രിമാരും ഉപമന്ത്രിമാരും പങ്കെടുക്കുന്ന ഈ സമ്മേളനം ബ്രസീലിലെ COP30-ന് ദിവസങ്ങൾക്ക് മുൻപ് നടക്കുന്ന സുപ്രധാന ആഗോള ഒത്തുചേരലാണ്.
ആഗോള സൗരോര്‍ജ സംവിധാനങ്ങള്‍, ചെറുകിട ദ്വീപ് വികസ്വര രാജ്യങ്ങളുടെ സൗരോര്‍ജ വേദികള്‍, ആഫ്രിക്കയിലെ ചെറുകിട സൗരോര്‍ജ ശൃംഖലകള്‍, വളർന്നുവരുന്ന ഡിജിറ്റൽ നൂതനാശയങ്ങൾ എന്നിവയുൾപ്പെടെ കാര്യങ്ങളിൽ അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം ഇതിനകം ശ്രദ്ധേയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണത്തില്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു പറഞ്ഞു. ഈ സൗരോർജ വിപ്ലവത്തിൽ ഒരു സ്ത്രീയോ കർഷകനോ ഗ്രാമമോ ചെറുദ്വീപോ പോലും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കി ആഴമേറിയ ഉള്‍ച്ചേര്‍ക്കലിൽ ഊന്നിയായിരിക്കണം അടുത്ത ചുവടുവെയ്പ്പ്. ഏറ്റവും ചെറിയ ദ്വീപ് മുതൽ ഏറ്റവും വിശാലമായ ഭൂഖണ്ഡം വരെ സമൃദ്ധി പ്രാപിക്കുന്ന സൗരോർജ ലോകം കെട്ടിപ്പടുക്കുന്നതിന് സഖ്യരാഷ്ട്രങ്ങളോട് ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.
ഭാവി വഴികളെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്യുന്ന വേളയില്‍ അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറം ജന ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അംഗരാജ്യങ്ങളോട് രാഷ്ട്രപതി അഭ്യർത്ഥിച്ചു. സൗരോർജത്തെ തൊഴിൽ സൃഷ്ടിയുമായും സ്ത്രീകളുടെ നേതൃത്വവുമായും ഗ്രാമീണ ഉപജീവന മാർഗങ്ങളുമായും ഡിജിറ്റൽ ഉൾച്ചേര്‍ക്കലുമായും ബന്ധിപ്പിക്കുന്ന കൂട്ടായ കർമപദ്ധതി വികസിപ്പിക്കാൻ സഖ്യ സമ്മേളനത്തോട് അഭ്യർത്ഥിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു. മെഗാവാട്ടുകളിലൂടെ മാത്രമല്ല, പ്രകാശപൂരിതമായ ജീവിതങ്ങളുടെയും ശാക്തീകരിച്ച കുടുംബങ്ങളുടെയും പരിവർത്തനം ചെയ്ത സമൂഹങ്ങളുടെയും എണ്ണത്തിലൂടെയാണ് രാഷ്ട്ര പുരോഗതി അളക്കേണ്ടത്. സാങ്കേതികവിദ്യാ വികസനത്തിനൊപ്പം നവീനവും നൂതനവുമായ സാങ്കേതികവിദ്യകൾ എല്ലാവരുമായി പങ്കുവെച്ച് പരമാവധി പ്രയോജനം നേടുന്നതിനും ഊന്നൽ നൽകണം. സൗരോര്‍ജ നിലയങ്ങള്‍ വന്‍തോതില്‍ വിപുലീകരിക്കുമ്പോൾ പ്രദേശത്തിൻ്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. സര്‍വോപരി ഹരിതോർജത്തിലേക്ക് മാറുന്നതിൻ്റെ യഥാർത്ഥ കാരണം ഭാവി അധിഷ്ഠിത പരിസ്ഥിതി സംരക്ഷണമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
പാരീസിലെ COP21-ൽ പ്രഖ്യാപിച്ച അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം സ്വപ്ന പദ്ധതികളില്‍ നിന്ന് അവ പ്രാവർത്തികമാക്കുന്നതിലൂന്നി ഗുണഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും ആത്മവിശ്വാസത്തോടെയും മികച്ച സ്ഥാപനമായി വളർന്നുകഴിഞ്ഞു.
അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം ആഗോള സഹകരണത്തിൻ്റെയും പൊതു ലക്ഷ്യത്തിൻ്റെയും യഥാർത്ഥ പ്രതീകമാണെന്ന് കേന്ദ്ര നവ പുനരുപയോഗ ഊർജ മന്ത്രിയും ഐഎസ്‌എ സഭാധ്യക്ഷനുമായ ശ്രീ പ്രള്‍ഹാദ് ജോഷി പറഞ്ഞു. പുനരുപയോഗ ഊർജ ശേഷിയിൽ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്താണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ഈ പരിവർത്തനത്തിന് നേതൃത്വം നൽകിയത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഫോസിൽ ഇതര സ്രോതസ്സുകളിലൂടെ 50% ശേഷിയെന്ന ദേശീയ ലക്ഷ്യം നിശ്ചിത സമയപരിധിക്ക് 5 വർഷം നേരത്തെ രാജ്യം കൈവരിച്ചു. ദക്ഷിണാര്‍ധഗോള രാഷ്ട്രങ്ങളുടെ ശബ്ദമാണ് ഇന്ത്യയെന്നും ഐഎസ്‌എ വഴി രാജ്യം ആ ശബ്ദത്തെ പ്രാവർത്തികമാക്കി മാറ്റുകയാണെന്നും സൗരോർജം പ്രയോജനപ്പെടുത്താനും സാങ്കേതികവിദ്യ പങ്കുവെക്കാനും ഇതുവഴി ഇന്ത്യ ലോകരാഷ്ട്രങ്ങളെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൗരോർജ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങൾ പ്രചോദനത്തിന് കരുത്തുപകരുന്നതാണ്. നിലവിൽ ലോകത്തെ മൂന്നാമത് വലിയ സൗരോർജ ഉല്പാദകരായ ഇന്ത്യ 2030-ലെ നിശ്ചിത ലക്ഷ്യത്തിന് അഞ്ച് വർഷം നേരത്തെ തന്നെ ഫോസിൽ ഇതര ഇന്ധന സ്രോതസുകളിലൂടെ ആകെ സ്ഥാപിത ശേഷിയുടെ 50% കൈവരിച്ചു. ഫോസിൽ ഇന്ധന ഇറക്കുമതിയിലും മലിനീകര പ്രതിരോധ ചെലവുകളിലും 4 ലക്ഷം കോടിയോളം രൂപയുടെ (ഏകദേശം 46 ബില്യൺ യുഎസ് ഡോളർ) ലാഭം നേടാനും 1,08,000 GWh-ലേറെ സൗര-വൈദ്യുതി ഉല്പാദിപ്പിക്കാനും ഇത് വഴിയൊരുക്കി. പിഎം സൂര്യ ഘർ – മുഫ്ത് ബിജിലി യോജന, പിഎം-കുസും പോലുള്ള വിജയകരമായ സംരംഭങ്ങൾ ആഫ്രിക്കയിലടക്കം വികസ്വര രാജ്യങ്ങളിലും ചെറു ദ്വീപുരാഷ്ട്രങ്ങളിലും വ്യാപിപ്പിക്കാൻ സഖ്യത്തിലൂടെ ഇന്ത്യ അവസരമൊരുക്കും. വികേന്ദ്രീകൃതവും ജന കേന്ദ്രീകൃതവുമായ ഊർജ പരിഹാരങ്ങൾ എങ്ങനെ പരിവർത്തനപരമായ സ്വാധീനം ചെലുത്തുന്നുവെന്ന് തെളിയിക്കുന്ന ഈ പദ്ധതികള്‍ വീടുകൾക്ക് വൈദ്യുതി നൽകുകയും ഉപജീവനമാർഗങ്ങള്‍ക്ക് പിന്തുണയേകുകയും ചെയ്യുന്നതിനൊപ്പം അതിവിദൂരമേഖലകളിലേക്ക് ഊർജ ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നു. ദക്ഷിണാര്‍ധഗോള രാഷ്ട്രങ്ങളുടെ പരസ്പര സഹകരണത്തിൻ്റെയും അനുഭവങ്ങള്‍ പങ്കുവെക്കുന്നതിൻ്റെയും പരിഹാരങ്ങൾ വിപുലീകരിക്കുന്നതിൻ്റെയും ആഗോള സൗരോർജ സ്വീകാര്യതയ്ക്ക് വേഗം പകരുന്നതിൻ്റെയും തിളക്കമാർന്ന ഉദാഹരണമാണിത്.
എല്ലാവർക്കും സൗരോർജാധിഷ്ഠിത ഭാവി ഉറപ്പാക്കുന്നതില്‍ പങ്കാളിത്തവും വിജ്ഞാന കൈമാറ്റവും സാങ്കേതികവിദ്യയും എങ്ങനെ സഹായിക്കുന്നുവെന്ന് വ്യക്തമാക്കുന്ന അന്താരാഷ്ട്ര സൗരോര്‍ജ സഖ്യ സഭയുടെ എട്ടാമത് സമ്മേളനം ആഗോള സൗരോർജ സഹകരണം, നൂതനാശയങ്ങൾ, സുസ്ഥിര വികസനം എന്നിവയോട് ഐഎസ്എ പുലര്‍ത്തുന്ന പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുന്നു.
******
(Release ID: 2183550)
Visitor Counter : 4