ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഇലക്ട്രോണിക്സ് ഘടക ഭാഗ നിർമ്മാണ പദ്ധതി പ്രകാരം ₹5500 കോടിയിലധികം നിക്ഷേപമുള്ള ഏഴ് പദ്ധതികളുടെ ആദ്യ ബാച്ചിന് ഭാരത സർക്കാർ അംഗീകാരം നൽകി

Posted On: 27 OCT 2025 5:25PM by PIB Thiruvananthpuram
ഇലക്ട്രോണിക്സ് ഘടക ഭാഗ നിർമ്മാണ പദ്ധതി (Electronics Components Manufacturing Scheme -ECMS) പ്രകാരമുള്ള  7 പദ്ധതികൾക്ക് അംഗീകാരം നൽകിയതായി കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഇതോടെ മൾട്ടി-ലെയർ പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ (PCB-കൾ), HDI PCB-കൾ, ക്യാമറ മൊഡ്യൂളുകൾ, കോപ്പർ ക്ലാഡ് ലാമിനേറ്റുകൾ, പോളിപ്രൊഫൈലിൻ ഫിലിമുകൾ എന്നിവയുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കാനാകും.

ഉപയോഗ സജ്ജമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ നിന്ന് മൊഡ്യൂളുകൾ, ഘടകഭാഗങ്ങൾ, പദാർത്ഥങ്ങൾ, യന്ത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഇന്ത്യയുടെ പ്രയാണത്തിലെ സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കം.

ECMS ന് അഭൂതപൂർവ്വമായ പ്രതികരണം

ആഭ്യന്തര, ആഗോള കമ്പനികളിൽ നിന്ന് മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചത്. 249 അപേക്ഷകൾ ലഭിച്ചു. ഇവ ₹1.15 ലക്ഷം കോടി നിക്ഷേപം, ₹10.34 ലക്ഷം കോടി ഉത്പാദനം, 1.42 ലക്ഷം തൊഴിലവസരങ്ങൾ എന്നിവയ്ക്ക് സാധ്യത തുറക്കുന്നു. ഇന്ത്യൻ ഇലക്ട്രോണിക്സ് മേഖലയിൽ ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും ഉയർന്ന നിക്ഷേപ പ്രതിബദ്ധതയാണിത്.

ഇന്ന് ₹5,532 കോടി മൂല്യമുള്ള ഏഴ് പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. ഈ പദ്ധതികൾ ₹36,559 കോടി മൂല്യമുള്ള ഘടകഭാഗങ്ങളുടെ ഉത്പാദനത്തിനും 5,100-ലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകും.

അംഗീകൃത യൂണിറ്റുകൾ  തമിഴ്‌നാട് (5), ആന്ധ്രാപ്രദേശ് (1), മധ്യപ്രദേശ് (1) എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഇത് സന്തുലിതമായ പ്രാദേശിക വളർച്ചയെ ശക്തിപ്പെടുത്തുകയും മെട്രോ നഗരങ്ങൾക്കപ്പുറം ഹൈടെക് നിർമ്മാണം വിപുലീകരിക്കുകയും ചെയ്യുന്നു.

ആവശ്യകത – വിതരണ വിടവ് നികത്തുന്നു

"PCB കൾക്കായുള്ള നമ്മുടെ ആഭ്യന്തര ആവശ്യകതയുടെ 20% ഉം ക്യാമറ മൊഡ്യൂൾ സബ്-അസംബ്ലിയുടെ 15% ഉം ഈ പ്ലാന്റുകളിൽ നിന്നുള്ള ഉത്പാദനത്തിലൂടെ നിറവേറ്റപ്പെടും"എന്ന് കേന്ദ്ര മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് അറിയിച്ചു.

കോപ്പർ ക്ലാഡ് ലാമിനേറ്റുകളുടെ ആവശ്യകത ഇപ്പോൾ പൂർണ്ണമായും ആഭ്യന്തരമായി നിറവേറ്റപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്ലാന്റുകൾ മുഖേനയുള്ള അധിക ഉത്പാദനത്തിന്റെ 60% കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്പന്ന വിശദാംശങ്ങൾ

അംഗീകൃത പദ്ധതികളിൽ ഹൈ-ഡെൻസിറ്റി ഇന്റർകണക്ട് (HDI) PCB-കൾ, മൾട്ടി-ലെയർ PCB-കൾ, ക്യാമറ മൊഡ്യൂളുകൾ, കോപ്പർ ക്ലാഡ് ലാമിനേറ്റുകൾ, പോളിപ്രൊഫൈലിൻ ഫിലിമുകൾ തുടങ്ങിയ സുപ്രധാന ഘടകങ്ങൾ ഉൾപ്പെടുന്നു.

ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഫോട്ടോകളും വീഡിയോകളും പകർത്തുന്ന കോം‌പാക്റ്റ് ഇമേജിംഗ് യൂണിറ്റുകളാണ് ക്യാമറ മൊഡ്യൂളുകൾ. ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കുന്നതോടെ സ്മാർട്ട്‌ഫോണുകൾ, ഡ്രോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ, റോബോട്ടുകൾ, ഓട്ടോമോട്ടീവ് സിസ്റ്റങ്ങൾ എന്നിവയിൽ ഇതിന്റെ ഉപയോഗം സുഗമമാകും.

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളെയും ബന്ധിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കോർ സർക്യൂട്ട് ബോർഡുകളാണ് HDI, മൾട്ടി-ലെയർ PCB-കൾ. ഇവ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഓട്ടോമോട്ടീവ്, വ്യവസായങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്നു.

അടിസ്ഥാന ഘടകഭാഗ നിർമ്മാണത്തിൽ തന്ത്രപരമായ മുന്നേറ്റം

അടിസ്ഥാന ഘടകഭാഗ നിർമ്മാണത്തിൽ ഇന്ത്യയുടെ ശക്തമായ സാന്നിധ്യത്തെയാണ് ECMS അടയാളപ്പെടുത്തുന്നത്.

ഇദംപ്രഥമമായി, ഇന്ത്യ ഒരു കോപ്പർ ക്ലാഡ് ലാമിനേറ്റ് (CCL) നിർമ്മാണ സൗകര്യം സ്ഥാപിക്കും. മൾട്ടി-ലെയർ PCB-കൾ നിർമ്മിക്കുന്നതിനുള്ള അടിസ്ഥാന ഘടകമായി CCL വർത്തിക്കുന്നു. ഈ PCB-കൾ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്നു. നിലവിൽ ഇത് ഇറക്കുമതി ചെയ്യുകയാണ്.

കപ്പാസിറ്ററുകളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന പ്രധാന വസ്തുവാണ് പോളിപ്രൊഫൈലിൻ ഫിലിമുകൾ. കൺസ്യൂമർ ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ്, ICT, വ്യാവസായികവും നിർമ്മാണവും, ടെലികമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടിംഗ് ഉപകരണങ്ങൾ എന്നിവയിലുപയോഗിക്കുന്ന ഈ ഘടകഭാഗം  ഇന്ത്യയിൽ നിർമ്മിക്കും.

സാമ്പത്തികവും വ്യാവസായികവുമായ ഗുണഫലങ്ങൾ

ഈ പദ്ധതികൾ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ആഭ്യന്തര വിപണിയിൽ ഉത്പന്ന വില കുറയ്ക്കുകയും ചെയ്യും

നിർമ്മാണത്തിലും ഗവേഷണ വികസനത്തിലും ഉയർന്ന വൈദഗ്ധ്യമാവശ്യമുള്ള തൊഴിലവസരങ്ങൾ ഈ പദ്ധതികൾ സൃഷ്ടിക്കും

പ്രതിരോധം, ടെലികോം, വൈദ്യുത വാഹനങ്ങൾ, പുനരുപയോഗ ഊർജ്ജം എന്നിവയ്ക്കായി വിശ്വസനീയമായ വിതരണ ശൃംഖലകൾ സജ്ജമാക്കും.

ഇന്ത്യ, എൻഡ്-ടു-എൻഡ് ഇലക്ട്രോണിക് ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും കയറ്റുമതി ചെയ്യാനും കഴിവുള്ള ഒരു ഉത്പാദന രാഷ്ട്രമായി മാറാനുള്ള മുന്നേറ്റത്തിലാണ്. PLI യ്ക്കും ഇന്ത്യ സെമികണ്ടക്ടർ മിഷനും (ISM) അനുപൂരകമാണ് ഈ പദ്ധതി.

ഉപകരണങ്ങൾ മുതൽ ചിപ്പുകൾ വരെയും, ഘടകഭാഗങ്ങൾ മുതൽ പദാർത്ഥങ്ങൾ വരെയും, നിർമ്മാണം മുതൽ നൂതനനാശയങ്ങൾ വരെയും തടസ്സരഹിത മൂല്യ ശൃംഖലയെ ഇത് പൂർത്തീകരിക്കുന്നു.
 
SKY
 
********

(Release ID: 2183227) Visitor Counter : 7